ADVERTISEMENT

ഗ്രാമീണ ചുറ്റുവട്ടങ്ങളിലുള്ള തനത് ഉൽപ്പന്നങ്ങൾ തൃശൂർ നഗരത്തിന് പരിചയപ്പെടുത്തുകയാണ് ചുറ്റുവട്ടം വാട്‌സാപ് കൂട്ടായ്മ. നേരിട്ടുള്ള വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി, സാംസ്കാരിക നഗരത്തിനു ചുറ്റും നാലിടങ്ങളിലാണ് ഈ കർഷക കൂട്ടായ്മ നാട്ടുചന്തകൾ തുറന്നിട്ടുള്ളത്. 

വ്യാഴാഴ്ചകളിൽ (ഉച്ചയ്ക്ക് രണ്ടു മുതൽ 6.30 വരെ) അവിണിശ്ശേരിയിലും, ശനിയാഴ്ച (രാവിലെ എട്ടു മുതൽ 12 വരെ) ഇരിങ്ങാലക്കുട അയ്യങ്കാവ് ഐആർസി ക്ലബ്ബിലും, (ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആറു വരെ) ചേർപ്പ് മിനി സിവിൽ സ്റ്റേഷൻ പരിസരത്തും, ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതൽ 12 വരെ കുരിയച്ചിറ(പെട്രോൾ പമ്പിന് സമീപം)യിലുമാണ് ഈ ചന്തകൾ.

nattuchantha-2
ചേർപ്പിലെ നാട്ടുചന്ത.

ഹരിതം വിഷരഹിതം

ആർക്കുവേണമെങ്കിലും നാടൻ കാർഷികോൽപന്നങ്ങളും വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളും ചുറ്റുവട്ടം ചന്തകളിൽ വിറ്റഴിക്കാം, ഫീസ് ഒന്നുമില്ല. പേരുവിവരങ്ങൾ നേരത്തെ റജിസ്റ്റർ ചെയ്യണമെന്ന് മാത്രം, ഗുണമേന്മയുള്ള നാടൻ ഉൽപന്നങ്ങൾ മാത്രമേ വിൽക്കാൻ അനുവദിക്കുകയുള്ളൂ. കർഷകരും ചെറുകിട ഉൽപാദകരുമാണ് ഇവിടെ വിൽപ്പനക്കാർ. യുവ സംരംഭകയായ ബിനി മുതൽ എൺപതുകാരിയായ പാർവതിയമ്മ വരെ നാട്ടുചന്തകളിൽ ഉൽപ്പന്നങ്ങളുമായി എത്തുന്നു. 

ഗ്ലോറോ എന്ന സ്വന്തം കമ്പനിയുടെ നാടൻ  സോപ്പുകളുമായാണ് ബിനിയുടെ വരവ്. പേപ്പർ സോപ്പാണ് പുതുമ. ചട്നിപ്പൊടി, ചമ്മന്തിപ്പൊടി, പുളിയിഞ്ചി, സാമ്പാർ - രസം പൊടികൾ തുടങ്ങി വിവിധ വീട്ടുവിഭവങ്ങളാണ്  പാർവതിയമ്മയുടെ സ്റ്റാളിൽ. 

വേറെയുമുണ്ട് നിരവധി സ്റ്റാളുകൾ. തനതു നെല്ലിനങ്ങളുടെ അരികൾ(തവളക്കണ്ണൻ, രക്തശാലി, മല്ലിക്കുറുവ ജീരകശാല, ചാമയരി, ഞവരയരി), പലതരം കട്ട്ലെറ്റുകൾ, ബർഗറുകൾ, ടീ കേക്ക്, അച്ചപ്പം, കുഴലപ്പം, പുട്ട്, ഇടിയപ്പം, അവലോസ് പൊടികൾ, ഉണക്കച്ചെമ്മീൻ, വിവിധ അച്ചാറുകൾ, സ്ക്വാഷുകൾ, അലങ്കാരച്ചെടികൾ, എന്നിങ്ങനെ നീളുന്നു ഇവിടുത്തെ ഉൽപ്പന്ന നിര. 

റീജ, ബേബി, സിന്ധു, ബബിത, സയന, വിജീഷ്, ജോസ്, തുടങ്ങി നിരവധി പേർ പതിവ് കച്ചവടക്കാരാണ്. മരത്തടിയിലും വേരിലും, മുളയിലും, ചിരട്ടയിലും തീർത്ത  ഉപകരണങ്ങളുമായി മാധവനുമുണ്ട്.

ചേർപ്പ് സ്വദേശി അബ്ദുൽ കരീമാണ് ചുറ്റുവട്ടം ചന്തകളിൽ ഏറ്റവുമധികം സാധനങ്ങൾ കൊണ്ടുവരുന്നത്. നാടൻ പച്ചക്കറികൾ, പൊട്ടുവെള്ളരി, സാലഡ് വെള്ളരി തുടങ്ങി എല്ലാം അദേഹത്തിന്റെ സ്വന്തം കൃഷിയിടത്തിലെ ഉൽപ്പന്നങ്ങൾ. 

nattuchantha-4
കുരിയച്ചിറയിലെ നാട്ടുചന്ത

ജനകീയം, സ്വയംപര്യാപ്തം

കാർഷിക എക്സിബിഷനുകൾ സംഘടിപ്പിച്ചിരുന്ന പ്രിൻസൻ അവിണിശ്ശേരിയാണ് ചുറ്റുവട്ടം കർഷക കൂട്ടായ്മയുടെ കോ–ഓർഡിനേറ്റർ. ജനകീയ കമ്മിറ്റികളാണ് ഓരോ പ്രദേശത്തും നാട്ടുചന്തകളുടെ മേൽനോട്ടം. സ്റ്റാളുകൾക്ക് ആവശ്യമായ മേശയും കസേരയും സംഘാടകർ നൽകും (ഇവ സ്വന്തമായി ഇല്ലാത്ത ചന്തകളിൽ വാടകയ്ക്കെടുത്താണ് നൽകുന്നത്). 

ചുറ്റുവട്ടം എന്ന പേരിൽ നാനൂറ് വാട്‌സാപ് ഗ്രൂപ്പുകളുണ്ട്. ഇതിൽ വിവിധ ജില്ലകളിലായി (വനിതകൾ ഉൾപ്പെടെ) മുപ്പതിനായിരത്തോളം അംഗങ്ങൾ. ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ളവരെ ബന്ധിപ്പിക്കുക മാത്രമാണ് കർഷക കൂട്ടായ്മ ചെയ്യുന്നത്. വിൽപന അവർ നേരിട്ടും, ഓൺലൈൻ വഴിയും, ചന്തകളിലൂടെയുമാണ്.

nattuchantha-3
ചേർപ്പിലെ നാട്ടുചന്ത.

കുരിയച്ചിറയിൽ മൊട്ടിട്ട ഹരിതസംരംഭം

2020 ജനുവരി 14ന്, അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറാണ്, തൃശൂർ ജില്ലയിലെ ആദ്യത്തെ ചുറ്റുവട്ടം നാട്ടുചന്ത, കുരിയച്ചിറയിൽ ഉദ്ഘാടനം ചെയ്തത്. മേയർ എം.കെ.വർഗീസ് സന്നിഹിതനായിരുന്നു. ഗ്രീൻ കുരിയച്ചിറ എന്ന കാർഷിക സംഘടനയുടെ സഹായത്തോടെയാണ് ഇവിടെ ചന്ത ആരംഭിച്ചത്. 30 സ്റ്റാളുകളുമായായിരുന്നു തുടക്കം. തിരക്കേറിയതോടെ ഇത് 150 വരെയായി. വൈകാതെ, കർഷകരുടെ കൈവശമുള്ള തനതു വിത്തിനങ്ങൾ കൈമാറുന്നതിനായി വിത്ത് ബാങ്കും തുടങ്ങി. തുടർന്ന് ചേർപ്പിലും ഇരിങ്ങാലക്കുടയിലും അവിണിശേരിയിലും ചന്തകൾ ആരംഭിച്ചു. 

എന്നാൽ കോവിഡ്ക്കാലം  തിരിച്ചടിയായെന്ന് കോർഡിനേറ്റർ പ്രിൻസൻ പറയുന്നു. ‘ലോക്ക്ഡൗൺ കഴിഞ്ഞ് തുറന്നപ്പോൾ ചന്തയിൽ സ്റ്റാളുകളുടെ എണ്ണവും കച്ചവടവും കുറഞ്ഞു. വളർത്തുമൃഗങ്ങൾ, ഭക്ഷ്യ -  അലങ്കാര മത്സ്യങ്ങൾ, എന്നിവയുടേതടക്കം നിരവധി സ്റ്റാളുകൾ നിന്നുപോയി. ഈ പ്രതിസന്ധി മാറി ഇപ്പോൾ ഉണർവ് വന്നിട്ടുണ്ട്. പഴയ പോലുള്ള ജനപങ്കാളിത്തത്തിന്  ഏവരുടെയും സഹകരണം വേണം’ അദ്ദേഹം പറയുന്നു. 

നാട്ടുപത്രത്തിൽനിന്ന് നാട്ടുചന്തയിലേക്ക്

2019 ൽ കർഷകരുടെയും തൊഴിലാളികളുടെയും  വിവരങ്ങൾ ഉൾപ്പെടുത്തി, അവിണിശേരി പഞ്ചായത്തിൽ ‘ജനോപകാര വാർത്ത’ എന്ന പത്രം ആരംഭിച്ചതാണ് കൂട്ടായ്മയുടെ തുടക്കം. ഇത് പിന്നീട് ‘ജനോപകാര ട്രേഡ് ഹെൽപ്പ് ലൈൻ’ എന്ന വാട്‌സാപ് കൂട്ടായ്മയായി മാറി. പ്രവർത്തനം ജില്ലാതലത്തിൽ എത്തിയതോടെ ചുറ്റുവട്ടം എന്ന പേര് സ്വീകരിച്ചു, ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലും ഗ്രൂപ്പുകൾ സജീവം. ചുറ്റുവട്ടം കേരള എന്ന പേരിൽ വെബ്സൈറ്റും ഉണ്ട്. കഴിയുന്നത്ര സ്ഥലങ്ങളിൽ നാട്ടുചന്തകൾ ആരംഭിക്കാനാണ് ശ്രമമെന്ന് പ്രിൻസൻ പറയുന്നു. 

ഫോൺ: 9400 190421

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com