ADVERTISEMENT

കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ തേയില ഉൽപാദനത്തിൽ കുറവ്‌ വരുത്തിയെന്നാണ്‌ ചെറുകിട കർഷകരുടെ പക്ഷം. പിന്നിട്ട അഞ്ചു മാസങ്ങളിൽ കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ കൊളുന്തുനുള്ളിനെ മാത്രമല്ല, തേയിലക്കൃഷിയെ തന്നെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, അതിന്‌ അനുസൃതമായി വില ഉയരാഞ്ഞത്‌ കർഷകരെ സാമ്പത്തിക കുരുക്കിലാക്കി. 

കൊളുന്തുവില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഗണ്യമായി കുറഞ്ഞതായി ഇടുക്കി മേഖലയിലെ കർഷകർ. ഏറ്റവും മികച്ച തേയില ഉൽപാദിപ്പിച്ചിട്ടും അതിന്‌ അനുസൃതമായ വില ലഭിക്കാതെ വരുന്നതിനാൽ കാർഷികച്ചെലവുകൾ താങ്ങാനാവാത്ത സ്ഥിതിയിലാണ്‌ ഒന്നോ- രണ്ടോ ഏക്കറിൽ കൃഷി ചെയ്യുന്ന ചെറുകിട കർഷകർ. എന്നാൽ, അഞ്ച്‌ ഏക്കറോ അതിലധികമോ തേയിലക്കൃഷി ചെയ്യുന്നവരെയോ വൻകിട തോട്ടങ്ങളെയോ ഈ പ്രതിസന്ധി കാര്യമായി ബാധിക്കുന്നില്ല.

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കൊളുന്ത്‌ ഇടുക്കിയിൽ വിൽപ്പനയ്‌ക്ക്‌ എത്തുന്നതും കർഷകർക്ക്‌ തിരിച്ചടിയാകുന്നു. തമിഴ്‌നാട്ടിൽ നിന്നും കർണാടക അതിർത്തിയിൽ നിന്നുമുള്ള കൊളുന്ത്‌ അവർ കൂടിയ വിലയ്‌ക്ക്‌ കേരളത്തിൽ വിറ്റഴിക്കുന്നതും നമ്മുടെ ഉൽപാദകരുടെ താൽപര്യങ്ങളെ ബാധിക്കുന്നു.

ഇതിനിടെ കീടനാശീനി പ്രയോഗങ്ങൾ യഥാസമയം നടത്താത്തതു മൂലം തേയിലച്ചെടികളിൽ കീടബാധകൾ ആക്രമിച്ചത്‌ ഉൽപാദനം കുറച്ചു. ജനുവരി അവസാനത്തിലും മഞ്ഞ്‌ വീഴ്‌ച വ്യാപകമായതിനൊപ്പം പകൽ കനത്ത വെയിലിൽ കിളുന്ത്‌ ഇലകൾ ഉണങ്ങിക്കരിഞ്ഞതും മൊത്തം ഉൽപാദനത്തിൽ ഇടിവ്‌ സൃഷ്‌ടിച്ചു. 

ലേല കേന്ദ്രങ്ങളിൽ ആഭ്യന്തര പാക്കറ്റ്‌ നിർമാതാക്കൾക്കൊപ്പം കയറ്റുമതിക്കാരും അണിചേരുന്നുണ്ടെങ്കിലും ഏതാനും ആഴ്‌ച്ചകളായി ലീഫ്‌, ഡസ്‌റ്റ്‌ ഇനങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. ഡസ്‌റ്റ്‌ വിഭാഗത്തിൽ സിടിസി ഇനങ്ങൾക്ക്‌ ആഭ്യന്തര വിപണിയിൽ ശക്തമായ ഡിമാൻഡ് ഉണ്ട്‌. അതേസമയം ലേലത്തിൽ വരവ്‌ ഏഴ്‌ ലക്ഷം കിലോയിൽ ഒതുങ്ങി, നേരത്തെ വരവ്‌ പത്തു ലക്ഷം കിലോയ്‌ക്ക്‌ മുകളിലായിരുന്നു. കൊച്ചിയിൽ മാത്രമല്ല, കൂനൂരിലും ചരക്ക്‌ വരവ്‌ കുറഞ്ഞു. 

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ തേയില പ്രയാണം തുടരുകയാണ്‌. ശ്രീലങ്കയുടെ അഭാവമാണ്‌ ദക്ഷിണേന്ത്യൻ തേയിലയ്‌ക്ക്‌ ഡിമാൻഡ് ഉയർത്തിയത്‌. 2021ൽ 196.53 ദശലക്ഷം കിലോ തേയില കയറ്റുമതി നടത്തിയ ഇന്ത്യ പിന്നിട്ട വർഷം മൊത്തം 226.98 ദശലക്ഷം കിലോ ചരക്ക്‌ ഷിപ്പ്‌മെന്റ് നടത്തി. 

അന്താരാഷ്‌ട്ര മാർക്കറ്റിൽ ശ്രീലങ്കൻ കയറ്റുമതിക്കാർ പിൻതള്ളപ്പെട്ടതാണ്‌ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള തേയിലയ്‌ക്ക്‌ വിദേശ വിപണികളിൽ ദക്ഷിണേന്ത്യൻ തേയിലയെ പ്രിയപ്പെട്ടതാക്കി മാറ്റിയത്‌. റഷ്യയാണ്‌ നമ്മുടെ ചായ ഏറ്റവും കൂടുതൽ കൂടിച്ച്‌ തീർത്തത്‌. ഒറ്റ വർഷത്തിൽ കയറ്റുമതി 20 ശതമാനത്തിൽ അധികം ഉയർന്ന്‌ 41.13 ദശലക്ഷം കിലോ ആയി, തൊട്ട്‌ മുൻവർഷം അവർ ഇവിടെ നിന്നും ശേഖരിച്ചത്‌ 34.06 ദശലക്ഷം കിലോ മാത്രമാണ്‌. 

എന്നും മികച്ചയിനം ചായ കുടിച്ച റഷ്യക്കാരന്റെ മുഖഭാവത്തിൽ കാര്യമായ മാറ്റമില്ലെങ്കിലും യുദ്ധം അവരെ സാമ്പത്തികമായി തളർത്തുന്നുണ്ടെന്നത്‌ യാഥാർഥ്യം. ഏപ്രിലോടെ തേയിലയുടെ വിലയ്‌ക്ക്‌ അവർ മുൻതൂക്കം നൽക്കാൻ ഇടയുണ്ട്‌. അതായത്‌ യുക്രെയ്നുമായുള്ള  യുദ്ധം നീണ്ടുപോകുന്നത്‌ റഷ്യൻ സമ്പദ്‌വ്യവസ്ഥയിലുളവാക്കിയ വിള്ളലാണ്‌ ഇറക്കുമതികളിൽ നിയന്ത്രണങ്ങൾക്ക്‌ അവരെ പ്രേരിപ്പിക്കുന്നത്‌. അങ്ങനെ വന്നാൽ അന്താരാഷ്‌ട്ര തലത്തിൽ കെനിയയുമായി ദക്ഷിണേന്ത്യൻ തേയില വരും ദിനങ്ങളിൽ മത്സരിക്കേണ്ടി വരും. 

കുരുമുളക്‌

കാർഷിക മേഖലകളിൽ നിന്നുള്ള കുരുമുളക്‌ വരവ്‌ ഏതാനും ദിവസങ്ങളായി ഉയർന്ന്‌ നിൽക്കുകയാണ്‌. ബാങ്ക്‌ വായ്‌പ്പകൾ തിരിച്ചടയ്ക്കാനുള്ള തിരക്കിട്ട നീക്കം കണക്കിലെടുത്താൽ അടുത്ത ദിവസങ്ങളിലും കൂടുതൽ ചരക്ക്‌ ഉൽപാദകമേഖലകളിൽ നിന്നും വിപണികളിലെത്താം. കനത്ത ചൂടിനിടയിൽ വേനൽമഴയുടെ വരവ്‌ തോട്ടം മേഖലയ്‌ക്ക്‌ ആശ്വാസം പകർന്നു. തുടർമഴ ലഭ്യമായാൽ അടുത്ത സീസണിലെ  ഉൽപാദനത്തിലും അത്‌ പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ്‌ കാർഷിക മേഖല.       

ആഭ്യന്തര വാങ്ങലുകാർക്കൊപ്പം കർണാടകത്തിൽ നിന്നുള്ള അർധസർക്കാർ സ്ഥാപനവും കുരുമുളകിനായി കേരളത്തിൽ  തമ്പടിച്ചിട്ടുണ്ട്‌. അവർ ഇടുക്കി ജില്ല കേന്ദ്രീകരിച്ച്‌ കൊച്ചി വിലയ്‌ക്കാണ്‌ മുളക്‌ ശേഖരിക്കുന്നത്‌. മുൻ വർഷങ്ങളിലും കർഷക താൽപര്യം മുൻ നിർത്തി അവർ കർണാടകത്തിൽ നിന്നും കേരളത്തിൽ നിന്നും ചരക്ക്‌ സംഭരിച്ചിരുന്നു. 

കുരുമുളക്‌ വിദേശ വ്യാപാര രംഗം തളർച്ചയിൽ നീങ്ങുന്ന സന്ദർഭത്തിൽ കേരളത്തിലെ സർക്കാർ ഏജൻസികളും കർഷകരിൽ നിന്നും കുരുമുളക്‌ ശേഖരിക്കാൻ തയാറായാൽ നിരക്ക്‌ കൂടുതൽ ആകർഷകമാവും. ഉത്തരേന്ത്യയിൽ ഉത്സവ സീസണിന്‌ തുടക്കം കുറിക്കുന്ന ഓഗസ്റ്റ്‌ മുതലുള്ള മാസങ്ങളിൽ ശേഖരിക്കുന്ന മുളക്‌ ഉയർന്ന വിലയ്‌ക്ക്‌ അവിടെ വിറ്റഴിക്കാനും അവസരം ലഭിക്കും.  

രാജ്യാന്തര കുരുമുളക്‌ വിപണി പുതിയ ദിശ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈസ്‌റ്റർ  ആവശ്യങ്ങൾക്കുള്ള കുരുമുളക്‌ സംഭരണം പൂർത്തിയാക്കി രംഗം വിട്ടതോടെ ഉൽപ്പന്നത്തിന്‌ ആഗോള തലത്തിൽ ഡിമാൻഡ് കുറഞ്ഞു. വിയറ്റ്‌നാം പുതിയ മുളക്‌ പരമാവധി വേഗത്തിൽ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്‌. പിന്നിട്ട രണ്ടു മാസങ്ങളിൽ അവർ 10,000 ടൺ ചരക്ക്‌ ചൈനയിലേയക്ക്‌ കയറ്റുമതി നടത്തി. വിയറ്റ്‌നാം 3450 ഡോളറിനാണ്‌ ഉൽപ്പന്നം വിറ്റഴിക്കുന്നത്‌. ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌  6550  ഡോളറാണ്‌.

English summary: Commodity Markets Review March 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com