ADVERTISEMENT

കൃഷിയിലേക്കിറങ്ങാൻ കാരണമെന്തെന്നു ചോദിച്ചാൽ സ്കറിയാപിള്ള പറയും പഠിക്കാൻ മണ്ടനായിരുന്നു, അതുകൊണ്ട് കൃഷിയിലേക്കിറങ്ങിയെന്ന്. പഠനത്തിൽ താൻ പിന്നോട്ടാണെന്ന് അദ്ദേഹംതന്നെ പറയുമ്പോഴും കൃഷിയിൽ ഒട്ടും പിന്നിലല്ലെന്ന് അദ്ദേഹത്തിന്റെ കൃഷിയിടം കണ്ടാൽ മനസിലാകും. കാരണം, തരിശുഭൂമിആരുംകൊതിക്കുംവിധം വളർത്തിയെടുക്കുന്നതിൽ അഗ്രഗണ്യനാണ് അദ്ദേഹം. അര നൂറ്റാണ്ടോളം നീണ്ട തന്റെ കാർഷിക തപസ്യയിൽ മണ്ണിനെ പൊന്നാക്കിയ പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. പാലക്കാട് നല്ലേപ്പിള്ളിയിൽ കഴിഞ്ഞ എട്ടു വർഷംകൊണ്ട് അദ്ദേഹം ചിട്ടപ്പെടുത്തിയ ഫാം ഇന്ന് ഒട്ടേറെ വിനോദ വിജ്ഞാന സംവിധാനങ്ങൾ സമന്വയിപ്പിച്ച് ഫാം ടൂറിസകേന്ദ്രമായി വളർന്നിരിക്കുന്നു. ഫാമിലെത്തുന്നവർക്ക് മാർഗദർശിയായും അറിവുകൾ പങ്കുവച്ചും സി.ജെ.സ്കറിയാപിള്ള എന്ന കർഷകനുണ്ട്. നല്ലേപ്പിള്ളിയിലെ തനിമ ഫാം ലൈഫിലെത്തിയ ഒരുപറ്റം വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം തന്റെ അനുഭവങ്ങൾ കുട്ടികൾക്കു മുൻപിൽ തുറന്നു.

കർഷകനായത് പഠനത്തിൽ പിന്നോട്ടാണെന്ന് തിരിച്ചറിഞ്ഞതിനാൽ

എന്തുകൊണ്ട് കർഷകനായി എന്നു ചോദിച്ചാൽ ലളിതമായ ഭാഷയിൽ അദ്ദേഹം പറയും ‘പഠിക്കാൻ മണ്ടനായിരുന്നു. അതുകൊണ്ടു കർഷകനായി’ എന്ന്. എറണാകുളം കൂത്താട്ടുകുളത്തുനിന്നായിരുന്നു സ്കറിയാപിള്ള പാലക്കാട്ടേക്ക് കുടിയേറിയത്. തരിശുഭൂമി സ്വന്തമാക്കി കൃഷി ചെയ്യുകയായിരുന്നു രീതി.

ലാഭമുണ്ടാക്കിയത് വിളകൾ പറിച്ചുവിറ്റല്ല

കൃഷി ചെയ്തത് ലഭിക്കുന്ന വിളവിലൂടെയാണ് സാധാരണ കർഷകർ ലാഭമുണ്ടാക്കുന്നത്. എന്നാൽ, സ്കറിയാപിള്ള ഇക്കാര്യത്തിൽ വ്യത്യസ്തനാണ്. കാരണം, സ്വന്തമായി അധ്വാനിച്ച്, മികച്ച വിളവ് നൽകാൻ പാകമാക്കിയെടുത്ത കൃഷിയിടം വിറ്റാണ് അദ്ദേഹം നേട്ടം കൊയ്യുന്നത്. തരിശുഭൂമിയിൽ അധ്വാനിച്ച് മികച്ച രീതിയിൽ വിളകൾ വളർന്നുവരുമ്പോൾ അത് മോഹിച്ച് മികച്ച വില നൽകാൻ തയാറായി ആളുകളെത്തും. അവർക്ക് ഭൂമി വിൽക്കും. പണിതുണ്ടാക്കിയ കൃഷിയിടത്തിൽ ഒരു കർഷകനെ സംബന്ധിച്ചിടത്തോളം വീണ്ടും പണിയാനുള്ള സാഹചര്യമില്ല, മെയിന്റനൻസ് മാത്രമേയുള്ളൂ. അതിനാലാണ് താൻ വിൽക്കുന്നതെന്ന് സ്കറിയാപിള്ള. വീണ്ടും പുതിയ സ്ഥലം വാങ്ങും, വളർത്തും. അതായത്, ഒരു തരിശുഭൂമി മികച്ച കൃഷിയിടമാക്കിക്കഴിഞ്ഞാൽ സ്കറിയാപിള്ളയ്ക്ക് ആ ഭൂമിയോടുള്ള ത്രിൽ നഷ്ടപ്പെടും. പിന്നീട് പുതിയ കൃഷിയിടം ഒരുക്കാനാകും ആഗ്രഹം.

കാലിത്തീറ്റയും ഡെയറി ഫാമും

2002 വരെ തനിക്ക് കൊപ്രയാട്ടുകേന്ദ്രമുണ്ടായിരുന്നെന്ന് സ്കറിയാപിള്ള. അവിടുന്നുള്ള ഉപോൽപന്നങ്ങളായ പിണ്ണാക്കും തേങ്ങാവെള്ളവും നൽകിയായിരുന്നു പശുക്കളെ വളർത്തിയിരുന്നത്. ആളുകൾ വിലക്കുറവിനു പിന്നാലെ പാഞ്ഞപ്പോൾ വെളിച്ചെണ്ണ നിർമാണം ഉപേക്ഷിക്കേണ്ടിവന്നു. അതോടെ പശുക്കൾക്കുള്ള തീറ്റയും നിലച്ചു. അങ്ങനെ തന്റേതായ തീറ്റയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് സ്കറിയാപിള്ള. ഫാക്ടറി ഉപോൽപന്നങ്ങൾ ഉപയോഗിച്ചാണ് കാലിത്തീറ്റ നിർമാണം. ബിയർ വേസ്റ്റ്, സ്റ്റാർച്ച് എടുത്ത കപ്പ വേസ്റ്റ്, ചോള വേസ്റ്റ്, എസൻസ് എടുത്ത മഞ്ഞൾപ്പൊടിയുടെ വേസ്റ്റ്, ഉപ്പ് എന്നിവയാണ് കാലിത്തീറ്റയിലെ അസംസ്കൃത വസ്തുക്കൾ.  ഇത് സ്വന്തം ഫാമിൽ ഉപയോഗിക്കുന്നതോടൊപ്പം 150ൽപ്പരം ഫാമുകളിലേക്ക് വിൽക്കുന്നുമുണ്ടെന്ന് സ്കറിയാപിള്ള പറയുന്നു. നല്ലേപ്പിള്ളിയിലെ സ്വന്തം വീടിനോടു ചേർന്നുതന്നെയാണ് അദ്ദേഹത്തിന്റെ തനിമ കാലിത്തീറ്റ ഫാക്ടറിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com