ADVERTISEMENT

‘അനീതി കാണുമ്പോഴുള്ള രോഷം തന്നെയാണു കാരണം. 14 കിലോ തൂക്കമുള്ള പാളയൻകോടൻ കുലയ്ക്ക് 100 രൂപപോലും കിട്ടാതെ ഹതാശനായി മടങ്ങുന്ന കർഷകനെ കണ്ടുമുട്ടിയതാണു തുടക്കം. ഒരു കർഷകന്റെ 10 മാസത്തെ അധ്വാനത്തിന് ഒരു മൂല്യവും കൽപിക്കാത്ത വിപണിയോടു പോരാടാന്‍ അന്നു തീരുമാനിച്ചു. അതിന്റെ ഫലമാണ് ആലായിലെ ആഴ്ചച്ചന്ത. വിപണി തുടങ്ങുമ്പോൾ കർഷകർക്കു നീതി ലഭിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ അതിനപ്പുറം ഒട്ടേറെ സാമൂഹിക നന്മകളിലേക്ക് സഞ്ചരിച്ചിരിക്കുന്നു ഈ നാട്ടുവിപണി’, ആലായിലെ നാട്ടുവിപണിയുടെ അമരക്കാരനായ ആലാ വെളുത്തേരിൽ അഡ്വ. ജയിംസ് ജോണിന്റെ വാക്കുകളിൽ ആവേശം. നീതിക്കായുള്ള പോരാട്ടം കോടതിമുറിക്കുള്ളിൽ മാത്രമല്ല സമൂഹത്തിലുമുണ്ടാവണം എന്ന ദൃഢനിശ്ചയമുണ്ട് ഈ അഭിഭാഷകന്റെ വാക്കുകളിൽ.

ചെങ്ങന്നൂർ ആലാ അത്തലക്കടവ് ജംക്‌ഷനു സമീപം മണപ്പുറത്ത് ബിൽഡിങ്ങിന്റെ മുറ്റത്ത് ഞായ റാഴ്ചകളിൽ ചെറുതല്ലാത്ത ആൾക്കൂട്ടം തന്നെയുണ്ട്. വൈകിട്ടു നാലിനു ചന്ത  തുടങ്ങുമെന്നാണ് അറിയിപ്പെങ്കിലും നേരത്തേതന്നെ ആളുകളെത്തും. പച്ചക്കറികളും പഴങ്ങളും മുതൽ ആടും കോഴിയും വരെ ന്യായവിലയ്ക്കു വിറ്റഴിയുന്ന വിപണി. ആർക്കും പരാതികളില്ലാതെ, ആരെയും ചൂഷണം ചെയ്യാതെ, ആരിൽനിന്നും കമ്മീഷൻ പറ്റാതെ ശുദ്ധമായ നാട്ടുവിഭവങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുന്ന വിപണി. ഇത്തരം സമാന്തരവിപണികൾ ഗ്രാമ–നഗരഭേദമില്ലാതെ ഏതു പ്രദേശത്തും സാധ്യമാണെന്ന് ജയിംസ് പറയുന്നു. നിക്ഷിപ്ത താൽപര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ അതിന്റെ പിന്നിലുണ്ടാവണമെന്നു മാത്രം.

aala-2
അഡ്വ. ജയിംസ് (ഇടതുനിന്ന് രണ്ടാമത്) സഹകർഷകർക്കൊപ്പം

കൂട്ടുകൂടി നേട്ടം

കർഷകന്റെ അധ്വാനം ഇടനിലക്കാർ മോഷ്ടിക്കുന്നതു കാണേണ്ടി വന്ന നാളിലാണ്, 2021ൽ, സമാനഹൃദയരെ ക്ഷണിച്ച് ജയിംസ് ഒരു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചത്. ഗ്രൂപ്പിന്റെ തുടർച്ചയായി ഒരു ഞായറാഴ്ച വൈകുന്നേരം ആലായിലെ ഒരു കെട്ടിടവരാന്തയിൽ വിപണിക്ക് സമാരംഭം. പ്രതീക്ഷിച്ചതിന്റെ പല മടങ്ങ് പ്രതികരണമാണ് വിപണി‌ക്കു ലഭിച്ചതെന്ന് ജയിംസ്. തുടർന്നുള്ള ഞായറാഴ്ചകളിലെല്ലാം സാധാരണക്കാരായ കർഷകർ അവരുടെ അധ്വാനഫലവുമായെത്തി. ഉൽപന്നങ്ങൾക്കു സംഘാടകർ തന്നെ ന്യായവില നിശ്ചയിച്ചു. നാൾതോറും ഉപഭോക്താക്കളുടെ എണ്ണം കൂടി.

കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള സൗഹൃദം ശക്തമായതോടെ വിപണിക്കു പുറത്ത് നേരിട്ടും കച്ചവടം പൊടിപൊടിച്ചു. വിപണിയിൽവച്ചുതന്നെ കച്ചവടം നടക്കണമെന്ന് ഒരു നിർബന്ധവും പിടിക്കാറില്ലെന്ന് ജയിംസ് പറയുന്നു. കർഷകർക്കു വിപണിയും ന്യായവിലയും ലഭിക്കണമെന്നു മാത്രമേയുള്ളൂ. അങ്ങനെയെങ്കിലും വിപണിയിലെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയല്ലാതെ കുറയുന്നില്ല. അതൊരു സാമൂഹികമാറ്റത്തിന്റെ ഭാഗമാണെന്നു ജയിംസ്. ‘വിപണിയിലെത്തുന്നതും പരിചയക്കാരോടു നേരിട്ടു സംവദിക്കുന്നതും ഇഷ്ടപ്പെടുന്ന വലിയൊരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെട്ടു. പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളായിക്കൂടി ആളുകളിന്ന് ഈ വിപണിയെക്കാണുന്നു. പരസ്പരബന്ധങ്ങൾ കുറഞ്ഞു പോകുന്ന ഇക്കാലത്ത് ഈ തിരിച്ചു വരവു തന്നെയല്ലേ ഏറ്റവും വലിയ നേട്ടം’ ജെയിംസ് ചോദിക്കുന്നു.

വിപണി ലഭിച്ചതോടെ കർഷകരായി വളർന്നവരും ഒട്ടേറെയുണ്ടിവിടെ. പ്രദേശത്തെ ചെറുകിട കർഷകരെല്ലാം കൃഷി വിപുലമാക്കി, വനിതകൾ പലരും അടുക്കളവിഭവങ്ങൾ ഉൾപ്പെടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചു വിപണിയിലെത്തിച്ച് ചെറുകിട സംരംഭകരായി വളർന്നു. പാസ്റ്റർ സാജു, കൃഷ്ണകുമാർ, ഉത്തമൻ, സുജ എന്നിങ്ങനെ ഒട്ടേറെ ചെറുകിട കർഷകരെയും സംരംഭകരെയും ചേർത്തുപിടിച്ചുകൊണ്ട് മുന്നേറുകയാണ് ആലായിലെ ഈ കൂട്ടായ്മ. 

aala-1

ബാർട്ടർ സമ്പ്രദായം

കാർഷികോൽപന്നങ്ങൾ വാങ്ങുമ്പോൾ പണത്തിനു പകരം  മറ്റേതെങ്കിലും കാർഷികോൽപന്നം തന്നെ പകരം നൽകുന്ന ബാർട്ടർ സമ്പ്രദായം തിരിച്ചുവരുന്നതും കാണാം ആലാ വിപണിയിൽ. ഉദാഹരണമായി 10 കോഴിമുട്ടയ്ക്കു പകരം 3 തേങ്ങ എന്ന രീതി. ഈ മാതൃകയിൽ വിത്തുകളും തൈകളും വിഭവങ്ങളുമെല്ലാം കൈമാറുന്നവരുണ്ട്. വിൽപന എന്നതിനപ്പുറം പരസ്പര സ്നേഹത്തിന്റെ പങ്കുവയ്ക്കൽ കൂടിയായി മാറുന്നു ബാർട്ടർ ശൈലി.

ഫോൺ: 7994228753

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com