ADVERTISEMENT

എംജി സർവകലാശാല കൃഷിതാൽപര്യമുള്ളവർക്കായി തുടങ്ങിയ ജൈവകൃഷി കോഴ്സ് കഴിഞ്ഞിറങ്ങിയ പലരുമിന്ന് സംസ്ഥാനത്തെ ജൈവകൃഷിയുടെ മുന്നണിപ്പോരാളികളാണ്. വർഷങ്ങൾക്കു മുൻപ് സർവകലാശാലയിൽനിന്ന് ജൈവകൃഷി പ്രചാരകൻ കെ.വി.ദയാലിന്റെ ക്ലാസ്സിൽ പങ്കെടുത്തു മടങ്ങിയ എറണാകുളം സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ ഞാറയ്ക്കലും ടി.പി.ഷംസുവും ചിന്തിച്ചതും മേൽപറഞ്ഞ വഴിക്കു തന്നെ. സമൂഹത്തിനു വിഷരഹിത ഭക്ഷണം ലഭ്യമാക്കണമെന്ന ഇരുവരുടെയും ആഗ്രഹം ചെന്നെത്തിയത് സമസ്ത കാർഷികം എന്ന ജൈവക്കൃഷി കൂട്ടായ്മയിലാണ്. 

ഇത്തിരി സ്ഥലമുള്ളവരെയും നഗരത്തിൽ താമസിക്കുന്നവരെയുമെല്ലാം അടുക്കളത്തോട്ടത്തിനായി പ്രോത്സാഹിപ്പിക്കലായിരുന്നു ആദ്യ ഘട്ടം. ശുദ്ധമായ പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ ഒക്കെ കൃഷി ചെയ്യാനും വിപണിയിലെ വിഷലിപ്തമായ ഉൽപന്നങ്ങളുടെ പിടിയിൽനിന്നു കുതറിമാറാനുമുള്ള അറിവുകളും സൗകര്യങ്ങളും സംഘടന ലഭ്യമാക്കി. കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് സൗജന്യമായി കൃഷി ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. നല്ലയിനം വിത്തുകളും തൈകളും സൗജന്യമായി കർഷകർക്കു ലഭ്യമാക്കി. ‘കൃഷിഭൂമി’ ഫെയ്സ്ബുക് ഗ്രൂപ്പുമായി ചേർന്ന് സാമൂഹി കമാധ്യമങ്ങൾ വഴിയും വിജ്ഞാനവ്യാപനം സജീവമാക്കി.

market-ernakulam-1
ഞായർ വിപണി

ഇത്തിരി സ്ഥലത്താണെങ്കിലും ഒത്തിരി വിളഞ്ഞപ്പോൾ അധികം വരുന്നത് പാഴാക്കാതെ എങ്ങനെ വിപണനം ചെയ്യാം എന്ന ആലോചനയായി. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും നീതി ലഭിക്കുന്ന സമാന്തര വിപണി എന്ന ആശയത്തിലാണത് എത്തിയത്. എറണാകുളം കടവന്ത്രയിലെ 802-ാം നമ്പർ മെട്രോ പില്ലറിനു സമീപമുള്ള ചെറുപുഷ്പം നഗർ റസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് അവരുടെ  ഗ്രൗണ്ടിൽ ഞായർ വിപണി തുടങ്ങുന്നത് അങ്ങനെ. അസോസിയേഷൻ പ്രസിഡന്റും ഐസിഎആറിൽ നിന്നുള്ള റിട്ടയേർഡ് സയന്റിസ്റ്റുമായ ഡോ. കെ.ജെ. മാത്യുവാണ് വിപണിക്കു സൗകര്യമൊരുക്കിയത്. സമീപത്തുള്ള ചെറുകിട ജൈവ കർഷകർ ഞായറാഴ്ചകളിൽ രാവിലെ 9 മണിയോടെ ഉൽപന്നങ്ങളുമായി എത്തും. അസോസിയേഷനിലെ അമ്പതോളം കുടുംബങ്ങൾ ഈ കർഷകരിൽനിന്നു നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നു. ഇടനിലക്കാരും കമ്മിഷനുമില്ലാത്ത നാട്ടുചന്ത. ഉൽപാദകരും ഉപഭോക്താക്കളും സന്തുഷ്ടർ. 11 മണിയോടെ ഉൽപന്നങ്ങൾ മുഴുവനും വിറ്റു തീർന്നിരിക്കും.

market-ernakulam-3

പലതരം പച്ചക്കറികൾ, പഴങ്ങൾ, നെയ്ക്കുമ്പളം, കൂൺ, ഇഞ്ചി, മഞ്ഞൾപ്പൊടി, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, വാഴക്കുല, വാഴപ്പിണ്ടി, കോഴിമുട്ട, താറാമുട്ട എന്നിങ്ങനെ ഒട്ടേറെ നാടൻ വിഭവങ്ങളാൽ സമൃദ്ധമാണ് ഞായർ വിപണി. മുഴുവൻസമയ കർഷകനായ സതീശൻ, അടുക്കളത്തോട്ടക്കാരായ ശശീന്ദ്രൻ, ശാന്ത, ഫ്രെൻസി, കൂൺകൃഷിക്കാരന്‍ പ്രിൻസ് എന്നിങ്ങനെ വിപണിയെ സജീവമാക്കുന്ന ഒട്ടേറെ കർഷകരുണ്ടിവിടെ. വിപണി കേന്ദ്രീകരിച്ച് നല്ലയിനം വിത്തുകളുടെയും നടീൽവസ്തു ക്കളുടെയും കൈമാറ്റവുമുണ്ട്. നഗരത്തിലെ കൃഷിക്കാർക്കാവശ്യമായ ജൈവ കീടനാശിനികളും വിപണിയിലുണ്ട്.  

ഫോൺ: 8304982436 (ഉണ്ണിക്കൃഷ്ണൻ ഞാറയ്ക്കൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com