ADVERTISEMENT

അരിക്കൊമ്പനും ചിന്നക്കനാലും 301 കോളനിയും ഇടുക്കിയും കുടിയേറ്റവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. അരിക്കൊമ്പനുവേണ്ടി വാദിക്കുന്നവർ ഇടുക്കിയിലെ ജനങ്ങളെ കയ്യേറ്റക്കാരായി മുദ്രചാർത്തുമ്പോൾ തങ്ങൾക്ക് ജനിച്ച് മണ്ണിൽ കഴിയാനുള്ള അവസരമാണ് ചിന്നക്കനാലിലെ ജനങ്ങൾ ചോദിക്കുന്നത്. വാദവും പ്രതിവാദവും വാനോളം ഉയരുമ്പോൾ ഒരുകാര്യം വ്യക്തമാണ്... ജീവിതസാഹചര്യം ഉയരുംതോറും മനുഷ്യനിലെ പ്രകൃതിസ്നേഹവും മൃഗസ്നേഹവും ഉയരും. അവിടെ മനുഷ്യനെന്ന സഹജീവികളുടെ ജീവിതത്തേക്കുറിച്ചുള്ള ചിന്ത ഉണ്ടാവില്ല. ഇടുക്കിയിലെ ജനങ്ങൾ എങ്ങനെയായിരുന്നു അവിടെ കഴിഞ്ഞിരുന്നതെന്ന് പങ്കുവയ്ക്കുകയാണ് ഇടുക്കിക്കാരനായ സായ് പൂത്തോട്ട. മുൻകാല ജീവിതവും ഇപ്പോഴത്തെ സാഹചര്യവും എന്തു മാറ്റങ്ങളാണ് വരുത്തിയതെന്ന് അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. വിശദമായി വയിക്കാം...

അരിക്കൊമ്പനു ചുറ്റും ആടിത്തിമർക്കുന്ന മൃഗസ്നേഹികളും, നിയമ വ്യവസ്ഥിതിയും, നിയമ സൃഷ്ടാക്കളും അറിയാൻ...

ഞാൻ ജനിച്ചത് ഇടുക്കി - വെള്ളത്തൂവൽ പഞ്ചായത്തിൽ. അത് വർഷം 1970.

ഞാനിപ്പോൾ ജോലി ചെയ്യുന്നത് ഇടുക്കി ചിത്തിരപുരം - മീൻകട്ടിൽ. ഇപ്പോൾ വർഷം 2023.

അന്ന് പുല്ല് മേഞ്ഞ വീട്ടിൽ, ഒരു കുഞ്ഞാട് തള്ളിയാൽ തുറക്കുന്ന വാതിൽ ബലത്തിൽ, ചാണകത്തറയിലെ തഴപ്പായിൽ സുരക്ഷിതമായി ഉറങ്ങിയിരുന്ന കാലത്ത് ആനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ചിരുന്നു. അന്ന് പന്നി, കാട്ടുപോത്ത്, മ്ലാവ് ഇവയെ ഒക്കെ മനുഷ്യൻ വേട്ടയാടി കഴിച്ചിരുന്നു. അന്ന് വർഷാവർഷം കാട്ടുതീ പല മലകളിലും കാണാമായിരുന്നു.

അന്ന്, ഇത്തിരി പോന്ന ഇടവഴിയിലൂടെ പുസ്തകമേറ്റി ഭയലേശമന്യേ ഞങ്ങൾ നടന്നിരുന്നു. എന്റെ യൗവന കാലഘട്ടത്തിലെ കൂരാകൂരിരുട്ടിൽ ഓരോ പ്രേമകഥകളും പറഞ്ഞ് ഞങ്ങൾ  ചിരിച്ച് , സന്തോഷിച്ച് വീട്ടിൽ തിരികെ എത്തിയിരുന്നു. അപ്പോഴും കാലം 1996ൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.

ഇന്ന് കോതമംഗലം ടൗണിന് കേവലം കിലോമീറ്ററുകൾ അകലെ പ്ലാമുടിയിലും, വടാട്ടുപാറയിലും, കൂവപ്പാറയിലും ആനക്കൂട്ടങ്ങൾ വിലസുകയാണ്. താമസിക്കാതെ അവ കോതംഗലം ബസ് സ്റ്റാന്റിൽ വന്ന് നിന്ന് ചിന്നം വിളിക്കും.

2022ൽ നേര്യമംഗലം പാലത്തിന് അടുത്തും, റാണിക്കല്ലിന് സമീപവും, വാളറ വെള്ളച്ചാട്ടത്തിനരുകിലും അവ എത്തി ചിന്നം വിളിച്ചു.

ഇപ്പോൾ നേര്യമംഗലം കാടിന്റെ വഴിയരിക് നിറയെ ഭക്ഷണപ്രാന്തിന് അരുകിലെത്തിയ കുരങ്ങുകൂട്ടങ്ങളുടെ വിളയാട്ടമാണ്.

ഹേ മൃഗ സ്നേഹികളേ ...

ഹേ നിയമ നിർ‌മാതാക്കളേ...

നിങ്ങൾ പണ്ടു വായിച്ച കഥകളിൽ എല്ലാം നായാട്ട് ഒരു വിനോദവും, കലയുമായിരുന്നു.

നിങ്ങൾ നിയമം പഠിക്കാൻ പോകുന്നതിന് മുമ്പത്തെ ആദിവാസി വിഭാഗങ്ങളുടെ തനത് ഭക്ഷണം വേട്ടയാടി പിടിക്കുന്ന കാട്ടുമൃഗങ്ങളും, കാട്ട് കിഴങ്ങുകളുമായിരുന്നു.

പണ്ട് പ്രകൃതി സ്വയം വനത്തിനു തീ പിടിപ്പിച്ച് അനേക മൃഗങ്ങളുടെ വംശ വർധനയ്ക്ക് ചെറിയ തോതിൽ നിയന്ത്രണം തീർത്തിരുന്നു.

ഇപ്പോൾ നിങ്ങൾ ഫയർ ബൗണ്ടറി തീർക്കുന്നു.

കാലാകാലങ്ങളിൽ വനത്തിൽ അടിഞ്ഞ് കൂടുന്ന ഇലകളുടെ ശേഖരം ഒരു മഹാ താണ്ഡവമാകുമെന്ന് നിങ്ങൾ എന്തുകൊണ്ട് കരുതുന്നില്ല.

കാലം നിങ്ങളെ പുകഴ്ത്താൻ വേണ്ടി മാത്രം മൃഗ സ്നേഹം വിളിച്ചോതി ഉയർന്നിടങ്ങളിൽ അമരുമ്പോൾ  നിങ്ങൾ ഓർക്കുക.

നിങ്ങൾ ഒരിക്കൽ നിലത്തിറങ്ങും.

അപ്പോൾ അവിടെ ആർത്തിരമ്പുന്ന പട്ടിക്കൂട്ടങ്ങൾ നിങ്ങളെ കടിച്ച് കീറും, അവിടെ നിങ്ങളുടെ കുഞ്ഞുങ്ങളെ റാഞ്ചാൻ നല്ല ഒത്ത വണ്ണമുള്ള കുരങ്ങുകൾ ചാടി പുളക്കും.

അവിടെ നിങ്ങളുടെ തടിച്ച്, രക്തം തുടിക്കുന്ന ശരീരം തക്കം പാർത്ത് ഏതോ മറവിൽ കടുവകൾ കാണും.

ചിലപ്പോൾ തിരികെ എത്തിയാൽ അവിടെ നിന്നിരുന്ന നിങ്ങളുടെ അഹങ്കാര പ്രബോധന കേന്ദ്രം ആനകൾ കുത്തിമറിച്ചിട്ടുണ്ടാവും.

അരിക്കൊമ്പനെ പിടിച്ചാൽ മറ്റൊരു ചക്കക്കൊമ്പൻ വരും.

ആനത്താരയിൽ വീട് വെച്ചാൽ ആന കുത്തിമറിച്ചിടും. അതാണ് സത്യം.

നല്ല അന്തസ്സുള്ള സ്ഥലത്തേക്ക് അവിടെ സ്ഥലം ലഭിച്ചവരെ മാറ്റിപ്പാർപ്പിക്കണം. അത് അത്യാവശ്യം.

അരിക്കൊമ്പനെ പിടിച്ച് നല്ല നിലയിൽ മെരുക്കി അവനെ ആൾക്കൂട്ടത്തിലൂടെ നടത്തണം. അതാവണം ആർജവം .

ഇടുക്കി ആരുടെയും കുത്തിമറിക്കൽ നടത്തേണ്ട ഇടമല്ല.

ബ്രഹ്മപുരത്തെ തീപ്പുകയറിഞ്ഞവർക്ക് ഇടുക്കിയിലെ വായു തീർക്കുന്ന സ്വാസ്ഥ്യം എന്തെന്ന് മനസ്സിലാവും.

ഇനിയും അംബരചുംബികളിൽ ആ പുക ഒളിച്ചിരിപ്പുണ്ട്.

നിങ്ങൾക്ക് ഇടുക്കിയാണ് അവസാന ശ്വാസം.

നിങ്ങൾ വന്നേ മതിയാവൂ, അത് കാലം നിങ്ങൾക്കായ് കരുതുന്ന  നിയോഗമാണ്.

അവിടെ ഞാൻ പിറന്നു വീണത് ഒരു പ്രകൃതി കയ്യേറ്റ പുത്രനായിട്ടല്ല, ഒരു നല്ല കൃഷിക്കാരന്റെ നല്ല മനുഷ്യ പുത്രനായിട്ടാണ്.

ഞാൻ നടന്ന മണ്ണിൽ ഇന്നവശേഷിക്കുന്നവരെ നിങ്ങൾ പ്രകൃതി ശത്രുക്കൾ എന്നു വിളിക്കുന്ന അത്രയും പാപ വാക്ക് മറ്റൊന്നില്ല.

ഇടുക്കിയുടെ ശാപം ചോലവനങ്ങളുടെ സ്ഥാനത്ത് യൂക്കാലി പ്ലാന്റേഷൻ തീർത്ത് മണ്ണിലെ ഉറവയും, ഉർവ്വരതയും നശിപ്പിച്ച സർക്കാർ തീരുമാനങ്ങളാണ്.

ആനത്താരയിലെ ഇല്ലിയും, മുളയും, മുളങ്കാടും, നീരൊഴുക്കും നശിപ്പിച്ചത് എന്റെ അച്ഛന്റയോ, തുരുത്തി കുഞ്ഞേട്ടന്റേയോ വാക്കത്തിയല്ല. നിങ്ങൾ തീർത്ത തോട്ടം സംസ്കാരമാണ്.

ഇടുക്കിയുടെ മണ്ണ് കുത്തിത്താഴ്ത്തി ആഴത്തിൽ സിമന്റ് കലക്കി ഒഴിച്ച് വൻ കെട്ടിടങ്ങൾ പള്ളിവാസലിലും, രണ്ടാം മൈലിലും തീർത്തത് കൊച്ചിയിലേയും, കൊയിലാണ്ടിയിലേയും, കോയമ്പത്തൂരിലേയും വൻ മുതലാളിമാരാണ്.

ഇടുക്കിയിലെ ഒരുത്തനും ഇടുക്കി റിസോർട്ട് മാഫിയ കണ്ണിയിലെ പ്രകൃതി നശീകരണ പ്രബോധരല്ല.

ഒരു കാട്ടുപന്നിയെ കൊന്നന്നറിഞ്ഞാൽ അവന്റെ കുടുംബം കൊളം തോണ്ടി, അവന്റെ അവസാന വാരിയെല്ലും വളച്ചുടച്ച് ആത്മഹത്യയ്ക്ക് പറഞ്ഞ് വിടുന്ന പുതിയ നിയമപാലക സംവിധാനത്തിന് കൂപ്പുകൈ മാത്രം.

ഇടുക്കിയിലെ മക്കളെ അവന്റെ  പ്രകൃതിക്ക് ഒപ്പം വിടൂ, അവൻ ഈ അരിക്കൊമ്പനെ നിഷ്പ്രയാസം വരുതിയിലാക്കും.

പിൻകുറിപ്പ്.

ആധുനിക ചിന്തകൾക്ക് കണ്ണില്ല. കേവലം കയ്യടി മാത്രമാണ് അതിന് ആധാരം.

സ്നേഹപൂർവ്വം

സായ് പൂത്തോട്ട

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com