ADVERTISEMENT

ഇക്കഴിഞ്ഞ ജനുവരിയിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഒരു കേസിൽ കോഴികളെ നിയമവിരുദ്ധമായി കോഴിക്കടകളിൽ കശാപ്പു ചെയ്യുന്നു എന്ന് പരാതിപ്പെട്ടിരുന്നു. തുടർന്ന് കോഴിക്കടകളിൽ റെയ്ഡ് നടത്തി. നോട്ടീസ് നൽകുകയും കൂടുതലും പൂട്ടിപ്പോകുകയും ചെയ്തു. കോഴിക്കട ഉടമസ്ഥർ ഹൈക്കോടതിയെ സമീപിച്ച് തങ്ങൾക്ക് കട തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിക്കായി അഭ്യർഥിച്ചു. 

തുടർന്ന് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത് ‘മൃഗം’ എന്ന നിർവചനത്തിൽ വരുന്നതാണ് കോഴി വർഗം അതിനാൽ പ്രത്യേകം അറവുശാലകളിൽ മാത്രമേ ഇതിനെ കശാപ്പ് ചെയ്യാൻ പാടുള്ളൂ എന്നാണ്. ഈ സാഹചര്യത്തിൽ നമുക്ക് പരിശോധിക്കാം, കോഴിയെ എങ്ങനെ നിർവചിക്കണം? പക്ഷി എന്ന് കരുതണോ? അതോ മൃഗം എന്ന് വിളിക്കണോ? 

‘പക്ഷിമൃഗാദികൾ’ എന്ന് നാം എഴുതുമ്പോഴും പറയുമ്പോഴും അർഥമാക്കുന്നത് പക്ഷികളും മൃഗങ്ങളും എന്നാണ്. പക്ഷി വർഗത്തിൽ വരുന്നതാണ് ഇറച്ചിക്കും, മുട്ടയ്ക്കും വേണ്ടി ഏകദേശം 5000 വർഷങ്ങൾക്കു മുൻപേ മനുഷ്യൻ മെരുക്കി വളർത്തിപ്പോരുന്ന കോഴി വർഗം, അങ്ങനെ നോക്കിയാൽ കോഴി പക്ഷിവർഗത്തിൽ വരും. 

വീണ്ടും കുറച്ചു കൂടി ആഴത്തിൽ ചിന്തിച്ചാൽ പക്ഷി വർഗം എല്ലാം തന്നെ ‘മൃഗങ്ങൾ’ എന്ന നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് കരുതേണ്ടി വരും. അല്ലാതെ സസ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലല്ലോ. ‘മൃഗം’ (Animal) എന്ന ഗണത്തിൽ സാങ്കേതികമായി ഉൾപ്പെട്ടു എന്നുള്ളതുകൊണ്ട് കഴിഞ്ഞ 5000 വർഷമായി മനുഷ്യൻ തുടർന്നു വന്നതും, അനുവർത്തിച്ചു വന്നതുമായ രീതികൾ തെറ്റാണെന്ന് പറയാൻ കഴിയുമോ? ചുരുക്കത്തിൽ പക്ഷികളെല്ലാം മൃഗങ്ങളാണ്. കോഴി ഒരു പക്ഷിയാണ്. അതുകൊണ്ടുതന്നെ കോഴി പക്ഷിയും മൃഗവുമാണ്.

‘മൃഗം’ എന്നാണ് കോഴിയെ കണക്കാക്കുന്നതെങ്കിൽ, കൊഴികളെ വീട്ടിലോ, കോഴിക്കടകളിലോ, അതുപോലുള്ള സ്ഥലത്തോ കശാപ്പ് ചെയ്യാൻ കഴിയില്ല പകരം ആധുനിക അറവുശാലകളിൽ മാത്രമേ കശാപ്പ് ചെയ്യാൻ കഴിയുകയുള്ളൂ. 

ഈ നിയമം നടപ്പിലായാൽ എന്തൊക്കെ സംഭവിക്കാം?

ആയിരക്കണക്കിന് ചെറുകിട-ഇടത്തര കർഷകരാണ് ഇറച്ചിക്കോഴി വളർത്തി ഉപജീവനം കഴിക്കുന്നത്. 500നും 2000നും ഇടയിൽ കോഴിയെ വളർത്തുന്നതാണ് കൂടുതലും. ചെറിയ ലാഭത്തിലും, ചിലപ്പോള്‍ നഷ്ടത്തിലുമാണ് അവർ മുന്നോട്ടു പോകുന്നത്. 

ഇത്തരം ഫാമുകളെ ആശ്രയിച്ചാണ് ഇറച്ചിക്കോഴിക്കടകൾ പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 100ൽ താഴെ കോഴികളെയാണ് ഇത്തരം കടകളിൽ കശാപ്പ് ചെയ്യുന്നത്. ഇതിനായി ഒരു തൊഴിലാളിയും കട നടത്തിപ്പുകാരനും കാണും. പുതിയ നിയമം നിലവിൽ വന്നാൽ ഈ കോഴിക്കൃഷിയും കോഴിക്കടകളും എന്നന്നേക്കുമായി പൂട്ടിപ്പോകും. മറ്റൊരാളുടെ പറമ്പില്‍ കൂലിവേലയ്ക്കു പോകുന്നതിന് പകരം സ്വന്തമായൊരു തൊഴിൽ എന്ന നിലയ്ക്കാണ് പലരും ഈ മേഖലയിൽ തുടരുന്നത്. കേരളത്തിലെ അവസ്ഥയും ഇതുതന്നെയാണ്.

അറവുശാലകൾ വന്നാൽ ആർക്കാണ് പ്രയോജനം

പ്രതിദിനം 40000ഉം 50000ഉം കോഴികളെ കശാപ്പു ചെയ്യുന്ന വൻകിട ഫാക്ടറികളാണ് ശരിക്കും അറവു ശാലകൾ. വൻകിട കുത്തക കമ്പനികളാണ് ഇന്ത്യയിൽ അറവുശാലകൾ നടത്തുന്നത്. കോടിക്കണക്കിനു കോഴിക്കുഞ്ഞുങ്ങളും ടൺകണക്കിന് കോഴിത്തീറ്റയും പ്രതിദിനം ഉൽപാദിപ്പിക്കുന്ന കോഴി കമ്പനികളാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത്. 

എന്തു വിലയ്ക്ക് ഇറച്ചിക്കോഴികളെ വിൽക്കണം എന്നു തീരുമാനിക്കുന്നത് വരെ ഇത്തരം കുത്തക കമ്പനികളാണ്.  500ഉം ആയിരവും കോഴികളെ വളർത്തുന്ന ചെറുകിട കർഷകർ കശാപ്പ് ചെയ്യാൻ നിർവാഹമില്ലാതെ ഒന്നുകിൽ പൂട്ടിപ്പോവുകയോ അല്ലെങ്കിൽ കുത്തക മുതലാളിമാരുടെ അറവുശാലയിൽ കോഴിയെ നൽകുകയോ വേണ്ടി വരും. ക്രമേണ കോടികളുടെ ബിസിനസ്സ് നടക്കുന്ന ഇറച്ചിക്കോഴി മേഖല ഏതാനും കുത്തകകളുടെ കയ്യിലായിത്തീരും. അവർ പറയുന്ന വിലയ്ക്ക് അവരുടെ ഉൽപന്നം (കോഴി ഇറച്ചി) സൂപ്പർ മാർക്കറ്റുകളിൽ നിന്നും വാങ്ങേണ്ട ഗതികേട് ഉപഭോക്താവിനും വന്നു ചേരും. 

സാധാരണക്കാരായ ആളുകൾക്ക് കുറഞ്ഞ വിലയിൽ മികച്ച പ്രോട്ടീൻ ലഭ്യമായത് ഇറച്ചിക്കോഴിയുടെ വരവോടെയാണ്. ചെറുകിട കടകൾ ഇല്ലാതായാൽ ഈ കുറഞ്ഞ വിലയിലുള്ള പ്രോട്ടീൻ ലഭ്യത ഇല്ലാതായിത്തീരും. ഗുജറാത്തിലും വരാൻപോകുന്ന വലിയ പ്രതിസന്ധി ഇതുതന്നെയാണ്.

ഇതിനിടയ്ക്ക് നമ്മുടെയെങ്ങാനും വീടുകളിൽ ഏതെങ്കിലും വിരുന്നുകാർ വന്നാൽ ‘വീട്ടിൽ വളരുന്ന ഒരു നാടൻ കോഴിയെ’ സ്വന്തമായി കശാപ്പു ചെയ്താൽ അനധികൃത അറവ് നടത്തി എന്നപേരിൽ, ചിലപ്പോൾ നിയമ നടപടി നേരിടേണ്ടിയും വന്നേക്കാം. 

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചപോലെ കോഴി മൃഗമാണോ? പക്ഷിയാണോ? എന്ന് ചോദിച്ചും തർക്കിച്ചും ബഹുഭൂരിപക്ഷം ജനത്തിനും കുറഞ്ഞ ചെലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രോട്ടീൻ സമൃദ്ധമായ കോഴി ഇറച്ചി കിട്ടാക്കനിയാക്കി മാറ്റരുതെന്ന് അപേക്ഷിക്കാനേ നമുക്ക് കഴിയൂ.

ഫോൺ: 94462 90897 (വാട്സാപ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com