ADVERTISEMENT

മനുഷ്യരിലും മൃഗങ്ങളിലും ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങൾക്കെതിരെ ചികിത്സിക്കുന്നത് ‘ആന്റിബയോട്ടിക്കുകൾ’ നൽകിയാണ്. ശരീരത്തിലുണ്ടാകുന്ന അണുബാധയ്ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ‘ജീവൻ രക്ഷാ മരുന്നുകളാണ്’ ആന്റിബയോട്ടിക്കുകൾ. 

ആന്റിബയോട്ടിക്കുകൾ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ! ചെറിയ ഒരു പനിയോ, തുടർന്ന് അണുബാധയോ ഉണ്ടായാൽ ന്യൂമോണിയ പോലുള്ള അസുഖങ്ങളായിത്തീർന്ന് മരണത്തിലേക്ക് നയിച്ചേക്കാം. ഇതിൽനിന്ന് തന്നെ ആന്റിബയോട്ടിക്കിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ. 

1928 ലാണ് അലക്സാണ്ടർ ഫ്ലെമിങ് എന്ന ശാസ്ത്രജ്ഞൻ ‘പെനിസിലിൻ’ എന്ന ആന്റിബയോട്ടിക് ആദ്യമായി കണ്ടുപിടിക്കുന്നത്. വ്യാവസായികമായി പ്രചാരത്തിലാകാൻ പിന്നേയും വർഷങ്ങളെടുത്തു. ആന്റിബയോട്ടിക്കുകൾ പ്രചാരത്തിലാകുന്നതിന് മുൻപുള്ള കാലഘട്ടം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് മഹാമാരികളുടേയും കൂട്ടമരണങ്ങളുടെയും കാലമായിട്ടാണ്. അത്തരം ഒരവസ്ഥ തിരിച്ച് വന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ!

ഡോക്ടർമാർ നൽകുന്ന ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാതാവുകയും, ആയിരങ്ങൾ അണുബാധ മൂലം മരണപ്പെടുകയും ചെയ്താലോ?

ശാസ്ത്രസമൂഹം ഭയപ്പെടുന്ന, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (അണുബാധയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലിക്കാതെ വരുന്ന അവസ്ഥ) വ്യാപകമായി കണ്ടു വരുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ യാഥാർഥ്യം. സാധാരണയായി ഉപയോഗിച്ചു വരുന്ന മിക്ക ആന്റിബയോട്ടിക്കുകളും ചില രോഗികളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസുഖമുണ്ടാക്കുന്ന അണുക്കൾ ഈ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷി നേടിക്കഴിഞ്ഞിരിക്കുന്നു. 

മറ്റെല്ലാ ആന്റിബയോട്ടിക്കുകളും ഫലപ്രദമാകാതെ വരുമ്പോൾ ‘ജീവൻ രക്ഷാ മരുന്ന്’ എന്ന നിലയിൽ ഡോക്ടർമാർ കാണുന്ന ‘കാർബോപെനം’ (carbopenem) എന്ന ആന്റിബയോട്ടിക്കിന് പോലും പ്രതിവർഷം 10 ശതമാനം എന്ന തോതിൽ ഫലപ്രാപ്തി ഇല്ലാതാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ‘ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്’ എന്ന ഭീകരത വർധിക്കാനാണ് സാധ്യത. ചികിത്സ ഫലിക്കാതെ ആയിരങ്ങൾ മരിക്കുകയും വൈദ്യശാസ്ത്രം നിസ്സഹായരാകുകയും ചെയ്തേക്കാം. 

antibiotic-resistance
Image credit: FatCamera/iStockPhoto

എങ്ങനെയാണ് ബാക്ടീരിയകൾ മരുന്നുകൾക്കെതിരെ പ്രതിരോധശേഷി നേടുന്നത് 

ഓരോ ആന്റിബയോട്ടിക്കും നിശ്ചിത അളവിൽ (ഡോസിൽ) നിശ്ചിത ദിവസങ്ങളിലേക്ക് മാത്രം ഉപയോഗിക്കേണ്ടതാണ്. ഇത് ഒരു ഡോക്ടറുടെ കുറിപ്പടി പ്രകാരം, ഡോക്ടറുടെ മേൽനോട്ടത്തില്‍ കഴിക്കേണ്ടതാണ്. അധികമായി ഉപയോഗിക്കുക, കുറച്ച് ഉപയോഗിക്കുക, സ്ഥിരമായി കൂടുതൽ കാലം ഉപയോഗിക്കുക, ആവശ്യമില്ലാതെ രോഗം അറിയാതെ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം മനുഷ്യശരീരത്തിൽ പ്രതികൂലമായി ബാധിക്കുകയും കാലക്രമേണ മേൽപറഞ്ഞ അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യും. 

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറിൽനിന്നും ആന്റിബയോട്ടിക്കുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് 2022 ഡിസംബറിൽ മുന്നറിയിപ്പ് നൽകി. ഒരൊറ്റ മെഡിക്കൽ സ്റ്റോറിന്റേയും ലൈസൻസ് നാളിതുവരെ റദ്ദാക്കിയില്ലെന്നുള്ളത് യാഥാർഥ്യം. പ്രഖ്യാപനം പ്രഖ്യാപനത്തിന്റെ വഴിക്കു പോയി. 

മരുന്നുൽപാദക മേഖലയിൽ ഇന്ത്യ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ്. വിപണനത്തിന്റെ കാര്യത്തിൽ വൻ മത്സരം നടക്കുന്ന മേഖലയാണിത്. ആകർഷകമായ ഓഫറുകളും ലാഭവുമാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ വരെ കൂണുകൾ പോലെയാണ് മെഡിക്കൽ സ്റ്റോറുകളുള്ളത്. ഡോക്ടറുടെ കുറിപ്പടിയും കാത്തിരുന്നാൽ വ്യാപാരം നടക്കില്ലെന്ന് മെ‍ഡിക്കൽ സ്റ്റോറുകൾക്കറിയാം. അതിനാൽ ആവശ്യം പോലെ ആവശ്യക്കാർക്ക് ആന്റിബയോട്ടിക്കുകൾ കുറിപ്പടിയില്ലാതെ തന്നെ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാം. പലപ്പോഴും മെഡിക്കൽ സ്റ്റോറുകാർ തന്നെ രോഗനിർണയം നടത്തി മരുന്നു നൽകുന്നതും കാണാം. 

മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും ബാക്ടീരിയ മൂലം അസുഖങ്ങളുണ്ടാകുന്നുണ്ട്. ചില അസുഖങ്ങൾ മനുഷ്യരിലും, മൃഗങ്ങളിലും ഒരുപോലെ വരാറുണ്ട്. മൃഗങ്ങളിലെ അസുഖങ്ങൾ ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ മനുഷ്യരിലേക്കും പാൽ, മുട്ട, ഇറച്ചി, അന്തരീക്ഷം തുടങ്ങിയവ മൂലം ഈ അസുഖങ്ങൾ പടർന്ന് പിടിച്ച് മഹാമാരിയായിത്തീരാം. 

മൃഗങ്ങളിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കും മനുഷ്യരിൽ ഉപയോഗിക്കുന്നത് തന്നെയാണ്. അതിനാൽ മൃഗങ്ങളിൽ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശേഷി നേടിയ ബാക്ടീരിയകൾ മനുഷ്യരിലേക്കു പടർന്ന്, ഗുരുതരമായ അസുഖങ്ങളുണ്ടാക്കാം. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ സാൽമണൊല്ല എന്ന ബാക്ടീരിയ കോഴികളിൽ അസുഖമുണ്ടാക്കുന്നുണ്ട്. കോഴികളിൽ ഫലപ്രദമായി ഈ അസുഖം നിയന്ത്രിച്ചില്ലെങ്കിൽ, ആന്റിബയോട്ടിക്കിന് പ്രതിരോധം നേടിയ ബാക്ടീരിയ മനുഷ്യരിൽ മാരകമായ ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാം. ഇത് ഒരു ഉദാഹരണം മാത്രം. 

കന്നുകാലികളിലെ അകിട് വീക്കം പോലുള്ള അസുഖത്തിന് പല മരുന്നുകളും പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല. മിക്കവാറും എല്ലാ മരുന്നുകൾക്കും പ്രതിരോധം നേടിയ ബാക്ടീരിയകൾ മൂലം ഉണ്ടാകുന്ന അകിടുവീക്കത്തിന് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയാതെ വെറ്ററിനറി ഡോക്ടർമാർ പലപ്പോഴും നിസ്സഹായരാകുന്നുണ്ട്. 

മൃഗസംരക്ഷണമേഖലയിൽ റജിസ്റ്റേർഡ് വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിലും, കുറിപ്പടിയിലും മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ എന്നാണ് നിയമം. ആന്റിബയോട്ടിക് നൽകി ചികിത്സിച്ചു കഴിഞ്ഞാലും നിശ്ചിത കാലയളവിലേക്ക് പാൽ, മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കാൻ പാടില്ല. ആന്റിബയോട്ടിക് നൽകുന്ന കാലയളവിലും തുടർന്നും യാതൊരു പരിശോധനയുമില്ലാതെ പാലും, മുട്ടയും ഇറച്ചിയും കമ്പോളത്തിലെത്തുന്നുണ്ട് എന്നതാണ് വാസ്തവം. തുടർച്ചയായി ആന്റിബയോട്ടിക് കലർന്ന ഭക്ഷണം കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം, ആന്റിമൈക്രോബിയിൽ റെസിസ്റ്റൻസും ഉണ്ടാകും. 

വെറ്ററിനറി മരുന്നു കമ്പനികൾ തമ്മിൽ വിപണനത്തിന്റെ കാര്യത്തിൽ വൻ മത്സരമാണുള്ളത്. ആർക്ക് വേണമെങ്കിലും എത്ര വേണമെങ്കിലും പറയുന്ന സ്ഥലത്ത് അവർ മരുന്നെത്തിച്ച് നൽകും. ഫാമുകളിലൊക്കെ നേരിട്ടെത്തി വിപണനം നടത്തുന്ന കമ്പനികളുമുണ്ട്. കന്നുകാലികൾക്ക് അസുഖം കണ്ടാൽ സ്വയം ചികിത്സിക്കുന്ന കർഷകർ, ചികിത്സിക്കാൻ അനുമതിയില്ലാത്ത മൃഗസംരക്ഷണ വകുപ്പിലെ ചില വിഭാഗം ഉദ്യോഗസ്ഥർ, ഇറച്ചിക്കോഴി, മുട്ടക്കോഴി ഫാമിലെ തൊഴിലാളികൾ തുടങ്ങിയവരെല്ലാം നിർലോഭം ആന്റിബയോട്ടിക് ചികിത്സ നടത്തുന്നുണ്ട്. ഇത്തരം ചികിത്സ വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നോടിയായി കാണണം. ഓരോരുത്തരും സ്വയം ബോധവാന്മാരാകുന്നതിനോടൊപ്പം നിയമം ശക്തമായി നടപ്പിലാക്കുന്നുവെന്ന് അധികാരികൾ ഉറപ്പു വരുത്തുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com