ADVERTISEMENT

കോട്ടയം എരുമേലിയിലും കൊല്ലത്തും കാട്ടുപോത്തുകളുടെ ആക്രണത്തിൽ മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടു, തൃശൂർ ചേലക്കര പൈങ്കുളത്ത് സ്കൂട്ടർ യാത്രികരെ കാട്ടുപന്നി തട്ടിയിട്ട് രണ്ടു പേർക്ക് ഗുരുതര പരിക്ക്, മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിന് കരടിയുടെ ആക്രമത്തിൽ പരിക്ക്, ചാലക്കുടി മേലൂർ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടുപോത്ത്... സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്ത പ്രധാന സംഭവങ്ങളാണിത്. കാടിറങ്ങുന്ന വന്യജീവികൾ എത്രത്തോളം ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നതിന്റെ നേർക്കാഴ്ച. 

കോട്ടയം കണമലയിൽ തോമസ് ആന്റണിയും ചാക്കോയും കൊല്ലപ്പെട്ടത് കാടുകയറിയിട്ടല്ല. സ്വന്തം കൃഷിയിടത്തിലേക്കിറങ്ങിയ തോമസിനെ പാഞ്ഞുവന്ന കാട്ടുപോത്ത് കുത്തിവീഴ്ത്തി. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോയെയും വരാന്തയിൽ കയറി ആക്രമിച്ചാണ് ആ കാട്ടുപോത്ത് പാഞ്ഞുപോയത്. തോമസിനെ വഴിയിലേക്കു കൊണ്ടുവരുന്ന ദൃശ്യങ്ങൾ ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനുഷ്യത്വമുള്ള ആരെയും വേദനിപ്പിക്കുന്ന വിധമായിരുന്നു ആ കാഴ്ചകൾ. കാലുകൾ രണ്ടും ഒടിഞ്ഞുതൂങ്ങി... വയറ് പിളർന്ന് ആന്തരീകാവയവങ്ങൾ പുറത്തുവന്നു... ആശുപത്രിയിലേക്ക് പോകും വഴി അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. സമാന അവസ്ഥതന്നെയായിരുന്നു ചാക്കോയുടേതും കൊല്ലത്തെ സാമുവൽ വർഗീസിന്റെയും.

മൂവരും സ്വന്തം സ്ഥലത്ത് ആയിരിക്കുമ്പോഴാണ് വന്യജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റവും സുരക്ഷിതമായി നാം കരുതുന്ന സ്വന്തം വീട്ടിൽ പോലും ജീവന് സുരക്ഷയില്ലെന്ന് വരുന്നത് എന്തൊരവസ്ഥയാണ്. ഒരു സംഘം മൃഗസ്നേഹികൾ ഇതും മലയോര കർഷകരുടെ കുറ്റമായി മുദ്രകുത്തി രംഗത്തെത്തിയത് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നതാണ് വ്യക്തമാക്കുന്നത്. സമീപകാലത്ത് കൊല്ലപ്പെട്ടവരെല്ലാം തങ്ങളുടെ പട്ടയഭൂമിയിലാണ് ആക്രമണത്തിനിരയായത്. എന്നാൽ, പട്ടയം നൽകിയത് ശരിയല്ലെന്നു വാദിക്കുന്ന മൃഗസ്നേഹികൾ മലയോര മേഖലയിലെ ജനവാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് വിസ്മരിക്കരുത്.

ടോം ജോർജ് കുറിക്കുന്നു....

1940 കളിൽ കുടിയേറിയവരാണ് പമ്പാവാലിക്കാർ. ‘ഗ്രോ മോർ ഫുഡ്’ പദ്ധതിയുടെ ഭാഗമായി സർക്കാർ കുടിയിരുത്തിയവർ എന്ന് പറയുന്നതാണ് കൂടുതൽ ശരി. കാട് വെട്ടിത്തെളിച്ചു, മണ്ണിളക്കി, കൃഷിചെയ്തു, കുടിൽ കെട്ടി, ജീവിതം പടുത്തുയർത്തിയ ഒരു ജനത. 

അന്നും ഇവിടേ നിറയെ കാട്ടുമൃഗങ്ങൾ ഉണ്ടായിരുന്നു. പക്ഷേ മനുഷ്യവാസമായതോടെ അവയൊക്കെ ഉൾക്കാടുകളിലേക്കു പിൻവലിയുകയും കാടിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുകയും ചെയ്തുപോന്നു. 

കാടിന്റെ അതിർത്തിയോളം കപ്പയും ചേമ്പും ചേനയും കിഴങ്ങുമൊക്കെ കൃഷിചെയ്തിരുന്ന ഒരു കുട്ടിക്കാലമാണ് എന്റെ ഓർമയിൽ. പറമ്പിന് ഏറ്റവും മുകളിൽ കുരങ്ങനും പന്നിക്കും എന്നു പറഞ്ഞു കുറച്ചു കട്ടൻ കപ്പ കൃഷിചെയ്തിരുന്നു അന്നൊക്കെ. പാട്ട കൊട്ടിയാൽ ഇല്ലാതാകുന്ന വന്യമൃഗ ശല്യമേ അന്നുണ്ടായിരുന്നുള്ളു. അല്ലെങ്കിൽ ഒരു പട്ടിയെ കെട്ടിയിട്ടാൽ, അതിന്റെ കുരയിൽ അകന്നുപോകുന്ന മൃഗങ്ങൾ മാത്രം. 

വല്ലപ്പോഴും വന്നിരുന്ന മുള്ളൻപന്നിയും കുരങ്ങും മാത്രമാണ് ശല്യക്കാരായി ഉണ്ടായിരുന്നത്. കാട്ടുപന്നി പോലും അപൂർവമായിരുന്നു.

ഇന്ന് ഒരു ചുവട് കപ്പ പോലും കൃഷി ചെയ്യാൻ പറ്റാത്ത വിധത്തിലുള്ള വന്യമൃഗ ശല്യമാണ് ഈ പ്രദേശങ്ങളിൽ. അതിന്റെ കാരണം മനുഷ്യ ഇടപെടലുകൾ ആണെന്നുള്ള അഭിനവ പരിസ്ഥിതി പ്രവർത്തകരുടെ ആരോപണങ്ങൾ യാഥാർഥ്യം മനസ്സിലാക്കാതെയുള്ള ആക്ഷേപങ്ങൾ മാത്രമാണ്. ഇന്നത്തെ അവസ്ഥയുടെ മുഖ്യകാരണം വന്യമൃഗങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ്. 1940കൾക്കു ശേഷം ഒരിഞ്ചു വനഭൂമിപോലും പമ്പാവാലിയിൽ കയ്യേറിയിട്ടില്ല. പക്ഷേ കാടുകൾക്ക് താങ്ങാൻ ആവുന്നതിലധികമാണ് വന്യമൃഗങ്ങളുടെ എണ്ണം. 

മറ്റൊരു കാരണം വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം ഇല്ലാത്തതാണ്. പണ്ടൊക്കെ വനത്തിനുള്ളിൽ മാവും പ്ലാവും അമ്പഴവും മരുതിയും വെട്ടിയും തൊണ്ടിയും തീത്തൊണ്ടിയും നെല്ലിയും കശുമാവും പോലുള്ള ഫലവൃക്ഷങ്ങൾ നിറയെ ഉണ്ടായിരുന്നു. ഇവയെല്ലാം കാലപ്പഴക്കത്തിൽ നശിച്ചു പോയി. പകരം തേക്കും അൽബീസിയയും വാകയും നട്ടുപിടിപ്പിച്ചു. 

ആനകൾക്കും കാട്ടുപോത്തിനുമൊക്കെ ഇഷ്ടഭക്ഷണമായ ഈറ്റകളും മുളകളും ഇല്ലാണ്ടാകാൻ കാരണവും വനംവകുപ്പാണ്. പണ്ട് ഈറ്റ വെട്ടാൻ ആളുകൾ കാട്ടിൽ പോയിരുന്നു. ഈറ്റയില കൊണ്ട് വീടുകൾ മേഞ്ഞിരുന്നു. ഈറ്റ വെട്ടി പായയും പരമ്പും കൊട്ടകളും ഉണ്ടാക്കിയിരുന്നു. വെട്ടുംതോറും വീണ്ടും തളിർത്തു വളരുന്ന ഈറ്റക്കൂട്ടങ്ങൾ കാടുനിറയെ ഉണ്ടായിരുന്നു. മനുഷ്യരെ കാട്ടിനുള്ളിൽ പ്രവേശിപ്പിക്കുന്നത് നിയന്ത്രിച്ചതോടെ ഈറ്റയും മുളയും ചൂരലുമൊക്കെ ഉണങ്ങി നശിച്ചു വംശനാശം നേരിടുന്ന അവസ്ഥയിലായി. 

അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാരണം കൃഷിസ്ഥലങ്ങളോട് ചേർന്ന വനഭൂമിയിൽ പണ്ടൊക്കെ നിരന്തരമായ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നു എന്നത്. പുല്ല് പറിക്കാനും വിറക് പെറുക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും ഒക്കെയായി മനുഷ്യർ കാടുകയറിയിരുന്നു. 

സ്വാഭാവികമായി മനുഷ്യസാന്നിധ്യമുള്ളിടത്തേക്ക് മൃഗങ്ങൾ അടുക്കാത്ത സാഹചര്യമായിരുന്നു അന്നൊക്കെ. ഇന്ന് കുളിക്കടവുകളിലേക്ക് പോലും മനുഷ്യർ പ്രവേശിക്കുന്നത് തടയുന്നു. ഒരു കമ്മ്യൂണിസ്റ്റ് പച്ചയുടെ കമ്പൊടിച്ചാൽ കേസെടുക്കുന്ന അവസ്ഥ. മനുഷ്യർക്ക് കാട് പൂർണ്ണമായി അന്യമായി...

മനുഷ്യ സാന്നിധ്യമില്ലാത്ത കാട് വിട്ട് , മനുഷ്യ ഭയം ഇല്ലാത്ത മൃഗങ്ങൾ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നു ഇപ്പോൾ. മലയോര കുടിയേറ്റ ജനതയെ കയ്യേറ്റക്കാർ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതുകൊണ്ട് ഇത്‌ പരിഹരിക്കാമെന്ന് ആരും കരുതേണ്ട. വനവും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ടത് വനം വകുപ്പാണ്. അവരത് ചെയ്തോട്ടെ. പക്ഷേ, പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും ഭരണകൂടങ്ങളുടെയും ഉത്തരവാദിത്തമാണ്. അത് ഉറപ്പാക്കണം എന്നു മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. 

മൃഗങ്ങൾക്ക് വേണ്ട ഭക്ഷണം കാട്ടിൽ ഉൽപ്പാദിപ്പിക്കാൻ വനംവകുപ്പ് നടപടികൾ തീരുമാനിക്കട്ടെ. ജനവാസ മേഖലയ്ക്ക് ചുറ്റും കാട്ടിനുള്ളിൽ 2-3 കിലോമീറ്റർ ബഫർ സോൺ ആണ് ഉണ്ടാകേണ്ടത്. ഈ സോണിൽ കപ്പയും ചേമ്പും കാച്ചിലും ചേനയും വാഴയും കിഴങ്ങുമൊക്കെ കൃഷി ചെയ്യട്ടെ. അങ്ങനെ ചെയ്യുന്നതുകൊണ്ട് രണ്ടാണ് ഗുണം. ഒന്ന് മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം ഉറപ്പാക്കാം. രണ്ട് , ഒരു കൃഷി വിത്തിറക്കി, വളർത്തി, സംരക്ഷിച്ചു വിളവെടുക്കുന്ന ഒരു കർഷകന്റെ ബുദ്ധിമുട്ട് വനം വകുപ്പുനു മനസ്സിലാകും. 

അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യമാണ് മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക എന്നത്. കാട്ടുപന്നികൾ, കാട്ടുപോത്തുകൾ, മ്ലാവ് തുടങ്ങി ഭഷ്യയോഗ്യമായ മൃഗങ്ങളെ ഒന്നുകിൽ വനം വകുപ്പ് കൊന്ന് ഇറച്ചി വിൽപന നടത്തണം. അല്ലെങ്കിൽ നാട്ടുകാർക്ക് ഇവയെ കൊല്ലാനും ഇറച്ചി ഭക്ഷിക്കാനുമുള്ള അനുമതി നൽകണം. വനം വകുപ്പിന് ഇതൊരു വരുമാന മാർഗ്ഗം കൂടി ആണെന്ന് ഓർക്കണം. 

വീട്ട് തിണ്ണയിൽ ഇരുന്ന ആൾ ആണ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്. വീട്ടുമുറ്റത്തു നിന്ന മനുഷ്യരെയാണ് കാട്ടുപോത്തു വെട്ടി വീഴ്ത്തിയത്. ഇനിയെത്ര പേർ മരിക്കണം ഇവിടേ നിയമങ്ങൾ ഉണ്ടാകാൻ ?? ഇനിയെത്ര ജീവനുകൾ പൊലിയണം പൊതുസമൂഹം പ്രതികരിക്കുവാൻ?? മൃഗങ്ങളെ കൊല്ലുന്നത് ക്രൂരത ആണെന്ന് പറഞ്ഞാരും വരേണ്ട. 

കോഴിയെ കൊല്ലാമെങ്കിൽ പുഴയിലെയും കടലിലെയും മീനിനെ പിടിക്കാമെങ്കിൽ ആവശ്യത്തിലധികമുള്ള കാട്ടുമൃഗങ്ങളെയും കൊല്ലാം, തിന്നാം...

കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോ ചേട്ടനും തോമസ് ചേട്ടനും ആദരാഞ്ജലികൾ. മരണമടഞ്ഞവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം വനംവകുപ്പ് ഉടൻ കൈമാറണം. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കണം...

സർക്കാരിനോടാണ്...

മലയോര കർഷകരും മനുഷ്യരാണ്...

മറ്റെല്ലാവർക്കുമുള്ള ഭരണഘടനാ അവകാശങ്ങൾ അവർക്കുമുണ്ട്. അതുറപ്പാക്കണം. 

പൊതുസമൂഹത്തോട് ഒന്നേ പറയാനുള്ളൂ , സ്വന്തം അടുക്കളയിൽ സംഭവിക്കുന്നതുവരെ മറ്റെല്ലാം നമുക്ക്‌ തമാശയാണ്.

Read also: വേണം നിയന്ത്രിത വേട്ട, അമിതമായി പെരുകുന്ന ജീവികളെ വേട്ടയാടാന്‍ നിയമം വേണം

രണ്ടു നീതി?

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത്. ചികിത്സയ്ക്കായി പൊലീസ് എത്തിച്ച രോഗി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. കൊലപാതകിക്കെതിരേ അന്ന് പ്രതികരിച്ചവരെല്ലാം പത്തു ദിവസത്തിനകം നടന്ന മൂന്നു കൊലപാതകങ്ങളിൽ മൗനത്തിലാണ്. ഇവിടെ പ്രതികൾ കാട്ടുപോത്തുകളും ഇരകൾ സാധാരണക്കാരിൽ സാധാരണക്കാരായ മലയോര കർഷകരുമാണ്. അതുകൊണ്ടുതന്നെയായാവാം ആർക്കും ഞെട്ടലുണ്ടായില്ല. പക്ഷേ, മലയോര കർഷകർക്ക് കർഷകരുടെ വേദനയറിയാം, അധ്വാനമറിയാം, മറ്റുള്ളവരുടെ വേദനയിൽ വേദനിക്കുന്ന മനസാക്ഷിയുമുണ്ട്... അതാണ് ഇന്നലെ കണമലയിൽ വാർത്തയറിഞ്ഞതുമുതൽ ഒത്തുകൂടിയ വൻ ജനാവലി. ഡോ. വന്ദനയുടെ മരണം പോലെ ഇനിയൊരു സംഭവം ഉണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടികളും സ്വീകരിച്ചു. എന്നാൽ, മലയോര കർഷകർ ദിനം പ്രതി വന്യജീവികൾക്ക് ഇരയായിട്ടും വന്യജീവി ശല്യം കുറയ്ക്കാൻ എന്തുകൊണ്ട് സർക്കാർ ഇടപെടുന്നില്ല. പൗരന്റെ ജീവന് മൃഗത്തിന്റെ വില പോലും നൽകാൻ കഴിയാത്ത ഭരണകൂടം ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? ഡോക്ടറുടെ ജീവനും കർഷകന്റെ ജീവനും ഒരേ വിലയാണെന്നും അക്രമണകാരിയായ മനുഷ്യനെക്കാളും അക്രമണകാരിയാണ് വന്യമൃഗങ്ങളെന്നും മനസിലാക്കണം. 

ഡോ. വന്ദനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആക്രമണകാരിയായ മനുഷ്യനെ നേരിടാൻ എന്തുകൊണ്ട് തോക്ക് ഉപയോഗിച്ചില്ല എന്ന് ഹൈക്കോടതി ആരാഞ്ഞതു പോലെ വന്യജീവികളെ വനത്തിനകത്ത് സംരക്ഷിക്കേണ്ടവരോടും, അതുപോലെ തന്നെ വന്യജീവികളിൽനിന്നും മനുഷ്യനെ സംരക്ഷിക്കേണ്ടവരോടും, ആക്രമണകാരികളായ മൃഗങ്ങളെ നേരിടാൻ എന്തുകൊണ്ട് തോക്ക് ഉപയോഗിക്കുന്നില്ല എന്ന് ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി പഠിക്കാനോ വന്യമൃഗ ആക്രമണങ്ങളുടെ യഥാർഥ കാരണം കണ്ടുപിടിക്കാനോ വനംവകുപ്പോ സർക്കാരോ തയാറാകുന്നില്ല. CrPC 133 (1) f പ്രകാരം ആക്രമണകാരിയായ മൃഗങ്ങളെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ട ജില്ലാ ദുരന്ത നിവരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ കലക്ടർ പ്രതീക്ഷ നൽകുമ്പോഴും ആ ഉത്തരവിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്തു സന്ദേശമാണ് നൽകുന്നതെന്ന് കർഷകസംഘടനയായ കിഫ ചോദിക്കുന്നു.

വനത്തിന് പുറത്തിറങ്ങുന്ന വന്യമൃഗങ്ങൾ ആക്രമണം നടത്താൻ സാധ്യതയുള്ളതിനാൽ അവയെ നേരിടാൻ അടിയന്തിര പ്രാധാന്യത്തോടെ നിയമ നിർമാണം നടത്തേണ്ട സർക്കാർ പുലർത്തുന്ന നിസ്സംഗതയ്ക്ക് സാധാരണക്കാരാണ് ബലിയാടാകുന്നത്. ഇനിയൊരു വന്യമൃഗാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പു പറയാൻ സർക്കാരിന് കഴിയണം. 

കൊലപാതകികൾ ആരാധിക്കപ്പെടുന്നു

മനുഷ്യൻ മനുഷ്യനെ കൊന്നാൽ അവനെ ശിക്ഷിക്കണം, കൊല്ലണം എന്നൊക്കെ മുറവിളി കൂട്ടുന്നവർ മനുഷ്യരെ കൊല്ലുന്ന മൃഗങ്ങളെ ആരാധനയോടെയാണ് കാണുന്നത്. ഏഴു പേരുടെ മരണത്തിന് കാരണമായ അരിക്കൊമ്പനുവേണ്ടി ഫാൻസ് അസോസിയേഷൻ രൂപപ്പെട്ടത് ഇതിനോടു ചേർത്തു വായിക്കണം. അരിക്കൊമ്പൻ മാത്രമല്ല കൊലപാതകികളായ നാട്ടാനകൾക്കും ആരാധകരേറെ. എന്തിന്, ഇന്നലെ മൂന്നു പേരുടെ ജീവൻ കവർന്ന കാട്ടപോത്തിനുവേണ്ടി വാദിക്കാൻ തുനിഞ്ഞിറങ്ങിയവരുമേറെ. ഒരു വർഷം മുൻപ് ആന ഇല്ലാതാക്കിയ പിഞ്ചു കുഞ്ഞിനെ ഓർത്ത് ആരും വിലപിച്ചു കണ്ടില്ല, എന്നാൽ നാളുകൾക്കു ശേഷം മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ ആനയെ ഓർത്ത് വിലപിച്ചവരേറെ. 

സ്വന്തം ശരീരത്തിന്റെ അനേകമിരട്ടി ഭാരമുള്ള ആനയുടെ കാൽപാദം ശരീരത്തു പതിഞ്ഞപ്പോൾ ആ കൊച്ചുകുഞ്ഞ് എത്രത്തോളം വേദനിച്ചുകാണും? എത്രയേറെ വേദന അനുഭവിച്ചായിരിക്കും ആ കുഞ്ഞ് ഈ ലോകത്തുനിന്ന് വിടപറഞ്ഞത്? ഈ ലോകത്ത് മാതാപിതാക്കൾക്കൊപ്പം ജീവിക്കേണ്ട ആ കുരുന്ന് ഒറ്റയാന്റെ വന്യതയുടെ പരിണിതഫലമായി കൊല്ലപ്പെട്ടപ്പോൾ എന്തേ കേരളത്തിൽ ഹാഷ്ടാഗുകൾ പിറന്നില്ല? ആ കുരുന്നിന്റെ മരണത്തിൽ ആർക്കും വേദന തോന്നിയില്ലേ?

2020ൽ ഒരാന പടക്കം പൊട്ടി ചരിഞ്ഞപ്പോൾ ലോകം മുഴുവൻ വേദനിച്ചു. അതുപോലെ കർഷകസമൂഹത്തിനെ പ്രതിക്കൂട്ടിലാക്കുംവിധം ലേഖനങ്ങളും വാർത്തകളും ഫെയ്സ്ബുക്ക് കുറിപ്പുകളുമെല്ലാം പ്രചരിച്ചു. എല്ലാവരിലും പരിസ്ഥിതിസ്നേഹം തുളുമ്പിയ നാളുകളായിരുന്നു അത്. സമൂഹമാധ്യമങ്ങളിൽ ആ ആനയ്ക്കുവേണ്ടി കാമ്പയ്നുകളും ഒട്ടേറെയുണ്ടായിരുന്നു. ആന ഗർഭിണിയാണെന്ന റിപ്പോർട്ട് വന്നതോടെ സഹതാപതരംഗത്തിന്റെ തീവ്രത കൂടുകയും ചെയ്തു. എന്നാൽ, അന്നുണ്ടായിരുന്ന, ആ ആനയോടു തോന്നിയ താൽപര്യമൊന്നും ആഗ്നിമിയ എന്ന കൊച്ചു കുഞ്ഞിന്റെ മരണത്തിൽ ആർക്കും തോന്നിയില്ല എന്നതുകൊണ്ടുതന്നെ സമൂഹത്തിന്റെ ചിന്താഗതി എവിടെത്തിനിൽക്കുന്നുവെന്ന് മനസിലാക്കാം. അതുതന്നെയാണ് കണമലയിലെയും കൊല്ലത്തെയും സംഭവങ്ങളിലും പ്രബുദ്ധരായ മലയാളികളുടെ ചിന്താഗതി.

മൃഗങ്ങൾക്ക് മനുഷ്യരേക്കാളേറെ പ്രാധാന്യം നൽകപ്പെടുന്ന നാളുകളിലൂടെയാണ് കടന്നുപോകുന്നത്. പരിസ്ഥിതി സ്നേഹികളുടെ ഇടയിൽ വളരെ ന്യൂനപക്ഷമായി കർഷകർ മാറപ്പെടുകയും ചെയ്യുന്നു. കൃഷിസ്നേഹം ടെറസുകളിലും വീട്ടുമുറ്റത്തും മാത്രം ഒതുക്കപ്പെടുന്നു. ചുരുക്കതിൽ കൃഷി ഉപജീവനമാർഗമാക്കിയവർ പരിസ്ഥിതിവിരുദ്ധരും ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്നവർ കർഷകരുമായി മാറുന്നു. ഇതാണോ കേരളീയർ എപ്പോഴും കൊട്ടിഘോഷിക്കുന്ന കാർഷിക സംസ്കാരം? കാർഷിക പാരമ്പര്യം?

കൃഷിയിലൂടെയാണ് ഓരോ കേരളീയനും ഇന്നത്തെ ഉയർന്ന ജീവിത നിലവാരത്തിലേക്കെത്തിയത്. സാമൂഹിക സാമ്പത്തിക തലങ്ങളിൽ ഓരോ മലയാളിക്കും വന്ന വളർച്ചയുടെ അനന്തരഫലമെന്നോണം മറഞ്ഞത് കാർഷിക സംസ്കാരം കാർഷകസ്നേഹവുമാണ്. അതേസമയം, പ്രകൃതിസ്നേഹം വളരുകയും ചെയ്തു. അതോടെ മണ്ണിൽ പണിയെടുക്കുന്ന മലയോര ജനത കയ്യേറ്റക്കാരാണെന്നു മുദ്രകുത്തി അവരെ കുറ്റപ്പെടുത്തുന്ന സ്ഥിതിയിലേക്കെത്തി. അവർ ന്യൂനപക്ഷമായി മാറുകയും ചെയ്തു.

Read also: ഒരു വർഷത്തിനിടെ വെടിവച്ചിട്ടത് 473 കാട്ടുപന്നികളെ; സഹായത്തിന് നാടൻ നായ്ക്കൾ: കാട്ടുപന്നിയെ തട്ടാന്‍ മലപ്പുറം ഷൂട്ടേഴ്സ്

കർഷകന്റെ കൃഷിയിടത്തിൽ ആനയോ മയിലോ കുരങ്ങോ മാനോ പ്രവേശിച്ചാൽ ‘ആഹാ നിന്റെ നാട്ടില്ലൊക്കെ അത്തരം ജീവികളുണ്ടല്ലേ!’ എന്ന് ആശ്ചര്യപ്പെടുന്നവരാണ് കൂടുതൽ. എന്നാൽ, അത്തരം ജീവികൾ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് അവയെല്ലാം ശല്യക്കാർ മാത്രമാണ്. അവയെ ആശ്ചര്യത്തോടെയും കൗതുകത്തോടെയും കാണാൻ അത്തരം ആളുകൾക്ക് കഴിയില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ. അല്ലാത്തവർക്ക് അതെല്ലാം വെറുമൊരു കൗതുകം മാത്രമാണ്. കാടു കയ്യേറിയതുകൊണ്ടല്ലേ അവ കാടിറങ്ങിയതെന്ന് വാദിക്കുന്നവരോട് കർഷക സമൂഹത്തിന് പറയാൻ ഒന്നേയുള്ളൂ, ഇതെല്ലാം സംഭവിക്കുന്നത് കാട്ടിലല്ല. പട്ടയമുള്ള കൃഷിയിടങ്ങളിൽത്തന്നെയാണ്.

എന്തുകൊണ്ട് പരിഹാരമുണ്ടാകുന്നില്ല?

കേരളത്തിൽ വന്യജീവികളുടെ ആക്രമണങ്ങൾ ഒറ്റപ്പെട്ട രീതിയിലായിരുന്നു മുൻപൊക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മറിച്ചാണ്. മിക്ക ദിവസങ്ങളിലും ആന, പന്നി, കടുവ തുടങ്ങിയവയുടെ ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കാട്ടിൽനിന്ന് നാട്ടിലേക്കിറങ്ങുകയും പെറ്റു പെരുകുകയും കൃഷിയിടങ്ങൾക്ക് ഏറെ നാശങ്ങൾ വരുത്തുകയും ഒട്ടേറെ മരങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കാനുള്ള ആവശ്യം ഉയർന്നുവന്നിട്ട് നാളുകളേറെയായി. അതിനെതിരേ കർഷക സമരങ്ങളും പ്രതിഷേധങ്ങളും പരാതികളുമെല്ലാം ഏറെയുണ്ടായിട്ടും സർക്കാരും വനംവകുപ്പും ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ്. സത്യത്തിൽ ഒറ്റപ്പെട്ട സമരമുറകളല്ല കർഷകർ ഇവിടെ സ്വീകരിക്കേണ്ടത്. സംസ്ഥാന വ്യാപകമായി ഒത്തൊരുമയോടെ ഒറ്റക്കെട്ടായി തങ്ങളുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തണം. ഡൽഹിയിലെ കർഷകസമരം പോലെ ശക്തമായൊരു നീക്കം കർഷകരുടെ ഭാഗത്തുനിന്ന് ഇതിനായി ഉണ്ടാവണം.

ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചവർ കേരളത്തിലെ കർഷകസമൂഹത്തിന്റെ സമരങ്ങളും ആവശ്യങ്ങളും കാണുന്നില്ല. കർഷരുടെ ആവശ്യങ്ങൾ ഉയർന്നിട്ടും ഇതുവരെ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കെ റെയിലിനെതിരേ, കെ റെയിൽ പദ്ധതി വന്നാൽ കുടിയിറക്കപ്പെടുന്നവർക്കുവേണ്ടി പ്രതിപക്ഷം ശബ്ദമുയർത്തി. എന്നാൽ, വന്യമൃഗങ്ങളുടെ ശല്യത്താൽ കുടിയിറക്കത്തിനു സ്വയം നിർബന്ധിതരാകേണ്ടിവരുന്ന കർഷക സമൂഹത്തിന്റെയും മലയോര ജനതയുടെയും ആവശ്യങ്ങൾ എന്തുകൊണ്ട് അവർ കണ്ടില്ലെന്നു നടിക്കുന്നു?

English summary: A Review of Human-Wildlife Conflicts in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com