പതഞ്ഞുപൊങ്ങി കാപ്പി; കുരുമുളക് പിടിച്ചുവച്ച് കർഷകർ; എൽ നിനോ പ്രതിഭാസത്തിൽ ആശങ്ക

HIGHLIGHTS
  • പന്ത്രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്‌ വാരാന്ത്യം റോബസ്‌റ്റ കാപ്പിയുടെ വ്യാപാരം നടന്നത്‌
commodity
SHARE

നറുമണവുമായി കാപ്പി ആഗോള വിപണിയിൽ പതഞ്ഞു പൊങ്ങുന്നു. ഉൽപാദനത്തിൽ സംഭവിച്ച വൻ ഇടിവ്‌ രാജ്യാന്തര തലത്തിൽ കാപ്പിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. പന്ത്രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്‌ വാരാന്ത്യം റോബസ്‌റ്റ കാപ്പിയുടെ വ്യാപാരം നടന്നത്‌. ഇന്ന്‌ യൂറോപ്യൻ മാർക്കറ്റ്‌ ഓപ്പണിങിൽ പുതിയ ഉയരങ്ങളിലേക്ക്‌ കാപ്പി ചുവടുവയ്ക്കുമെന്ന പ്രതീക്ഷയിലാണ്‌ മുഖ്യ ഉൽപാദകരാജ്യങ്ങളെല്ലാം. 

ബ്രസീലിൽ ഈ വർഷം കാപ്പി ഉൽപാദനം നേരത്തെ കണക്കുകൂട്ടിയതിലും കുറയുമെന്ന പുതിയ വിലയിരുത്തൽ വിപണിയുടെ അടിയോഴുക്കിൽ വൻ പ്രകമ്പനം ഉളവാക്കി. അറബിക്ക കാപ്പി വിലയിലും ഇത്‌ ഉണർവ്‌ സൃഷ്‌ടിച്ചു. ബ്രസീലിൽ അറബിക്ക കാപ്പിയുടെ കരുതൽ ശേഖരം ഈ വർഷത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തിയതും വിലക്കയറ്റ സാധ്യതകൾക്ക്‌ ശക്തിപകരുന്നു.   

വിയറ്റ്‌നാമിന്റെ കാപ്പി കയറ്റുമതി കഴിഞ്ഞ മാസം 22 ശതമാനം ഇടിഞ്ഞു. ജനുവരി മുതലുള്ള നാലു മാസങ്ങളിൽ ഷിപ്പ്‌മെന്റ് അഞ്ചര ശതമാനം കുറച്ചത്‌ കാപ്പി ഇറക്കുമതിക്കാരിൽ പിരിമുറുക്കം ഉളവാക്കുന്നു. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പി ഉൽപാദിപ്പിക്കുന്ന വിയറ്റ്‌നാമിൽ ചരക്കുക്ഷാമം തല ഉയർത്തുന്നു. ഇത്‌ രാജ്യാന്തര തലത്തിൽ കാപ്പി വില കുതിച്ചു കയറാൻ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ്‌ നിക്ഷേപ മേഖല. അനുകൂല സാഹചര്യം നേട്ടമാക്കാൻ അവധി വ്യാപാരത്തിൽ ഫണ്ടുകൾ ഉത്സാഹിക്കുന്നതും പ്രതീക്ഷപകരുന്നു. 

കാപ്പി ഉപഭോക്ത രാജ്യങ്ങൾ പലതും പണപ്പെരുപ്പത്തിന്റെ പിടിയിൽ നീങ്ങുന്നതിനാൽ അറബിക്കയെ അപേക്ഷിച്ച് റോബസ്റ്റയ്‌ക്ക്‌ ഡിമാൻഡ് ഉയരുമെന്ന വിലയിരുത്തലുമുണ്ട്‌. റോബസ്റ്റ കാപ്പി ഉൽപാദനത്തിൽ ആഗോള തലത്തിൽ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ഇന്തോനീഷ്യയുടെ സ്ഥിതി പരിങ്ങലിലാണ്‌. അവിടെ കാപ്പി ഉൽപാദന മേഖലകളിലെ കനത്ത മഴ വിളയെ ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ. പ്രതികൂല കാലാവസ്ഥയിൽ വിളവ്‌ കുറയുന്നത്‌ വിലക്കയറ്റത്തിന്‌ അവിടെയും അവസരം ഒരുക്കും. 

ഇന്റർനാഷനൽ കോഫി ഓർഗനൈസേഷന്റെ കണക്കിൽ ഒക്‌ടോബർ മുതൽ മാർച്ച്‌ വരെയുള്ള ആറു മാസം ആഗോള കാപ്പി കയറ്റുമതിയിൽ ആറു ശതമാനം കുറവ്‌. കാപ്പിയിലെ ബുള്ളിഷ്‌ ട്രൻ‍ഡ് നിലനിൽക്കുമെന്നാണ്‌ ഉൽപാദകരാജ്യങ്ങളിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്‌. 

കാപ്പിക്കുരു കയറ്റുമതിയിൽ വൻ ശക്തിയായ കൊളംബിയയിലും ചരക്കുക്ഷാമം രൂക്ഷമാണ്‌. കഴിഞ്ഞ മാസത്തെ അവരുടെ കയറ്റുമതിയിൽ 15 ശതമാനം കുറവുണ്ട്. ആഗോള കാപ്പിക്കുരു കയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ്‌ കൊളംബിയ. 

ഇതിനിടെ എൽ നിനോ പ്രതിഭാസത്തെ ആശങ്കയോടെയാണ്‌ ഇറക്കുമതി രാജ്യങ്ങൾ വീക്ഷിക്കുന്നത്‌. അമേരിക്കൻ കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം ഓഗസ്റ്റ്‌‐ഒക്‌ടോബറിൽ എൽ നിനോ പ്രതിഭാസം മൂലം ബ്രസീൽ കനത്ത മഴയുടെ പിടിയിൽ അകപ്പെടുമെന്നാണ്‌. ഇതേ അവസരത്തിൽ ഇന്ത്യ വരൾച്ചയെ അഭിമുഖീകരിക്കും. ഈ വിലയിരുത്തലിന്‌ 74 ശതമാനം സാധ്യതയാണ്‌ ഒരു മാസം മുന്നേ അവർ പ്രവചിച്ചതെങ്കിൽ ഏറ്റവും പുതിയ വിലയിരുത്തലിൽ അത്‌ 94 ശതമാനമായി ഉയർത്തി. 

പുതിയ സാഹചര്യത്തിൽ കാപ്പി വില ബ്രസീലിൽ മാത്രമല്ല ഇന്ത്യയിലും കുതിച്ചു കയറുമെന്ന്‌ വേണം വിലയിരുത്താൻ. വയനാട്‌ വിപണിയിൽ 54 കിലോ ഉണ്ടക്കാപ്പി വില ഇതിനകം 6900 രൂപയായി ഉയർന്നു. കാപ്പി പരിപ്പ്‌ സർവകാല റെക്കോർഡായ 22,800 രൂപയിലേക്ക്‌ പ്രവേശിച്ചു. ഉൽപ്പന്ന വില കാൽ ലക്ഷത്തിലേക്ക്‌ ചുവടുവയ്ക്കുമോയെന്ന ആകാംക്ഷയിലാണ്‌ കേരളത്തിലെയും കർണാടകത്തിലെയും കാപ്പി കർഷകർ.   

കുരുമുളക്‌

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവവേളയിലെ ഉയർന്ന അവശ്യങ്ങൾ മുന്നിൽ കണ്ടുള്ള കുരുമുളക്‌ സംഭരണത്തിന്‌ തുടക്കം കുറിച്ചു. വിലയിടിവിൽ ചരക്ക്‌ ശേഖരിക്കാമെന്ന നിലപാടിൽ ഉൽപ്പന്ന വിലയിലെ ഓരോ ചലനങ്ങളെയും അവർ സസൂക്ഷ്‌മം വിലയിരുത്തി. എന്നാൽ ഗാർബിൾഡ്‌ മുളക്‌ ഓരോ തളർച്ചയിലും 500 രൂപയിലെ നിർണായക പടിയിൽ കടിച്ചു തൂങ്ങിയതോടെ അൺ ഗാർബിൾഡ്‌ മുളകും അതിനൊത്ത്‌ സഞ്ചരിച്ചത്‌ ആഭ്യന്തര വാങ്ങലുകാരെ പിരിമുറുക്കത്തിലാക്കി. ഡിസംബറിനു ശേഷം ഗാർബിൾഡ്‌ മുളകുവില ഒരിക്കൽ പോലും 500 രൂപയിൽ താഴ്‌ന്ന്‌ ഇടപാടുകൾ നടന്നിട്ടില്ലെന്ന്‌ വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. 

ഇതിനിടെ കർണാടകത്തിലെ വൻകിട തോട്ടങ്ങളിൽ കുരുമുളക്‌ രണ്ടാം വിളവെടുപ്പ്‌ ആരംഭിച്ചത്‌ വില കുറയാൻ അവസരം ഒരുക്കുമെന്ന അവരുടെ കണക്കുകൂട്ടലുകളും പാളി. കാപ്പിയും കുരുമുളകും സംയുക്തമായി കൃഷി നടത്തുന്ന അവർ കാപ്പിയുടെ ഉയർന്ന വില കണ്ട്‌ ചരക്ക്‌ വിൽപ്പന നടത്തിയപ്പോൾ കുരുമുളക്‌ പലരും കരുതൽ ശേഖരത്തിലേക്കു മാറ്റി. 

കുർഗിലെയും ചിക്കമംഗലൂരിലെയും തോട്ടങ്ങൾ മേയ്‌ ആദ്യ മൂന്നാഴ്‌ചകളിൽ സ്വീകരിച്ച നിലപാട്‌ നാടൻ മുളകിന്റെ ലഭ്യത മൊത്തതിൽ കുറച്ചു. സ്ഥിതിഗതികൾ തങ്ങൾക്ക്‌ അനുകൂലമല്ലെന്ന തിരിച്ചറിവിൽ അന്തർസംസ്ഥാന വ്യാപാരികൾ കേരളത്തിലേക്ക്‌ തിരിഞ്ഞെങ്കിലും ടെർമിനൽ മാർക്കറ്റിൽ നാടൻ മുളക്‌ കാര്യമായി വിൽപ്പനയ്‌ക്ക്‌ എത്തിയില്ല. മാർക്കറ്റിൽ എത്തുന്ന ചരക്കിൽ ഏറിയപങ്കും ഇറക്കുമതി മുളകുമായി കലർത്തിയാണ്‌ വന്നത്‌. ഇതോടെ ഇടുക്കി, വയനാട്‌, പത്തനംതിട്ട മേഖലകളിൽ ഏജന്റുമാർ വഴി കർഷകരിൽ നിന്നും നേരിട്ട്‌ ചരക്ക്‌ സംഭരണത്തിനും ശ്രമം നടത്തി. കൊച്ചിവില വാഗ്‌ദാനം ചെയ്‌ത്‌ ഉൽപാദകമേഖലകളിൽ നടത്തിയ നീക്കവും വിജയിച്ചില്ല.

കൊറോണ പ്രതിസന്ധികൾ മൂലം പിന്നിട്ട രണ്ടു മൂന്നു വർഷങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്സവാഘോഷങ്ങൾ പേരിനുമാത്രമായിരുന്നു. എന്നാൽ ഇക്കുറി നവരാത്രിയും ദസറയും ദീപാവലിക്കും തിളക്കം വർധിക്കുമെന്ന്‌ തന്നെയാണ്‌ അവിടെ നിന്നുള്ള വിവരം. ഇത്‌ സുഗന്ധവ്യഞ്‌ജനങ്ങൾക്ക്‌ മുന്നിലുള്ള മാസങ്ങളിൽ ആവശ്യം പതിവിലും ഇരട്ടിപ്പിക്കാം.        

English summary: Commodity Markets Review May 22

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS