ADVERTISEMENT

‘എന്തുണ്ട് വിശേഷം?’-എന്നു ചോദിച്ചാൽ ‘എന്തൊരു ചൂട്‌!’-എന്ന ചൂടൻ മറുപടി ഉടൻ കിട്ടും. അതോടെ നമ്മളും ഉഷ്ണിച്ചു പോകും. നാട്ടിടവഴികളിൽനിന്ന് ആഗോളതാപനത്തെക്കുറിച്ചു ചിന്തിച്ചു പോകും. പശു പ്രസവിച്ചതും ചക്ക പഴുത്തുപോയതും വാഴ വീണു പോയതുമൊക്കെ ഗ്ളോബൽ വാമിങ്ങിനും ഗ്രീൻ ഹൗസ് ഇഫക്ടിനും മുന്നില്‍  വാർത്തകളല്ലാതാവും.

പത്താമുദയം പോയിട്ടും ചൂടു കൂടുകയാണെങ്കിൽ വിശറി വീശിയിട്ടു കാര്യമില്ല. മിക്കയിടങ്ങളിലും ചൂട് 40 ഡിഗ്രി പിന്നിട്ടു കഴിഞ്ഞു. മലയിലും വയലിലും തീക്കാറ്റ് ഉഴറി നടക്കുകയാണ്. നരിയും മാനും മയിലും നാട്ടില്‍ പരതി നടക്കുകയാണ്. കിണറുകൾ വറ്റി വരളുകയാണ്. ഈ അവസ്ഥയ്ക്ക് നമ്മളെല്ലാമല്ലേ കാരണക്കാരെന്ന് ചോദിക്കാതെ വയ്യ. ഉതുപ്പാന്റെ കിണർ മൂടിയവരല്ലേ, നമ്മൾ!

ഉതുപ്പാൻ നമ്മോടു ക്ഷമിക്കട്ടെ

ഉതുപ്പാന്‍ ഒരു സാധാരണ മനുഷ്യനായിരുന്നു. നഗരത്തിലെ ഒരു കൂലിപ്പണിക്കാരൻ. പക്ഷേ, മൂപ്പർ വലിയൊരു കാര്യം ചെയ്തു- നഗരത്തിന്റെ മൂലയില്‍ ഒരു തുണ്ട് ഭൂമി വാങ്ങി അതില്‍ ഒരു കിണർ കുഴിച്ച് നാട്ടുകാർക്കു കൊടുത്തു. 

‘ഇങ്ങോട്ടു വരുവിന്‍,  ഇവിടെ ആശ്വസിക്കാം’-എന്നെഴുതി കിണറിന്റെ പാലത്തിൽ ഒരു കപ്പി കൊളുത്തി, തൊട്ടിയും കയറും ഇട്ടു കഴിഞ്ഞപ്പോൾ ജീവിതം സഫലമായതായി ഉതുപ്പാനു തോന്നി. കിണറില്ലാത്ത പാവപ്പെട്ടവർക്ക് യഥേഷ്ടം വെള്ളം കിട്ടി. ദാഹിച്ചു വലഞ്ഞവര്‍ വെള്ളം കോരിക്കുടിക്കുന്നത് കാണുമ്പോൾ ഉതുപ്പാന്റെ ഹൃദയം പുളകംകൊണ്ടു.  

എന്നാൽ നഗരം വികസിച്ചപ്പോൾ എങ്ങും പൈപ്പു വെള്ളമെത്തി. എല്ലാവരും ഉതുപ്പാനെയും കിണറിനെയും മറന്നു. ഒടുവിൽ, അധികാരികൾ കിണർ മൂടിക്കളയാൻ തീരുമാനിച്ചു. പിന്നെ വൈകിയില്ല, കിണറിന്റെ ആഴങ്ങളിലെ തെളിനീർ ആ വൃദ്ധനെ മാറോടണച്ചു. 

‘ഉതുപ്പാന്റെ കിണർ’ എന്ന ഈ കഥ കാരൂർ എഴുതിയത് അര നൂറ്റാണ്ടു മുന്‍പാണ്. നമ്മളെ വിഴുങ്ങാൻ പോകുന്ന ആസുരമായ പുതിയ വറുതികളുടെ കാലത്തെക്കുറിച്ച് സൂചന തരികയായിരുന്നില്ലേ, കഥാകാരന്‍? നാട്ടുനന്മകളിൽനിന്ന് നാഗരികതയുടെ തിന്മകളിലേക്കു വീണുപോകുന്ന സമൂഹത്തെക്കുറിച്ചുള്ള ആകുലതകളല്ലേ, കാരൂർ പങ്കുവച്ചത്?

കൊടും വേനൽ, പാപത്തിന്റെ ശമ്പളം 

കൊടും ചൂടും വറുതിയും കൊടിയ പാപങ്ങളുടെ ഫലമാണെന്ന് പഴയ നാടുവാഴികൾ വിശ്വസിച്ചു. അവർ നാടുനീളെ കിണറുകളും കുളങ്ങളും കുഴിച്ച് പാപം കഴുകിക്കളഞ്ഞു. ശത്രുക്കളുടെ തറവാടുകളും കുത്തി വാരി കുളം തോണ്ടി. ഒരു കുളം കുഴിച്ചാൽ ചെയ്ത പാപവും താപവും നീങ്ങുമല്ലോ!

പണ്ടൊക്കെ വീടുകളിലെ കിണറുകൾ പൊതുസ്വത്തായി തുറന്നു കൊടുത്തിരുന്നതും വീട്ടിലുള്ളവർ അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടിയ പാപങ്ങൾ ഒഴിയാനാവണം. വഴിയാത്രക്കാരുടെ  ദാഹം മാറ്റാൻ കിണറ്റിൻകരകളിലെ കൽത്തൊട്ടികളിൽ കുടിവെള്ളവും സംഭാരവും യഥേഷ്ടം നിറച്ചുവച്ചിരുന്നതിനു കാരണവും മറ്റൊന്നാവില്ല.

രാജാക്കന്മാരുടെയും നാടുവാഴികളുടെയും കാലം പോയതോടെ നവോത്ഥാനം പടി കയറി വന്നു. കുടിവെള്ളം ജന്മാവകാശമല്ലാതായി. കുളങ്ങളും കിണറുകളും നികന്നു. മലകൾ ഇടിഞ്ഞു താഴ്ന്നു. കാട് വിളറി വെളുത്തു. ഒരു പുത്രൻ പത്തു തടാകത്തിനു സമമല്ലെന്ന സത്യം കൂടി മെല്ലെ മനസ്സിലാക്കിയതോടെ വേനൽച്ചൂടിൽ വെള്ളമിറങ്ങാതെ മരിക്കാനുള്ള വഴി നമ്മൾ സ്വയം വെട്ടിത്തുറന്നു. 

കിണറ്റിൻകരയിലെ പഴങ്കാഴ്ചകൾ

കൊടും ചൂടിൽ ദാഹിച്ചു വലഞ്ഞു കിണറ്റുവക്കിലിരിക്കുന്ന കാകന്മാർക്ക് പാളക്കീറിൽ വെള്ളം സപ്ലൈ ചെയ്യുന്നത് പണ്ടത്തെ  പതിവായിരുന്നു. വെള്ളരി, വേനൽ പയർ, ചീര, മത്ത തുടങ്ങിയ വേനൽപ്പച്ചകൾ കിണറ്റിൻകരയിലെ നനവു നുകർന്ന് വാടാതെ നിന്നു.  കമുകിന്റെ അലകുകൾ കിണറ്റിലെ മതിലിൽ ഫിറ്റ് ചെയ്ത് അതിലേക്ക് വെള്ളം കോരി പകർന്നാണ് പണ്ടൊക്കെ ജാതിമരങ്ങൾക്കും മറ്റും നനച്ചിരുന്നത്. ചിലപ്പോൾ ചില പെണ്ണുങ്ങൾ ചെമ്പുകുടങ്ങൾ ജാതിച്ചുവട്ടിൽ കൊണ്ടുവന്നു വച്ച് ചുളുവിൽ വെള്ളം ചോർത്തിയെടുക്കും.  ഇപ്പോൾ ചെമ്പുകുടങ്ങൾ കാണാനില്ല. വെള്ളം ചുമന്ന് വരിവരിയായി പോകുന്ന നാട്ടു പെൺകൊടിമാരും ഇല്ല.

അഗസ്ത്യമുനി രക്ഷിക്കുമോ

വെള്ളത്തിന്റെയും വേനലിന്റെയും കൃഷിയുടെയുമൊക്കെ മധ്യസ്ഥൻ അഗസ്ത്യരാണെന്നു തോന്നുന്നു. തെക്കേ ഇന്ത്യയുടെ മുനിയായ അദ്ദേഹമാണ് ദണ്ഡകാരണ്യവും പൊയ്കകളും സൃഷ്ടിച്ചതെന്നാണ് സങ്കല്‍പം. ഹിമാലയത്തിലെ വൃക്ഷലതാദികളെ വിളിച്ചുവരുത്തി ദക്ഷിണ ദേശങ്ങളിൽ കുടിയിരുത്തി മരുഭൂമിയെ അദ്ദേഹം കൃഷിഭൂ മിയാക്കിയെന്നും മേഘങ്ങളെ വിളിച്ചുവരുത്തി മഴ പെയ്യിപ്പിച്ചെന്നും കഥകള്‍. ഈ തീച്ചൂടു കുറയ്ക്കാന്‍ വഴിയൊന്നേയുള്ളൂ. അഗസ്ത്യരെ സ്മരിക്കുക, അദ്ദേഹം കാട്ടിത്തന്നതുപോലെ ഭൂമിയെ പച്ചപുതപ്പിക്കുക!

krpramodmenon@gmail.com. ഫോണ്‍:9447809631.

English summary: Myths of Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com