വിനോദത്തിന് കുഞ്ഞിക്കോഴികളും എമുവും നാടൻ പശുക്കളും, മിച്ചഭക്ഷണ സംസ്കരണത്തിന് പന്നി; ഇവിടം സ്വർഗമാണ്

Mail This Article
കുടുംബപരമായ ബിസിനസ് തിരക്കുകൾക്കിടയിൽ അൽപം വിശ്രമിക്കാൻ പാലാ ചക്കാമ്പുഴ കോച്ചേരിൽ ബോബൻ ജോസഫ് ഓടിയെത്തുക തന്റെ ഫാംഹൗസിലേക്കാണ്. അലങ്കാരക്കോഴികളും എമുവും നാടൻ പശുക്കളും മുട്ടക്കോഴികളും പന്നികളുമെല്ലാമുണ്ട് ഇവിടെ. റബർമരങ്ങളുടെ തണലിൽ ചെറിയ വീടും അതിനൊപ്പംതന്നെ പക്ഷിമൃഗാദികൾക്കുള്ള ഷെഡ്ഡുകളും തീർത്തിരിക്കുന്നു ബോബൻ.
മനസിന് കുളർമയേകും അലങ്കാരക്കോഴികൾ
ഏകദേശം 15 വർഷമായി പ്രവർത്തിക്കുന്ന ഈ ഫാമിൽ അലങ്കാരക്കോഴികളുടെ മികച്ച ശേഖരംതന്നെയുണ്ട്. സിൽക്കി, ബ്ലാക്ക് പോളിഷ് ക്യാപ്, ബഫ് പോളിഷ് ക്യാപ്, റെഡ് മില്ലി, സിൽവർ ലേസ്, ബ്ലൂ ബാന്റം തുടങ്ങിയ കോഴികളെ വലിയൊരു ഷെഡ്ഡിൽ പ്രത്യേകം പ്രത്യേകം കൂടുകളിൽ പാർപ്പിച്ചിരിക്കുന്നു. മുട്ട ഇൻകുബേറ്ററിന്റെ സഹായത്തോടെ വിരിയിച്ച് കുഞ്ഞുങ്ങളെ ഇറക്കുന്നു. രണ്ടു മാസം പ്രായത്തിൽ ആവശ്യക്കാർക്ക് വിൽക്കാറുമുണ്ടെന്ന് ബോബൻ. കോഴികളുടെ ചുറുചുറുക്കും ഭംഗിയുമെല്ലാം കണ്ട് ബിസിനസ് തിരക്കുകളിലെ വിരസത മാറ്റാൻ കഴിയുന്നതിനൊപ്പം ചെറിയൊരു വരുമാനവും നേടാനാകുന്നുവെന്നതാണ് പ്രധാന നേട്ടം.

ചെറിയ ഇനം കോഴികളായതുകൊണ്ടുതന്നെ തീറ്റച്ചെലവ് കുറവ്. മാത്രമല്ല, സിൽവർ ലേസ്, റെഡ് മില്ലി പോലുള്ള ഇനങ്ങൾക്ക് അര കിലോയിൽ താഴെ മാത്രമാണ് ഭാരം. അതുകൊണ്ടുതന്നെ ചെറിയ കൂടുകളിൽ വളർത്താനും കഴിയും. കുട്ടികൾക്കുപോലും ഒഴിവുനേരങ്ങളിൽ പരിചരിക്കാൻ കഴിയുമെന്നും ബോബൻ.
നാടൻ പശുക്കളും ഫാമിന്റെ ഭാഗം
തീറ്റച്ചെലവ് ഇല്ലാതെയാണ് ഇവിടുത്തെ പശു പരിപാലനം. രാവിലെ റബർത്തോട്ടത്തിലേക്ക് മേയാനിറങ്ങുന്ന പശുക്കൾ വൈകുന്നേരത്തോടെ തിരിച്ച് തൊഴുത്തിലെത്തും. വെള്ളം മാത്രമാണ് നൽകുന്നത്. സാന്ദ്രിത തീറ്റ നൽകാറില്ല. വെച്ചൂരും ഗിർ–ചെറുവള്ളി സങ്കരയിനത്തിലും പെട്ട പശുക്കളാണ് ഇവിടുള്ളത്. ശരാശരി ഒന്നര ലീറ്റർ പാൽ ലഭിക്കാറുണ്ട്.

പിഗറി യൂണിറ്റ്: ഏറ്റവും വലിയ മിച്ചഭക്ഷണ സംസ്കരണ ശാല
സൽക്കാർ എന്ന കാറ്ററിങ് സ്ഥാപനം നടത്തുന്ന ബോബന്റെ മിച്ചഭക്ഷണ സംസ്കരണശാലയാണ് നൂറോളം പന്നികളുള്ള പിഗറി യൂണിറ്റ്. രണ്ടു ഷെഡ്ഡുകളിലായി ബ്രീഡിങ്, ഫാറ്റനിങ് രീതികളിൽ പന്നികളെ വളർത്തുന്നു. പാർട്ടികളിലെ മിച്ചഭക്ഷണവും പച്ചക്കറി അവശിഷ്ടങ്ങളുമാണ് ഇവയുടെ ഭക്ഷണം. രാവിലെ കൂടുകൾ കഴുകി വൃത്തിയാക്കുന്നു. കൂടുകൾ കഴുകുന്ന വെള്ളവും കാഷ്ഠവും മൂത്രവുമെല്ലാം ബയോഗ്യാസ് പ്ലാന്റിലേക്കാണ് പോകുന്നത്. ഫാമിലെ കാര്യങ്ങൾ നോക്കുന്ന കുടുംബത്തിന്റെ പാചകാവശ്യങ്ങൾക്കും പന്നികൾക്കുള്ള ഭക്ഷണം ചൂടാക്കുന്നതിനും ഇതിൽനിന്നുള്ള വാതകം ഉപയോഗിക്കുന്നു. ഉച്ചകഴിഞ്ഞാണ് ഭക്ഷണം നൽകുക. പച്ചക്കറി അവശിഷ്ടങ്ങൾ അധികമുള്ളപ്പോൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് ഫാമിനോട് ചേർന്ന് പ്രത്യേക ശീതികരണ സംവിധാനവും ബോബൻ ഒരുക്കിയിട്ടുണ്ട്. അഞ്ചു ഡിഗ്രി സെൽഷ്യസ് താപനിലയിൽ പച്ചക്കറികളും മറ്റും കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ ഇതു സഹായിക്കുന്നു.
പാർട്ടി ഓർഡറുകൾക്കനുസരിച്ച് സ്വന്തം ഫാമിലെ പന്നികളെയാണ് മാംസത്തിനായി ഉപയോഗിക്കുക. അതാണ് ഒരു കർഷകനെയും അതുപോലെ ബിസിനസുകാരനെയും സംബന്ധിച്ചിടത്തോളം നേട്ടം. കുഞ്ഞുങ്ങളെ ഫാമിൽ വളർത്തുന്നതിനൊപ്പം 4500 രൂപയ്ക്ക് വിൽക്കാറുമുണ്ട്.
മുട്ടക്കോഴിയും നാടൻ കോഴിയും
വിശാലമായ റബർത്തോട്ടത്തിൽ ചിക്കിപ്പെറുക്കി നടക്കുന്ന നാടൻകോഴികളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്. ഒപ്പം പ്രത്യേക കൂടുകളിൽ വളരുന്ന ബിവി 380 മുട്ടക്കോഴികളുമുണ്ട്. മുട്ടയ്ക്ക് ആവശ്യക്കാരുള്ളതിനാൽ മുട്ടയും വരുമാനം നേടിത്തരുന്നുണ്ടെന്നു ബോബൻ പറയുന്നു.
ഫോൺ: 9447463948, 9645134448