അരിക്കൊമ്പനെ വെടിവച്ചത് ആരും അറിഞ്ഞില്ല: കേരളം ചർച്ച ചെയ്യും, തമിഴ്നാട് പ്രവർത്തിക്കും

HIGHLIGHTS
  • വെറും രണ്ട് ഡോസ് മയക്കുവെടിയിൽ ആന മയങ്ങി. മുറിവിന് ചികിത്സ നൽകി കാട്ടിൽ വിടും. മയക്കുവെടി വെച്ച ഡോക്ടറുടെ പേരും ഗോത്രവും കുടുംബവും ഒന്നും തന്നെ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നില്ല
arikomban
അരിക്കൊമ്പനെ തിരുനൽവേലിയിലേക്ക് കൊണ്ടുപോകുന്നു
SHARE

കാടിറങ്ങിയ കാട്ടാനയെ എന്തു ചെയ്യണം. കേരളം ദിവസങ്ങളോളം ചർച്ച ചെയ്ത വിഷയം. അന്തിചർച്ചയിലും സോഷ്യൽമീഡിയയിലും ദിവസങ്ങളോളം നിറഞ്ഞു നിന്നത് അരിക്കൊമ്പൻ കാട്ടാനയെ എന്തു ചെയ്യണമെന്ന ചർച്ചയായിരുന്നു. ആനയെ അറിയാവുന്നവരും അറിയാത്തവരും, ഒരിക്കൽ പോലും കാട് കണ്ടിട്ടില്ലാത്തവരും ചർച്ചയിൽ പങ്കെടുത്തു. കൂടാതെ ഫാൻസ് അസോസിയേഷനും പണപ്പിരിവും രൂപപ്പെട്ടു. അവസാനം ‘വിദഗ്ധൻ’മാരെല്ലാവരും കൂടി ഒരു തീരുമാനമെടുത്തു പറമ്പിക്കുളത്ത് വിടാമെന്ന്. പറമ്പിക്കുളത്തെ പ്രബുദ്ധരായ വോട്ടർമാർ ശബ്ദമുയർത്തിയപ്പോൾ തീരുമാനം മാറ്റി തമിഴ്നാടിന്റെ അതിർത്തിയിൽ തുറന്നു വിട്ടു.

തത്സമയം സംപ്രേഷണം ആഘോഷമാക്കിയ ചാനലുകൾ ആന ജനിച്ചതു മുതൽ നൂലുകെട്ട്, വിവാഹം, കുഞ്ഞ് ജനിക്കൽ, അമ്മയുടെ മരണം, വിരഹ വേദന ഏകാന്തതയുടെ ഒറ്റപ്പെടൽ, ജന്മനാട് ഉപേക്ഷിച്ചു പോകുന്നവന്റെ വേദന തുടങ്ങിയവയെല്ലാം ചേർത്ത് മസാലക്കഥയുണ്ടാക്കി പ്രേക്ഷകർക്ക് നൽകിക്കൊണ്ടേയിരുന്നു. കേൾക്കുന്നവർക്ക് സ്വാഭാവികമായും സങ്കടം തോന്നുന്ന രീതിയിൽ ഒരു പുത്തൻ മാധ്യമ പ്രവർത്തനം. അതിൽ കൂടുതൽ പേരും വീണു പോയി. അരിക്കൊമ്പന് ആരാധകരേറി. രാവിലെ മുതല്‍ വെടിവയ്ക്കാനുള്ള സംഘവും സർക്കാരിന്റെ സകലമാന വകുപ്പ് ഉദ്യോഗസ്ഥരും, പേരു കേട്ടതും അല്ലാത്തതുമായ എല്ലാ മാധ്യമ പ്രവർത്തകരും ആനയ്ക്ക് പിറകേ കൂടി. അവസാനം ആറ് മയക്കുവെടി നൽകി തടി കെട്ടി കൂടുണ്ടാക്കിയ ലോറിയില്‍ കയറ്റി കോരിച്ചൊരിയുന്ന മഴയത്ത് മേദകാനത്ത് വിട്ടു. ഇതിനിടയിൽ തുമ്പികൈയ്യിലുണ്ടായ മുറിവ് നൊമ്പരമായിത്തീർന്നു. അത് താനെ ഉണങ്ങും എന്ന് അധികാരികൾ അറിയിച്ചത് ജനം വിശ്വസിച്ചു. 

എന്നാൽ ഒരു മാസം തികയുന്നതിന് മുൻപ് ആന, തമിഴ്നാട് ജനവാസ കേന്ദ്രത്തിലിറങ്ങി. നമുക്ക് എന്തുകൊണ്ട് മനസ്സിലായില്ല ആന ജനവാസകേന്ദ്രത്തിലിറങ്ങുമെന്ന്? അതോ ഒരു മുൻമന്ത്രി പറഞ്ഞപോലെ ‘വയ്യാവേലി മറ്റൊരുത്തന്റെ തലയിലിരിക്കട്ടെ’ എന്ന് ചിന്തിച്ചോ? ഇപ്പോള്‍ വരുന്ന ചിത്രങ്ങളില്‍ തുമ്പിക്കൈയ്യിൽ നല്ല രീതിയിൽ മുറിവ് കാണുന്നുണ്ട്. ആന അസ്വസ്ഥനാകാൻ പ്രധാന കാരണം ഈ മുറിവാകാം. എന്തുകൊണ്ട് ആനയെ തുറന്ന് വിടുന്നതിനു മുൻപ് ചികിത്സിക്കാനുള്ള നടപടികളെടുത്തില്ല? 

ഈ സാഹചര്യത്തിലാണ് തമിഴ്നാടിന്റെ പ്രവൃത്തി നോക്കിക്കാണേണ്ടത്. ആന കമ്പത്തെ ജനവാസകേന്ദ്രത്തിലിറങ്ങിയപ്പോൾ തന്നെ മയക്ക് വെടിവയ്ക്കാൻ സർക്കാർ തീരുമാനമെടുക്കുന്നു. ഒരു ചാനൽ ചർച്ചയും ഉണ്ടായില്ല. ഒരു എതിരഭിപ്രായവും ഉണ്ടായില്ല. നാലു ദിവസം അവർ ആനയെ നിരീക്ഷിച്ചു. ഈ സമയങ്ങളിലൊന്നും ഒരു തത്സമയ സംപ്രേക്ഷണവും ഉണ്ടായില്ല. അർധരാത്രിയിൽ ആന ജനവാസമേഖലയിലിറങ്ങിയപ്പോൾ ഉടൻതന്നെ മയക്കുവെടി വച്ചു. കേരളം അന്ന് പറഞ്ഞിരുന്നത് രാത്രി മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്നായിരുന്നു. ഏതായാലും സംഭവം ആളുകൾ അറിണഞ്ഞുവന്നപ്പോഴേക്ക് ആനയെ വാഹനത്തിൽ കയറ്റിയിരുന്നു.

വെറും രണ്ട് ഡോസ് മയക്കുവെടിയിൽ ആന മയങ്ങി. മുറിവിന് ചികിത്സ നൽകി കാട്ടിൽ വിടും. മയക്കുവെടി വെച്ച ഡോക്ടറുടെ പേരും ഗോത്രവും കുടുംബവും ഒന്നും തന്നെ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നില്ല. ശാസ്ത്രീയമായി തയാറാക്കിയ ആന ആംബുലൻസിൽ ആനയെ കയറ്റി. ഈ ആനക്കഥ നമുക്ക് പല പദ്ധതികളുടെയും ഉദാഹരണമായി എടുക്കാവുന്നതാണ്. ‘കേരളം ചർച്ചചെയ്യും തമിഴ്നാട് നടപ്പിലാക്കും’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS