ADVERTISEMENT

തമിഴ്നാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ 12.30നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് മയക്കുവെടിവച്ച് വീണ്ടും വരുതിയിലാക്കിയത്. ഇനി അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനല്‍വേലിയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണെന്നാണ് വിശദീകരണം. കാട് ഏതായാലും അതുമതിയാകാതെ നാട്ടിലിറങ്ങി വിഹരിക്കാനുള്ള സ്വന്തം തുമ്പിക്കയ്യിലിരിപ്പ് കാരണം ‌കാടുമാറ്റി കാടുമാറ്റിയുള്ള അരിക്കൊമ്പന്റെ യാത്ര തുടരുകയാണന്നു ചുരുക്കം.

അരികൊമ്പനെ പിടികൂടിയ രീതിയിൽ തമിഴ്നാടും കേരളവും സ്വീകരിച്ച നടപടികൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും താരതമ്യത്തിന് വിധേയമാക്കുന്നുണ്ട്. കേരളത്തിൽ ദൗത്യസംഘത്തിന് അരിക്കൊമ്പനെ തളയ്ക്കാൻ ആറു തവണ മയക്കുവെടിയുതിർക്കേണ്ടി വന്നപ്പോൾ തമിഴ്‌നാട് സംഘത്തിനു വേണ്ടിവന്നത് വെറും രണ്ടു ഡോസ് വെടികൾ മാത്രമാണന്നും ഇത് തമിഴ്‌നാടിന്റെ മിടുക്കാണന്നും ചിലർ വാദിക്കുന്നു. കേരളത്തിലെ വനംവകുപ്പ് ഏറ്റെടുത്ത് സുരക്ഷിതമായി നടപ്പിലാക്കിയ അരിക്കൊമ്പൻ ദൗത്യത്തെ ഇപ്പോൾ പരിഹസിക്കുന്നവരുമുണ്ട്. മയക്കുവെടികളുടെ എണ്ണത്തിന്റെ പേരിലൊക്കെ രക്ഷാദൗത്യങ്ങളെ താരതമ്യം ചെയ്ത് പരിഹസിക്കുന്നവർ അറിയേണ്ട ചില വസ്തുകളുണ്ട്.

അവിടെ വെറും രണ്ട് വെടി, ഇവിടെ ആറ് വെടി; എന്തുകൊണ്ട്?

ആനയെ മയക്കാൻ വെടിവച്ചത് രണ്ടാവട്ടെ, ആറാവട്ടെ എണ്ണത്തിൽ കാര്യത്തിൽ പ്രസക്തിയില്ല എന്നതാണ് വസ്തുത. മയക്കത്തിന്റെ ആഘാതം നിർണയിക്കുന്നത് മയക്കുവെടിയുടെ എണ്ണമല്ല മറിച്ച് ആനയുടെ ഉള്ളിലെത്തുന്ന മയക്കാനുള്ള മരുന്നിന്റെ അളവാണ്. ആ അളവ് മാത്ര കണക്കിൽ നിർണയിക്കുന്നതാവട്ടെ ആനയുടെ തൂക്കം, പ്രായം എന്നിവ കൃത്യമായി ഗണിച്ചാണ്. സൈലസിൻ (Xylazine) എന്ന മയങ്ങാനുള്ള മരുന്ന് കിറ്റമിൻ (Ketamine) എന്നൊരു മരുന്നിനോടൊപ്പം ചേർത്ത മരുന്ന് മിശ്രിതമാണ് ഇപ്പോൾ ആനകളെ മയക്കാൻ വ്യാപകമായി ഉപയോഗിക്കുന്നത്. ഉത്സവ പറമ്പിലോ പള്ളിപ്പറമ്പിലോ അക്രമാസക്തനായ ആനയാവട്ടെ കാടു വിട്ടിറങ്ങിയ ആനയാവട്ടെ മയക്കി വരുതിയിലാക്കാനുള്ള മരുന്ന് ഒന്നുതന്നെയാണ്. സൈലസിൻ ഉപയോഗിച്ച് പരിസരബോധം നിലനിർത്തിക്കൊണ്ടുതന്നെ ആനയെ മയക്കത്തിലാക്കാൻ സാധിക്കും. എന്നാൽ സൈലസിൻ രക്തസമ്മർദ്ദം ക്രമാതീതമായി കുറയ്ക്കാനും ഹൃദയമിടിപ്പ് താഴ്ത്താനും കാരണമാവുന്നതിനാൽ അതിനെ പ്രതിരോധിക്കാനുള്ള മറുമരുന്നായാണ് കീറ്റമിൻ മരുന്നുകൂട്ടിൽ ചേർക്കുന്നത്. ഈ വിദ്യ ശാസ്ത്രീയമായി അറിയപ്പെടുന്നത് ന്യൂറോലെപ്റ്റ് അനാൽജീസിയ എന്നാണ്. മയക്കാനുള്ള സൈലസിൻ

മരുന്നിന്റെ മാത്ര കൂടിയാലും കുറഞ്ഞാലും ഒരുപോലെ അപകടമാണ്. മരുന്ന് മാത്രകൂടിയാൽ ആന തിരിച്ചുണരാത്തവിധം നിത്യമയക്കത്തിലേക്ക് വീഴും. അളവ് കുറഞ്ഞാൽ ആന അർധമയക്കത്തിലാവുകയും സമീപിക്കുന്നവർക്ക് ആനയിൽ നിന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ച് വേണം ആനമയക്കത്തിനുള്ള മരുന്നിന്റെ മാത്ര കണക്കാക്കാൻ. ആകെ മരുന്നിന്റെ മാത്ര കണക്കാക്കി കുറഞ്ഞ അളവിൽ പല തവണയായി മയക്കാനുള്ള മരുന്ന് നൽകുന്ന രീതിയുമുണ്ട്. ഒരു തവണ മയങ്ങിയ ആന രക്ഷാദൗത്യത്തിൽ മയക്കം വിട്ടുണരുന്ന സാഹചര്യം ഉണ്ടായാൽ വീണ്ടും മരുന്ന് മാത്ര നിശ്ചയിച്ച് മയക്കത്തിന് മരുന്ന് നൽകേണ്ടിവരും. വെറ്ററിനറി വൈൽഡ് ലൈഫ് മേഖലയിൽ വിദഗ്ധനായ ഒരു  വെറ്ററിനറി സർജന് ഇക്കാര്യങ്ങൾ കണക്കാക്കുന്നതിൽ അവഗാഹമുണ്ടായിരിക്കും. 

ഏതെങ്കിലും കാരണവശാൽ മയക്കാൻ നൽകിയ മരുന്ന് അമിതമാവുന്ന സാഹചര്യമുണ്ടായാൽ മയക്കുമരുന്നിനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കൂടി സജ്ജമാക്കിയ ശേഷം മാത്രമാണ് ഓരോ ആനരക്ഷാ ദൗത്യവും ആരംഭിക്കുക. മാത്രമല്ല ആനയുടെ ശരീരത്തിൽ എത്തുന്ന മരുന്ന് അതിവേഗം ഉപാപചയ പ്രക്രിയയ്ക്ക് വിധേയമാവുന്നതിനാൽ മറ്റു ശാരീരിക ബുദ്ധിമുട്ടുകളൊന്നും ആനയ്ക്ക് ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. കൂടാതെ ആനയ്ക്ക് മയക്കത്തിന് നൽകുന്ന സൈലസിൻ എന്ന മരുന്ന് അളവ് വളരെ കൂടുതലായിരിക്കും എന്നു കരുതുന്നവരുണ്ട്. എന്നാൽ സത്യം തിരിച്ചാണ്, ഇരുപതോ മുപ്പതോ കിലോ മാത്രം തുക്കമുള്ള ഒരു പട്ടിക്കു നൽകുന്നതിനേക്കാൾ കുറഞ്ഞ മാത്രനിരക്കിലാണ് മൂവായിരവും നാലായിരവും കിലോ തൂക്കമുള്ള ആനയ്ക്ക് സൈലസിൻ എന്ന മയക്കത്തിനുള്ള മരുന്ന് നൽകുന്നത്. ഇങ്ങനെ ശാസ്ത്രവസ്തുതകൾ ഏറെയുണ്ട്.  

മറ്റൊരുകാര്യം മനസിലാക്കേണ്ടത് മരുന്ന് ശരീരത്തിൽ ഏറ്റ് കഴിഞ്ഞാൽ ആനയുടെ മയക്കത്തെയും മയക്കം വിട്ടുണരലിനെയും സ്വാധീനിക്കുന്ന പല ഘടകങ്ങൾ ഉണ്ട്. മയക്കാൻ വെടിവയ്ക്കുന്നതിന് മുൻപ് ആനയ്ക്ക് ഉണ്ടാവുന്ന പ്രകോപനം, പ്രത്യാക്രമണം, മയങ്ങി നിൽക്കുന്ന ആനയുടെ ചുറ്റുമുള്ള ബഹളം, ശബ്ദ കോലാഹലങ്ങൾ, ആൾക്കൂട്ടം, പ്രകാശം ഇതെല്ലാം ആനയുടെ മയക്കത്തെ സ്വാധീനിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഒരു‌പക്ഷേ പെട്ടന്ന് ആന മയക്കം വിട്ടുണരുകയും സുരക്ഷ ഉറപ്പാക്കാൻ ദൗത്യസംഘത്തിന് വീണ്ടും മയക്കുവെടി വെയ്ക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. മയങ്ങി നിൽക്കുന്ന ആനയുടെ മസ്തകത്തിന് മുന്നിൽ കറുത്ത തുണി വിരിച്ച് കണ്ണുകൾ മറയ്ക്കുന്ന ഫോട്ടോകൾ കണ്ടിട്ടില്ലേ? സൈലസിൻ എന്ന മയക്കുമരുന്നിന്റെ പ്രവർത്തനഫലമായി വികസിച്ച കൃഷ്ണമണികൾക്കുള്ളിലേക്ക് കടുത്ത പ്രകാശം കയറുന്നത് തടഞ്ഞ് മയക്കം വിട്ടുണരുന്ന വേഗം കുറയ്ക്കാനും മുന്നിലെ കാഴ്ചകൾ കാണുന്നതും തടയാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

മാധ്യമവാർത്തകൾ അനുസരിച്ചാണെങ്കിൽ പാതിരാസമയത്താണ് തമിഴ്നാട്ടിൽ അരികൊമ്പൻ ദൗത്യം നടന്നത്. പൊതുവെ നിശ്ശബ്ദമായ ഒരു സമയവും സാഹചര്യവുമാണ് രണ്ട് മാത്ര മയക്കുവെടി കൊണ്ട് തന്നെ ദൗത്യം പൂർത്തിയാക്കാൻ തമിഴ്നാടിന് തുണയായതെന്ന് അനുമാനിക്കാം.

അരിക്കൊമ്പനെ തിരുനൽവേലിയിലേക്ക് കൊണ്ടുപോകുന്നു
അരിക്കൊമ്പനെ തിരുനൽവേലിയിലേക്ക് കൊണ്ടുപോകുന്നു

അരിക്കൊമ്പൻ പ്രശ്നം: എന്താണ് ശാശ്വതപരിഹാരം

മനുഷ്യരുമായുള്ള നിരന്തര സംഘർഷങ്ങൾ ആനയടക്കം വന്യജീവികളുടെ ആയുസ് കുറയ്ക്കുമെന്ന വസ്തുത പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. നാട്ടിലിറങ്ങാതെ വനമധ്യത്തിൽ വാഴുന്ന ഒരു കാട്ടാനയുടെ ശരാശരി ആയുസ്സ് അൻപത് വയസെങ്കിൽ നാട്ടിലിറങ്ങി മനുഷ്യരുമായി പ്രശ്നങ്ങളുണ്ടാക്കുന്ന കാട്ടാനയ്ക്ക് അധികമായുസുണ്ടാവില്ല. സംഘർഷത്തിന്റെയും നിരന്തര സമ്മർദ്ദത്തിന്റെയും അപകടങ്ങളുടെയും ഭാഗമായി പരിക്കും ജീവഹാനിയും സംഭവിക്കാം. കടുവ ഉൾപ്പെടെ നാട്ടിലിറങ്ങി പൊതുജനങ്ങളുമായി സംഘർഷമുണ്ടാക്കുന്ന മറ്റു വന്യമൃഗങ്ങളുടെ വിധിയും ഇതുതന്നെയാണ്.  മാത്രമല്ല കാട്ടാനകളുടെ സഞ്ചാരത്തെ കുറിച്ചും നമ്മൾ മനസിലാക്കേണ്ടതുണ്ട്. മുൻപ് വയനാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന വടക്കനാട് കൊമ്പനെ റേഡിയോ കോളർ പിടിപ്പിച്ച് നിരീക്ഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ആന ഒരു മാസത്തിനിടെ വയനാട്ടിൽ നിന്നും ആന്ധ്രാപ്രദേശ് അതിർത്തി വരെ സഞ്ചരിച്ച് വീണ്ടും വയനാട്ടിൽ തിരിച്ചെത്തിയെന്നാണ്. നാട്ടിലിറങ്ങി ആഹരിച്ച് ശീലിച്ച ആനയെ വനത്തിനുള്ളിലാക്കിയാലും വനാതിർത്തി ഭേദിച്ച് പുറത്തിറങ്ങാൻ അവയ്ക്ക് അധികം സമയം വേണ്ടി വരില്ല എന്നത് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തം. അരിക്കൊമ്പൻ വിഷയത്തിൽ കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ അരിയോടുള്ള ഈ ആർത്തി അവസാനം ആനയുടെ ആയുസ്സ് ചുരുക്കും എന്നത് ഉറപ്പ്. 

ഈ പശ്ചാത്തലത്തിൽ ശാസ്ത്രീയമായി പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടിയാണ് വേണ്ടത്. വലിയ പ്രശ്നക്കാരായിരുന്ന വയനാട്ടിലെ വടക്കനാട് കൊമ്പനെ വിക്രമായും കല്ലൂർ കൊമ്പനെ ഭരത് എന്ന കുങ്കിയാനയായും മാറ്റിയെടുത്തത് ഈ സമീപനത്തിലൂടെയാണ്.  ആനയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന ചിലർ, എന്തിന് നീതിന്യായ കേന്ദ്രങ്ങൾ പോലും നിർഭാഗ്യവശാൽ ഈ ശാസ്ത്രീയ വസ്തുകൾ ഒന്നും മനസിലാക്കാൻ തയാറാവുന്നില്ല എന്നതാണ് ദുഃഖകരം. വികാരം വിവേകത്തിന് വഴിമാറാൻ ഇനി വൈകിയാൽ അരികൊമ്പൻ വിഷയം അറുതിയില്ലാതെ തുടരും എന്നത് തീർച്ച.

English summary: General anesthesia in Asian Elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com