ഇറച്ചിപ്രിയരെ ബുദ്ധിമുട്ടിലാഴ്ത്തി ഇറച്ചിക്കോഴിവില കുതിക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇറച്ചിക്കോഴിവില 160 രൂപയ്ക്കു മുകളിലെത്തി. കോഴിയിറച്ചി വിലയാവട്ടെ 220 രൂപയ്ക്കു മുകളിലുമാണ്. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ കോഴിവിലയില്‍ ഇത്ര വലിയ കുതിപ്പ് ഉണ്ടാകാനുള്ള കാരണമെന്താണ്? പെട്ടെന്ന് വിലകയറ്റി കര്‍ഷകരും കച്ചവടക്കാരും അമിത ലാഭം കൊയ്യുകയാണോ? ഈ വിലക്കയറ്റത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ അമിത ലാഭം കൊയ്യുന്നുവെന്ന് പറയാന്‍ പറ്റില്ല. വിപണിയില്‍ ലഭ്യത കുറയുമ്പോള്‍ വില ഉയരുമെന്നത് ആഗോള തത്വമാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കോഴിയുല്‍പാദനം കുറഞ്ഞു, അതുകൊണ്ടുതന്നെ വിലയും കൂടി.
ഇന്ന് കടയടച്ചിട്ടുള്ള പ്രതിഷേധം വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കടയടച്ചിട്ടതുകൊണ്ട് ഇപ്പോഴുള്ള വിലക്കയറ്റം ഇല്ലാതാകുമോ? അതിന് കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള നടപടികളുണ്ടാകണം. കോഴി വളര്‍ത്തല്‍ മേഖലയിലെ കര്‍ഷകര്‍ ഏതാനും മാസങ്ങളായി, എടുത്തു പറഞ്ഞാല്‍ ജനുവരി മുതല്‍ ഉല്‍പാദനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെയായിരുന്നു കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഒരു കിലോ കോഴിയുല്‍പാദിപ്പിക്കാന്‍ 95-105 രൂപയോളം ചെലവ് വരുമ്പോള്‍ അന്ന് ലഭിച്ച ഫാം റേറ്റ് 45-65 രൂപ വരെ മാത്രം. അതായത് തീറ്റച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥ. കര്‍ഷകര്‍ക്ക് ഉല്‍പാദനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലും ഇടനിലക്കാര്‍ക്കും വ്യാപാരികള്‍ക്കും അവരുടെ മാര്‍ജിന്‍ ഒരു കുറവുമില്ലാതെ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ നഷ്ടം എപ്പോഴും കര്‍ഷകര്‍ക്ക് മാത്രമായിരുന്നു. 42 ദിവസത്തിനു മുകളില്‍ ഫാമില്‍ കോഴികളെ സൂക്ഷിച്ചാല്‍ നഷ്ടം ഉയരുമെന്നതിനാല്‍ പലരും നഷ്ടം സഹിച്ചും കോഴികളെ വിറ്റൊഴിവാക്കി. എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ കോഴിവില ഉയരാറുള്ളത് കണക്കിലെടുത്ത് കോഴിക്കുഞ്ഞുങ്ങളെ ഇട്ടവര്‍ക്ക് തങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ ഒരംശമെങ്കിലും തിരിച്ചുപിടിക്കാന്‍ ഈ വിലവര്‍ധന സഹായിച്ചു. എന്നാല്‍, അതൊരിക്കലും കൊള്ളലാഭമെടുപ്പോ സുഖജീവിതത്തിനോ ഉപകരിക്കുന്നില്ല. ജനുവരി മുതല്‍ വിലയിടിവുണ്ടായിരുന്നതിനാല്‍ പലര്‍ക്കും ജൂണ്‍-ജൂലൈ മാസങ്ങളിലെ വിലക്കയറ്റം മുന്നില്‍ക്കണ്ട് കോഴിക്കുഞ്ഞുങ്ങളെ എടുക്കാന്‍ കഴിഞ്ഞില്ല. അത്രത്തോളം കടക്കെണിയിലാണ് പലരും. കോഴിത്തീറ്റ വാങ്ങിയതിന്റെ കണക്കില്‍ പല കര്‍ഷകരും തീറ്റവ്യാപാരികള്‍ക്കു കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്.

വിലക്കയറ്റത്തിന്റെ ആദ്യ കാരണം തീറ്റവില തന്നെ എന്നു പറയാം. കോവിഡിനു ശേഷം തീറ്റവിലയില്‍ ഉണ്ടായ വര്‍ധന ഏകദേശം 700-750 രൂപയാണ്. 50 കിലോ കോഴിത്തീറ്റയ്ക്ക് 1400-1500 രൂപയായിരുന്നത് ഇപ്പോള്‍ 2100-2200 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 1000 കോഴികളെ വളര്‍ത്തുന്ന ഫാമില്‍ 40 ദിവസം കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ആകെ 70 ചാക്ക് തീറ്റ വേണ്ടിവരും. അതായത് 3500 കിലോ (50X70). 1000 കുഞ്ഞുങ്ങളെ 40 ദിവസം വളര്‍ത്തുമ്പോള്‍ ഒരു കോഴി ശരാശരി 2 കിലോ തൂക്കമെത്തും. അങ്ങനെ വരുമ്പോള്‍ 2000 കിലോ കോഴി 40 ദിവസംകൊണ്ട് ലഭിക്കും.
ഒരു കിലോ കോഴിത്തീറ്റയ്ക്ക് ഇപ്പോഴത്തെ നിരക്കനുസരിച്ച് 42 രൂപ വില വരും. അപ്പോള്‍ 3500 കിലോ തീറ്റയ്ക്ക് 1,47,000 രൂപ.
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് ശരാശരി 30 രൂപ. അപ്പോള്‍ 1000 കോഴിക്കുഞ്ഞിന് 30,000 രൂപ.
ആകെ ഏകദേശ ചെലവ്: 1,77,000 രൂപ.
കൂടാതെ വൈദ്യുതി, വെള്ളം, ലേബര്‍ ചാര്‍ജ്, വാഹനച്ചെലവ്, വിരിപ്പ്, മരുന്ന്, സപ്ലിമെന്റുകള്‍ എന്നിവയുടെ വകയിലും ചെലവുണ്ട്.
ചുരുക്കത്തില്‍ ഒരു കിലോ കോഴി ഉല്‍പാദിപ്പിക്കാന്‍ 95-105 രൂപ ചെലവ്.
ശരാശരി 137 രൂപയാണ് ഇപ്പോഴത്തെ ഫാം റേറ്റ്. 2000 കിലോ കോഴി ലഭിച്ചാല്‍ 2.74 ലക്ഷം രൂപ. അതും ഇപ്പോള്‍ കോഴിയുള്ളവര്‍ക്കു മാത്രം. കഴിഞ്ഞ കുറേ മാസങ്ങളിലെ നഷ്ടത്തിനുശേഷം ലഭിക്കുന്ന ചെറിയൊരു ആശ്വാസം. എന്നാല്‍, വലിയ തോതില്‍ നഷ്ടം വന്നവര്‍ക്കൊന്നും പൂര്‍ണ തോതില്‍ കോഴികളെ കൂട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫാം റേറ്റ് 137 ആണെങ്കിലും ഇടനിലക്കാര്‍, വ്യാപാരികള്‍ എന്നിവരുടെ ചെലവ് അനുസരിച്ച് ചില്ലറവില ഉയരും. കോഴി വേസ്റ്റ് നീക്കം ചെയ്യാനും തുക മാറ്റിവയ്ക്കണം. മാത്രമല്ല, കട വാടക, തീറ്റ, ലാഭം എന്നിവ കൂടി നോക്കിയാണ് ചില്ലറവില വരിക. ചുരുക്കത്തില്‍ നിശ്ചിത മാര്‍ജിന്‍ വ്യാപാരികള്‍ക്ക് എപ്പോഴുമുണ്ട്.
വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം കേരളത്തിലെ കോഴിവില നിശ്ചയിക്കപ്പെടുന്നത് തമിഴ്‌നാട്ടിലെ ഫാം റേറ്റിന് അനുസരിച്ചാണ്. അവിടെ വില കുറയുന്ന സാഹചര്യത്തില്‍ ഇവിടുത്തെ വില ഇടിയും. അവിടെ വില കുറയുകയും ഇവിടെ കൂടുകയും ചെയ്താല്‍ ഡീലര്‍മാര്‍ ലാഭം ലഭിക്കുന്നത് അനുസരിച്ച് കോഴി എടുക്കും. തമിഴ്‌നാട്ടിലെ വിലയില്‍നിന്ന് 5-7 രൂപ മാത്രമേ കേരളത്തില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കൂ. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഫാം റേറ്റ് 130 രൂപയ്ക്കു മുകളിലാണ്. അതും കേരളത്തിലെ വിലവര്‍ധനയ്ക്കു കാരണമായി.
ഉല്‍പാദനം കുറഞ്ഞു എന്നതും ഇപ്പോഴത്തെ വിലവര്‍ധനയ്ക്കു കാരണമാണ്. തീറ്റയ്ക്ക് വില കൂടിയതിനു പിന്നാലെ കോഴിവില ഇടിയുകയും ചെയ്തത് ഒട്ടേറെ കര്‍ഷകരെ കടക്കെണിയിലാക്കി.

ഇപ്പോഴത്തെ വിലവര്‍ധന അധികകാലം നിലനില്‍ക്കില്ല എന്നതാണ് കര്‍ഷകരുടെ നിഗമനം. വിലക്കയറ്റമുള്ളതിനാല്‍ വില്‍പനയില്‍ നേരിയ ഇടിവുണ്ട്. അതുകൊണ്ടുതന്നെ നഷ്ടം സഹിച്ചും വില കുറയ്‌ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. അങ്ങനെ വന്നാല്‍ കര്‍ഷകര്‍ കോഴിവളര്‍ത്തലില്‍നിന്ന് കുറച്ചുകാലത്തേക്കുകൂടി വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇന്റഗ്രേറ്റഡ് രീതിയില്‍ കര്‍ഷകര്‍ക്കു കുഞ്ഞുങ്ങളെയും തീറ്റയും നല്‍കി തിരികെ വാങ്ങുന്നവരും പ്രതിസന്ധിയിലാണ്. അവരുടെ കീഴിലുള്ള പല ഫാമുകളിലും പുതുതായി കുഞ്ഞുങ്ങളെ ഇറക്കിയിട്ടില്ല. തീറ്റ, മരുന്നുകള്‍, കോഴിക്കുഞ്ഞ് എന്നിവ ഇറക്കിക്കൊടുക്കുന്നതിനൊപ്പം 7-8 രൂപ വളര്‍ത്തല്‍കൂലിയും ഇന്റഗ്രേഷന്‍ ചെയ്യുന്നവര്‍ കര്‍ഷകര്‍ക്കു നല്‍കുന്നുണ്ട്. 1000 കോഴിക്ക് 1.47 ലക്ഷം രൂപ തീറ്റയിനത്തിലാകുമെന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇന്റഗ്രേഷന്‍ ചെയ്യുന്നവരുടെ പക്കല്‍നിന്ന് വിപണിയിലേക്കിറങ്ങുന്ന തുക എത്രയെന്ന് ആലോചിച്ചുനോക്കൂ. അതുകൊണ്ടുതന്നെ നഷ്ടത്തിന്റെ തോതും ഉയരും. വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസരിച്ച് നഷ്ടം സംഭവിച്ചാല്‍ അടുത്ത തവണ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് പലരും പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍, സ്ഥിരമായി നഷ്ടത്തിലേക്ക് എത്തുമ്പോള്‍ മുന്നോട്ടുള്ള പോക്കും ചോദ്യച്ചിഹ്നമാകും. സ്വര്‍ണം പണയപ്പെടുത്തിയും ഓവര്‍ ഡ്രാഫ്റ്റിലുമൊക്കെയാണ് ഇപ്പോള്‍ പലരും ഓടിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും കോഴിവില കുതിക്കുകയാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പ്രായോഗികമായ നടപടികളാണ് ആവശ്യം. മേഖലയിലുള്ള കര്‍ഷകരെ നിലനിര്‍ത്താനും ഉല്‍പാദനച്ചെലവിന് ആനുപാതികമായ വില സ്ഥിരമായി ലഭിക്കാനുനുമുള്ള സംവിധാനങ്ങളുണ്ടാകണം. എങ്കില്‍ മാത്രമേ വിലക്കയറ്റമുണ്ടാകാതെ ഉപഭോക്താക്കള്‍ക്കും സംതൃപ്തി ലഭിക്കൂ. അല്ലാത്തപക്ഷം കേരളത്തിലെ കോഴിക്കര്‍ഷകര്‍ കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യയുടെ വക്കിലേക്ക് പോവുകയോ കൃഷി ഉപേക്ഷിക്കുകയോ ചെയ്യാം. അത് ഇതര സംസ്ഥാനങ്ങള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന വിലയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള മാര്‍ഗങ്ങള്‍ നമ്മളായിട്ട് തുറന്നുകൊടുത്ത സ്ഥിതിയാകും. അതുകൊണ്ടുതന്നെ ഉപഭോക്തൃ സംസ്ഥാനമായ കേരളം തന്നെ തീരുമാനിക്കണം ഇവിടെ കര്‍ഷകര്‍ വേണോ വേണ്ടയോ എന്ന്.
വിവരങ്ങള്‍ക്ക് കടപ്പാട്: പി.ആര്‍.രാജന്‍ പുത്തേട്ട്, വെളിയന്നൂര്‍ കോട്ടയം
സിബി ആന്റണി, മരങ്ങാട്ടുപിള്ളി, കോട്ടയം
English summary: Chicken price skyrocketing in Kerala