ADVERTISEMENT

സംസാരശേഷിയില്ലാത്ത കുട്ടിയെ വന്യമായി ആക്രമിച്ച് തെരുവുനായ്ക്കൾ കൊലപ്പെടുത്തിയ വാർത്ത കെട്ടടങ്ങി. ഇനി അധികാരികൾക്ക് സുഖമായി ഉറങ്ങാം.

ഈ മരണത്തോടൊപ്പം വന്ന പ്രസ്താവനകളും പ്രവർത്തികളും നമുക്ക് പരിശോധിക്കാം. 

മരണം നടന്ന മണിക്കൂറിൽ തന്നെ മാധ്യമങ്ങൾക്ക് മുന്‍പിൽ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ, പട്ടി പിടിത്ത വാഹനം വരുന്നു. തുടർന്ന് കാമറകളുടെ സാന്നിധ്യത്തിൽ ഏകദേശം 6 തെരുവുനായ്ക്കളെ പിടി കൂടുന്നു. എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്ററിലേക്ക് ഈ നായ്ക്കളെ കൊണ്ടുപോകുന്നു. തുടർന്ന് ഈ നായ്ക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ആരും തിരക്കിയില്ല. അതുകൊണ്ടു തന്നെ ആരും അറിഞ്ഞുമില്ല. ഈ നായ്ക്കളെ  എബിസി ചെയ്ത് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിട്ടോ? അതല്ലേ ഇന്ത്യയിലെ നിയമം. ഈ 6 നായ്ക്കളാണോ മുഴുപ്പിലങ്ങാട് മേഖലയിലെ പ്രശ്നക്കാർ? തീർച്ചയായും അല്ല. ആക്രമണകാരികൾ ഇപ്പോഴും അവിടുണ്ടാകും. ഈ ദിവസങ്ങളിലെല്ലാം ആ മേഖലയിൽ പട്ടിപിടുത്തവും  എബിസിയും തുടരുന്നുണ്ടോ? തീർച്ചയില്ല.

അപ്പോൾ ഈ പ്രവൃത്തി വാർത്തകൾ തിരിച്ച് വിടാനും ജനരോഷം അടക്കാനും ഒരു പൊടിക്കൈ എന്നു വേണം കരുതാൻ. എബിസി ഫലപ്രദമായി നടത്താൻ നിയമം അനുവദിക്കുന്നില്ല എന്നത് അടുത്ത പ്രസ്താവന. 

ശരിയാണ് നിയമം പരിശോധിച്ചാൽ ഈ പദ്ധതി ഒരിക്കലും നടപ്പാവരുത് എന്ന് തോന്നിപ്പോകും. 2000 വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് മാത്രമേ  എബിസി സെന്ററിൽ നിയമനം നൽകാവൂ എന്നാണ് നിയമം. വെറ്ററിനറി ബിരുദം നേടിയ വെറ്ററിനറി കൗണ്‍സിൽ റജിസ്ട്രേഷനുള്ള ഏതൊരു വെറ്ററിനറി ഡോക്ടർക്കും സർജറി ചെയ്യാമെന്ന നിയമം നിലനിൽക്കുന്ന നാട്ടിലാണ്, ഒരു തെരുവു പട്ടിയെ വന്ധ്യംകരിക്കണമെങ്കിൽ 2000 പട്ടികളെ വന്ധ്യംകരിച്ച മുൻപരിചയം വേണമെന്നു പറയുന്നത്. ഇതിൽനിന്ന് എന്താണ് നാം മനസ്സിലാക്കേണ്ടത്? ഒരിക്കലും ഈ പദ്ധതി നടപ്പിലാവരുത് എന്ന് ആർക്കൊക്കെയോ നിർബന്ധമുള്ള പോലെ തോന്നുന്നില്ലേ? 2000 പട്ടികളെ വന്ധ്യംകരിച്ച് മുൻ പരിചയമുള്ള ഡോക്ടർമാരെ കിട്ടുമെന്ന് തോന്നുന്നില്ല. 

Read also: 426 നായപിടിത്തക്കാർ, 14,236 വന്ധ്യംകരണം, 10.36 കോടി രൂപ: പക്ഷേ, തെരുവുനായ ആക്രമണങ്ങൾക്കു കുറവില്ല

മനുഷ്യരുടെ പ്രസവശസ്ത്രക്രിയ ചെയ്യുന്നതിന് സർജറിയിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് 2000 ശസ്ത്രക്രിയ ചെയ്തവരെ മാത്രമേ അനുവദിക്കൂ എന്ന് പറഞ്ഞാൽ എങ്ങിനിരിക്കും?

ഈ നിയമം പ്രാബല്യത്തിൽ വന്നത് 2021ലാണ്. അന്നൊന്നും ആരും ഇതിന്റെ അശാസ്ത്രീയതയെ ചോദ്യം ചെയ്തില്ല. 2016 മുതൽ ഇവിടെ എബിസി നടക്കുന്നുണ്ടായിരുന്നു. 2016 മുതൽ 2021 വരെ 5 വർഷക്കാലം എബിസി ചെയ്തിട്ട് ഇവിടത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാനോ എണ്ണം കുറയ്ക്കാനോ കഴിഞ്ഞില്ല. എബിസി എന്നത് വർഷത്തിൽ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടതും വർഷങ്ങളോളം ചെയ്യേണ്ടതുമാണ്. അല്ലാതെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് വല്ലപ്പോഴും ചെയ്യേണ്ടതല്ല. പട്ടികടിയേറ്റ് മരണം സംഭവിച്ച്, നാട് വിറങ്ങലിച്ച‌ു നിൽക്കുമ്പോൾ ‘എബിസി ഫലപ്രദമായി നടന്നില്ല’ എന്നല്ല പറയേണ്ടത്. ആ നാട്ടിലെ ആക്രമകാരികളായ നായക്കളെ അവിടെ നിന്ന് മാറ്റുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. അല്ലാതെ ABC ചെയ്യാൻ പിടിച്ച് കൊണ്ട് പോകലല്ല. ABC ചെയ്താൽ അക്രമിക്കാതിരിക്കില്ല എന്ന് ഇനിയെങ്കിലും ഈ മേഖലയിലെ വിദഗ്ധർ അധികാരികളെ ബോധ്യപ്പെടുത്തണം. 

കഴിഞ്ഞവർഷം തെരുവുനായ ശല്യമുണ്ടായപ്പോള്‍ ഈ രോഷം ശമിപ്പിച്ചത് തെരുവിലെ എല്ലാ നായ്ക്കൾക്കും വാക്സീൻ നൽകും എന്നു പറഞ്ഞായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ മാസം 11 വരെ 4.7 ലക്ഷം നായ്ക്കൾക്ക് വാക്സീൻ നൽകിയിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. എന്നാൽ, ഇതിൽ 4.38 ലക്ഷവും വളർത്തുനായ്ക്കളായിരുന്നു. തെരുവുനായ്ക്കൾക്ക് വാക്സീൻ നൽകിയത് 32,061 എണ്ണത്തിനു മാത്രം. അപ്പോൾ തെരുവിൽനിന്നുള്ള പേവിഷബാധ സാധ്യത കുറഞ്ഞിട്ടില്ല.  അക്രമകാരികളെ പുനരധിവസിപ്പിക്കും എന്നതായിരുന്നു, അടുത്ത തീരുമാനം. ഈ പുനരധിവാസ തീരുമാനം നടപ്പിലായിരുന്നുവെങ്കിൽ ‘നമുക്ക് നിഹാലിനെ നഷ്ടമാവില്ലായിരുന്നു’. അക്രമിക്കാൻ നിൽക്കുന്ന നായ്ക്കളെ തെരുവിൽ നിലനിർത്തിക്കൊണ്ട് നമുക്ക് ഒരു ശാശ്വതപരിഹാരം കാണാൻ കഴിയില്ല. തീർച്ചയായും അവയെ പുനരധിവസിപ്പിക്കണം. അതിനുള്ള സ്ഥലവും ഫണ്ടും സർക്കാർ കണ്ടെത്തണം. ശ്രമിച്ചാൽ നടക്കാവുന്നതേയുള്ളൂ. 

കഴിഞ്ഞ ദിവസം തൃശൂരിൽ 10 പേരെ തെരുവ് നായ കടിച്ചു. പിന്നീട് നായ ചത്തു. പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. മനുഷ്യരെ കടിച്ച ഈ നായ, കൂട്ടത്തിലുള്ള എത്ര നായ്ക്കളെ കടിച്ചുവെന്ന് ആർക്കറിയാം? പേവിഷബാധയുടെ വൈറസ് ഉമിനീരിൽ എത്തിയാൽ പത്ത് ദിവസത്തിനുള്ളിൽ നായ മരണപ്പെടും എന്നാണ് ശാസ്ത്രം. അതായത് നായ ചാവുന്നതിന് മുൻപ് പത്തു ദിവസം വരെ എത്ര തെരുവു നായ്ക്കൾക്ക് കടി കിട്ടിയിട്ടുണ്ടോ, അവയ്ക്കെല്ലാം പേ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിയന്തരമായി ആ മേഖലയിലെ എല്ലാ നായ്ക്കളേയും തെരുവിൽ നിന്ന് മാറ്റണം. അല്ലാത്തപക്ഷം പേ പിടിച്ച നായ്ക്കൾക്കിടയിലൂടെയായിരിക്കാം നമ്മുടെ കാൽനടയാത്രക്കാരും, അവിടത്തെ താമസക്കാരും കഴിയേണ്ടത്. 

അത്തരം നായ്ക്കളെ മാറ്റുന്നതിനു നിയമം തടസമാകില്ല. ഇതേ രീതിയിൽ നായകടി റിപ്പോർട്ട് ചെയ്യുന്ന മേഖലയിൽ നിന്നും തെരുവ് നായ്ക്കളെ പൂർണമായും ഒഴിവാക്കണം. തെരുവ് നായ്ക്കൾക്ക് വാക്സീൻ വാങ്ങുന്ന കോടികളേക്കാൾ, തെരുവു നായ പുനരധിവാസം ചെലവ് കുറഞ്ഞതായിരിക്കും. 

‘കുറുന്തോട്ടിക്കും വാതം’

കഴിഞ്ഞയാഴ്ച പൂക്കോട് വെറ്ററിനറി കോളജിന്റെ കാന്റീൻ പരിസരത്തുവച്ച് മാനന്തവാടി–പൂക്കോട് വെറ്ററിനറി കോളജ് റൂട്ടിലെ KSRTC ബസിന്റെ ഡ്രൈവറെ പട്ടികടിച്ച്, ആഴത്തില്‍ മുറിവേറ്റു. നിലവിൽ ചികിത്സയിലാണദ്ദേഹം. വെറ്ററിനറി കോളജിൽ ഇതാണ് സ്ഥിതിയെങ്കില്‍ പുറത്തെ കാര്യം പറയേണ്ടല്ലോ.

English summary: Stray dogs problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com