ADVERTISEMENT

പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോടിണങ്ങി പ്രകൃതിക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരേറെയുണ്ട്. അത്തരക്കാര്‍ക്കൊരു മാതൃകയാണ് കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴയ്ക്കു സമീപമുള്ള കൂനന്താനത്തെ സങ്കേതം ആശ്രമവും അവിടുത്തെ സിസ്റ്റര്‍ നവീനയും. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിസ്റ്റര്‍ ജയ്‌സി കാര്‍മല്‍ പൊടിപാറ തുടങ്ങിവച്ച സോഷ്യല്‍ സര്‍വീസ് സെന്ററായ സങ്കേതം ഇന്ന് പ്രകൃതിജീവനത്തിന്റെയും പ്രകൃതികൃഷിയുടെയും ഉത്തമമാതൃകയാണ്. വിഷമില്ലാത്ത ഭക്ഷണം മരുന്നില്ലാത്ത ജീവിതം എന്ന ആപ്തവാക്യം മുറുകെ പിടിച്ചാണ് സങ്കേതം ആശ്രമത്തിന്റെ പ്രവര്‍ത്തനം. ഒപ്പം, ജീവനെ ഹനിക്കാത്ത വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. നാടന്‍ പശുക്കളുടെ സംരക്ഷണത്തിനൊപ്പം സാമൂഹ്യസേവനവും ഇവിടെയുണ്ട്. പ്രകൃതിക്കൃഷിക്കായി അവയുടെ ചാണകവും മൂത്രവും ഉപയോഗിക്കുകയും ചെയ്യുന്നു.

വിഷമില്ലാത്ത ഭക്ഷണം, മരുന്നില്ലാത്ത ജീവിതം

നാടന്‍ രീതികളിലൂടെ... നാടന്‍ പശുക്കള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളിലൂടെ... നാടന്‍ പച്ചക്കറികളിലൂടെയാണ് പ്രകൃതിയോടിണങ്ങിയുള്ള ജീവിതം മുന്‍പോട്ടുപോകുന്നതെന്ന് സിസ്റ്റര്‍ നവീന. വിഷമില്ലാത്ത ഭക്ഷണം മരുന്നില്ലാത്ത ജീവിതം എന്നു പറയുമ്പോള്‍ നല്ല ഭക്ഷണം കഴിച്ചാല്‍ ആരോഗ്യവും മെച്ചപ്പെടുമെന്നതാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ആശ്രമത്തിന്റെ ഒന്നരയേക്കറോളം സ്ഥലത്ത് പച്ചക്കറിക്കൃഷിയും പശു, കോഴി, താറാവ് എന്നിവയുടെ പരിപാലനവും നടക്കുന്നു. 

പ്രകൃതിക്കൃഷിയുടെ പ്രചാരകനായ സുഭാഷ് പലേക്കര്‍ കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ പങ്കെടുത്താണ് നവീന സിസ്റ്റര്‍ പ്രകൃതിക്കൃഷിയിലേക്കിറങ്ങിയത്. വളത്തിനുവേണ്ടി നാടന്‍ പശുക്കളെ എത്തിച്ചു. ചെറുവള്ളിക്കും കാസര്‍കോടന്‍ കുള്ളനുമൊപ്പം ഡോ. ശോശാമ്മ ഐപ്പിന്റെ സഹായത്തോടെ ലക്ഷണമൊത്ത ഒരു വെച്ചൂര്‍പ്പശുവിനെയും ഇവിടെ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് സിസ്റ്റര്‍ നവീന. സ്വന്തം ഫാമിലെ കൃഷിക്കായി ചാണകം ഉപയോഗിക്കുന്നതുകൂടാതെ പുറമേനിന്ന് ആളുകളെത്തി ചാണകം കൊണ്ടുപോകാറുണ്ട്.

cheruvalli-cow
ചെറുവള്ളി പശു

വെച്ചൂര്‍, ചെറുവള്ളി, കാസര്‍കോടന്‍ കുള്ളന്‍ പശുക്കളും കുട്ടനാടന്‍ താറാവുകളും

കുട്ടനാട്ടില്‍നിന്ന് വാങ്ങിക്കൊണ്ടുവന്ന കുട്ടനാടന്‍ താറാവുകളാണ് ഇവിടുള്ളത്. ഒപ്പം നാടന്‍ കോഴികളുമുണ്ട്. ഇവയുടെ മുട്ടകള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതു വഴി ചെറിയൊരു വരുമാനം ലഭിക്കുന്നു. അതോടൊപ്പം കൃഷിക്കാവശ്യമായ വളവും ലഭിക്കുന്നുണ്ട്. അരിയും പുല്ലും മിച്ചഭക്ഷണവും വാഴപ്പിണ്ടിയുമെല്ലാമാണ് ഭക്ഷണമായി നല്‍കുക. ഒപ്പം കക്കയും നല്‍കാറുണ്ട്. കടയില്‍നിന്ന് വാങ്ങുന്ന കോഴിത്തീറ്റ നല്‍കാറില്ല. അതുപോലെ മാംസം ഉപയോഗിക്കാറില്ലാത്തതിനാല്‍ കോഴിയെയോ താറാവിനെയോ കൊല്ലുകയോ കൊല്ലാന്‍കൊടുക്കുകയോ ഇല്ല. അവയുടെ ജീവിതകാലം കഴിയുമ്പോള്‍ സ്വാഭാവികമായി ചത്തുപോവുകയാണ് ചെയ്യുക.

kuttanadan-duck-karshakasree
കുട്ടനാടൻ താറാവുകൾ

മുണ്ടക്കയത്തുനിന്ന് എത്തിച്ച ചെറുവള്ളിപ്പശുവിന് മൂന്നു ലീറ്ററോളം പാല്‍ ഉല്‍പാദനമുണ്ട്. കുഞ്ഞന്മാരായ കാസര്‍കോടന്‍ കുള്ളന്‍ പശുവിന് ഒന്നര ലീറ്ററോളം പാല്‍ ലഭിച്ചിരുന്നു. പത്തു പ്രസവിച്ച വെച്ചൂര്‍പ്പശുവാണ് ഈ തൊഴുത്തിലെ മുതുമുത്തശ്ശി. ഏഴു വര്‍ഷം മുന്‍പായിരുന്നു വെച്ചൂര്‍പ്പശുവിനെ ഇവിടെ എത്തിച്ചത്. കൊണ്ടുവരുമ്പോള്‍ അഞ്ചു പ്രസവിച്ചിരുന്നു. ഇവിടെ എത്തിയിട്ടും അഞ്ചു പ്രസവിച്ചു. ഇപ്പോള്‍ നിറചനയിലാണ്. കണ്ടത്തില്‍ മേഞ്ഞ് പുല്ലു കഴിക്കുന്നതാണ് ഭക്ഷണം. ഒപ്പം, ധാരാളം പച്ചവെള്ളവും. മറ്റൊരു തീറ്റയും നല്‍കുന്നില്ല. മാത്രമല്ല, തൊഴുത്തില്‍വച്ചും പുല്ല് നല്‍കാറില്ല. ധാരാളം നടക്കുന്നതാകാം ഇവയുടെ ആരോഗ്യത്തിനു കാരണമെന്ന് സിസ്റ്റര്‍ പറയുന്നു. 

നാടന്‍ പശുക്കളുടെ പെണ്‍കിടാക്കളെ ആവശ്യക്കാര്‍ക്ക് സൗജന്യമായി വളര്‍ത്താന്‍ നല്‍കുന്ന രീതിയും ഇവിടെയുണ്ട്. അത്തരം ആളുകളുടെയടുത്ത് ജനിക്കുന്ന പെണ്‍കിടാക്കളെ തിരികെ വാങ്ങി ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യും. നാടന്‍ പശുക്കളുടെ സംരക്ഷണത്തിനൊപ്പം വംശവര്‍ധനയും ഇതിലൂടെ സാധ്യമാക്കാന്‍ കഴിയുന്നുവെന്ന് സിസ്റ്റര്‍. 

ആശ്രമത്തിന്റെ സ്ഥലത്ത് സീസണ്‍ അനുസരിച്ച് എല്ലാവിധ പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്നു. പയര്‍, പാവല്‍, പടവലം, വിവിധയിനം ചീരകള്‍, കാരറ്റ്, കാബേജ്, സാലഡ് വെള്ളരി എന്നിങ്ങനെ എല്ലാവിധ പച്ചക്കറികളും ഇവിടെ വിളയുന്നു. നാടന്‍ പശുക്കളുടെ ചാണകവും മൂത്രവുമാണ് പ്രധാനവളം. കൂടാതെ പഞ്ചഗവ്യം നിര്‍മിച്ചും നല്‍കുന്നുണ്ട്. പച്ചക്കറികള്‍ ആശ്രമത്തിലേക്ക് ഉപയോഗിക്കുന്നതു കൂടാതെ പ്രകൃതിജീവന പഠനത്തിനായി ആശ്രമത്തില്‍ എത്തുന്നവര്‍ക്കും പ്രകൃതിചികിത്സയ്ക്കായി എത്തുന്നവര്‍ക്കും നല്‍കുന്നു. അധികമുള്ളത് ആവശ്യക്കാര്‍ക്ക് വില്‍ക്കാറുമുണ്ട്.

ജീവനെ ഹനിക്കാത്ത വിധത്തിലൊരു കൃഷിയാണ് പ്രകൃതിക്കൃഷികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിസ്റ്റര്‍ നവീന പറയുന്നു. സൂക്ഷമജീവാണുക്കള്‍ ഉള്‍പ്പെടെയുള്ള ജീവനുകളെ ഹനിക്കതെ ഇവിടെ ശ്രദ്ധിക്കുന്നു. സൂക്ഷ്മജീവാണുക്കളുടെയും മണ്ണിരകളുടെയും വര്‍ധനയ്ക്കുവേണ്ടി നാടന്‍ പശുക്കളെയും പ്രയോജനപ്പെടുത്തുന്നു.

English summary: Sister Naveena as a model of natural life and natural farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com