ADVERTISEMENT

വിദേശ ഭക്ഷ്യയെണ്ണകൾക്ക്‌ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വെളിച്ചെണ്ണ വഴുതുന്നു. പാചക ആവശ്യങ്ങൾക്ക്‌ മലയാളി വില കുറഞ്ഞ മറുനാടൻ എണ്ണകളെ കൂടുതലായി ആശ്രയിച്ചതോടെ പച്ചത്തേങ്ങ വില ഓരോ വർഷം പിന്നിടും തോറും താഴ്‌ന്ന തലങ്ങളിലേക്ക്‌ നീങ്ങാൻ നിർബന്ധിതമായി. 

കാലവർഷത്തിന്‌ തുടക്കം കുറിക്കുന്നതോടെ തേങ്ങാവെട്ട്‌ സ്‌തംഭിക്കുന്നതിനാൽ കൊപ്ര തളർച്ചയിൽനിന്നു തിരിച്ചുവരവ്‌ കാഴ്‌ചവയ്ക്കുന്ന  ചരിത്രവും പഴങ്കഥയാകുന്നു. കൊപ്രയ്‌ക്ക്‌ വ്യവസായിക ഡിമാൻഡ് മങ്ങിയതോടെ നിലവിൽ വെളിച്ചെണ്ണയ്‌ക്ക്‌ 10,000 രൂപയിലെ നിർണ്ണായക താങ്ങ്‌ നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ്‌ ഉൽപാദകർ.

രാജ്യത്തെ വൻകിട ചെറുകിട കൊപ്രയാട്ട്‌ വ്യവസായികൾ കരുതലോടെയാണ്‌ നീങ്ങുന്നത്‌. കിലോ 71 രൂപയ്‌ക്ക്‌ പോലും കൊപ്രയ്‌ക്ക്‌ ആവശ്യം ചുരുങ്ങിയെന്നു കണ്ട്‌ വൻകിട മില്ലുകാർ 102 രൂപയ്‌ക്കും 103 രൂപയ്‌ക്കും വരെ മുൻകൂർ കച്ചവടങ്ങൾ വഴി വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്‌. കൈവശമുള്ള എണ്ണ എത്രയും വേഗത്തിൽ ഒഴിവാക്കാൻ തമിഴ്‌നാട്ടിലെ വ്യവസായികളുടെ നീക്കം കേരളത്തിലെ മില്ലുകാരെയും ആശങ്കയിലാക്കി. ഇതിനിടെ കഴിഞ്ഞ സീസണിൽ സംഭരിച്ച കൊപ്രയിൽ ഏതാണ്ട്‌ 600 ടൺ നാഫെഡിൽ കെട്ടികിടക്കുന്നുണ്ടെന്ന സൂചന മില്ലുകാരിലെ സമ്മർദ്ദം ഇരട്ടിപ്പിച്ചു. 

രണ്ടു വർഷമായി നാളികേര മേഖലയ്‌ക്ക്‌ അനുകൂലമായ കാലാവസ്ഥയാണ്‌, അതുകൊണ്ട്‌ തന്നെ മുന്നിലുള്ള സീസണിലും ഉൽപാദനം ഉയരാം. കർഷക കുടുംബങ്ങൾ കൊപ്രയാട്ടി വെളിച്ചെണ്ണ വിൽപ്പനയ്‌ക്ക്‌ മുന്നിട്ടിറങ്ങിയാലെ കാർഷികച്ചെലവുകളെ മറികടക്കാൻ കേരളത്തിനാവൂ.    

അന്താരാഷ്‌ട്ര മാർക്കറ്റിൽ വെളിച്ചെണ്ണ കനത്ത വെല്ലുവിളിയിലാണ്‌. വിപണി നിയന്ത്രണം ഫിലിപ്പീൻസിന്റെ കരങ്ങളിലാണെങ്കിലും അവരും പ്രതിസന്ധികൾക്കു മുന്നിൽ നക്ഷത്രമെണ്ണുന്നു. കയറ്റുമതി ലക്ഷ്യം പൂർത്തിയാക്കാൻ ക്ലേശിച്ചതോടെ വെളിച്ചെണ്ണ സ്റ്റോക്ക്‌ ഉയർന്നു. ചുരുങ്ങിയ മാസങ്ങളിൽ വില ടണ്ണിന്‌ 500 ഡോളർ ഇടിഞ്ഞു. 2022ൽ ടണ്ണിന്‌ 1635 ഡോളർ വരെ കയറിയ വെളിച്ചെണ്ണ ഇതിനകം 1047 ഡോളറിലേക്ക്‌ താഴ്‌ന്നിട്ടും ആവശ്യം ഉയരുന്നില്ലെന്നാണ്‌ കയറ്റുമതി മേഖലയിൽ നിന്നുള്ള വിവരം. 

കൊപ്രയാട്ട്‌ വ്യവസായത്തെ ഇത്രയേറെ പ്രതിസന്ധിലാക്കിയത്‌ റഷ്യ‐യുക്രെയിൽ സംഘർഷമാണ്‌. ഇരു രാജ്യങ്ങളും ഉയർന്ന അളവിൽ എണ്ണ മനില തുറമുഖം കേന്ദ്രീകരിച്ച്‌ ഫിലിപ്പീൻസിൽനിന്നും ശേഖരിച്ചിരുന്നു. യുദ്ധം മൂർച്ഛിച്ചതോടെ ആവശ്യക്കാർ രംഗത്തുനിന്നു പിൻവലിഞ്ഞത്‌ സ്ഥിതിഗതി താറുമാറാക്കി.

ചൈനീസ്‌ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ നേരിട്ട മാന്ദ്യം കൂടിയായപ്പോൾ എണ്ണ വിപണിയെ എണ്ണത്തോണിയിലേക്ക്‌ എടുക്കേണ്ട അവസ്ഥയായി.  ഉഴിച്ചിലും പിഴിച്ചിലും നടത്തി പഴയ ഊർജം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്‌ ഫിലിപ്പീൻസ്‌ നാളികേര വ്യവസായ രംഗം. നിലവിൽ ഗൾഫ്‌ രാജ്യങ്ങളുടെ പിൻതുണയിലാണ്‌ അവർ അൽപ്പമെങ്കിലും പിടിച്ചു നിൽക്കുന്നത്‌. ഫിലിപ്പീൻ കോക്കനട്ട്‌ അതോറിട്ടി തേങ്ങയിൽ നിന്നുള്ള 60 ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നുണ്ട്‌. 

പുതിയ മാർക്കറ്റുകൾ കണ്ടെത്താൻ വൈകുതോറും വെളിച്ചെണ്ണയിലെ പിരിമുറുക്കം രൂക്ഷമാക്കും. ഇന്ത്യൻ വെളിച്ചെണ്ണയുടെ പ്രമുഖ വിപണികളിൽ ഒന്ന്‌ റഷ്യയായിരുന്നു. അവരുടെ ക്രൂഡ്‌ ഓയിൽ നാം വൻതോതിൽ ശേഖരിക്കുന്നുണ്ടെങ്കിലും ഇവിടെ നിന്നുള്ള വെളിച്ചെണ്ണയിലെ താൽപര്യം പ്രതികൂല സാഹചര്യങ്ങൾ മൂലം റഷ്യ കുറച്ചു. 

മലേഷ്യയും സിംഗപ്പൂരും നമ്മുടെ നാളികേര മേഖലക്ക് അൽപം ആശ്വാസം പകരുന്നുണ്ടെങ്കിലും ശ്രീലങ്ക വിയറ്റ്‌നാം, ഇന്തോനേഷ്യയിൽ നിന്നും ശക്തമായ മത്സരമാണ്‌ അരങ്ങേറുന്നത്‌. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഏതാണ്ട്‌ സ്ഥിരതയിലാണെങ്കിലും ദക്ഷിണേന്ത്യൻ കയറ്റുമതിക്കാർ പലരും അന്താരാഷ്‌ട്ര മത്സരങ്ങൾക്ക്‌ മുന്നിൽ പിടിച്ചു നിൽക്കാനാവുന്നില്ല. 

തേയില

ആഗോള തേയില കയറ്റുമതിയിൽ ഇന്ത്യയുടെ സുവർണകാലം അസ്‌തമനത്തിലേക്ക്‌ അടുക്കുന്നു. ഏതാനും വർഷങ്ങളായി ദക്ഷിണേന്ത്യ- ഉത്തരേന്ത്യൻ തേയിലകൾ പരസ്‌പരം മത്സരിച്ച്‌ രാജ്യാന്തര വിപണിയിൽ പുതിയ ഉയരങ്ങളാണ്‌ കീഴടക്കിയത്‌. കോറോണ വേളയിൽ സാമ്പത്തിക കുരുക്കിൽ ശ്രീലങ്ക അകപ്പെട്ടത്‌ ലോക തേയില വിപണിയിൽ അവരെ പിന്നിലാക്കി. പ്രതിസന്ധിലേക്ക്‌ അവർ വഴുതിയതോടെ ശ്രീലങ്കൻ തോട്ടം മേഖല നാഥനില്ലാ കളരിയായി. തോട്ടങ്ങൾ യഥാസമയം സംരക്ഷിക്കുന്നതിൽ സംഭവിച്ച വീഴ്‌ച്ചകൾക്ക്‌ പുറമേ വളം കീടനാശീനി പ്രായോഗങ്ങളും സ്‌തംഭിച്ചതോടെ കൊളുന്ത്‌ നുള്ള്‌ പോലും ഭാഗീകമായി നിലച്ചു. ഇതിനിടയിലാണ്‌ കഴിഞ്ഞ ദിവസം ശ്രീലങ്കൻ തേയിലുടെ രക്ഷനായി ഇറാന്റെ കടന്നുവരവ്. കൊളംബോയിൽ നിന്നുള്ള തേയില കയറ്റുമതിയിൽ വലിയോരു പങ്ക്‌ നേരത്തെ ശേഖരിച്ചിരുന്നത്‌ ഇറാനായിരുന്നു. ക്രൂഡ്‌ ഓയിൽ ഇറക്കുമതിക്ക്‌ നൽകാനുള്ള 250 മില്യൻ ഡോളറിന്‌ പകരമായാണ്‌ അവർ ഇനി തേയില ശേഖരിക്കുക. ഈ മാസം കയറ്റുമതിക്ക്‌ തുടക്കം കുറിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ അവിടെ പുരോഗമിക്കുന്നു.  

ശ്രീലങ്കൻ കരുതൽ ശേഖരത്തിൽ ഡോളറിന്‌ രൂക്ഷമായ ക്ഷാമം. ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടതിനാൽ ബാർട്ടർ സിസ്‌റ്റത്തിലാണ്‌ ഇടപാടുകൾ. പ്രതിമാസം അഞ്ച്‌ മില്യൻ ഡോളർ വിലമതിക്കുന്ന തേയില ഇറാൻ അവിടെ നിന്നും ശേഖരിക്കും. മുന്നിലുള്ള നാലു വർഷ കാലയളവിൽ ഇടപാടുകൾ നടത്താനുള്ള ഔദ്യോഗിക തീരുമാനമാണ്‌ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്‌. എന്നാൽ തൽക്കാലം രണ്ട്‌ മില്യൻ ഡോളറിനുള്ള ചരക്ക്‌ കയറ്റുമതിക്കാണ്‌ ഒരുങ്ങുന്നത്‌.

തേയില ഉൽപാദനം ഉഷാറാവുന്നതോടെ ലോക വിപണിയിൽ പഴയ പ്രതാപം വീണ്ടെുക്കാമെന്ന കണക്കുകൂട്ടലിലാണവർ. ഇത്‌ ഫലത്തിൽ തിരിച്ചടിയാവുക ദക്ഷിണേന്ത്യൻ തേയില വ്യവസായത്തിനാവും. രണ്ട്‌ പ്രദേശങ്ങളിലും സമാന കാലാവസ്ഥയായതിനാൽ നമ്മൾ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്ന അതേ നിലവാരത്തിലെ ചരക്ക്‌ താഴ്‌ന്ന വിലയ്‌ക്ക്‌ കയറ്റുമതി നടത്താൻ ശ്രീലങ്കയ്‌ക്കാവും. പിന്നിട്ടവാരം കൊച്ചി ലേലത്തിൽ വിവിധയിനം തേയില വിലകളിൽ കാര്യമായ ഏറ്റകുറച്ചിൽ ദൃശ്യമായില്ല. എന്നാൽ വിപണിയിൽ മത്സരം മുറുകുന്നതോടെ വിലയിൽ ചാഞ്ചാട്ടത്തിനിടയുണ്ട്‌. 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Commodity Markets Review July 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com