ADVERTISEMENT

നാടൻ വെളിച്ചെണ്ണ എന്ന ബോർഡില്ലാത്ത നഗരപ്രദേശങ്ങളില്ല. നാടൻ മാത്രമല്ല വെന്ത വെളിച്ചെണ്ണയും വെർജിൻ കോക്കനട്ട് ഓയിലും പല ബ്രാൻഡുകളിൽ വിപണിയിൽ സുലഭം. എന്നാൽ, കാള വലിക്കുന്ന മരച്ചക്കിലാട്ടിയ വെളിച്ചെണ്ണ ആയാലോ? പൊളിക്കും. സംശയം വേണ്ട. കോഴിക്കോട് അത്തോളിയിൽ എൻ.വി.അക്ഷയ് എന്ന ഇരുപത്തിയൊൻപതുകാരന്റെ ഫാമിൽ എത്തിയാൽ മതി. ഒറ്റക്കാള വലിക്കുന്ന മരച്ചക്കിൽ ആട്ടിയ ശുദ്ധമായ എണ്ണയും തന്റെ വിജയ കഥയുമായി അക്ഷയ് ഉണ്ടവിടെ.

പാൽ വിൽക്കാൻ പശുക്കളെ വളർത്തുകയല്ല, പശുക്കളെ വളർത്തുന്നതിനൊപ്പം പാൽ വിൽപന എന്നതാണു തന്റെ പോളിസിയെന്ന് അക്ഷയ് പറയുന്നു. ഈ നയത്തിന്റെ ഫലമായി ഫാമിലെ കാലികളുടെ എണ്ണം കൂടിയപ്പോൾ അവയിലെ കാളകളെ എന്തുചെയ്യുമെന്നൊരു ചോദ്യം വന്നു. അങ്ങനെയാണു മരച്ചക്കും ചക്ക് ആട്ടാൻ കാളയും എത്തിയത്.

കാൺഗ്രജ് ഇനത്തിൽപ്പെട്ട കാളകളെയാണ് ചക്കിലേക്ക് ഉപയോഗിക്കുന്നത്. രണ്ടര മണിക്കൂറാണ് ഒരുനേരം ഒരു കാള ചക്കിൽ തിരിയുക. ഒരുദിവസം രണ്ടുകാളകളെ മാറിമാറി ഉപയോഗിക്കും. ഒരു ദിവ സം ഏകദേശം 45 കിലോമീറ്റർ ഈ കാളകൾ നടക്കും. ഒന്നരവർഷം പ്രായമായ കാളയെയാണ് ചക്കുതിരിക്കാൻ ഉപയോഗിക്കുക. 30 ലീറ്ററാണ് ദിവസം ആട്ടിയെടുക്കുക. വില ലീറ്ററിന് 400 രൂപ.

coconut-oil-2
എൻ.വി.അക്ഷയ്

മരച്ചക്കിൽ ആട്ടിയെടുക്കുമ്പോൾ എണ്ണ ചൂടാകില്ല. അതുകൊണ്ടുതന്നെ അതിന്റെ സ്വാഭാവിക ഗന്ധം നഷ്ടമാകില്ല. എള്ള്, കടുക്, കടല, ബദാം എന്നിവയും ഇങ്ങനെ ചക്കിൽ ആട്ടിയെടുക്കാം. ആദ്യത്തെ ചക്ക് വിജയിച്ചതോടെ അത്തോളിയിൽ രണ്ടാമത്തേതും തുടങ്ങി.

പശുക്കളെ വളർത്തുന്നതിലും ഒരു അക്ഷയ് ടച്ചുണ്ട്. കറവ വറ്റിയാൽ പശുക്കളെ പറമ്പിൽ അഴിച്ചുവിടും. പിന്നെ അടുത്ത പ്രസവമാകുന്നതുവരെ പറമ്പിൽ തന്നെ. പുല്ലും വെള്ളവുമെല്ലാം പറമ്പിൽ ഉണ്ടാകും. കറവയുള്ള പശുക്കൾ മാത്രമേ തൊഴുത്തിലുണ്ടാവൂ. തൊഴുത്തിൽ കെട്ടുന്ന പശുക്കൾക്കു തീറ്റയ്ക്കായി പുല്ലു വളർത്തുന്നുണ്ട്.

ചക്കിലെ കൊപ്രപ്പിണ്ണാക്കും എള്ളുപിണ്ണാക്കും കൊടുക്കും. കാലിത്തീറ്റ കൊടുക്കാറില്ല. ചാണകവും മൂത്രവും നഴ്സറികൾ വഴിയാണു വിൽപന. സ്വാഭാവിക രീതിയിൽ വളർന്ന കാലികളുടേതായതു കൊണ്ട് 5 കിലോഗ്രാം ചാണകത്തിന് 150 രൂപയാണു വില. 5 ലീറ്റർ മൂത്രത്തിന് 200 രൂപയും.

നാടൻ പശുക്കളുടെ പാലും പാലുൽപന്നങ്ങളും പ്രീമിയം ഉൽപന്നങ്ങളാണ്. ഒരു ലീറ്റർ നാടൻ പാലിന് 200 രൂപയാണു വില. ഒരു കിലോ നെയ്യ് വിറ്റാൽ 3500 രൂപ ലഭിക്കും. പനീറും ബട്ടറും തൈരുമെല്ലാം ഇത്തരത്തിൽ ബ്രാൻഡ് ചെയ്യാനാകും. പക്ഷേ, അവകാശവാദം സത്യസന്ധമാണെന്ന് ഉപയോഗിക്കുന്നവർക്കു ബോധ്യമാകണം- അക്ഷയ് പറയുന്നു.

ലോകത്തിൽ ഏറ്റവും ഉയരം കുറഞ്ഞ പശു എന്ന ഗിന്നസ് റെക്കോർഡ് അക്ഷയ് വളർത്തുന്ന വെച്ചൂർ പശുവിനാണ്. കാസർകോട് കുള്ളൻ, വെച്ചൂർ, വില്ല്വാദ്രി, വടകരക്കുള്ളൻ, ഗിർ, സഹിവാൾ, ഓങ്കോൾ, കാൺഗ്രജ് തുടങ്ങി എൺപതിലേറെ നാടൻപശുക്കളാണ് ഫാമിലുള്ളത്.

വീടിനടുത്തുള്ള സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനാണ് അക്ഷയ്.

ഫോൺ: 9633228088

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: A different approach to coconut oil business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com