ADVERTISEMENT

വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ കേരളത്തിൽ തുടർക്കഥയാകുമ്പോൾ അത് ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കാതെ വന്യജീവികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. പല കാര്യങ്ങളിലും വിദേശരാജ്യങ്ങളെ കണ്ടു പഠിക്കാറുള്ള നാം ഇക്കാര്യത്തിൽ മാത്രം പുറകോട്ടാണ് സഞ്ചാരം. വനം വന്യജീവി സംരക്ഷണം നല്ലതുതന്നെ. എന്നാൽ, എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല. അതിനൊരു ഉദാഹരണമാണ് കാട്ടുപന്നി വിഷയത്തിൽ ചൈന സ്വീകരിച്ച നടപടി. കാട്ടുപന്നി വംശനാശത്തിലേക്ക് പോകുന്നുവെന്ന് കണ്ടപ്പോൾ 2000ൽ അവർ അതിനെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തി. രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോൾ അവയുടെ എണ്ണം പെരുകിയെന്നും അത് മനുഷ്യനും കൃഷിയിടങ്ങൾക്കും വെല്ലുവിളിയായിട്ടുണ്ടെന്നും തിരിച്ചറിഞ്ഞതോടെ സംരക്ഷിത പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ, ഇവിടെ അതാണോ സ്ഥിതി? പ്രകൃതിയിൽ ശക്തരായ ശത്രുക്കൾ ഇല്ലാത്തതുകൊണ്ടുതന്നെ കാട്ടുപന്നികളുടെ വംശവർധന അതിവേഗം നടക്കുകയും അവ കൃഷിയിടത്തിലിറങ്ങി പ്രശ്നമുണ്ടാക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നു. കാട്ടുപന്നികൾ മാത്രമല്ല ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണത്തിൽ വർധനയുണ്ടായത് അത്ര നിസാരമായി കാണേണ്ട ഒന്നല്ല. സ്ഥിരമായി ജനവാസമേഖലയിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന ആനകളെ പിടികൂടാൻ പ്രദേശവാസികൾ ശബ്ദമുയർത്തുമ്പോൾ അവർക്കെതിരേ തിരിയുന്ന ഒരു സമൂഹം ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 

ഇന്ത്യയും ശ്രീലങ്കയും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഏഷ്യൻ ആനകളുള്ള രാജ്യമാണ് തായ്‌ലൻഡ്. പക്ഷേ, തായ്‌ലൻഡിൽ കാട്ടിൽ ജീവിക്കുന്നതിനേക്കാൾ കൂടുതൽ ആനകൾ നാട്ടിലാണുള്ളത്. അതായത്, ടൂറിസം മേഖലയിൽ. 2017ലെ കണക്ക്‌ പ്രകാരം ഏകദേശം 3700 നാട്ടാനകളും 1000 കാട്ടാനകളുമാണ് അവിടെയുള്ളത്. ആന നമ്മുടെ സംസ്ഥാന മൃഗമാണെങ്കിൽ തായ്‌ലൻഡിന് ദേശീയ മൃഗമാണ്.

തായ്‌ലൻഡിലെ ജനപ്രിയ ടൂറിസം പരിപാടികളിൽ ഒന്നാണ് എലിഫന്റ് സഫാരി. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ചിയാങ്മായി പ്രദേശത്താണ് ഏറ്റവും കൂടുതൽ ആനകളുള്ളത്. ഇവിടുത്തെ നൂറുകണക്കിന് ആന വളർത്തു കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് വിദേശ ടൂറിസ്റ്റുകളാണ് ഓരോ വർഷവും എത്തുന്നത്. ആനയുമായി ബന്ധപ്പെട്ട ടൂറിസം പതിനായിരക്കണക്കിനാളുകൾക്ക് ജോലി നൽകുന്ന ഒരു വൻ ഇക്കോ ടൂറിസം ബിസിനസ് ആണിവിടെ.

നമ്മുടെ നാട്ടിലെ ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിപ്പിക്കുന്നതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് ആനകളെ പീഡിപ്പിക്കുന്നു സഹായിക്കണം എന്നു വിദേശ രാജ്യങ്ങളിലെ ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റുകൾ വഴി പ്രചരിപ്പിച്ച് പണപ്പിരിവ് നടത്തുന്നവർ ഈ ചിയാങ്മായി മാതൃക ഒന്നു കണ്ടു പഠിക്കണം. വൈൽഡ് ലൈഫ്, ഇക്കോ ടൂറിസം രംഗങ്ങളിൽ കേരളത്തിന് അനന്തസാധ്യതകൾ ഉണ്ടായിട്ടും നമുക്ക് അത് ഉപയോഗിക്കാൻ പറ്റാതെ പോകുന്നത് ഈ തീവ്ര പരിസ്ഥിതി ചിന്താഗതി മൂലമാണ്. അതുകൊണ്ടുതന്നെ ആനയെ കാണാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾ തായ്‌ലൻഡിലേക്കും ശ്രീലങ്കയിലേക്കും പോകുന്നു.

നാട്ടാനകൾക്ക് മികച്ച പരിചരണമാണ് തായ്‌ലൻഡിൽ ലഭിക്കുന്നത്. ആനകൾക്ക് റജിസ്‌ട്രേഷനും സർട്ടിഫിക്കറ്റും ഉണ്ട്. പൊതുവെ നല്ല അനുസരണ ശീലമുള്ള അവിടുത്തെ ആനകൾ സ്വതന്ത്രമായാണ് വിഹരിക്കുന്നത്. ആനകളെ ഊട്ടാനും അവയെ കുളിപ്പിക്കാനും ആനപ്പുറത്തു സവാരി നടത്താനുമൊക്കെ ടൂറിസ്റ്റുകൾക്ക് അവസരമുണ്ട്. അയൽരാജ്യങ്ങളായ വിയറ്റ്നാമിലും ലാവോസിലും ഒക്കെ ആനകൾ കൊല്ലപ്പെടുമ്പോൾ ഞങ്ങൾ ആനയെ സംരക്ഷിക്കുന്നു എന്നാണ് ഗൈഡ് പറഞ്ഞത്.

കാട്ടാനകളേക്കാൾ നാട്ടാനകൾക്ക് ആയുസ് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പരിക്കേൽക്കുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന നാട്ടാനകൾക്ക് മികച്ച പരിചരണം ലഭിക്കുന്നതാണ് ഇതിന്‌ കാരണം. 

കേരളത്തിൽ നാട്ടാനകളുടെ എണ്ണം വർഷം തോറും കുറഞ്ഞു വരികയാണ്. ഇപ്പോൾ നാനൂറിനോടടുത്ത് നാട്ടാനകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. പ്രായാധിക്യം മൂലം ആനകൾ ചരിയുകയും പുതുതായി നാട്ടാനകൾ ഉണ്ടാകാത്തതുമാണ് എണ്ണക്കുറവിന് കാരണം. മൃഗസ്നേഹികളുടെ സമ്മർദത്തിന് വഴങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആന പരിപാലന ചട്ടങ്ങൾ കർശനമാക്കിയതോടു കൂടിയാണ് സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയത്. നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായി ക്ഷേത്രങ്ങളിൽ നടന്നിരുന്ന ആനയെഴുന്നള്ളിപ്പിനു പോലും ആനകളെ കിട്ടാത്ത സ്ഥിതിയുണ്ടാക്കുന്നു. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിലെ കുടമാറ്റം പോലും ഏതാനും വർഷം കഴിയുമ്പോൾ ചരിത്രമായി മാറിയേക്കാം.

അനാവശ്യ മൃഗസ്നേഹവും പരിസ്ഥിതി സ്നേഹവും പ്രചരിപ്പിക്കുന്ന സംഘടനകൾ നമ്മുടെ നാടിന്റെ സാംസ്കാരിക വൈവിധ്യത്തെയും സാമ്പത്തിക വളർച്ചയെയുമാണ് ഇല്ലാതാക്കുന്നത്. മാത്രമല്ല, കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു സമൂഹംതന്നെ പ്രതിസന്ധിയിലായിരിക്കുന്നു. അരിക്കൊമ്പനെ പിടിച്ചു കാടു മാറ്റുന്നതിന് പകരം താപ്പാനയാക്കി മാറ്റിയിരിന്നുവെങ്കിൽ കേരളത്തിന് ഒരു മുതൽക്കൂട്ടാകുമായിരുന്നു. മണ്ണുമാന്തി യന്ത്രവും ക്രയിനും ഇല്ലാത്ത കാലത്ത് തടിപിടിക്കാനും ഭാരമുള്ള വസ്തുക്കൾ എടുത്തുമാറ്റാനുമൊക്കെ നമ്മുടെ പൂർവികരെ സഹായിച്ചിരുന്നത് ആനകൾ ആയിരുന്നു.

തീവ്ര പരിസ്ഥിതി, മൃഗസ്‌നേഹി സംഘടനകളാണ് നമ്മുടെ നാടിന്റെ പ്രധാന പ്രതിസന്ധി. വിദേശ ഫണ്ടിനു വേണ്ടി നമ്മുടെ നാടിനെ ഒറ്റിക്കൊടുക്കുന്ന ഇത്തരക്കാരുടെ തനി നിറം നാം തിരിച്ചറിയണം. ലോകം വളരുമ്പോൾ നമ്മുടെ നാടും കൂടെ വളരണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com