ഓരോ ബാച്ചിലും 30,000 രൂപ ലാഭം; ഒന്നര ക്വിന്റൽ ഉൽപാദനം, റെഡി ടു കുക്ക് വിൽപന; ബയോഫ്ലോക്ക് മത്സ്യക്കൃഷിയിൽ നേട്ടത്തോടെ ദിനു

HIGHLIGHTS
  • നഗരമധ്യത്തിലെ പുരയിടത്തിൽ വിപുലമായ കൃഷിക്കു സ്ഥലമില്ല. ചെലവിടാൻ ഏറെ സമയവുമില്ല. അതിനാല്‍ തിരഞ്ഞെടുത്തത് വീട്ടാവശ്യത്തിനു മത്സ്യവും ചില്ലറ വരുമാനവും കിട്ടുന്ന ഹൈടെക് മത്സ്യക്കൃഷി
fish-farming-dinu
ദിനു
SHARE

ഹാർഡ്‌വെയർ ബിസിനസ് നടത്തുന്ന എറണാകുളം ഇടപ്പള്ളി ഓലിപ്പറമ്പിൽ വീട്ടിൽ ദിനു തങ്കൻ കൃഷിയിലേക്കു വരുന്നത് കോവിഡ് കാലത്താണ്. നഗരമധ്യത്തിലെ പുരയിടത്തിൽ വിപുലമായ കൃഷിക്കു സ്ഥലമില്ല. ചെലവിടാൻ ഏറെ സമയവുമില്ല. അതിനാല്‍ തിരഞ്ഞെടുത്തത് വീട്ടാവശ്യത്തിനു മത്സ്യവും ചില്ലറ വരുമാനവും കിട്ടുന്ന ഹൈടെക് മത്സ്യക്കൃഷി. 

കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ മത്സ്യം വിളവെടുക്കാവുന്ന ബയോഫ്ലോക് എന്ന അതിസാന്ദ്രത (ഹൈ ഡെൻസിറ്റി) രീതിയാണ് നടപ്പാക്കിയത്. മത്സ്യവിസർജ്യത്താൽ മലിനമാകുന്ന ജലം സൂക്ഷ്മാണുസഹായത്താൽ കുളത്തിൽ വച്ചുതന്നെ സംസ്കരിച്ച് മത്സ്യത്തീറ്റയാക്കി മാറ്റുന്ന രീതിയാണ് ബയോഫ്ലോക്. ഈ രീതിയിൽ മത്സ്യം വളർത്തുമ്പോൾ തീറ്റച്ചെലവ് 30% വരെ കുറയും. ഇടയ്ക്ക് വെള്ളം മാറ്റേണ്ടതില്ല. കൃഷിക്കായി ഏറെ സമയം ചെലവിടേണ്ട, അധ്വാനവും കുറവ്. മറ്റു തിരക്കുകൾക്കിടയിലും സുഗമമായി കൃഷി നടത്താം. 

ബാക്ടീരിയകളും സസ്യ–ജന്തു പ്ലവകങ്ങളുമെല്ലാം ചേരുന്ന ‘ഫ്ലോക്കി’നെ ടാങ്കിൽ സുസ്ഥിരമായി നിലനിർത്താനുള്ള സാങ്കേതികജ്ഞാനം സംരംഭകനു വേണമെന്ന്  ദിനു. ഇതിന് മത്സ്യക്കൃഷിവിദഗ്ധരെയും ഫിഷറീസ് വകുപ്പിനെയും ആശ്രയിച്ചു. 20,000 ലീറ്റർ വെള്ളം കൊള്ളുന്ന 5 ഡയമീറ്റർ ടാങ്കാണ് ദിനു നിർമിച്ചത്. ടാങ്കിനും മേൽക്കൂരയ്ക്കും ഉൾപ്പെടെ ഒന്നര ലക്ഷത്തിലേറെ രൂപ മുടക്കു വന്നു (മേൽക്കൂരയ്ക്ക് തുകയല്‍പം കൂടിപ്പോയെന്നും അത്രയൊന്നും ചെലവിടേണ്ടതില്ലെന്നും ദിനു). ഫിഷറീസ് വകുപ്പിന്റെ സബ്സിഡി ലഭിച്ചു. വൈദ്യുതിനിരക്ക് ഇളവും നേടി. വൈദ്യുതി നിലച്ചാലും ഫ്ലോക്ക് സുഗമമായി പ്രവർത്തിക്കാൻ ഇൻവെർട്ടർ വച്ചു. 

പരീക്ഷണാർഥം ആദ്യ വട്ടം 1500 തിലാപ്പിയ(ഗിഫ്റ്റ്)ക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. അതിസാന്ദ്രതരീതിയിൽ ചെയ്യുമ്പോൾ അതിന്റെ ഇരട്ടിയിലേറെ കുഞ്ഞുങ്ങളെ 5 ഡയമീറ്റർ ടാങ്കിൽ നിക്ഷേപിക്കാമെങ്കിലും അതനുസരിച്ച് ശ്രദ്ധയും പരിപാലനവും നല്‍കേണ്ടിവരുമെന്ന് ദിനു. ആദ്യ ഘട്ടത്തിൽ 6 മാസംകൊണ്ട് ഗിഫ്റ്റ് ശരാശരി 250 ഗ്രാം വളർച്ചയെത്തി. അടുത്ത വട്ടം കുഞ്ഞുങ്ങളുടെ എണ്ണം 700 ആയി കുറച്ചതോടെ വളർച്ചവേഗം കൂടി. 4 മാസംകൊണ്ടുതന്നെ 300 ഗ്രാം എത്തി. തുടർന്നിങ്ങോട്ട് ഓരോ ബാച്ചിലും 700 കു ഞ്ഞുങ്ങളായി പരിമിതപ്പെടുത്തി. ശ്രദ്ധ അൽപം കുറഞ്ഞാലും എണ്ണം കുറവായതുകൊണ്ട് പ്രശ്നമില്ല.  

fish-farming-dinu-1
മത്സ്യങ്ങൾക്കു തീറ്റ നൽകുന്നു

വീട്ടാവശ്യത്തിനും വിൽപനയ്ക്കും

വീട്ടാവശ്യത്തിന് സുരക്ഷിതമായ മത്സ്യം ലഭിക്കുന്നതു തന്നെ പ്രധാന നേട്ടമെന്നു ദിനു. ഒരു ബാച്ചിൽ ശരാശരി ഒന്നര ക്വിന്റൽ ഉൽപാദനം. 4 മാസം മുതൽ 3–4 വട്ടമായി വിളവെടുപ്പ്. ഓരോ ബാച്ചിലും ശരാശരി 30,000 രൂപ ലാഭം. ബയോഫ്ലോക്കിൽ ഗിഫ്റ്റ് ഇനം ചെയ്യുന്ന പലര്‍ക്കും ഇന്നു നഷ്ടമാണ്. മറുനാടന്‍ തിലാപ്പിയയുടെ വരവിൽ വിലയിടിഞ്ഞതാണ് പ്രധാന കാരണം. കിലോയ്ക്ക് 250 രൂപയെങ്കിലും ലഭിച്ചാലേ കൃഷി ആദായകരമാകൂ എന്നതു വസ്തുതതന്നെ. എന്നാൽ ദിനുവിന്റെ കൃഷിയെ ഈ പ്രശ്നങ്ങളൊന്നും ഏശാറില്ല. വീടിരിക്കുന്ന പുതുപ്പള്ളിപ്പുറം റെസിഡന്റ്സ് അസോസിയേഷനിലെ വീടുകളിലും സുഹൃത്തുക്കൾക്കും കിലോയ്ക്ക് 300 രൂപ നിരക്കിലാണ് ദിനുവിന്റെ വിൽപന. 

വിളവെടുപ്പു ദിവസം വാട്സാപ് ഗ്രൂപ്പുകളിൽ വാർത്ത നൽകും. കൃത്രിമത്തീറ്റ മാത്രം നൽകി വളർത്തിയെടുത്ത മത്സ്യത്തിന്റെ രുചിമേന്മ തന്നെയാണ് പ്രധാന ആകർഷണമെന്നു ദിനു. ജീവനോടെ കിട്ടുന്ന മത്സ്യങ്ങളോട് ഉപഭോക്താക്കള്‍ക്കുള്ള താൽപര്യമാണ് മറ്റൊരു കാര്യം. മത്സ്യം വൃത്തിയാക്കി റെഡി ടു കുക്ക് പരുവത്തിൽ ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുകയും ചെയ്യും. ഇക്കാരണങ്ങളാല്‍   ഉപഭോക്താക്കൾക്ക് വിലയിൽ തർക്കമില്ല. മാത്രമല്ല, ആവശ്യക്കാർ ഏറുകയുമാണ്. അതുകൊണ്ടുതന്നെ ഒരു ടാങ്ക് കൂടി മത്സ്യക്കൃഷിക്കായി ഒരുക്കുകയാണിപ്പോള്‍. 

ഫോൺ: 9447048308

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS