ഇല്ല, ഇതിലും മികച്ചൊരു പോഷകാഹാരം; എത്ര കുടിക്കണം ഒരു ദിവസം? കേരളത്തിൽ കള്ള് ചർച്ചയാകുമ്പോൾ...

HIGHLIGHTS
  • പാലിനെ സമ്പൂർണ സമീകൃത പോഷകാഹാരം എന്നു വെറുതെ വിശേഷിപ്പിക്കുന്നതല്ല, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ഇരുമ്പ് ഒഴികെയുള്ള ധാതുമൂലകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണത്തിനു വേണ്ടതെല്ലാം പശുവിൻ പാലിലുണ്ട്
milk
Representational image. Image credit: Anusorn Nakdee/Shutterstock
SHARE

പാലിനെ സമ്പൂർണ സമീകൃത പോഷകാഹാരം എന്നു വെറുതെ വിശേഷിപ്പിക്കുന്നതല്ല, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ഇരുമ്പ് ഒഴികെയുള്ള ധാതുമൂലകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണത്തിനു വേണ്ടതെല്ലാം പശുവിൻ പാലിലുണ്ട്. പേശികൾ നിർമിക്കാനും കരുത്തുറ്റതാക്കാനും വളർച്ചയ്ക്കും സഹായിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും ഒമ്പത് അവശ്യ അമിനോആസിഡുകളും പാലിലുണ്ട്. ട്രിഫ്റ്റോഫൻ, ലുസിൻ തുടങ്ങിയ അവശ്യ അമിനോഅമ്ലങ്ങളുടെ പാലിലെ ഉയർന്ന സാന്നിധ്യം പ്രധാനപ്പെട്ടതാണ്. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാത്സ്യം, വിറ്റാമിൻ ഡി, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ പാലിലുണ്ട്. പാൽ കുടിക്കുന്നതും പാലുൽപന്നങ്ങൾ കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസ് തടയുകയും എല്ലുകൾ പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ദിവസം വെറും 2OO മില്ലീലിറ്റർ പാൽ കുടിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ കാത്സ്യത്തിന്റെ 41 ശതമാനവും കിട്ടുന്നു.

ഗർഭകാലത്ത് കുഞ്ഞിന്റെ മസ്തിഷ്കവളർച്ചയെ പിന്തുണയ്ക്കുന്ന അയഡിന്റെ മികച്ച ഉറവിടമാണ് പാൽ. ഗർഭകാലത്ത് സ്ത്രീകൾ മൂന്ന് ഗ്ലാസ് എങ്കിലും പാൽ ദിനേന കുടിക്കുന്നത് കുഞ്ഞുങ്ങളുടെ ജനനത്തൂക്കം കൂട്ടുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികൾക്ക് പാൽ നൽകുന്നത് ശീലമാക്കിയാൽ അവരുടെ വളർച്ച വേഗത്തിലാവും. അഞ്ച്- ആറ് വയസ് പ്രായമുള്ള ഒരു കുട്ടിയുടെ ശാരീരിക വികാസത്തിന് ഒരു ദിവസം ആവശ്യമായ മാംസ്യത്തിന്റെ 48 ശതമാനവും 9 ശതമാനം ഊർജവും കാത്സ്യം, മഗ്നീഷ്യം, സെലീനിയം, റൈബോഫ്ലാവിൻ തുടങ്ങി ആവശ്യമായ മുഴുവൻ സൂക്ഷ്മ മൂലക ജീവക പോഷകങ്ങളും വെറും 250 മില്ലിലിറ്റർ പാൽ ദിവസവും കുട്ടിക്ക് നൽകുന്നതിലൂടെ ഉറപ്പാക്കാം എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ സ്രോതസാണ് പാൽ. പാലിലെ ധാതുക്കൾ, പ്രത്യേകിച്ച് കാത്സ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. പാലിൽ ഇല്ലാത്ത ജീവകങ്ങൾ ഇല്ലന്നാണ് ഭക്ഷ്യഗവേഷകരുടെ നിഗമനം.

ബി വിറ്റാമിനുകളുടെ ഒരു നല്ല ഉറവിടമാണ് പാൽ, പ്രത്യേകിച്ച് വിറ്റാമിൻ ബി 12. ദിവസം വെറും 2OO മില്ലീലിറ്റർ പാൽ കുടിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിൻ ബി 12 പൂർണമായും  കിട്ടുന്നു .

ബി ജീവകങ്ങളുടെ സാന്നിധ്യം  തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു.

പാലിനേക്കാൾ ചുരുങ്ങിയ ചിലവിൽ ലഭ്യമാവുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷ്യഉൽപന്നം വേറെയുണ്ടോ? ആരോഗ്യമുള്ള ഒരാൾ ദിവസം 300 മില്ലീലിറ്റർ പാൽ എങ്കിലും ദിനേന കുടിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസർച് നിർദ്ദേശിക്കുന്നതിന്റെ കാരണവും ഈ പോഷകസമൃദ്ധി തന്നെ.

English summary: Health Benefits of Milk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS