6 ഏക്കര്‍ റബർ മാറ്റി തെങ്ങിന്‍തോപ്പാക്കി; ഒപ്പം റംബുട്ടാനും ഡ്രാഗൺഫ്രൂട്ടും; പുതിയ വിളപ്പൊരുത്തിൽ വിജയിച്ച് അലക്സ്

HIGHLIGHTS
  • ആദ്യവർഷം ഡ്രാഗൺഫ്രൂട്ടും രണ്ടാം വർഷം റംബുട്ടാനും മൂന്നാം വർഷം നാളികേരവും ഫലം നൽകിത്തുടങ്ങിയ തോട്ടം
alex-1
അലക്സ് ഡ്രാഗൺഫ്രൂട്ട് തോട്ടത്തിൽ (ചിത്രം: കർഷകശ്രീ)
SHARE

തെങ്ങിനിടയിൽ ജാതിയും വാഴയും കൊക്കോയുമൊക്കെ വളർത്തി ബഹുതല, സമ്മിശ്രക്കൃഷി നടത്തുന്ന കേരകേസരിമാരുടെ നാടാണ് കേരളം.  പഴയ തലമുറയുടെ ഈ സ്ഥിരം വിളക്കൂട്ടിനു പകരം പുതിയ വിളപ്പൊരുത്തം പരീക്ഷിക്കുകയാണ് കോട്ടയം വാഴൂർ ചാമംപതാൽ സ്വദേശി അലക്സ്. 6 ഏക്കര്‍ റബർത്തോട്ടം വെട്ടിമാറ്റി തെങ്ങിന്‍തോപ്പാക്കിയ അലക്സ് അതിനെ ബഹുവിളത്തോട്ടമാക്കാനുള്ള യത്നത്തിലാണ്. 

നാലേക്കറിൽ തെങ്ങ് നട്ടിട്ട് രണ്ടര വർഷമാകുന്നതേയുള്ളൂ. സിപിസിആർഐയുടെ ‘കേരസങ്കര’ ഇനം 300 തെങ്ങുകൾ ഒരേപോലെ വളർന്നു നിൽക്കുന്നതില്‍ 10 ശതമാനത്തോളം ചൊട്ടയിട്ടു. ഏറെ പരിപാലനം വേണ്ട സങ്കരയിനം തെങ്ങിൻതൈകൾ ഒരേ രീതിയിൽ വളർത്തിയെടുത്തതുതന്നെ ഈ യുവകർഷകന്റെ മികവിനു പ്രഥമ തെളിവ്. തൈകളെ ചെല്ലിയാക്രമണത്തിൽനിന്നു സംരക്ഷിക്കുകയായിരുന്നു പ്രധാന വെല്ലുവിളിയെന്ന് അലക്സ് പറഞ്ഞു. ആദ്യവർഷങ്ങളിൽ 20–30 തെങ്ങുകൾ ചെല്ലി നശിപ്പിച്ചെങ്കിലും അപ്പോൾതന്നെ പകരം തൈകൾ വച്ചു.  

dragon-fruit-1
ഡ്രാഗൺഫ്രൂട്ട് തോട്ടം (ചിത്രം: കർഷകശ്രീ)

ഡ്രാഗണ്‍, പെട്ടെന്നു വരുമാനം

തെങ്ങുകൾക്കിടയിൽ 100 മാംഗോസ്റ്റിൻ തൈകൾ നട്ടിരിക്കുന്നു. വരുമാനം നൽകിത്തുടങ്ങാൻ 8–9 വർഷമെടുക്കുമെന്നതാണ് മാംഗോസ്റ്റിന്റെ ഒരു പ്രശ്നം. എന്നാൽ അതു പരിഹരിക്കാൻ മറ്റ് 2 വിളകൾ ഈ യുവാവു കണ്ടെത്തി– ആദ്യവർഷംതന്നെ വരുമാനമേകുന്ന ഡ്രാഗൺഫ്രൂട്ടും രണ്ടാം വർഷം വരുമാനമേകുന്ന റംബുട്ടാനും. വലുപ്പമേറിയ റംബുട്ടാൻ തൈകൾ 750 രൂപ നിരക്കിൽ വാങ്ങി നട്ടാണ് രണ്ടാം വർഷം ആദായം ലഭിച്ചുതുടങ്ങുമെന്ന് ഉറപ്പാക്കിയത്. ഒന്നരയേക്കറിൽ റംബുട്ടാന്റെ ഇടവിളയും മറ്റൊരിടത്ത് തനി വിളയുമാണ് ഡ്രാഗൺ. ആകെ 400 ചുവടുകൾ. പോയ വർഷം 2 ടൺ ഡ്രാഗൺഫ്രൂട്ടാണ് വിറ്റത്. കിലോയ്ക്ക് 125 രൂപ വില കിട്ടി. ഈ വർഷവും കിട്ടി അതേ വില. ഇതുവരെ 3 ടണ്ണിലേറെ വിപണിയിലെത്തിച്ച അലക്സ് 2 ടൺ കൂടി പ്രതീക്ഷിക്കുന്നു. എൻ–18 ഇനത്തിൽപ്പെട്ട 60 റംബുട്ടാനാണ് ഇവിടെ നട്ടിരിക്കുന്നത്. കിലോയ്ക്ക് 100 രൂപ നിരക്കിൽ തോട്ടമടച്ചു കച്ചവടം ചെയ്തുകഴിഞ്ഞു. സീസൺ കഴിഞ്ഞാൽ മാത്രമേ വരുമാനം വ്യക്തമാവൂ.

dragon-fruit
ഡ്രാഗൺഫ്രൂട്ട് പഴങ്ങൾ (ചിത്രം: കർഷകശ്രീ)

കുളത്തില്‍ മത്സ്യക്കൃഷി

തെങ്ങിൻതോപ്പിന്റെ ഒരു ഭാഗത്തായി മത്സ്യക്കൃഷിയുമുണ്ട്. ആദ്യവർഷത്തെ വളർച്ചക്കുറവു മൂലം പലരും കൃഷി ചെയ്യാൻ മടിക്കുന്ന ജയന്റ് ഗൗരാമി മത്സ്യമാണ് അലക്സ് വളർത്താനായി  തിരഞ്ഞെടുത്തത്. ഒരു വളർത്തുകുളവും 6 പ്രജനനക്കുളങ്ങളുമാണുള്ളത്. വളർത്തുകുളത്തിൽ ഒരു വർഷത്തിലേറെ പ്രായമായ 300 ഗൗരാമികളുണ്ട്. ശരാശരി 2 കിലോ തൂക്കമെത്തിയ അവയെ ഡിസംബറാകുമ്പോൾ വിറ്റുതുടങ്ങും. കൂടാതെ, 6 പ്രജനന ടാങ്കുകളിലായി ഗൗരാമിയുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നുമുണ്ട്. ഇതിനകം 3 ബാച്ചുകൾ വിറ്റുതീർന്നു. ഇരുണ്ട നിറമുള്ള ജയന്റ് ഗൗരാമിക്കു പുറമേ ആൽബിനോ, പിങ്ക് ഇനങ്ങളും ഇവിടെയുണ്ട്.

alex-2
തെങ്ങ്, മാംഗോസ്റ്റിൻ, ഡ്രാഗൺഫ്രൂട്ട് തോട്ടം (ചിത്രം: കർഷകശ്രീ)

നിരന്തര പരിചരണത്തിലൂടെ മാത്രമേ സങ്കരതെങ്ങുകൾ ആദായത്തിലെത്തിക്കാൻ സാധിക്കൂ എന്ന് അല ക്സ് ചൂണ്ടിക്കാട്ടി. ‘മാസംതോറും മരുന്നും വളവുമൊക്കെ നൽകണം. ചെല്ലിശല്യത്തിനെതിരെ ജാഗ്രത വേണം’ അലക്സ് പറഞ്ഞു. ദീർഘകാല വിളകളുടെ ആദ്യവർഷങ്ങളിൽ വരുമാനം കിട്ടില്ല. അപ്പോള്‍  ഡ്രാഗണിനെ ആശ്രയിക്കാമെന്ന് അലക്സ്.   എന്നാല്‍ താങ്ങുകാലടക്കം ഒരു ചുവടിന് 1200 രൂപയോളം മുതൽ മുടക്കേണ്ടിവരുമെന്നത് പരിമിതിയാണ്. എന്നാൽ 4 തണ്ടുകൾ നടുന്ന ഒരു ചുവട്ടിൽനിന്ന് രണ്ടാം വർഷം മുതൽ കുറ‍ഞ്ഞത് 8–12 കിലോ ഉൽപാദനം പ്രതീക്ഷിക്കാം.  ഒരു ചുവട് ഡ്രാഗൺഫ്രൂട്ടിനു കൂലിയടക്കം ഒരു വർഷം 100 രൂപപോലും ആവർത്തനച്ചെലവ് വരാറില്ല. അതുകൊണ്ടുതന്നെ കിലോയ്ക്ക് 50 രൂപ വില കിട്ടിയാൽപോലും ഈ കൃഷി ആദായകരമാണെന്നാണ് അലക്സിന്റെ കണക്ക്. വരുംവർഷങ്ങളിൽ ഡ്രാഗൺഫ്രൂട്ടിന്റെ തണ്ടുവിൽപനയിലൂടെ അധികവരുമാനം കണ്ടെത്താനാവുമെന്ന പ്രതീക്ഷയുമുണ്ട്.

ഫോൺ: 9447195623

English summary: The farmer converted 6 acres of rubber plantation into coconut grove and created a multi-crop plantation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS