അരയേക്കർ സ്ഥലത്തെ 80 റബർ മരങ്ങളിൽനിന്നു ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലേറെ വരുമാനം ഇപ്പോഴുണ്ടെന്ന് പറയുകയാണ് കോട്ടയം മേരിലാൻഡ് കാഞ്ഞിരത്തിങ്കൽ സജോ ജോസഫ്. റബർ വെട്ടിമാറ്റി പച്ചക്കറി കൃഷി ചെയ്താണ് സജോ വരുമാനനേട്ടം ഉറപ്പിച്ചത്. ഈ സ്ഥലത്തെ റബറിൽനിന്ന് സ്വയം ടാപ്പ് ചെയ്തിട്ടു പോലും വർഷം 40000 രൂപയോളമേ ലഭിക്കുന്നുള്ളൂ എന്ന തിരിച്ചറിവാണ് പച്ചക്കറിക്കൃഷിയിലേക്ക് ചുവടുവയ്ക്കാൻ സജോയെ പ്രേരിപ്പിച്ചത്. ആ തീരുമാനം തെറ്റിയില്ലെന്നും സജോ പറയുന്നു. ഈ സ്ഥലത്തുനിന്ന് പച്ചക്കറികളിലൂടെ ഇപ്പോൾ നേടുന്നത് വർഷം ഒരു ലക്ഷം രൂപയോളമെന്ന് സജോ.
ഒരു വശം മാത്രം ടാപ്പിങ് തീർന്ന മരങ്ങളാണ് സജോ വെട്ടിവിറ്റത്. സ്ഥലം കിളച്ചൊരുക്കി അവിടെ പച്ചക്കറിക്കൃഷിയും ഒപ്പം ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങിനങ്ങളും കൃഷി ചെയ്തു. ജലസേചനത്തിനും മത്സ്യക്കൃഷിക്കുമായി പടുതക്കുളങ്ങളും നിർമിച്ചു. കൃഷിക്കാവശ്യമായ ജലസംഭരണത്തിനൊപ്പം ജയന്റ് ഗൌരാമി, തിലാപ്പിയ പോലുള്ള മത്സ്യങ്ങളും ഇതിൽ വളരുന്നു.

പയർ, പാവൽ, സാലഡ് വെള്ളരി, വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പന്തൽവിളകളായ പയറും പാവലുമൊക്കെ മാറിമാറി കൃഷി ചെയ്യുന്നു. ഇപ്പോൾ പാവലാണ് പന്തലിലുള്ളത്. മായ എന്ന ഇനമായിരുന്നു ഇത്തവണ കൃഷി ചെയ്തത്. വിളവെടുപ്പ് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള കായ്കൾ ഉണങ്ങി സൂക്ഷിക്കുന്നതിന് എടുക്കും. കീടനാശിനിപ്രയോഗമൊന്നും ചെയ്തിട്ടില്ലാത്തതിനാൽ കിലോയ്ക്ക് 80 രൂപയ്ക്കു വിൽക്കാൻ കഴിഞ്ഞെന്നും സജോ. ഒക്ടോബർ അവസാനത്തോടെ പയർ ഇവിടെ സ്ഥാനം പിടിക്കും. കഴിഞ്ഞ വർഷം 600 മൂടോളം പയർ നട്ടിരുന്നു. 500 കിലോയ്ക്കു മുകളിൽ വിളവ് ലഭിച്ചിരുന്നെന്ന് സജോ. കിലോയ്ക്ക് 55 രൂപയ്ക്കായിരുന്നു വിൽപന.

ഇത്തവണ വഴുതനയ്ക്ക് ഇടവിളയായി പരീക്ഷണാർഥം ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നു സജോ. ഓണം മുൻകൂട്ടി കണ്ട് നട്ടിരിക്കുന്ന 400 ചെടികളിലും പൂക്കൾ നിറഞ്ഞു. ഒന്നിന് 5 രൂപ നൽകി വാങ്ങിയ തൈകൾ മികച്ച വളർച്ചയും വിളവും കാഴ്ചവച്ചിട്ടുണ്ട്. ഒന്നുരണ്ടു കടകളുമായി സംസാരിച്ചുവച്ചിട്ടുള്ളതിനാൽ വിൽപനയ്ക്ക് ബുദ്ധിമുട്ടില്ലെന്നു സജോ പറയുന്നു.

800 മൂട് കപ്പയും സജോയ്ക്കുണ്ട്. വാട്ടുകപ്പയ്ക്കായിട്ടാണ് കൃഷി. കൃഷിയിടത്തോടു ചേർന്ന് വലിയൊരു പാറയുള്ളതുകൊണ്ടുതന്നെ വാട്ടി ഉണങ്ങാൻ വളരെയെളുപ്പം. വർഷം 10 ക്വിന്റലോളം ഉണക്കക്കപ്പ വിൽപനയ്ക്കുണ്ടാകും. സ്ഥിരം വാങ്ങുന്നവരുള്ളതിനാൽ വിൽപനയ്ക്കു ബുദ്ധിമുട്ടില്ല.
ഒരു പശുവും സജോയ്ക്കുണ്ട്. ഇളംകറവയിൽ 21 ലീറ്റർ പാലുണ്ട്. ഇതും ഒരു വരുമാനമാണ്. മാത്രമല്ല കൃഷിയിടത്തിലേക്ക് ആവശ്യമുള്ള ചാണകവും ലഭിക്കുന്നു.

കൃഷി കൂടാതെ തേനീച്ചവളർത്തലുമുണ്ട് ഈ കർഷകന്. മീനച്ചിൽ ബീ ഗാർഡൻ ഉടമ ബിജു ജോസഫിന്റെ ഒരു വർഷത്തെ തേനീച്ച വളർത്തൽ പരിശീലനപരിപാടിയിൽ പങ്കെടുത്തശേഷമാണ് തേനീച്ചക്കൃഷിയിലേക്ക് ഇറങ്ങിയത്. 5 വർഷം മുൻപ് ചെറിയ രീതിയിൽ ആരംഭിച്ച തേനീച്ച സംരംഭം ഇന്ന് പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ്. 40 പെട്ടികളാണ് കൈവശമുള്ളതെങ്കിലും വർഷം മുഴുവൻ തേൻ വിൽക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് സജോ. ഇതിനായി നല്ല കർഷകരിൽനിന്ന് തേൻ വാങ്ങി പ്രത്യേകം സൂക്ഷിക്കുന്നു. 2 ടൺ തേൻ സംഭരിക്കാൻ കഴിയുന്ന 2 ബാരലുകൾ ഇവിടെയുണ്ട്. ഇതിൽനിന്ന് ആവശ്യാനുസരണം പുറത്തെടുത്ത് ഡബിൾ ബോയിലിങ് ചെയ്ത് സംസ്കരിച്ച് കുപ്പികളിലാക്കി ആവശ്യക്കാർക്ക് വിൽക്കുന്നു. നേരിട്ടുള്ള വിൽപന കൂടാതെ പ്രദേശത്തെ കടകൾ വഴിയും തേൻ വിൽപനയുണ്ട്. റോസസ് ഹണി എന്നു ബ്രാൻഡ് ചെയ്താണ് വിൽപന.
തേനീച്ച വളർത്തലിൽ മഴക്കാലത്ത് മലങ്കുളവിയുടെ ആക്രമണം വളരെ രൂക്ഷമാണെന്ന് സജോ. അതുകൊണ്ടുതന്നെ തേനീച്ചകൾ കൂടുപേക്ഷിക്കുന്ന പ്രവണത കൂടുതലാണ്. അതിനാൽ ഒക്ടോബർ ആകുമ്പോൾ പുതിയ കോളനികൾ വാങ്ങി വളർത്തി വിഭവിച്ച് പുതിയ കോളനികൾ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഫോൺ: 9495265301
English summary: The success story of mixed farming