വിസ്തൃതി ചുരുങ്ങുന്ന കൃഷിയിടവും, ഉയർന്ന ഉൽപാദനച്ചെലവും: ചിങ്ങം ഒന്ന് ഒരോർമപ്പെടുത്തൽ

paddy
നെൽകൃഷി (ചിത്രം: കർഷകശ്രീ)
SHARE

വറുതിയുടെ കള്ളക്കർക്കടകത്തിൽനിന്നും വിളവെടുപ്പിന്റെയും പത്തായംനിറയുടെയും സമൃദ്ധിയിലേക്ക് കടക്കുന്ന ചിങ്ങത്തിന്റെ പ്രഥമ ദിനമായ, ചിങ്ങം ഒന്ന് കൊല്ലവർഷാരംഭവും, കർഷക ദിനവുമാണ്. ഇടമുറിയാതെ പെയ്യുന്ന മഴയ്ക്ക് ശമനം കിട്ടുന്നതോടൊപ്പം, പാടങ്ങളില്‍ സ്വർണക്കതിർ കാഴ്ചകൾ തീർക്കുകയും ചെയ്യുന്നത് സൂര്യൻ ചിങ്ങരാശിയിലൂടെ സഞ്ചരിക്കുന്ന ഈ ചിങ്ങമാസത്തിലാണ്. 

മേടത്തിൽ വിത്ത് വിതച്ച് ചിങ്ങത്തിൽ കൊയ്ത്, പുന്നെല്ല് കുത്തി പട്ടിണി മാറ്റിയിരുന്നത് പഴയ തലമുറയ്ക്ക് ഓർമയായി തീർന്നപ്പോൾ പുതുതലമുറയ്ക്ക് കെട്ടുകഥ കേൾക്കുന്ന കൗതുകമായി മാറിയിട്ടുണ്ട്. മകരക്കൊയ്ത്തിനായി ചിങ്ങത്തിൽ കൃഷിപ്പണി തുടങ്ങി വയലേലകളെല്ലാം കർഷകരെ കൊണ്ട് നിറയുന്ന വിശാലമായ പാടശേഖരങ്ങളുള്ള ആ പഴയ കാലം ഇപ്പോൾ ഒരു സെൽഫിക്കു വേണ്ടി പോലും നാട്ടിൻപുറങ്ങളിൽ അവശേഷിക്കുന്നില്ല. 

എല്ലാ മാനവ സംസ്കാരങ്ങളും രൂപപ്പെട്ടിട്ടുള്ളത് കാർഷിക സംസ്കാരത്തിൽനിന്നാണ്. കൃഷി ക്രമേണ നശിക്കുന്നുണ്ടെങ്കില്‍ നമ്മുടെ സംസ്കാരവും ക്രമേണ നശിക്കുന്നുവെന്നു വേണം കരുതാൻ. 

അന്നദാതാവായ കർഷകരെ ആദരിക്കലാണ് കാർഷികദിനം കൊണ്ടുദ്ദേശിക്കുന്നത്. കേരളത്തിൽ ചിങ്ങം ഒന്നിന് കർഷകദിനമായി ആചരിക്കുന്നുവെങ്കിലും അഖിലേന്ത്യാതലത്തിൽ ഡിസംബർ 23 ആണ് കർഷകദിനം. ലോകഭക്ഷ്യദിനവും അന്നാണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കർഷകനേതാവുമായ ചൗധരി ചരൺസിങ്ങിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് കർഷക ദിനം അന്നേ ദിവസം ഇന്ത്യയിൽ ആചരിക്കുന്നത്. 

ലോകത്ത് 1800 മുതൽ കർഷകർക്കായി ഒരു ദിവസം ആചരിക്കുന്നുണ്ട്. ഏകദേശം 50 കോടി കർഷകർ ലോകത്തുണ്ട്. അവരുടെ വിയർപ്പിന്റെയും, അധ്വാനത്തിന്റെയും ഫലമാണ് നാം കഴിക്കുന്ന ഭക്ഷണം. ഈ ദിവസം നമുക്ക് ആഗോള കർഷകരെ സ്മരിക്കാം. മനസ്സു കൊണ്ട് ആദരിക്കാം. നമ്മുടെ വിശപ്പടക്കുന്നതിന്. 

വർഷാവർഷം കോടിക്കണക്കിന് രൂപ കാർഷിക വികസനത്തിനായി ചെലവഴിച്ചിട്ടും നമ്മുടെ കൃഷി വികസിക്കുകയോ ഉൽപാദനം വർധിക്കുകയോ ചെയ്തിട്ടുണ്ടോ? നാം ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണ്. വർഷത്തിലൊരു ദിവസം മാത്രം കർഷകന് പ്രത്യേക ആദരവും അംഗീകാരവും നൽകിയതുകൊണ്ടു മാത്രം നമ്മുടെ കാർഷികമേഖല വികസിക്കുമോ? നിലനിൽപിനായി പോരടിക്കുന്ന അനേകായിരം സാധാരണ കർഷകർക്ക് ആശ്വാസമാകുമോ? കേരളത്തിൽ കൃഷിയില്ല അതുകൊണ്ട് കർഷകരില്ല എന്ന് അഭിനവ മൃഗസ്നേഹികൾ പ്രഖ്യാപിക്കുമ്പോൾ വന്യജീവികളുടെ ആക്രമണങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം തരണം ചെയ്ത് കൃഷിയിലൂടെ ജീവിക്കുന്ന സാധാരണ കർഷരുടെ വേദന നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകുമോ? കൃഷി ചെയ്യാൻ സാധിക്കാത്ത, ചെയ്ത കൃഷി വന്യമൃഗങ്ങളിൽനിന്ന് രക്ഷപ്പെടുത്തി നേരെ ചൊവ്വേ വിളവെടുക്കാൻ സാധിക്കാത്ത കർഷകരുള്ള നമ്മുടെ നാട്ടിൽ കർഷകദിനം ആഘോഷിച്ചതുകൊണ്ടു മാത്രം കൃഷി വളരുമോ? വിസ്തൃതി ചുരുങ്ങുന്ന കൃഷിയിടവും, ഉയർന്ന ഉൽപാദന ചെലവും, സ്ഥിരതയില്ലാത്ത ഉൽപന്ന വിലയും, സമയത്ത് ലഭിക്കാത്ത സംഭരണവിലയും കർഷകരെ കാർഷികമേഖലയിൽ നിന്നകറ്റുന്നുണ്ടെന്നുള്ള തിരിച്ചറിവ് നമുക്ക് പരസ്പരം പങ്കുവയ്ക്കാം. 

English summary:  Farmer's Day An Overview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS