ഉത്രാടത്തിന് ഉഴപ്പൻ വിഭവങ്ങൾ; അവിട്ടത്തിന് ബ്രേക്ഫാസ്റ്റ് അവിട്ടക്കട്ട; അഞ്ചു നാൾ കഴിഞ്ഞാല്‍ കൊഞ്ചോണം: ഓണക്കാല ഭക്ഷണക്രമത്തിലെ ചിട്ടവട്ടങ്ങൾ

HIGHLIGHTS
  • രുചിയുടെ ആഘോഷം; ഓർമിക്കാം ഓണക്കാല ഭക്ഷണക്രമത്തിലെ ചിട്ടവട്ടങ്ങൾ
onasadhya-4
SHARE

ഓണം കഴിഞ്ഞേ മറ്റേതൊരുത്സവവും മലയാളിക്കുള്ളൂ. ഓണം ഒരേ സമയം ഭക്ഷ്യോത്സവവും സാംസ്കാരികോത്സവവുമാണ്. ഉത്രാടത്തിൽ തുടങ്ങി അഞ്ചോണവും കൊഞ്ചോണവും കാടിയോണവും മൂടിയോണവും കൂടി ആഘോഷിച്ചാലേ നമുക്കു തൃപ്തിയാവൂ.

ഒന്നാമോണം ഉഴപ്പോണം 

ഉത്രാടത്തിന് ‘ഉരുട്ടീം പിരട്ടീം’, ഒന്നാമോണം ഉഴപ്പോണം എന്നാണ് പ്രമാണം. കലവറയും അടുക്കളയും സമൃദ്ധമെങ്കിലും ഏവരുടെയും നോട്ടം രണ്ടാമോണമായ തിരുവോണത്തിൽത്തന്നെ. ഉത്രാടനാൾ ഉച്ചകഴിഞ്ഞാൽ കുഗ്രാമത്തിലും വെപ്രാളം. രാവിലെതന്നെ ഉപ്പേരിക്കുള്ള കായ പൊളിച്ച് മഞ്ഞൾ വെള്ളത്തിലിടും. അതിന്റെ തൊലി അന്ന് ഉച്ചയൂണിനു തോരന്‍. പൊളിച്ച കായയുടെ വാലും തലയുംകൊണ്ടൊരു ഉശിരൻ മെഴുക്കുപുരട്ടിയും. തിരുവോണ അവിയലിന് എടുത്തുവച്ച ചേനയുടെ വിത്തുകളും മത്തങ്ങയും കൊണ്ടൊരു എരിശ്ശേരിയും പിറ്റേന്നത്തേക്കു തയാറാക്കിയ കുറുക്കുകാളൻ അൽപമെടുത്ത് വെള്ളം ചേർത്തു നീട്ടി ഒരു പുളിശ്ശേരിയും ഉത്രാടത്തിലെ ഉഴപ്പൻ വിഭവങ്ങളാണ്. അന്ന് അച്ചാർ ഭരണി തുറക്കുന്ന പ്രശ്നമേയില്ല. പകരമൊരു ചമ്മന്തിയും ഇഞ്ചിപ്പച്ചടിയും കൂടി ഉണ്ടാക്കും. അതിനാൽ ഉത്രാടവിഭവങ്ങളെ അഞ്ചു കറിയും ഇഞ്ചിപ്പച്ചടിയും എന്നു  പറയാറുണ്ട്.

ഓണച്ചമ്മന്തിയും അവിട്ടക്കട്ടയും 

ഓണനാളിലെ ചമ്മന്തി വിശേഷങ്ങളിലേക്ക്! തിങ്കളാഴ്ചയാണ് തിരുവോണമെങ്കിൽ പച്ചമുളകോ കാന്താരിയോ ചേർത്തരച്ച വെള്ളച്ചമ്മന്തി ഇലയുടെ വലതുമൂലയിൽ വിളമ്പണമെന്നു പ്രമാണം. ചൊവ്വാഴ്ചയെങ്കിൽ വറ്റൽമുളകു ചേർന്ന തേങ്ങാച്ചമ്മന്തിയും ബുധനാഴ്ചയെങ്കിൽ പുളിയാറിലച്ചമ്മന്തിയും വെള്ളിയാഴ്ച യെങ്കിൽ തൈരുചമ്മന്തിയും ശനിയാഴ്ചയെങ്കിൽ ചുട്ടരച്ച ചമ്മന്തിയും ഞായറാഴ്ചയെങ്കിൽ ഉള്ളിച്ചമ്മന്തിയും തന്നെ വേണം.

onasadhya-2

ഇലയുടെ ഇടത്താണ് ശർക്കരപുരട്ടി (വരട്ടി), കായുപ്പേരി എന്നിവയുടെ സ്ഥാനം. കായ വട്ടത്തിലരിഞ്ഞതും രണ്ടിലൊന്നായും നാലിലൊന്നായും കീറിയരിഞ്ഞതും ഉപ്പേരിയായി മാറും. ഒപ്പം ചേന, ചേമ്പ്, മരച്ചീ നി ഉപ്പേരിയും ഇലയിൽ നിരക്കും. ഉപ്പേരിപോലെ പ്രധാനമാണ് കളിയടയ്ക്കയും ചീടയും ഉഴുന്നാടയും. കുതിർത്ത അരി തേങ്ങ ചേർത്തരച്ച് ഉപ്പും മഞ്ഞളും പാകത്തിനിട്ട്, എള്ളും അയമോദകവും വിതറി ഗോലി പോലെ ഉരുട്ടി വെളിച്ചെണ്ണയിൽ വറുത്തുകോരുന്നതു കളിയടയ്ക്ക. ഈ കൂട്ടുതന്നെ കൈവെള്ളയിൽ പരത്തി എണ്ണയിൽ ഇട്ടാൽ ചീടയായി. മരച്ചീനിമാവുകൊണ്ടുള്ള  ചെറുവളയങ്ങളാണ് ഉഴുന്നാട. ഇതു വറുത്ത് മാലപോലെ വാഴനാരിൽ കോർക്കാറുണ്ട്.

ഉപ്പേരി കഴിഞ്ഞാല്‍ അച്ചാറുകളാണ്. ഇഞ്ചി, കടുമാങ്ങ, നാരങ്ങ ഇവയാണ് സാർവത്രികമായി സദ്യയിൽ വിളമ്പുക. നാണയത്തെക്കാൾ അൽപം കൂടി വലുപ്പമുള്ള ചെറിയ പപ്പടവും ദോശവട്ടമുള്ള വലിയ പപ്പട വും ഓണനാളിൽ നിർബന്ധം. കൂടാതെ പൊട്ടിക്കൽ വിനോദത്തിനുള്ള ഭീമൻ പപ്പടവും അന്ന് വറുത്തെടുക്കും.

onasadhya-3

തിരുവോണനാൾ രാവിലെ, ഭാഗികമായി പഴുത്ത ഏത്തക്കായ മുറിച്ചു പുഴുങ്ങിയതും പൂവടയുമാണ് വിഭവം. തുമ്പപ്പൂവും അരിമാവു കുഴച്ച് തളിർ വാഴയിലയിൽ പരത്തി നടുവിൽ തേങ്ങയും ശർക്കരയും ഏലത്തരിയും ചുക്കുപൊടിയുമിട്ടു മടക്കി തലേന്നു പുഴുങ്ങിവച്ച അടയാണ് പൂവട. വൈകുന്നേരം കളി യുടയ്ക്കയും ചീടയുമൊക്കെ സ്നാക്സ് ആകും. അത്താഴത്തിനെ ഓണമിച്ചം എന്നാണു പറയുക. ഉച്ചയ്ക്കു വച്ച കറികളും ചോറും പാതിയെടുത്ത് അത്താഴമാക്കും. ബാക്കി ‘അവിട്ടക്കട്ട’ ഉണ്ടാക്കാനായി മാറ്റും. അവിട്ടം നാൾ രാവിലെ അവിട്ടക്കട്ടയാണു ബ്രേക്ഫാസ്റ്റ്. അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണമത്രേ. തലേന്നത്തെ മിച്ചം വന്ന ചോറ് വെള്ളത്തിലിട്ടത് കട്ടയായി കിടക്കും. ഇതിൽ സാമ്പാറും അവിയലും തോരനു മൊക്കെച്ചേർത്താണ്  അകത്താക്കുക.

അഞ്ചു നാൾ കഴിഞ്ഞാല്‍ കൊഞ്ചോണം

ഇനി പായസവിശേഷങ്ങള്‍. തിരുവോണനാൾ അടപ്രഥമനാണ് വിളമ്പുക. പിന്നീട് ഉതൃട്ടാതിവരെ യഥാക്രമം പാൽപായസം, നെയ്പായസം, ഇടിച്ചു പിഴിഞ്ഞ പായസം, കടുംപായസം എന്നിവയും. പായസപ്രേമികള്‍ക്ക്  ഇനിയും നീട്ടാം.  എന്നാൽ ആചാരപ്രകാരം അഞ്ചു നാൾ കഴിഞ്ഞു കൊഞ്ചോണമാണ്. മത്സ്യമാംസാദികൾ ശീലിച്ചവര്‍ക്കുള്ളത്. ആതിഥേയര്‍ സസ്യഭുക്കുകളാണെങ്കിലും പുറത്തു പ്രത്യേകമൊരുക്കുന്ന പാചകപ്പുരയില്‍ ഇവ തയാറാക്കി അയൽക്കാർക്കും സുഹൃത്തുക്കൾക്കും വിളമ്പും. അവരെ യാത്രയാക്കുന്നത് ‘ഓണശേഷം’ നൽകിയാണ്. വിവിധതരം ഉപ്പേരികളും ശർക്കരപുരട്ടിയും ഉണക്കയിലയിൽ പൊതിഞ്ഞതാണ് ഓണശേഷം.  

English summary: Onam Sadhya: Traditions, Tastes, and Togetherness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS