ADVERTISEMENT

തൃശൂർ വാരിയം റോഡിൽ പ്രവർത്തിക്കുന്ന കൈരളി അഗ്രിക്കൾച്ചർ മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി സംസ്ഥാനത്തെ കർഷകർക്കു നൽകുന്നത് പുതുമയുള്ള വാഗ്ദാനമാണ്. കർഷകർ സ്വന്തം കൃഷിയിടത്തിൽ കാർബൺ ഡയോക്സൈഡ് ഉൽപാദനം കുറയ്ക്കുക; കുറയുന്ന ഓരോ ടണ്ണിനും നിശ്ചിത ഡോളർ പ്രതിഫലം കർഷകന്റെ അക്കൗണ്ടിലെത്തും. രാജ്യാന്തരതലത്തിൽ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാർബൺ ക്രെഡിറ്റ് പദ്ധതിയുടെ നേട്ടം നമ്മുടെ കർഷകർക്കും ലഭ്യമാക്കാനുള്ള ശ്രമമാണ് കൈരളി സൊസൈറ്റിയുടേതെന്ന് ചെയർമാൻ കെ.വി. അശോകൻ പറയുന്നു.

കാർബൺ ക്രെഡിറ്റ് 

വയനാട് മീനങ്ങാടി ഗ്രാമവും കൃഷിവകുപ്പിന്റെ ആലുവ വിത്തുൽപാദന ഫാമും കാർബൺ ന്യൂട്രലായതിനെക്കുറിച്ച് കർഷകർ മുൻപേ കേട്ടതാണ്. അതിന്റെ അടുത്ത ഘട്ടമാണ് കാർബൺ ക്രെഡിറ്റ്. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലാണ് ഭൂഗോള താപീകരണത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമെന്നു നിരന്തരം നാം കേൾക്കാറുണ്ട്. ഈ വാതകങ്ങളിൽ മുന്നിലുള്ളത് കാർബൺ ഡയോക്സൈഡ് തന്നെ. ഒപ്പം മീഥൈനും നൈട്രസ് ഓക്സൈഡും. അന്തരീക്ഷത്തിലേക്കു തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് കഴിഞ്ഞ 20 വർഷം കൊണ്ട് 12 ശതമാനവും മീഥൈനിന്റെ അളവ് 6 ശതമാനവും വർധിച്ചെന്നാണു കണക്ക്.

ഇന്ധനങ്ങൾ, രാസ–ജൈവ മാലിന്യങ്ങൾ എന്നിവ മാത്രമല്ല, കാർഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും കാർബൺ പുറന്തള്ളലിനു കാരണമാകുന്നുണ്ട്. നൈട്രജൻ വളങ്ങളുടെ അമിത ഉപയോഗം അന്തരീക്ഷത്തിൽ നൈട്രസ് ഓക്സൈഡിന്റെ അളവു കൂടാനിടയാക്കുന്നു. കുന്നുകൂടി കിടക്കുന്ന ചാണകത്തിൽ നിന്നാകട്ടെ, ഓക്സിജന്റെ അഭാവത്തിൽ കാർബൺ ഡയോക്സൈഡും മീഥൈനും പുറന്തള്ളപ്പെടും. അതായത്,  ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലൂടെ കാലവസ്ഥമാറ്റത്തിന് ഒരളവോളം ഇന്നത്തെ കൃഷി– മൃഗസംരക്ഷണ രീതികൾ വഴിവയ്ക്കുന്നുണ്ട്. അത് കൃഷിയെത്തന്നെ ബാധിക്കുന്നു എന്നതാണ് അപകടകരമായ യാഥാർഥ്യം. ഇവിടെയാണ് കാർബൺ ക്രെഡിറ്റിന്റെ പ്രസക്തി. കൃഷിയിടത്തിൽനിന്ന് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എത്രത്തോളം കുറയ്ക്കുന്നോ അത് ‘ക്രെഡിറ്റ്’ ആയി എണ്ണുകയും ഓരോ ക്രെഡിറ്റിനും നിശ്ചിത തുക കർഷകന് പ്രതിഫലമായി ലഭിക്കുകയും ചെയ്യുമെന്ന് കെ.വി. അശോകൻ പറയുന്നു.

emission
ഹരിതഗൃഹവാതക നിർഗമനത്തിന് വഴിവയ്ക്കുന്ന കൃഷിയിട പ്രവർത്തനങ്ങൾ. ഇൻസെറ്റിൽ കെ.വി.അശോകൻ

ഈ രീതിയിൽ സ്വന്തം കൃഷിയിടത്തിൽനിന്നു കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന കർഷകന് ആരു പണം നല്‍കും? ന്യായമായ ചോദ്യം.  കൈരളി സൊസൈറ്റി നൽകുമെന്നു പറഞ്ഞാൽ അവർക്കത് എവിടെനിന്നു കിട്ടുമെന്നു ചോദിക്കാം.

ആരു നല്‍കും

ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ഗ്ലസ്ഗോ ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ പ്രകാരം കാലാവസ്ഥവ്യതിയാനം തടയുന്നതിന് ലോകരാജ്യങ്ങൾ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട് (കേന്ദ്ര ബജറ്റിൽ ഗ്രീൻ ക്രെഡിറ്റിനും പ്രകൃതിക്കൃഷിക്കുമെല്ലാം പ്രാമുഖ്യം വരുന്നതിന്റെ കാരണവും ഇതു തന്നെ). ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിന് മുഖ്യ ഹേതു വൻ വ്യവസായങ്ങളാണ്. നടപ്പുരീതിയിൽ  പരിസ്ഥിതിവിരുദ്ധമായി അവർക്കു മുന്നോട്ടു പോകാനാവില്ല. അതേസമയം സോളർ ഊർജ വിനിയോഗം ഉൾപ്പെടെ എത്രതന്നെ പരിസ്ഥിതിസൗഹൃദ മാർഗത്തിലേക്കു മാറിയാലും ഒരളവു വരെ ഹരിതഗൃഹ വാതകങ്ങൾ അവർക്കു പുറന്തള്ളേണ്ടി വരും. ഈ സാഹചര്യത്തിൽ നിശ്ചിത ശതമാനം കാർബൺ ക്രെഡിറ്റ് വില കൊടുത്തു വാങ്ങി അവർക്ക് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ അവസരമുണ്ട്. ആഗോളതലത്തിൽ പല കമ്പനികളും ഈ വഴിക്കു തിരിഞ്ഞു കഴിഞ്ഞെന്ന് അശോകനും സൊസൈറ്റിയുടെ കാർബൺ കൺസൽറ്റന്റായ ലതീഷും പറയുന്നു. ഇന്ത്യൻ കമ്പനികൾക്ക് നിലവിലിത് നിയമം മൂലം നിർബന്ധമാക്കിയിട്ടില്ലെങ്കിലും അതിലേക്കാണ് പോക്ക് എന്ന് കാർബൺ ഓഡിറ്റിങ്ങിൽ രാജ്യാന്തര യോഗ്യതയുള്ള ലതീഷ് ചൂണ്ടിക്കാട്ടുന്നു. കാർബൺ വിൽപനയുടെ സാധ്യതയും അതു തന്നെ. 

Air pollution. Image credit: Evgenii Panov/ShutterStock
Air pollution. Image credit: Evgenii Panov/ShutterStock

നിങ്ങളുടെ കൃഷിയിടത്തിൽ പ്രകൃതിസൗഹൃദ കൃഷിമാർഗങ്ങളിലൂടെ നിങ്ങൾ കുറയ്ക്കുന്ന ഓരോ ടൺ കാർബണും ഓരോ കാർബൺ ക്രെഡിറ്റായി എണ്ണപ്പെടും. ഇത് നിശ്ചിത വില നൽകി മേൽപ്പറഞ്ഞ കമ്പനികൾ സ്വന്തമാക്കും. ഇത്തരം കാർബൺ ക്രെഡിറ്റ് വിനിമയത്തിനായി നിലവിൽ ഓസ്ട്രേലിയയിലെ സിഡ‍്നിയിൽ ഓഹരി വിപണി മാതൃകയിൽ കാർബൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ട്. ഈ എക്സ്ചേഞ്ചിൽ കൈരളിയും അംഗമാണെന്ന് അശോകൻ. കാർബൺ ക്രെഡിറ്റ് ലഭിക്കുന്ന തരം കൃഷിരീതിയിലേക്ക് കർഷകരെ എത്തിക്കാനും ഈ കാർബൺ ക്രെഡിറ്റ് വിനിമയം ചെയ്ത് കർഷകർക്ക് പ്രതിഫലം നൽകാനുമാണ് കൈരളിയുടെ ശ്രമമെന്ന് അശോകൻ. ഒരു കാർബൺ ക്രെഡിറ്റിന് 40 ഡോളർ ആണ് നിലവിൽ സൊസൈറ്റി കർഷകന് വാഗ്ദാനം ചെയ്യുന്നത്. 

Read also: കാർബൺ ബഹിർഗമനം കുറയ്ക്കാൻ വേണം കാട്ടുപന്നി നിയന്ത്രണം: ചില വസ്തുതകൾ

കൃഷിയിടങ്ങളിലേക്ക്

കർഷകരുമായി 7 വർഷത്തെ കരാറാണ് കൈരളി വയ്ക്കുന്നത്. കരാറിലെത്തുന്ന കർഷകരുടെ കൃഷിയിടത്തിലെ ഹരിതഗൃഹവാതക നിർഗമനം ഓഡിറ്റ് ചെയ്യുകയാണ് ആദ്യപടി. തുടർന്ന് കൃഷിരീതിയിൽ വരുത്തേണ്ട തിരുത്തലുകൾ നിർദേശിക്കും. കാർഷികാവശിഷ്ടങ്ങൾ കത്തിക്കാതിരിക്കൽ, ആവരണവിളകൾക്കും സമ്മിശ്ര കൃഷിരീതികൾക്കും മുന്‍ഗണന നൽകൽ, ഡീസൽ–മണ്ണെണ്ണ പമ്പുസെറ്റുകൾക്കു പകരം സോളര്‍, മണ്ണൊലിപ്പുള്ള പ്രദേശങ്ങളിൽ രാമച്ചം, മുള വച്ചുപിടിപ്പിക്കൽ തുടങ്ങി ഹരിതഗൃഹ വാതക നിയന്ത്രണത്തിന് മാർഗങ്ങൾ പലതുണ്ട്. ഈ രീതിയിൽ മുന്നേറുന്ന കൃഷിയിടങ്ങൾക്ക് ഒന്നര– രണ്ട് വർഷങ്ങൾക്കുള്ളിൽ കാർബൺ ക്രെഡിറ്റ് ലഭ്യമായിത്തുടങ്ങുമെന്ന് ആശോകനും ലതീഷും പറയുന്നു.

രാജ്യാന്തരവിപണിയിൽ ഇപ്പോൾത്തന്നെ കാർബൺ ന്യൂട്രൽ കാർഷികോൽപന്നങ്ങൾ എത്തിക്കഴിഞ്ഞു. അതായത്, ഓർഗാനിക് ഉൽപന്നങ്ങൾ എന്നപോലെ കാർബൺ ന്യൂട്രൽ ഫാമിൽനിന്നെത്തുന്ന ഉൽപന്നങ്ങൾ. ജൈവോൽപന്നങ്ങളുടെ കാര്യത്തിൽ എന്നപോലെ താമസിയാതെ, കാർബൺ ന്യൂട്രൽ ഉൽപന്നങ്ങൾ തേടുന്ന ഉപഭോക്താക്കൾ സജീവമാകുമെന്നും അതു കർഷകരുടെ വരുമാന വർധനയ്ക്ക് വഴിവയ്ക്കുമെന്നും അശോകൻ പറയുന്നു. കർഷകരെ സംഘടിപ്പിച്ച് ഈ വഴിക്കുള്ള കാർഷികോൽപാദനത്തിലേക്കും വിപണനത്തിലേക്കുംകൂടി തിരിയാനൊരുങ്ങുകയാണ് കൈരളി.

ഫോൺ: 9645073085, 8590600345 (വാട്സാപ് മാത്രം)

English summary: How do carbon credits work and what are the benefits of participating in carbon markets?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com