വില ഇനിയും കയറും പക്ഷേ, ഏലക്ക ഉൽപാദനം 50–60 ശതമാനം ഇടിയും; നാലു വർഷത്തെ മികച്ച വിലയിൽ പൈനാപ്പിൾ
Mail This Article
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ രണ്ടാം റൗണ്ട് വിളവെടുപ്പ് അവസാനിക്കുന്നു. പ്രതികൂല കാലാവസ്ഥ സൃഷ്‌ടിച്ച ആഘാതത്തിൽ പ്രതീക്ഷകൾ നഷ്‌ടപ്പെട്ട അവസ്ഥയിലാണ് ഓരോ ചെറുകിട കർഷകനും. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ ഇനി എല്ലാ തുലാവർഷത്തിന്റെ പ്രകടനങ്ങളെ ആശ്രയിച്ചാവും.
തുലാമഴ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് തോട്ടം മേഖലയെങ്കിലും ഉൽപാദനം നിലവിലെ അവസ്ഥയിൽ കേവലം പത്തു ശതമാനത്തിന്റെ വർധന മാത്രമാണ് വൻകിട എസ്‌റ്റേറ്റുകൾ പോലും കണക്കാക്കുന്നത്. ആ നിലയ്‌ക്ക് ഒന്നും രണ്ടും ഏക്കർ മാത്രം കൃഷി ചെയുന്ന കർഷകരുടെ സ്ഥിതി പരിങ്ങലിലാവും.
വരൾച്ചയുടെ രൂക്ഷത പല ഭാഗങ്ങളിലും വ്യത്യസ്ത രീതിയിലാണ് ഏലത്തോട്ടങ്ങളെ ബാധിച്ചിരിക്കുന്നത്. രണ്ടു ദിവസമായുള്ള മഴ ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും കാര്യമായി ലഭിച്ചില്ലെന്ന് ഒരു വിഭാഗം കർഷകർ. എന്തായാലും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഇടുക്കിയുടെ പല ഭാഗങ്ങളിലും ഏലക്ക ഉൽപാദനം 50 മുതൽ 60 ശതമാനം വരെ ഇടിയുമെന്ന സൂചനയാണ് ഉൽപാദകരുടെ ഭാഗത്ത് നിന്നും ലഭ്യമാവുന്നത്.
അതായത് ജൂൺ-ഓഗസ്‌റ്റ് കാലയളവിൽ മഴ ഇത്രമാത്രം കുറഞ്ഞതു മൂലം ഏറ്റവും കൂടുതൽ തിരിച്ചടിനേരിട്ട സുഗന്‌ധവ്യഞ്‌ജനങ്ങളുടെ പട്ടികയിൽ ഏലം ഒന്നാം സ്ഥാനത്താണ്. സീസൺ കാലയളവിൽ മഴ 50 ശതമാനത്തിലധികം ചുരുങ്ങിയത് ഏലചെടികൾ പുഷ്‌പിക്കുന്നതിന് പോലും തടസമുളവാക്കി. ഇക്കുറി സീസൺ നവംമ്പറിൽ തന്നെ അവസാനിക്കുമെന്ന സൂചനകളും ഹൈറേഞ്ചിൽ നിന്നും പുറത്തുവരുന്നുണ്ട്.
നിലവിൽ ഒരേക്കറിലെ ഉൽപാദനം 160-170 കിലോയായി ചുരുങ്ങിയെന്ന് അവകാശപ്പെടുന്ന തോട്ടങ്ങളുണ്ട്. സാധാരണ 350-400 കിലോ വരെ ലഭിക്കുന്ന തോട്ടങ്ങളിലെ അവസ്ഥ ഇത്തരത്തിൽ കുറഞ്ഞത് കണക്കിലെടുത്താൽ ഒക്‌ടോബർ - ഫെബ്രുവരി കാലയളവിൽ ഇന്ത്യയുടെ ഏലക്ക കയറ്റുമതിയിൽ വൻ ഇടിവ് സംഭവിക്കും. വിദേശ രാജ്യങ്ങളിൽ ഏലത്തിനുള്ള ഡിമാൻഡ് മുന്നിൽ കണ്ട് കയറ്റുമതിക്കാർ വില ഉയർത്തിയാലും കർഷകർ ഉൽപ്പന്നം ആവശ്യാനസരണം കൈമാറാൻ ക്ലേശിക്കേണ്ടതായി വരും.
ഇതിനിടെ തുലാവർഷം കനിഞ്ഞാൽ സ്ഥിതിഗതികളിൽ അയവ് സംഭവിക്കാം. നിലവിൽ ശരാശരി ഇനങ്ങൾ കിലോ 2000-2200 റേഞ്ചിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഉൽപ്പന്നത്തെ 2000നു മുകളിലേക്ക് കടത്തിവിടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഒരു വശത്ത് അരങ്ങേറുന്നു. ഓഗസ്‌റ്റിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന 50 ലേലങ്ങളിലും ഉൽപ്പന്നം മുന്നേറാനുള്ള പ്രവണത പല ആവർത്തി കാഴ്‌ചവച്ചു.
ഏലക്ക ക്ഷാമം രൂക്ഷമാകുന്നത് കണക്കിലെടുത്താൽ സെപ്റ്റംബറിന്റെ രണ്ടാം പകുതിയിൽ 2400ലേക്ക് ഒരു എത്തിനോട്ടത്തിന് ശ്രമം നടത്താം. ഉൽപാദകകേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ വിലക്കയറ്റ സാധ്യതകൾക്ക് ശക്തിപകരുന്നുണ്ടെങ്കിലും ലേലത്തിൽ നേരത്തെ ഇറക്കിയ ചരക്ക് വീണ്ടും വിൽപ്പനയ്‌ക്ക് എത്തിക്കുന്ന പ്രവണ തടയാനാൽ ഒക്‌ടോബർ ആദ്യം ഉൽപ്പന്നം കുതിച്ചുചാട്ടം തന്നെ കാഴ്‌ചവയ്ക്കാം. നവരാത്രിയും വിജയദശമിയും എല്ലാ കാലത്തും ഏലത്തിന് ആകർഷകമായ വില സമ്മാനിച്ച ചരിത്രമാണുള്ളത്. ഇക്കുറി ചരക്കുക്ഷാമം രൂക്ഷമായ പശ്‌ചാത്തലത്തിൽ മോഹവിലയ്‌ക്ക് ഏലക്ക സംഭരിക്കാൻ ഉത്തരേന്ത്യൻ ഇടപാടുകാർ രംഗത്തിറങ്ങാൻ ഇടയുണ്ട്.
ചക്രവാതച്ചുഴിയുടെ വരവ് സംസ്ഥാനത്ത് ചെറിയതോതിലുള്ള മഴയ്‌ക്ക് അവസരം ഒരുക്കിയെങ്കിലും കാറ്റിന്റെ ദിശമാറുന്നതിനൊത്ത് മഴമേഘങ്ങൾ അകലുമെന്നത് വരൾച്ചയുടെ രൂക്ഷത വീണ്ടും വർധിപ്പിക്കാം. നദികളിൽ ജലനിരപ്പ് നിത്യേനെ കുറയുന്നത് വറചട്ടിയിൽ നിന്നും കേരളം എരിതീയിലേക്കു നീങ്ങുമെന്ന അവസ്ഥയിലാണ്. സംസ്ഥാനത്തെ പല നദികിലും ജലനിരപ്പ് മുൻ വർഷത്തെ അപേക്ഷിച്ച് രണ്ട് മീറ്റർ വരെ താഴ്‌ന്നതായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം. അവരുടെ മുന്നറിയിപ്പ് അതേ പ്രാധാനത്തിൽ വിലയിരുത്താൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ കാർഷിക മേഖലയുടെ നിലനിൽപ്പ് പോലും അവതാളത്തിലാകും.
കാലവർഷത്തിലും പല ഡാമുകളിലും 50 ശതമാനം പോലും വെള്ളമില്ല. കാർഷിക മേഖലയ്‌ക്ക് ആവശ്യമായ ജലസേചനം മാത്രമല്ല, കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം നേരിടുമെന്നത് നാൽക്കാലികളുടെ ജീവന് ഭീഷണിയാവും. കൃഷി-മൃഗസംരക്ഷണ വകുപ്പുകൾ യോജിച്ച് പ്രവർത്തിച്ചാൽ മാത്രമേ കാർഷിക മേഖലയെ ഈ വിപത്തിൽ നിന്നും രക്ഷിക്കാനാവു.
പൈനാപ്പിൾ
കാലാവസ്ഥ മാറ്റം കേരളത്തിലെ കാർഷിക മേഖലയിൽ സൃഷ്‌ടിച്ച ആഘാതം വിവിധ ഉൽപന്നങ്ങളെ വ്യത്യസ്ത രീതിയിലാണ് സ്വാധീനിക്കുന്നത്. ഏറ്റവുമൊടുവിൽ പൈനാപ്പിൾ കൃഷിയും വരണ്ട കാലാവസ്ഥയിൽ പ്രതിസന്ധിയിലേക്ക് നീങ്ങിയത് കർഷകരെ വട്ടം കറക്കുന്നു. യഥാസമയം കൈതച്ചക്കകൾ മൂത്ത് വിളയാഞ്ഞത് ഉൽപ്പന്നം പഴുക്കുന്നതിന് കാലതാമസം ഉളവാക്കി.
പകൽ താപനില ഉയർന്ന് നിൽക്കുന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പൈനാപ്പിളിന് കൂടുതൽ ഓർഡറുകൾ എത്തിയെങ്കിലും ഡിമാൻഡിന് അനുസൃതമായി ചരക്ക് കയറ്റിവിടാൻ വിപണി ക്ലേശിക്കുകയാണ്. ഓണ വേളയിൽ ത്രിശൂർ, പാലക്കാട് മേഖലകളിൽ പൈനാപ്പിൾ വില കിലോ 80 രൂപയിലേക്ക് കുതിച്ചു. മൊത്ത വിപണികളിൽ 70 രൂപയിലാണ് ഇടപാടുകൾ നടന്നത്. പൈനാപ്പിൾ മൊത്ത മാർക്കറ്റായ വാഴക്കുളത്ത് കിലോ 51 രൂപയിലും പച്ച പൈനാപ്പിൾ 36 രൂപയിലുമാണ്.
നാലു വർഷത്തിനിടയിലെ ഏറ്റവും ആകർഷകമായ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നേരത്തെ അധികോൽപാദനവും വാങ്ങലുകാരുടെ അഭാവം മൂലം കിലോ ഏഴ് രൂപയിലേക്ക് ഉൽപ്പന്ന വില ഇടിഞ്ഞ ചരിത്രവും കർഷകർക്ക് പറയാനുണ്ട്. കാലാവസ്ഥ മാറ്റത്തിനിടയിൽ ചക്ക പഴുക്കാൻ അധിക സമയം വേണ്ടിവന്നതോടെ വിപണിയിൽ ചരക്ക് ക്ഷാമം തല ഉയർത്തി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് നിത്യേനെ 100 ലോഡിൽ അധികം പൈനാപ്പിളാണ് കയറ്റിവിടുന്നത്.
ശ്രീകൃഷ്‌ണ ജയന്തി മുൻ നിർത്തി മഹാരാഷ്‌ട്രയിൽ നിന്നും പതിവിലും കൂടുതൽ ഓർഡറുകൾ മൊത്ത വ്യാപാരികൾക്ക് ലഭിച്ചു. പിന്നിട്ട വർഷങ്ങളിൽ കോവിഡ് സൃഷ്‌ടിച്ച ആഘാതം മൂലം ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നെങ്കിലും ഇക്കുറി കുറവുകൾ നികത്തും വിധമുള്ള ഉത്സവ ഒരുക്കങ്ങളാണ് അവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെ അവർ കൂടുതൽ ലോഡ് ചരക്കിന് ഓർഡർ നൽകി. ലഭ്യതയിലെ കുറവ് കർഷകർക്ക് ഉയർന്ന വില ഉറപ്പ് വരുത്താൻ അവസരം ഒരുക്കുന്നുണ്ട്.
അറബ് രാജ്യങ്ങളിലേക്കും പൈനാപ്പിൾ വൻതോതിൽ കയറ്റുമതി ചെയുന്നുണ്ട്. സ്‌പെഷൽ ഗ്രേഡ് പൈനാപ്പിളാണ് കയറ്റുമതി മേഖലയ്‌ക്ക് ആവശ്യം. വലുപ്പക്കൂടുതലും മധുരവും ഉയർന്ന് നിൽക്കുന്ന ഇവ കാണാനും മനോഹരം.
English summary: Commodity Markets Review September 4