ADVERTISEMENT

വിശന്നു കരയുന്ന കുഞ്ഞിന് മുലപ്പാലിനൊപ്പം പശുവിന്റെ പാല്‍ കൂടി അമ്മ നല്‍കിത്തുടങ്ങിയിട്ട് ഏതാനും സഹസ്രാബ്ദങ്ങളായിട്ടുണ്ടാകും. മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ നവീനശിലാ കാലത്താവണം ഇതൊരു ജീവിതചര്യയായി മാറിയിട്ടുണ്ടാവുക. എന്തൊരു സാഹസമാണ് മനുഷ്യന്‍ കാണിച്ചത്? മറ്റൊരു മൃഗത്തിന്റെ പാല്‍കൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ ഊട്ടുക എന്ന ശ്രമകരമായ  പ്രവൃത്തി! വേറൊരു ജീവിയും ശ്രമിച്ചു നോക്കാത്ത ആ ഉദ്യമത്തില്‍ മനുഷ്യന്‍ ജയിച്ചു കയറുക മാത്രമല്ല, അതിനായി പരിണമിക്കുകയും ചെയ്തു. 

ആദ്യം പാൽ കുടിച്ചത് അമ്മയോ കുഞ്ഞോ?

അമ്മയാണോ കുഞ്ഞാണോ ആദ്യം പാല്‍ കുടിച്ചു തുടങ്ങിയിട്ടുണ്ടാവുക എന്ന കൗതുകകരമായ ചോദ്യവും ഇതിനൊപ്പം ഉയര്‍ന്നേക്കാം. പാല്‍ പ്രകൃത്യാതന്നെ കുഞ്ഞുങ്ങളുടെ ഭക്ഷണമാണ്. പ്രായമെത്തിയവരില്‍ പാല്‍ ദഹിപ്പിക്കാനുള്ള കഴിവ് അവരുടെ പാരമ്പര്യത്തില്‍ നിര്‍ദ്ധാരണം ചെയ്യപ്പെട്ടു തുടങ്ങിയിട്ട് കേവലം പതിനായിരം വര്‍ഷങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. മനുഷ്യന്റെ കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചു തുടങ്ങിയ നവീനശിലായുഗത്തെ കഥകളും കാര്യങ്ങളും ഇനി പറയാം. 

കൗതുകകരമായ ഒരു റിപ്പോര്‍ട്ടാണ്  2019 ഒക്‌ടോബര്‍ 10 ലക്കത്തില്‍ ലോകപ്രസിദ്ധ ശാസ്ത്ര മാഗസിനായ നേച്ചര്‍ പ്രസിദ്ധീകരിച്ചത്. യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ  ജൂലി ഡൂണ്‍ നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷക സംഘം തയാറാക്കിയതായിരുന്നു അത്. ചരിത്രാതീതകാലത്തെ  ശിശുക്കളുടെ കുഴിമാടങ്ങളില്‍നിന്ന് അവര്‍ക്ക് പല ആകൃതിയിലുള്ള പിഞ്ഞാണപ്പാത്രങ്ങള്‍ ലഭിച്ചിരുന്നു. അവയില്‍ ചിലത് ദീര്‍ഘവൃത്താകൃതിയില്‍ ചെറിയ കൈപ്പിടിയോടുകൂടിയവയും മറ്റു ചിലത് കിണ്ടിപോലെ ചെറിയ കുഴല്‍ ഘടിപ്പിച്ചവയും ആയിരുന്നു. ദ്രാവക രൂപത്തലുള്ള ഭക്ഷണം ഒഴിക്കാനും വലിച്ചു കുടിക്കാനും പറ്റുന്ന വിധത്തിലുള്ള ഈ ചെറിയ സെറാമിക് പാത്രങ്ങള്‍ ലഭിച്ചത് പതിനായിരം വര്‍ഷം പഴക്കമുള്ള നവീനശിലാകാല സ്ഥലങ്ങളില്‍ നിന്നും 4000-12000 വര്‍ഷം പഴക്കമുള്ള ഇരുമ്പു, വെങ്കല യുഗ കാലഘട്ട പ്രദേശങ്ങളില്‍ നിന്നുമായിരുന്നു. ഇന്ത്യയില്‍ പൂനെയില്‍നിന്നുള്ള ഷിന്‍ഡെയും കൂട്ടരും ഹാരപ്പന്‍ നാഗരികത പ്രദേശങ്ങളില്‍നിന്ന് പ്രത്യേകിച്ച്  BC 2500ലെ കാലിബംഗാനില്‍നിന്ന് സെറാമിക് ഊട്ടുപാത്രങ്ങള്‍ ശേഖരിച്ചിരുന്നു.

പഠനം അവിടെ തീരുന്നില്ല. കയ്യില്‍ കിട്ടിയ പിഞ്ഞാണപ്പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന ചില രാസവസ്തു അവശിഷ്ടങ്ങളെ രാസപരിശോധനയ്ക്കു വിധേയമാക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ഏറ്റവും ആധുനികമായ രസതന്ത്ര, സ്‌പെക്‌ട്രോസ്‌കോപ്പി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങളെ വേര്‍തിരിച്ചെടുക്കാനും, അവയിലെ തന്മാത്രകളെ പരിശോധിക്കാനും അവര്‍ക്ക് കഴിഞ്ഞു. കൗതുകകരമായ ചില വസ്തുതകളാണ് അവര്‍ പുറത്തുവിട്ടത്. മനുഷ്യന്റെ മുലപ്പാലില്‍ കാണപ്പെടാത്തതും എന്നാല്‍ പശു, ചെമ്മരിയാട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്നതുമായ പാല്‍മിറ്റിക്, സ്റ്റിയറിക് തുടങ്ങിയ കൊഴുപ്പമ്ലങ്ങളായിരുന്നു ആ രാസവസ്തുക്കളില്‍ പ്രധാനം. കുഞ്ഞുങ്ങളുടെ കല്ലറകളില്‍ നിന്ന് ശേഖരിക്കപ്പെട്ട കുഞ്ഞുപാത്രങ്ങളുടെ രാസപരിശോധനയില്‍നിന്ന് ഒരു കാര്യം വ്യക്തമായി. ഈ പാത്രങ്ങള്‍ മൃഗങ്ങളുടെ പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഉപയോഗിക്കപ്പെട്ടവയാണ്. പാല്‍കുടി നിര്‍ത്തുന്ന അല്ലെങ്കില്‍ കുറയുന്ന സമയത്ത് അനുബന്ധ ഭക്ഷണമായി നല്‍കാന്‍ അല്ലെങ്കില്‍ പൂരകമായി കൂട്ടിച്ചേര്‍ത്തു നല്‍കാന്‍ മൃഗങ്ങളുടെ പാല്‍ ഉപയോഗിച്ചുതുടങ്ങിയതിനാലാണ് അതിനായി കുട്ടികളെ ഊട്ടാന്‍ പാല്‍ക്കുപ്പികളും സെറാമിക് പാത്രങ്ങളുമൊക്കെ അവര്‍ നിര്‍മിച്ചെടുത്തത്. 

ഇന്ത്യയിലെ  ഹാരപ്പന്‍ നാഗരികതയിലും സമാന പാത്രങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ അവശിഷ്ടങ്ങളൊന്നും കാണാത്തതിനാല്‍ ഏതു മൃഗത്തിന്റെ പാലാണ് കുട്ടികള്‍ അന്നു കുടിച്ചിരുന്നതെന്ന് പറയാന്‍ തെളിവുകളില്ലായെന്നു മാത്രം. പക്ഷേ, ഒരു കാര്യം ഉറപ്പ് കാച്ചിയല്ലെങ്കിലും അമ്മമാര്‍ കുഞ്ഞുങ്ങളെ മുലപ്പാലിനൊപ്പം മൃഗങ്ങളുടെ പാല്‍കൂടി ഊട്ടിയിരുന്നു. 

നേച്ചര്‍ ജേണലില്‍ വന്ന ഈ ലേഖനത്തില്‍ 2012ല്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ മറ്റൊരു ഗവേഷണപഠനത്തിന്റെ കാര്യം സൂചിപ്പിക്കുന്നുണ്ട്. സ്വീഡനിലെ സ്റ്റോക്ക്‌ഹോം സര്‍വകലാശാലയിലെ പുരാവസ്തുശാസ്ത്ര ഗവേഷണ ലബോറട്ടറിയിലെ റേച്ചല്‍ ഹൗക്രോഫ്റ്റും സംഘവും 'ആന്ത്രപ്പോ സുവോളജിക്ക' എന്ന ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു അത്. ഏറെ ആകര്‍ഷകമായ ഒരു ശീര്‍ഷകത്തിലാണ് അവരുടെ ഗവേഷണ ഫലങ്ങള്‍ പുറത്തുവന്നത്.  'The Milky Way: The implications of using animal milk products in infant feeding' എന്നതായിരുന്നു ലേഖനത്തിന്റെ  തലവാചകം. പ്രാചീന കാലത്തിന്റെ  പശ്ചാതലത്തില്‍  കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ മൃഗങ്ങളുടെ  പാല്‍ ഉള്‍പ്പെടുത്തിയതിന്റെ വിവക്ഷകളേക്കുറിച്ചാണ് ലേഖനം വിശദമായി പറയുന്നത്. ഈ വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് വായിക്കാന്‍ പറ്റുന്ന ലേഖനം.

മനുഷ്യന്‍ ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കി മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ കാലത്താവണം കുഞ്ഞുങ്ങളെ മറ്റു മൃഗങ്ങളുടെ പാലൂട്ടി വളര്‍ത്തുന്ന രീതി വ്യാപകമാക്കിയിട്ടുണ്ടാവുക. നവീനശിലായുഗ കാലത്തില്‍ (12,000 വര്‍ഷങ്ങള്‍ക്കു മുമ്പ്) ആദ്യം പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും പിന്നീട് മധ്യ ഏഷ്യയിലും, യൂറോപ്പിന്റെ ചില ഭാഗങ്ങളിലുമാണ് മനുഷ്യന്‍ മൃഗങ്ങളെ ആദ്യമായി ഇണക്കി വളര്‍ത്തിയത്.  സമൂഹ ജീവിതവും  കൃഷിയും തുടങ്ങിയതിന്റെ ബാക്കിപത്രമായിരുന്നു അത്. നായ, പശു, ആട്, ഒട്ടകം, കുതിര എന്നിവയെ പലവിധ ആവശ്യങ്ങള്‍ക്കായി ഇണക്കി വളര്‍ത്തി അതുവരെ വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും കഴിഞ്ഞുകൂടിയവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് രണ്ടുവര്‍ഷംവരെയെങ്കിലും മുലപ്പാല്‍ നല്‍കുന്ന രീതിയാണ് പിൻതുടര്‍ന്നിരുന്നത്. 

മനുഷ്യന്റെ വ്യവഹാരങ്ങളിലും, പെരുമാറ്റ രീതികളിലും ചലനാത്മകമായ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയിരുന്നു. സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമതയില്‍ മാറ്റംവന്നു, ജോലിയുടെ രീതിയിലും ഘടനയിലും മാറ്റങ്ങളുണ്ടായി. മുലയൂട്ടല്‍ നിര്‍ത്തുന്ന സമയം നേരത്തെയാക്കി. അധികപോഷണത്തിനായി മൃഗങ്ങളുടെ പാലിനെ ആശ്രയിക്കാന്‍ തുടങ്ങി. മുലപ്പാലിന് പരിപൂരകമായ അല്ലെങ്കില്‍  മുലപ്പാലിന്റെ അളവിലുള്ള ന്യൂനത പരിഹരിക്കാന്‍ സഹായിക്കുന്ന ഭക്ഷണമായി മൃഗങ്ങളുടെ പാല്‍ മാറി. 

Image credit:AtnoYdur/iStockPhoto
Image credit:AtnoYdur/iStockPhoto

സ്ത്രീയെ ആദ്യമായി സ്വതന്ത്രമാക്കിയത് പശുവിന്റെ പാൽ

സ്ത്രീകളുടെ കുടുംബ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഇതു കൊണ്ടുവന്നത്. അമ്മമാര്‍ക്ക്  അവരുടെ പ്രത്യുല്‍പാദനത്തെ കൗശലപൂര്‍വം ക്രമീകരിക്കാന്‍ കഴിഞ്ഞു. എത്ര കുട്ടികള്‍, അതും എത്ര ഇടവേളയില്‍, മുലകുടി നിര്‍ത്തുന്ന സമയം ഇവയൊക്കെ സ്ത്രീകള്‍ക്ക് പ്രയോഗകൗശലമാക്കി മാറ്റാന്‍ സാധ്യമായി. BC 10,000-4400ത്തില്‍ നായ്ക്കളെയും, BC 11,000-9,000ത്തില്‍ ചെമ്മരിയാടുകളെയും BC 3000ത്തില്‍ ഒട്ടകം, കുതിര എന്നിവയെയും ഇണക്കിയ മനുഷ്യന്‍ പക്ഷേ, പാലിന്റെ കാര്യത്തില്‍ പശു, ആട്, ചെമ്മരിയാട് എന്നിവയെ ആശ്രയിച്ചു. ആഫ്രിക്കക്കാര്‍ ഒട്ടകപ്പാലിൽ പ്രിയരായിരുന്നുവെന്നത് മറക്കുന്നില്ല. അയവെട്ടുന്ന നാലറകളുള്ള ആമാശയത്തിനുടമകളായ കന്നുകാലികളുടെ പാല്‍ ഉപയോഗിക്കാനും കുതിരപ്പാലിനെയും, പട്ടിപ്പാലിനെയും ആശ്രയിക്കാതിരിക്കാനുമുള്ള അദ്ഭുതകരവും, ബുദ്ധിപരവുമായ തീരുമാനം മനുഷ്യനെടുത്തത് അവന്റെ പരീക്ഷണ നിരീക്ഷണ അനുഭവങ്ങളിലൂടെ ചേര്‍ച്ചയൊത്തതിനെ തിരഞ്ഞെടുക്കാനുള്ള കഴിവില്‍ നിന്നായിരുന്നു.

സങ്കീര്‍ണ ഘടനയുള്ള, ഓരോ ജീവജാതിക്കും സവിശേഷമായ പ്രത്യേകതകളുള്ള  ദ്രാവകമാണ് പാല്‍. ഒരു ജീവജാതിയുടെ  പാല്‍ മറ്റൊരു ജീവിയുടെ കുട്ടികള്‍ക്ക് നല്‍കുന്നതിന്റെ അല്ലെങ്കില്‍  നവശിലാകാലത്ത് നില്‍കിത്തുടങ്ങിയതിന്റെ ധ്വനിഭേദങ്ങളാണ് മേല്‍പ്പറഞ്ഞ ലേഖനം വിവരിക്കുന്നത്.

Image credit: fizkes/iStockPhoto
Image credit: fizkes/iStockPhoto

മുലപ്പാലും, മൃഗപ്പാലും

മനുഷ്യന്റെ മുലപ്പാലും, അയവെട്ടുന്ന മൃഗങ്ങളുടെ പാലും തമ്മില്‍ ഘടനയിലുള്ള വ്യത്യാസം നോക്കുക. ഉയര്‍ന്ന മാംസ്യം (പ്രോട്ടീന്‍) അളവാണ് മൃഗങ്ങളുടെ പാലില്‍. മനുഷ്യന്റെ മുലപ്പാലില്‍ അന്നജമായ ലാക്‌ടോസിന്റെ അളവാണ് താരതമ്യേന കൂടുതല്‍. പ്രോട്ടീന്‍ കൂടുതലുള്ള പാല്‍ പാല്‍ക്കുപ്പിയില്‍ കുടിച്ച പൈതങ്ങള്‍ വളര്‍ച്ചയില്‍ മിടുക്കുകാട്ടിയെങ്കിലും വയറിളക്കവും അസിഡിറ്റിയുമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടെയെത്തി. മുലപ്പാലിലുള്ള പല എന്‍സൈമുകളും, മൃഗങ്ങളുടെ പാലില്‍  ഇല്ലാത്തതിനാല്‍ രോഗാണുബാധ തടയാനും, ധാതുലവണങ്ങളുടെ ആഗിരണത്തിനും അവ ഫലപ്രദമല്ലായിരുന്നു. മുലപ്പാലും, മൃഗപ്പാലും  തമ്മിലുള്ള വ്യത്യാസങ്ങള്‍ ചിലത് കുഞ്ഞുങ്ങള്‍ക്ക് സഹായകരവും, മറ്റുചിലത് ന്യൂനതയുമായി പ്രത്യക്ഷപ്പെട്ടു. അതിനാല്‍ മൃഗങ്ങളുടെ പാലിനെ മുലപ്പാലിന്റെ പകരക്കാരനായല്ല പ്രത്യുത അനുബന്ധ, പൂരക ഭക്ഷണമായിട്ടാണ് നിരീക്ഷണ  അനുവര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍  കണ്ടെത്തിയത്. 

പശുവിന്‍ പാലും, മുലപ്പാലുമൊക്കെ ഇരുമ്പ് എന്ന ധാതുവിന്റെ കാര്യത്തില്‍ ദരിദ്രമാണ്. അതിനാല്‍ പശുവിന്‍ പാല്‍ കുടിക്കുന്ന ഒരു വയസില്‍  താഴെയുള്ള  കുട്ടികളില്‍ ഇരുമ്പിന്റെ ന്യുനതയുണ്ടാകും. ആട്ടിന്‍പാലിന്റെ സ്ഥിതിയും സമാനമാണ്. അപ്പോള്‍ മൃഗങ്ങളുടെ പാലും, പാലുല്‍പന്നങ്ങളും കുഞ്ഞുങ്ങള്‍ക്ക് ഉപകാരപ്രദമായി തീരുന്ന അവസരങ്ങളില്ലേയെന്ന ചോദ്യത്തിനും ലേഖനം ഉത്തരം തരുന്നു. കുട്ടികളുടെ ആരോഗ്യം പ്രധാനമായും രണ്ടു കാര്യങ്ങളെ  ആശ്രയിക്കുന്നു. മുലയൂട്ടല്‍  നിര്‍ത്തുന്ന പ്രായവും ആ സമയത്ത് നല്‍കുന്ന ഭക്ഷണവും. 

നവീനശിലാ കാലത്ത് മൃഗങ്ങളുടെ പാല്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ ഗുണദോഷഫലങ്ങള്‍ തീര്‍ച്ചയായും അവ ഏതു ഘട്ടത്തില്‍ ഏതു പ്രായത്തില്‍ എത്ര അളവില്‍ ഉള്‍പ്പെടുത്തി എന്നതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. മുലപ്പാല്‍ മാത്രം നല്‍കേണ്ട ആറു മാസം പ്രായത്തിനു ശേഷം പൂരക ഭക്ഷണമായി പാല്‍ നല്‍കിത്തുടങ്ങിയ രീതി പരീക്ഷിച്ചവര്‍ക്ക് ഗുണമുണ്ടായി. 

പാൽവഴിയല്ല യോഗർട്ട് വഴി

ഇതുകൂടി പറഞ്ഞാണ് പഠനം അവസാനിക്കുന്നത്. മുലയൂട്ടല്‍  നിര്‍ത്തുന്ന  സമയത്ത് നല്‍കാവുന്ന മികച്ച ആഹാര പദാര്‍ഥമാണ് പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍. ഒപ്പം ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണം കൂടി വേണമെന്നു മാത്രം. അവസാനമെത്തുമ്പോള്‍  'The Milky way' എന്ന ശീര്‍ഷകം 'The Yoghurt way' എന്നായി മാറ്റാമോയെന്ന സംശയത്തോടെയാണ് ലേഖനം പൂര്‍ത്തിയാകുന്നത്. 

English summary: Why did humans start drinking milk from cows?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com