ADVERTISEMENT

ന്യൂറോ എൻഡോക്രൈൻ കാൻസറാണ് ആപ്പിൾ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ജീവൻ അകാലത്തിൽ കവർന്നെടുത്തത്. മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മനുഷ്യരിൽ അത്ര പരക്കെ കാണാത്ത അസുഖമാണത്.  അദ്ഭുതകരമെന്നു പറയട്ടെ, ഇത്തരം കാൻസർ, ഫെററ്റുകൾ എന്ന ജീവികളിൽ  സാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും നായ ബ്രീഡുകളിലും ന്യൂറോഎൻഡോക്രൈൻ കാൻസർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം മനുഷ്യന്റെ രോഗങ്ങൾ, പെരുമാറ്റരീതികൾ, സാമൂഹ്യജീവിതം എന്നിവയുടെ പകർപ്പുകൾ ജീവലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്ന് ശാസ്ത്രലോകം ഇപ്പോൾ തീർച്ചപ്പെടുത്തുന്നു. മാനവരാശി നേരിടുന്ന പ്രശ്നങ്ങളെ, പ്രത്യേകിച്ച് ആരോഗ്യരംഗത്തെ വെല്ലുവിളികളെ സൂക്ഷ്മമായി മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനുമുള്ള പ്രയത്നത്തിന് മൃഗങ്ങളുടെ ലോകത്തിൽനിന്ന് ഏറെ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കുമെന്ന തിരിച്ചറിവ് ശക്തമാവുകയാണ്. മെഡിസിൻ, വെറ്ററിനറി സയൻസ്, ജീവപരിണാമ പരിസ്ഥിതി എന്നീ ശാസ്ത്ര‌ശാഖകളുടെ  കൊടുക്കൽവാങ്ങലുകൾക്ക് പ്രാമുഖ്യം നൽകുന്ന പുത്തൻ പഠനഗവേഷണസമീപനമാണ് സൂബിക്വിറ്റി അല്ലെങ്കിൽ വൺ മെഡിസിൻ എന്നത്.

മനുഷ്യനും മൃഗങ്ങളും തുല്യരാണോ?

മനുഷ്യനും മൃഗങ്ങളും എത്രമാത്രം തുല്യരാണെന്നത് എവിടേയും എക്കാലത്തും ഗവേഷകർക്കിടയിലെ സംവാദവിഷയമായിരുന്നു. ഒരേ വൃക്ഷത്തിന്റെ വ്യത്യസ്ത ശാഖകളാണ് മനുഷ്യനും മൃഗങ്ങളുമെന്നാണ് 'ദ ഒറിജിൻ സ്പീഷീസ്സി'ൽ ചാൾസ് ഡാർവിൻ പറഞ്ഞുവച്ചത്. ആൾക്കുരങ്ങുകളുടെ പെരുമാറ്റവ്യവഹാരങ്ങളുമായി മനുഷ്യനുള്ള സാമ്യം 'ദ നേക്കഡ് എയ്പ്പി'ലൂടെ ഡെസ്മണ്ട് മോറിസ് വിവരിച്ചുതരികയുണ്ടായി. ചിമ്പാൻസികളെക്കുറിച്ച് ജെയിൻ ഗുഡാളും ഗൊറില്ലകളെപ്പറ്റി ഡയൻ ഫോസിയും നടത്തിയ വിശദ നിരീക്ഷണണങ്ങൾ  ഈ  ബാന്ധവം കൂടുതൽ വെളിപ്പെടുത്തുന്നതായിരുന്നു. മൃഗങ്ങളെക്കുറിച്ചും പരിണാമത്തെ സംബന്ധിച്ചും പഠനം നടത്തിയ എഡ്‌വേർഡ് വിൽസണും സ്റ്റീഫൻ ഗൗൾഡും  മനുഷ്യനെന്ന മൃഗത്തെ കൂടുതൽ അനാവൃതനാക്കുകയായിരുന്നു. റിച്ചാർഡ് ഡോക്കിൻസിലൂടെ മനുഷ്യനും മൃഗവും തമ്മിലെന്ത് എന്ന ചോദ്യം കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. 2005ൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗവേഷണഫലമാണ് മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധമെന്താണ് എന്ന  സംവാദത്തെ മാറ്റിമറിച്ചത്.

മനുഷ്യന്റെയും ചിമ്പാൻസിയുടെയും ജനിതക ഘടനയിൽ കണ്ടെത്തിയ 98.6 ശതമാനം സമാനത, മനുഷ്യനേക്കുറിച്ചുള്ള വ്യാഖ്യാനങ്ങളെ തിരുത്തിയെഴുതിക്കാൻ പ്രാപ്തമായിരുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന ചർച്ചയ്ക്ക് തീരെ പ്രസക്തിയില്ലാതാവുകയും പകരം അവരുടെ ബാന്ധവത്തിന്റെ ആഴവും പരപ്പും എത്രയെന്ന ചോദ്യത്തിലേക്ക് ചർച്ചയുടെ ഗതി മാറുന്നതുമായ കാഴ്ചയാണ് പിന്നീടിങ്ങോട്ട് കാണാൻ കഴിഞ്ഞിട്ടുള്ളത്. മനുഷ്യനും മൃഗങ്ങൾക്കുമിടയിലെ സാജാത്യ വൈജാത്യങ്ങൾ തേടിയുള്ള അന്വേഷണം ആൾക്കുരങ്ങുകൾക്കപ്പുറത്തേക്ക് കടന്ന്  മറ്റു സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ തുടങ്ങി ഷഡ്പദങ്ങളിൽ വരെ എത്തിയിരിക്കുന്നു. പൊതുവായ ഒരു പിതാമഹനിൽനിന്ന് പകർന്നു കിട്ടിയ ജനിതകവും അവയിലെ ജീനുകളും  പരിതസ്ഥിതിയും  തമ്മിലുള്ള പാരസ്പര്യവുമാണ് വർത്തമാനകാലത്ത് ചർച്ചാവിഷയമാകുന്നത്. 2018ൽ പുറത്തിറങ്ങിയ നീൽ ഷൂബിന്റെ 'യുവർ ഇന്നർ ഫിഷ് 'എന്ന പുസ്തകം താരതമ്യ ജീവശാസ്ത്രപഠനത്തിനുണ്ടായ ഉണർവിന്റെ ഫലമായിരുന്നു. മൃഗങ്ങൾക്കും മാനസികജീവിതമുണ്ട് എന്നത് വെറും കാൽപനികചിന്തയാണെന്ന വാദത്തെ അസാധുവാക്കിക്കൊണ്ട്  പുറത്തുവന്ന ജെഫ്രെ മാൻസണിന്റെ 'വെൻ എലിഫന്റ് വീപ്സ്', അലക്സാണ്ടർ ഹോറോവിറ്റ്സിന്റെ 'ഇൻസൈഡ് ഓഫ് എ ഡോഗ്' തുടങ്ങിയ പുസ്തകങ്ങൾ മൃഗങ്ങളുടെ മനസ്സിന്റെ ആഴങ്ങളിൽ വെളിച്ചം വീശുന്നതായിരുന്നു. വിവേകം, കുറ്റബോധം, അപമാനം, പ്രതികാരം, പ്രേമം തുടങ്ങി മനുഷ്യന്റേത് മാത്രമെന്നു കരുതിവന്നിരുന്ന വികാരങ്ങൾക്ക് സമമായ ഒട്ടേറെ ലോല ഭാവങ്ങൾ മൃഗങ്ങൾക്കുമുണ്ടെന്ന്  സ്ഥാപിക്കപ്പെടുന്ന കാലമാണിത്. ചാൾസ് ഡാർവിൻ നിരീക്ഷിച്ചതുപോലെ, മൃഗതുല്യരാണെന്ന് കേൾക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും ജീവവൈദ്യശാസ്ത്രങ്ങളുടെ അസ്ഥിവാരം പണിതിരിക്കുന്നത് നമ്മളും മൃഗങ്ങളാണ് എന്ന അറിവിലാണെന്ന വസ്തുത അംഗീകരിക്കാതിരിക്കാൻ നമുക്ക് കഴിയില്ല.

A little boy fighting cancer snuggles up to his best friend as they share a moment on the sofa together. Image credit: FatCamera/iStockPhoto
A little boy fighting cancer snuggles up to his best friend as they share a moment on the sofa together. Image credit: FatCamera/iStockPhoto

മനുഷ്യരോഗങ്ങളുടെ ജന്തുലോകത്തെ അപരന്മാർ 

ജുറാസിക് കാൻസർ മുതൽ പുത്തൻനാഗരികതയുടെ പരിഷ്കൃതരോഗങ്ങളുടെ വരെ മാതൃക ജീവലോകത്തിൽ  കണ്ടെത്താൻ കഴിയും. ജാഗ്വാറുകൾ എന്ന അമേരിക്കൻ കടുവകളിൽ സ്തനാർബുദത്തിന് സാധ്യതയേറ്റുന്ന BRCA1 എന്ന ജനിതവ്യതിയാനവും സ്തനാർബുദവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പെൻഗ്വിനുകൾ മുതൽ എരുമകൾ വരെ വൈവിധ്യമാർന്ന ജീവികളിൽ മെലനോമ രോഗമുണ്ടാകുന്നുണ്ട്. ധിഷണയുടെ പര്യായമായി ലോകമെങ്ങും വിശേഷിക്കപ്പെടുന്ന വിഖ്യാത ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്റെ മരണകാരണം  മഹാരക്തധമനിയിലുണ്ടായ വിള്ളലായിരുന്നു. അമേരിക്കയുടെ പടിഞ്ഞാറൻ താഴ്‌വരകളിലെ ഗോറില്ലകൾ സമാനമായ രോഗാവസ്ഥയിൽ മരണപ്പെടാറുണ്ടത്രേ. ഓസ്ട്രേലിയൻ വൻകരയിൽ കാണപ്പെടുന്ന കൊവാല സഞ്ചിമൃഗങ്ങളിൽ  ക്ലമീഡിയ മൂലമുണ്ടാകുന്ന സാംക്രമികരോഗബാധ വലിയ പ്രശ്നമാകുമ്പോൾ, മനുഷ്യരിൽ ഇതേ രോഗത്തിന്റെ നിരക്ക് പല രാജ്യങ്ങളിലും ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യന്റെ മാത്രം സ്വന്തമെന്ന് കരുതപ്പെട്ടിരുന്ന അമിതഭക്ഷണത്തിന്റെയും പൊണ്ണത്തടിയുടെയും  കൗതുകകരമായ മാതൃകകൾ ജീവലോകത്തിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ദിനോസറുകളിൽ ഗൗട്ടും സന്ധിവാതവും എന്തിന് കാൻസർ വരെ ഉണ്ടായിരുന്നതിന് ഫോസിലുകൾ സാക്ഷിയാകുന്നു. ഭൂമുഖം കണ്ടതിൽ വച്ച് ഏറ്റവും കുപ്രസിദ്ധനായ ഗോർഗോസോറസ് എന്ന വിഭാഗത്തിലെ മാംസഭോജിയായ ദിനോസററുകളിലൊന്നിനെ നിലംപതിപ്പിച്ചത് അവയെ ബാധിച്ച ബ്രെയിൻ ട്യൂമറായിരുന്നെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എഴുപത്  ദശലക്ഷം വർഷങ്ങൾക്കു മുൻപേ തന്നെ അർബുദം അതിന്റെ ഇരകളെ കണ്ടെത്തുകയും കീഴ്പ്പെടുത്തുകയും ചെയ്തിരുന്നുവെന്നതിന് തെളിവുകളുണ്ട്.

Technician reaching for a sample in a bright modern laboratory. Image credit: Vladimir Vladimirov/iStockPhoto
Technician reaching for a sample in a bright modern laboratory. Image credit: Vladimir Vladimirov/iStockPhoto

വ്യാധികളുടെ ചക്രവർത്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന, തരണം ചെയ്യാൻ കഴിയാത്ത പ്രഹേളികയായി ഇന്നും തുടരുന്ന കാൻസർ രോഗത്തിന്റെ  വിചിത്രഭാവങ്ങൾ ജന്തുലോകത്തിലും സുലഭമായി ദർശിക്കാവുന്നതാണ്. കേവലം 2 ഗ്രാം മാത്രം ശരീരഭാരമുള്ള ബംബിൾബീ വവ്വാലിനെയും, ഒന്നര ലക്ഷം കിലോഗ്രാം തൂക്കമുള്ള നീലത്തിമിംഗലത്തെയും താരതമ്യപ്പെടുത്തുമ്പോൾ കുഞ്ഞൻ വവ്വാലുകൾക്കാണ് കാൻസർ സാധ്യത കൂടുതലെന്നത് തികച്ചും യുക്തിപരമല്ലെന്ന് തോന്നുന്നില്ലേ? കോശങ്ങളുടെയും കോശവിഭജനങ്ങളുടെയും എണ്ണത്തിൽ ബഹുദൂരം മുന്നിലുള്ള ശരീരവലുപ്പം കൂടുതലുള്ള ജീവജാതികളിൽ ,ചെറിയ ജീവികളെ അപേക്ഷിച്ച് കുറഞ്ഞ കാൻസർ രോഗനിരക്ക് കാണപ്പെടുന്നതിന് 'പീറ്റോയുടെ വിരോധാഭാസം' എന്നാണ് വിളിപ്പേര്. ശരാശരി എഴുപത് വർഷം ആയുർദൈർഘ്യമുള്ള മനുഷ്യനേക്കാൾ നൂറിരട്ടി കോശങ്ങളുള്ള ആനകളിലെ കാൻസർ നിരക്ക് മനുഷ്യനുമായി തട്ടിച്ചുനോക്കിയാൽ ഏറെ കുറവാണ്. 

മൃതാവസ്ഥയിൽ നിന്ന് പുനർജീവൻ നേടിയ LIF6 എന്ന ജീനുകളാണ് ആനകളെ കാൻസറിൽ നിന്ന് സംരക്ഷിക്കുന്നതെന്നാണ് കണ്ടെത്തൽ. ആനകളുടെ കാര്യം പറഞ്ഞതുകൊണ്ട് കാൻസറിനോട് ബന്ധമില്ലാത്ത ഒരു കാര്യം ഇടയിലൊന്നു സൂചിപ്പിക്കട്ടെ. കൊമ്പിനായി ദശകങ്ങളായി വേട്ടയാടപ്പെട്ട ആനകൾ കൊമ്പില്ലാത്തവരായി പരിണമിക്കുകയാണെന്ന മൊസാംബിക് നാഷനൽ പാർക്കിലെ റയൻ ലോങ്ങിന്റെ കണ്ടെത്തൽ എപ്പിജെനെറ്റിക്സിന്റെ ഏറ്റവും പുത്തൻ ഉദാഹരണമായി മനുഷ്യന് മുൻപിൽ നിലകൊള്ളുന്നു. വീണ്ടും കാൻസറിലേക്ക് വന്നാൽ, ജാഗ്വാറുകളും ഇംഗ്ലീഷ് സ്പാനിയൽ നായ ഇനവും ഉയർന്ന സ്തനാർബുദ സാധ്യതയുള്ള ജീവികളാണെന്ന് മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ? സ്തനാർബുദം വരാൻ സാധ്യതയേറെയുള്ള  അഷ്കെൻസായി പാരമ്പര്യമുള്ള  ഒരു ജൂതവനിതയുടെ മെഡിക്കൽ ബന്ധു ജാഗ്വാറുകളായിരിക്കില്ലേയെന്ന ചോദ്യത്തിൽ കൗതുകമുണ്ട്. അതേസമയം ജീവിതകാലം മുഴുവൻ പ്രഫഷണലായി പാൽ ചുരത്തുന്ന പശുവും ആടുമൊക്കെ തങ്ങളുടെ അകിടുകളെ അർബുദത്തിൽ നിന്ന് കാത്തുരക്ഷിക്കാനുള്ള കരുത്തുള്ളവരായതിന്റെ പൊരുളറിയാൻ ജീവലോകത്തെ മനുഷ്യൻ ഇനിയുമേറെ അറിയേണ്ടിയിരിക്കുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള താരതമ്യം  ശരീരത്തിൽ മാത്രമായി ഒതുങ്ങാതെ മനസ്സിലേക്കും നീങ്ങുന്നുണ്ട്. മാത്രമല്ല ഒബ്സസീവ് കമ്പൽസീവ് ഡിസോർഡറും വിഷാദരോഗവും ഉത്കണ്ഠയും മയക്കുമരുന്നിനോടുള്ള ആസക്തിയുമെല്ലാം  മനുഷ്യന്റെ മാത്രം പ്രശ്നങ്ങളല്ലെന്ന് ജീവിലോകം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു 'കിക്ക്' കിട്ടാൻ ലഹരിപദാർഥങ്ങളടങ്ങിയ  ഇലകളും സസ്യങ്ങളും തേടിപ്പോകുന്നവരിൽ പക്ഷികൾ മുതൽ ആനകൾ വരെയുണ്ട്. വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവയോടു ചേർന്നു നിൽക്കുന്ന മാതൃകകൾ മൃഗങ്ങളിലുമുണ്ടത്രേ! കഴുത്തിൽ കയർ മുറുക്കുക, സ്വയം വെടിവയ്ക്കുക, ആത്മഹത്യാക്കുറിപ്പെഴുതുക തുടങ്ങിയ സ്ഥിരം ചിട്ടവട്ടങ്ങളൊന്നും ഇല്ലെങ്കിലും ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് സ്വയം മരണത്തെ പുൽകാൻ ശ്രമം നടത്തുന്ന അപകടകരമായ വിഷാദാവസ്ഥ ചിലതരം മൃഗങ്ങളിൽ കാണപ്പെടാറുള്ളതായി റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ശരീരത്തിൽ ഉണ്ടും ഉറങ്ങിയ പരാദജീവിതം നയിച്ചിരുന്ന ഒരു തരം കേശവിരകൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കളുടെ കോക്ക്ടെയിലിനാൽ പ്രേരിതരായി വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യുന്ന പുൽച്ചാടികളുടെ കദനകഥയും ജീവലോകത്തിൽ നിന്ന് ഗവേഷകർ കണ്ടെത്തിയതാണ്.

Medicine doctor team meeting and analysis. Diagnose checking brain testing result with modern virtual screen interface on laptop with stethoscope in hand, Medical technology network connection concept. Image credit: ipopba/iStockPhoto
Medicine doctor team meeting and analysis. Diagnose checking brain testing result with modern virtual screen interface on laptop with stethoscope in hand, Medical technology network connection concept. Image credit: ipopba/iStockPhoto

മെഡിസിനും വെറ്ററിനറി സയൻസും

മനുഷ്യനും  മൃഗങ്ങളുമായി ജൈവീകമായി ഇത്രയേറെ  ഇഴയടുപ്പമുണ്ടായിട്ടും  എന്തുകൊണ്ടാണ് മനുഷ്യഡോക്ടർമാർക്കും മൃഗാരോഗ്യവിദഗ്ദർക്കുമിടയിൽ അനിവാര്യമായ സഹകരണത്തിന്റെ ഒരു പാത തുറക്കാത്തത്? ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്ക് മുൻപുവരെ  ലോകമെമ്പാടുമുള്ള ഒട്ടേറെ സമൂഹങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും ചികിത്സിച്ചിരുന്നത് ഒരേ ഭിഷഗ്വരന്മാരായിരുന്നു. രോഗിയുടെ  ജീവജാതിയേതെന്ന തീണ്ടലും തൊടീലുമില്ലാതെ അവർ ഒടിഞ്ഞ എല്ലുകളെ ഉറപ്പിക്കുകയും സുഖപ്രസവം ഉറപ്പാക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് മനുഷ്യ, മൃഗ വൈദ്യശാസ്ത്രങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങിയത്. നഗരവൽകരണവും മോട്ടോർ വാഹനങ്ങളുടെ ആവിർഭാവവും മനുഷ്യജീവിതത്തിൽ വളർത്തു മൃഗങ്ങൾക്കുണ്ടായിരുന്ന പ്രഭാവത്തിന് മങ്ങലേൽപ്പിച്ചു തുടങ്ങിയ കാലം. വെറ്ററിനറി സ്ഥാപനങ്ങൾ നാട്ടിൻപുറങ്ങളിലേക്കും മെഡിക്കൽ സ്ഥാപനങ്ങൾ നഗരങ്ങളിലേക്കും ചേക്കേറുന്ന പ്രവണതയാണ് പിന്നീടുണ്ടായത്. പണവും പദവിയും ഈഗോയും അക്കാദമിക് താൽപര്യങ്ങളുടെ മുൻപേ പറന്നപ്പോൾ രണ്ടു ശാസ്ത്രമേഖലകൾ തമ്മിലുണ്ടാകേണ്ടിയിരുന്ന നിർണ്ണായകമായ ആശയവിനിമയം തീരെ പരിമിതമായി.1960കളിൽ കാൽവിൻ സ്വാബേയേപ്പോലെ രോഗസംക്രമണ ശാസ്ത്രത്തിൽ അഗ്രഗണ്യരായി കരുതപ്പെടുന്ന ഗവേഷകർ ഇരുവിജ്ഞാനശാഖകളെയും  സാധ്യമായ മേഖലകളിൽ സഹകരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകം നേരിട്ട സവിശേഷമായ ആരോഗ്യ പ്രശ്നങ്ങളുടെ വെളിച്ചത്തിൽ പരസ്പര സഹകരണത്തിന്റെ പാതയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾക്ക്  പലയിടത്തും ജീവൻ വച്ചുതുടങ്ങി. 2007ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡണ്ടായിരുന്ന റോൺ ഡേവിസും, അമേരിക്കൻ വെറ്ററിനറി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് റോജർ മാറും മിഷിഗണിൽ വച്ച് ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. മെഡിക്കൽ, വെറ്ററിനറി മേഖലകൾ അറിവിന്റെ കൈമാറലിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന സന്ദേശമാണ് അവർ നൽകിയത്. വൺ ഹെൽത്ത്, കംബററ്റീവ് മെഡിസിൻ, വൺ മെഡിസിൻ തുടങ്ങിയ പലപേരുകൾ ഈ പുതിയ സഞ്ചിത ശാസ്തമേഖലയെ സൂചിപ്പിക്കാൻ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭ, ലോകാരോഗ്യസംഘടന, ലോക മൃഗാരോഗ്യസംഘടന തുടങ്ങിയ ഏജൻസികളൊക്കെ കാലത്തിന്റെ ആവശ്യകതയായ ഈ പഠനരീതിക്ക്  ഏറെ പ്രധാന്യവും പ്രചാരവും നൽകിത്തുടങ്ങിയിരിക്കുന്നു.

Labradoodle getting a flu shot, two young adult female vets. Image credit: Timbicus/iStockPhoto
Labradoodle getting a flu shot, two young adult female vets. Image credit: Timbicus/iStockPhoto

സൂബിക്വിറ്റി  അഥവാ ഒന്നാകുന്ന മെഡിസിൻ

അമേരിക്കക്കാരായ  ബാർബറ നട്ടേഴ്സൺ ഹോറോവിറ്റ്സ് എന്ന ഹൃദ്രോഗ വിദഗ്ധയും കാതറീൻ ബോവേഴ്സ് എന്ന മനശാസ്ത്രജ്ഞയും ചേർന്നെഴുതി, 2012ൽ പുറത്തിറങ്ങിയ പുസ്തകമാണ്, വെറ്ററിനറി സയൻസും വൈദ്യശാസ്ത്രവും പരിണാമവിജ്ഞാനവും സംയോജിപ്പിക്കുന്ന പുത്തൻ ഫ്യൂഷൻശാസ്ത്രത്തിന് സൂബിക്വിറ്റി എന്ന പേരു നൽകിയത്. യഥാക്രമം മൃഗങ്ങൾ, എല്ലായിടത്തും എന്നിങ്ങനെ അർഥം വരുന്ന  രണ്ട് ഗ്രീക്ക്, ലാറ്റിൻ പദങ്ങളെ ചേർത്തുവച്ചതാണ് സൂബിക്വിറ്റി. മനുഷ്യനെന്നോ മൃഗമെന്നോ വേർതിരിവില്ലാതെ ജീവജാതിയെന്ന പരിഗണനയ്ക്ക് മാത്രം പ്രാമുഖ്യം നൽകുകയും വെറ്ററിനറി, മെഡിക്കൽ ചികിത്സാ രീതികളുടെ അറിവും അനുഭവവും നൈപുണ്യവും സമ്മേളിപ്പിക്കുകയും ചെയ്യുന്ന നൂതനസമീപനമാണ് സൂബിക്വിറ്റിയുടേത്. സമാനസ്വഭാവമുള്ള ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ മനുഷ്യരിലും മൃഗങ്ങളിലുമുണ്ട് എന്നത് മേൽ വിവരിച്ച ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാണല്ലോ? മനുഷ്യന്റെയും ചിമ്പാൻസിയുടെയും ജനിതകഘടനയിലെ സാജാത്യം 98.6 ശതമാനമാനമാണെങ്കിൽ, വെറ്ററിനറി വിദഗ്ദരരും ഡോക്ടർമാരും പതിവായി ആശയവിനിമയം നടത്തുന്നത് ഗുണകരമാകുമെന്നതിൽ തർക്കമില്ലല്ലോ? 

ആരോഗ്യമെന്ന ഒറ്റവിഷയത്തിൽ മാത്രമായി സൂബിക്വിറ്റി രീതിയിലുള്ള പഠനഗവേഷണങ്ങൾ പരിമിതപ്പെടുന്നില്ല. രാഷ്ട്രീയം മുതൽ നീതിന്യായം വരെ, വ്യാപാരം തൊട്ട് ചരക്കുകൈമാറ്റക്കച്ചവടം വരെ, മനുഷ്യകേന്ദ്രീകൃതമെന്ന് നാം വിചാരിക്കുന്ന അസംഖ്യം പ്രശ്നങ്ങളിലേക്ക് അത് പുതുവാതായനങ്ങൾ  തുറന്നിടുന്നു. പരിണാമജീവശാസ്ത്രം, വൈദ്യം, പെരുമാറ്റശാസ്ത്രം, പരിസ്ഥിതിവിജ്ഞാനീയം തുടങ്ങി പരസ്പരബന്ധമുള്ള ശാസ്ത്രശാഖകളിൽ നിന്നും ലഭിക്കുന്ന ഉൾക്കാഴ്ചകളെ സംയോജിപ്പിക്കുന്നതാണ് സുബിക്വിറ്റിയുടെ രീതിശാസ്ത്രം. ഓരോ ശാസ്ത്രമേഖലയുടെയും തനതായ ഗവേഷണരീതികളെ ചേരുംപടി ചേർത്ത് ഭൂമിയിലെ ജീവൻ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾക്കാണ് ഇതിൽ ഊന്നൽ നൽകുന്നത്.. അമേരിക്കയിലെ യു സി ഡേവിസ് സ്കൂൾ ഓഫ് വെറ്ററിനറി മെഡിസിനിലെയും ഹാർവാഡിയെയും വിദ്യാർഥികൾ വൈദ്യശാസ്ത്രത്തിലെയും സാമൂഹ്യശാസ്ത്രത്തിലെയും  നൂറിലധികം വ്യത്യസ്തവിഷയങ്ങളിൽ  സൂബിക്വിറ്റി രീതിയിൽ ഗവേഷണം നടത്തിവരുന്നുത് എടുത്തു പറയാവുന്നതാണ്. പ്രത്യുൽപാദനലൈംഗികാരോഗ്യം, നാഡീവ്യൂഹപ്രശ്നങ്ങൾ,ഹൃദയാരോഗ്യം,അർബുദം, മാനസികപെരുമാറ്റവൈകല്യങ്ങൾ, സാമൂഹ്യജീവിതപ്രശ്നങ്ങൾ, ജീവിതശൈലീരോഗങ്ങൾ, രോഗപ്രതിരോധസംവിധാനത്തിലെ ന്യൂനതകൾ തുടങ്ങി  നിരവധി വർത്തമാന ആരോഗ്യദുരിതങ്ങൾ സൂബിക്വിറ്റി ഗവേഷകരുടെ ലിസ്റ്റിലുണ്ട്. വൈദ്യം, മൃഗാരോഗ്യം, ജൈവസംരക്ഷണം, പരിസ്ഥിതിവിജ്ഞാനം, പൊതുജനാരോഗ്യം തുടങ്ങിയ വിജ്ഞാനശാഖകളിലെ ആഗോള വിദഗ്ധരെ  ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ ബയോമെഡിക്കൽ രംഗത്ത് പുതുവഴി തുറക്കാനുള്ള ചരിത്രദൗത്യവുമായി 2011 മുതൽ സൂബിക്വിറ്റി കോൺഫറൻസുകൾ ആഗോളതലത്തിൽ സംഘടിപ്പിക്കപ്പെടുന്നു. പൊതുവായ വിഷയങ്ങൾക്കൊപ്പം  കമ്പരറ്റീവ് ഓങ്കോളജി പോലെ പ്രത്യേക മേഖലകളിൽ  സൂബിക്വിറ്റി രീതികൾ ഏറെ പ്രതീക്ഷ നൽകുന്നു. ' Heal -the vital role of dogs in the search for cancer cures'  എന്ന  പുസ്തകത്തിൽ ആർലീൻ വെയ്ൻട്രോബ് വിവരിക്കുന്നത്   താരതമ്യകാൻസർഗവേഷണത്തിൽ  നായ്ക്കൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ചാണ് .

ഒരു ജീവജാതിയെന്ന  നിലയിൽ മനുഷ്യൻ അനന്യനാണെന്നതിൽ തർക്കമൊന്നുമില്ല. ജനിതകഘടനയിൽ ചിമ്പാൻസിയുമായുള്ള കേവലം 1.4 ശതമാനം വ്യതിയാനം കൊണ്ട് മനുഷ്യൻ സ്വന്തമാക്കിയത് ശാരീരികവും ബോധനപരവും വൈകാരികവുമായ സവിശേഷതകളാണ്. മൊസാർട്ടിന്റെ അനുപമായ സംഗീതവും, ചൊവ്വാഗ്രഹത്തിലേക്കുള്ള ചരിത്രദൗത്യവും ജനിതകഘടനകളുടെ പൊരുളറിയിച്ച മോളിക്യുലർ ബയോളജിയിൽ നേടിയ വളർച്ചയുമൊക്കെ അവന്റെ അദ്വിതീയതയ്ക്ക് അടിവരയിടുന്നു. പക്ഷേ ഭൂമിയിലെ അതിജീവനം സഹജീവികളുമായുള്ള സഹകരണത്തിൽ അധിഷ്ഠിതമാണെന്ന തിരിച്ചറിവ് ഇന്ന് മനുഷ്യനുണ്ട്. ലോകത്തെവിടെയെങ്കിലും മൃഗങ്ങൾ കൂട്ടത്തോടെ ചത്തുവീഴുമ്പോൾ ശ്രദ്ധാലുക്കളാകാനുള്ള വിവേകം അവൻ നേടിയിരിക്കുന്നു. കോവിഡ്- 19, ഏവിയൻ ഇൻഫ്ളുവൻസ, മങ്കി പോക്സ് തുടങ്ങിയ പുതിയ സാംക്രമിക രോഗങ്ങളുടെ സൂചനകൾ ആദ്യം പ്രത്യക്ഷപ്പെട്ടത് മൃഗങ്ങളിലാണെന്നത് അവൻ മറക്കുന്നില്ല. പരിസ്ഥിതിയെ മലിനമാക്കുന്ന പല രാസവസ്തുക്കളടെയും ദോഷഫലത്തിന്റെ  ആവാസവ്യവസ്ഥിതിയിലെ ആദ്യ ഇരകൾ ജന്തുക്കളായിരിക്കുമെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. രാസവസ്തുക്കളുടെ ചോർച്ചയേക്കുറിച്ചും ജൈവാക്രമണങ്ങളേക്കുറിച്ചുള്ള ആദ്യത്തെ മുന്നറിയിപ്പ് നൽകുന്നത് ജീവജാലങ്ങളായിരിക്കുമെന്ന് ചരിത്രം അവനെ പഠിപ്പിച്ചിരിക്കുന്നു. ആധുനിക വൈദ്യപാനത്തിന്റെ പിതാവായി അമേരിക്കയിലെ വൈദ്യശാസ്ത്ര വിദ്യാർഥികൾ പ്രതിഷ്ഠിച്ചിട്ടുള്ള കാനഡക്കാരനായ ഡോക്ടർ വില്ല്യം ഓസ്ലറെ തന്നെയാണ് അവിടുത്തെ വെറ്ററിനറി വിദ്യാർഥികളും സമാന സ്ഥാനത്തു കരുതുന്നതെന്നത് യാദൃശ്ചികമായി കരുതാനാവില്ല. തന്റെ പ്രഫഷനിലുടനീളം താരതമ്യവെദ്യശാസ്ത്ര പഠനരീതിയുടെ വക്താവും പ്രയോക്താവായിരുന്നു അദ്ദേഹം. വെറ്ററിനറി സയൻസും വൈദ്യശാസ്ത്രവും സേവിക്കുന്നത് ഒരൊറ്റ ജീവനെയാണെന്ന തിരിച്ചറിവ്  നമ്മുടെ സമീപനങ്ങളെയും കാഴ്ചകളെയും മാറ്റിമറിക്കുമെന്നതിൽ സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com