ADVERTISEMENT

ഒരു ഏക്കറിൽനിന്ന് 10 ടൺ (പതിനായിരം കിലോ) കുരുമുളക് കിട്ടിയാലോ? ഒരു കിലോ കുരുമുളകിന് 700–800 രൂപ വില കൂടിയുണ്ടെങ്കിൽ? സ്വപ്നതുല്യമായ അത്തരമൊരു നേട്ടം വൈകാതെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കിഴക്കമ്പലം സ്വദേശി  പുഞ്ചപ്പുതുശേരിൽ പീറ്റർ ജോസഫ്. പ്രതീക്ഷ യാഥാർഥ്യമായാൽ പീറ്റിനൊപ്പം കേരളത്തിലെ എല്ലാ കുരുമുളകു കർഷകർക്കും സന്തോഷിക്കാം. അവരുടെകൂടി തിരിച്ചുവരവിനുള്ള ഏകവഴിയാണതെന്നതു തന്നെ കാരണം. കേവലം മൂന്നു വർഷം പ്രായമായ തോട്ടത്തിൽ ഇപ്പോൾ തന്നെ 5 ടൺ ഉൽപാദനം പ്രതീക്ഷിക്കാവുന്ന വിധത്തിൽ തിരിപിടിച്ചിട്ടുണ്ട്. അടുത്ത സീസണിൽ മാത്രമേ ഇവ പൂർണ ഉൽപാദനത്തിലേക്കെത്തൂ. വില ഉയർന്നു തുടങ്ങിയ അവസരത്തിൽ തന്നെ മികച്ച വിളവും നേടാനാകുന്നത് ദൈവാനുഗ്രഹം മാത്രമെന്നും പീറ്റർ കൂട്ടിച്ചേർക്കുന്നു

ലോകവിപണിയിലെ കേമന്മാരായ വിയറ്റ്നാമിനെ തോൽപിക്കുന്ന ഉൽപാദനക്ഷമതയാണ് ഇതുവഴി ഇവിടെ യാഥാർഥ്യമാവുക. പിന്നെ ആസിയാൻ കരാറും ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതിയൊക്കെ നമുക്ക്  വെല്ലുവിളിയല്ലാതാകും.

എന്തു തന്ത്രമാണ് പീറ്റിനെ ഇങ്ങനൊരു നേട്ടത്തിലേക്കു നയിക്കുന്നതെന്നു നോക്കാം. ഇതിനകം പലരും പരീക്ഷിച്ചു തുടങ്ങിയ വിയറ്റ്നാം മോഡൽ അതിസാന്ദ്രതാ കുരുമുളകുകൃഷി തന്നെയാണ് ഇദ്ദേഹത്തിന്റേതെന്നു പറയാം. എന്നാൽ  കുരുമുളകുകൃഷി കാണാനും പഠിക്കാനുമായി വിയറ്റ്നാമിൽ പോവുകയോ മറ്റോ ചെയ്തിട്ടില്ല. വായിച്ചറിഞ്ഞ പരിചയം മാത്രമാണ് തനിക്ക് ഇക്കാര്യത്തിലുള്ളതെന്നു പീറ്റർ പറയുന്നു. മാത്രമല്ല വിയറ്റ്നാമിൽ അത്ര പ്രചാരമില്ലാത്ത കോൺക്രീറ്റ് കാലുകളിലാണ് അദ്ദേഹം കുരുമുളക് പടർത്തിയതും. പക്ഷേ, മറ്റു പലരും ചെയ്തതിൽ നിന്നു വ്യത്യസ്തമായ ചില നടപടികൾ പീറ്ററിന്റെ കൃഷി വേറിട്ടതാക്കി. എന്തൊക്കെയാണ് പീറ്റർമോഡ‍ൽ കുരുമുളകുകൃഷിയുടെ  സവിശേഷകളെന്നു നോക്കാം

ഒരേക്കർ തോട്ടം. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ
ഒരേക്കർ തോട്ടം. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ

അതിസാന്ദ്രതാകൃഷി

ഒരേക്കറിൽ 800 ചുവട് കുരുമുളകാണ് ഇവിടെ നട്ടുവളർത്തിയിരിക്കുന്നത്. ഒരു ചുവട്ടിൽ മൂന്നു വള്ളികൾ വീതമാണുള്ളത്. ഇവയിൽ രണ്ടെണ്ണം തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത തൈകളും ഒരെണ്ണം സാധാരണ തൈയുമാണ്. സ്കൂൾ അസംബ്ലിയിലെന്നപോലെ 6.5 x 7 അടി ഇടയകലത്തിൽ ഇത്രയേറെ കുരുമുളക് ഒരേ തോതിൽ വളർന്നുനിൽക്കുന്ന കാഴ്ച കേരളത്തിൽ വേറെ ഇല്ലെന്നുതന്നെ പറയാം. എന്നാൽ വരും വർഷങ്ങളിൽ ഇടയകലം 8 അടിയാക്കാനുള്ള ആലോചനയും പീറ്ററിനുണ്ട്. സ്കഫോൾഡുപയോഗിച്ച് നാലു പേർക്ക് ഒരുമിച്ചു വിളവെടുപ്പ് നടത്താനുള്ള സൗകര്യത്തിനാണിത്. ഇടയകലം കുറഞ്ഞുപോയതുമൂലം രോഗകീടബാധകളുണ്ടാകുമെന്ന ആശങ്കയിൽ അർഥമില്ലെന്ന് പീറ്റർ പറയുന്നു. കൃത്യമായ  ഇടവേളകളിൽ മരുന്നുതളിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്താൽ പിന്നെ രോഗാണുക്കളും കീടങ്ങളും തോട്ടത്തിൽ പ്രവേശിക്കുന്നതെങ്ങനെ.

ഉയരമേറിയ താങ്ങുകാലുകൾ

പീറ്ററിന്റെ തോട്ടത്തിലെ കോൺക്രീറ്റ് കാലുകളുടെ നീളം 9 മീറ്ററാണ്. ഒരു മീറ്റർ മണ്ണിനടിയിലും 8 മീറ്റർ മുകളിലേക്കും. ഇത്രയും ഉയരത്തിൽ കാലുകളുണ്ടാക്കാൻ ആരും ധൈര്യപ്പെട്ടു കണ്ടിട്ടില്ല. എന്നാൽ, പരമാവധി ഉൽപാദനം നൽകണമെൽ ഓരോ ചുവട്ടിലേയും 3 വള്ളികൾക്കും പരമാവധി വളരാൻ ആവശ്യമായ ഇടം നൽകേണമെങ്കിൽ ഇത്രയും ഉയരം വേണമെന്നാണ് പീറ്ററിന്റെ പക്ഷം. കോൺക്രീറ്റ് കാലുകൾക്ക് ചൂട് പിടിക്കുമ്പോൾ കുരുമുളക് ഉണങ്ങിനശിക്കുമെന്ന ഭീതി തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ കാലക്രമത്തിൽ ആ ഭീതി അസ്ഥാനത്താണെന്നു ബോധ്യപ്പെട്ടു. വള്ളികൾ ചാക്കുനൂലുപയോഗിച്ച് കാലുകളോടു ചേർത്തു കെട്ടിക്കൊടുക്കണമെന്നു മാത്രം. ക്രമേണ അവ വളർന്നു തിങ്ങിക്കൊള്ളും.

പീറ്ററും കുരുമുളകു തോട്ടവും. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ
പീറ്ററും കുരുമുളകു തോട്ടവും. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ

തനിക്കാവശ്യമായ മുഴുവൻ കോൺക്രീറ്റ് കാലുകളും കൃഷിയിടത്തിൽ സ്വന്തം തൊഴിലാളികളുടെ സഹായത്തോടെ നിർമിക്കുകയാരുന്നെന്ന് പീറ്റർ പറഞ്ഞു. കൂടുതൽ കാലുകൾ ഒരുമിച്ചു തയാറാക്കുന്നതിനായി ചേർത്തു കോൺക്രീറ്റ് ചെയ്തശേഷം കട്ടറുപയോഗിച്ചു മുറിച്ചു വേർപെടുത്തുന്ന രീതിയും ഇവർ രൂപപ്പെടുത്തിയിട്ടുണ്ട്. ഏർത്ത് ഓഗർ ഉപയോഗിച്ചു വ്യാസം കുറവുള്ളതും ഒരു മീറ്റർ ആഴമുള്ളതുമായ കുഴികളെടുത്തശേഷം ഹൈഡ്ര ക്രെയിനുകളുടെ സഹായത്തോടെ കോൺക്രീറ്റ് കാലുകൾ നാട്ടുകയായിരുന്നു. ഒരു മീറ്റോളം മണ്ണിനടിയിലുള്ളതിനാൽ  ചുവടുഭാഗം പ്രത്യേകം കോൺക്രീറ്റ് ചെയ്തിട്ടില്ല. വിളവെടുപ്പിനായി താങ്ങുകാലുകളിൽ ഏണി ചാരാറുമില്ല. പകരം ഉയരമേറിയ ലാഡറുകൾ കൊണ്ടുനടന്ന് വിളവെടുക്കുന്ന രീതിയാണിവിടെ

ആയുസ്സിനു വേണ്ട ആഹാരം

ഒരു പക്ഷേ പീറ്ററിന്റെ കൃഷിയിലെ എറ്റവും പ്രധാന പരിഷ്കാരം ഇതുതന്നെയായിരിക്കും ഓരോ ചുവട്ടിലും 12 വർഷത്തേക്കു വേണ്ട വളം ഒരുമിച്ചു നൽകിയിരിക്കുകയാണിവിടെ. 12 കിലോ വീതം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും രണ്ടു ചാക്കുവീതം ആട്ടിൻകാഷ്ഠവും ചാണകപ്പൊടിയും  കൂട്ടിക്കലർത്തി ചുവട്ടിലിട്ടാൽ പിന്നെ കുരുമുളകിനു വിശക്കാൻ അവസരമില്ലല്ലോ? കൂടാതെ വർഷംതോറും മൂന്നുതവണ പഞ്ചഗവ്യം ചുവട്ടിലൊഴിക്കുകയും ചെയ്യുന്നു. വർഷം മുഴുവൻ പോഷകലഭ്യത ഉറപ്പായത് ചെടിയുടെ വളർച്ചയെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്.

മഞ്ഞുനന. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ
മഞ്ഞുനന. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ

ചുവട്ടിലും തലയ്ക്കലും നന

രണ്ടു രീതിയിലുള്ള നനസംവിധാനങ്ങളാണ് ഈ തോട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചുവട്ടിലൂടെ തുള്ളിനനയും  കോൺക്രീറ്റ് കാലുകൾക്ക് മീതേ മിസ്റ്റ് ഇറിഗേഷൻ അഥവാ മഞ്ഞുനനയും. വേരുകൾക്കാവശ്യമായ വെള്ളവും പോഷകങ്ങളും നൽകുന്നതിന് തുള്ളിനന ഉപകരിക്കും. അതോടൊപ്പം തോട്ടത്തിലെ സൂക്ഷ്മകാലാവസ്ഥ ക്രമീകരിക്കുന്നതിനും മഞ്ഞുനന പ്രയോജനപ്പെടുത്താനാകും. ആദ്യമഴ ലഭിക്കുന്നതിനു പിന്നാലെ തുടർച്ചയായി മഞ്ഞുനന നൽകിയാൽ എല്ലാ കുരുമുളകും ഒരുമിച്ച് പൂവിടുമെന്ന് പീറ്റർ പറയുന്നു. ഹോർമോണുകളോ മറ്റോ തളിക്കാതെ തന്നെ ഒരുമിച്ച് വിളവെടുപ്പ് സാധ്യമാക്കാൻ ഇതുവഴി സാധിക്കും. മഴമറയിൽ വളരുന്ന കരുമുളകിൽ മഴ മൂലമുള്ള പരാഗണ സാധ്യത തീെരയില്ല. ഈ കുറവ് പരിഹരിക്കുന്നതിനും മഞ്ഞുനന സഹായിക്കുന്നു. തോട്ടത്തിൽ സ്പ്രേ ചെയ്യുന്ന ദ്രാവകവളങ്ങളുടെയും മറ്റും കണങ്ങൾ ചുറ്റുപാടും വ്യാപിക്കാതിരിക്കാനായി തണൽവലകൾകൊണ്ട്  ചുറ്റും മറച്ചിട്ടുമുണ്ട്. മിതമായ ചൂടും ഈർപ്പവും നിലനിറുത്താൻ ഈ സംവിധാനം  ഉപകരിക്കുന്നുണ്ടെന്ന് പീറ്റർ പറഞ്ഞു

കളനിയന്ത്രണത്തിന് വീഡ് മാറ്റ്. ചിത്രം∙ഐബിൻ കാണ്ടാവനം/കർഷകശ്രീ
കളനിയന്ത്രണത്തിന് വീഡ് മാറ്റ്. ചിത്രം∙ഐബിൻ കാണ്ടാവനം/കർഷകശ്രീ

പുതയിട്ട കൃഷിയിടം

കളകൾ തീരെയില്ലെന്നതാണ് ഈ തോട്ടത്തിന്റെ ഒരു പ്രധാന സൗന്ദര്യ രഹസ്യം. കുരുമുളക് ചുവടൊഴികെയുള്ള നിലം മുഴുവൻ വീഡ് മാറ്റുപയോഗിച്ച് മൂടിയിരിക്കുകയാണ്. മണ്ണിലേക്കു വെള്ളം താഴാൻ അനുവദിക്കുന്ന ഈ പുത കളകൾക്ക് വളരില്ലെന്നു ഉറപ്പാക്കുകയും ചെയ്യുന്നു. ജീവനില്ലാത്ത താങ്ങുകാലുകളും പുതയുമായതിനാൽ ഇവിടെ നൽകുന്ന പോഷകങ്ങൾ പൂർണമായും കുരുമുളകിനു തന്നെ കിട്ടുമെന്നു ഉറപ്പാക്കാം. അതുകൊണ്ടുതന്നെ ഒരു പാർക്കിലൂടെയെന്ന പോലെ തന്നെ ഈ കൃഷിയിടത്തിലൂടെ ചുറ്റിനടക്കാനും സാധിക്കും

ചാക്കുനൂൽ ഉപയോഗിച്ച് കോൺക്രീറ്റ് കാലിൽ ഉറപ്പിച്ചിരിക്കുന്നു. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ
ചാക്കുനൂൽ ഉപയോഗിച്ച് കോൺക്രീറ്റ് കാലിൽ ഉറപ്പിച്ചിരിക്കുന്നു. ചിത്രം∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ

മികവേറിയ ഇനം

കാഞ്ചിയാറിലെ കർഷകനായ ടി.ടി.തോമസ് വികസിപ്പിച്ച പെപ്പർ തെക്കൻ–1 ഇനമാണ് ഈ തോട്ടത്തിലെ 800 ചുവട്ടിലും പീറ്റർ നട്ടുവളർത്തിയിരിക്കുന്നത്. തെക്കൻ ഇനം മാത്രം അതിസാന്ദ്രതാരീതിയിൽ തീവ്രകൃഷി ചെയ്യുന്ന മറ്റൊരു തോട്ടം കേരളത്തിലുണ്ടാവില്ല. തിരികൾക്കു ശാഖകളുണ്ടായി മുന്തിരിക്കുല പോലെ മണി പിടിക്കുന്ന ഇനമായതിനാൽ തെക്കൻ കുരുമുളകിനു ഉൽപാദനക്ഷമത കൂടുതാലണെന്നു പീറ്റർ പറയുന്നു. ഒരു തിരിയിൽ നിന്നു  ശരാശരി 800 കുരുമുള‌കുമണികൾ കിട്ടുമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. കൃത്യമായി പോഷണം നൽകിയാൽ എല്ലാ തിരികളിലും നല്ല കുരുമുളകുമണികൾതന്നെ ലഭിക്കും.

Read also: കാട്ടിൽ നിന്ന് തോമസിന് കിട്ടിയ ‘കറുത്ത സ്വർണം’; വിളവ് പത്തിരട്ടി; പെപ്പെർ തെക്കന് ഇനി മൂന്നാം പതിപ്പും

രണ്ടു വർഷം മുമ്പ് കുരുമുളക് കൃഷിയിൽ ചുവട് വയ്ക്കുമ്പോൾ വലിയ കിനാക്കളൊന്നും പീറ്ററിനുണ്ടായിരുന്നില്ല. നല്ല ഒരു കൃഷിത്തോട്ടത്തിന്റെ ഉടമയാകുന്നതിന്റെ സന്തോഷം മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. കിലോയ്ക്ക് ശരാശരി 300 രൂപ മാത്രം വിലയുള്ളപ്പോൾ 60 ലക്ഷം രൂപ മുടക്കി തോട്ടമുണ്ടാക്കിയ പീറ്ററിനു പക്ഷേ ഇപ്പോൾ ഇപ്പോൾ ഇരട്ട നേട്ടങ്ങളാണ് കരഗതമായിരിക്കുന്നത്– കൃഷി ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നതിന്റെ ഇരട്ടിവില മാത്രമല്ല കാരണം. നാലാം വർഷം പൂർണ ഉൽപാദമെത്തുമ്പോൾ തന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവുമായി. പ്രാരംഭച്ചെലവ് കൂടുതലാണെങ്കിലും   പിന്നീടുള്ള വർഷങ്ങളിൽ ആവർത്തനച്ചെലവ് ഗണ്യമായി കുറയും. ഇക്കാലത്ത് കൃഷിക്കാരുടെ മുഖ്യതലവേദനയായ കളനശീകരണത്തിനു പോലും പണം മുടക്കേണ്ടിവരില്ല. വരും വർഷങ്ങളിൽ ഈ രീതിയിലുള്ള 100 ഏക്കർ കുരുമുളക് തോട്ടം വികസിപ്പിക്കാനാണ്  ഇപ്പോൾ ആലോചന. ഒരിനം മാത്രം വൻതോതിൽ ഉൽപാദിപ്പിച്ചു നൽകാനായാൽ സംസ്കരണവ്യവസായത്തിൽ ആവശ്യക്കാർ ഏറെയാണ്. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ പലരും പീറ്ററിന്റെ തോട്ടം സന്ദർശിച്ചത്  ഈ ലക്ഷ്യത്തോടെയാവണം. 

ഫോൺ: 9447080722

English summary: High Density Vietnam Model Pepper Plantation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com