ADVERTISEMENT

ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഡോളിയെന്ന ചെമ്മരിയാടിന്റെ പിതാവും മാതാവുമൊക്കെയായിരുന്നു ഇയാൻ വിൽമട് ( Ian Wilmut)എന്ന ശാസ്ത്രജ്ഞൻ എന്നു പറയാം. ദൈവത്തിനോ പ്രകൃതിക്കോ മാത്രം സാധ്യമായ ജീവന്റെ സൃഷ്ടിയിൽ കൈവയ്ക്കാൻ മനുഷ്യൻ എന്നും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു ഡോളിയെന്ന ആട്ടിൻകുട്ടിയുടെ ജന്മം. 1996ൽ ഡോളിക്ക് ജന്മം കൊടുത്ത ശാസ്ത്രസംഘത്തിന്റെ തലവനായ വിൽമട് ,തന്റെ 79–ാം വയസിൽ അന്തരിച്ച വിവരം ഇന്ന് ലോകമറിയുമ്പോൾ, ഇവിടെ കേരളത്തിൽ വെറ്ററിനറി സർവകലാശാലയിൽ നിന്ന് ഡയറക്ടർ ഓഫ് ഫാംസും സീനിയർ പ്രഫസറുമായി വിരമിച്ച ഡോ. എ.പി.ഉഷ , വിൽമടുമായി ബന്ധപ്പെട്ട തന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ്. ഇയാൻ വിൽമട് എന്ന ലോകമറിയുന്ന ഗവേഷകന്റെ ലബോറട്ടറിയിൽ മുപ്പതോളം വർഷങ്ങൾക്കുമുൻപ് ചെലവഴിച്ച കാലത്തേക്കുറിച്ചുള്ള അമൂല്യസ്മരണകൾ. ഡോളിയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നില്ലെങ്കിലും ചില അനുബന്ധ പ്രവർത്തനങ്ങളിൽ അൽപമായെങ്കിലും അറിയാതെ പങ്കാളിയാകാൻ സാധിച്ചതിൽ ഇന്നും അവർ അഭിമാനം കൊള്ളുന്നു. ഇയാൻ വിൽമടിന്റെ സഹപ്രവർത്തകനായിരുന്ന കീത്ത് കാംപ്ബെല്ലുമായുണ്ടായിരുന്ന ഉറ്റ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. ഡോളിയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ അത്രമേൽ രഹസ്യമായിരുന്നതിനാൽ അത്തരമൊരു പദ്ധതി നടക്കുന്ന വിവരം പോലും ആ സമയത്ത് അറിയാമായിരുന്നില്ലായെന്ന് ഡോ. ഉഷ വെളിപ്പെടുത്തുന്നു. 

വെറ്ററിനറി സർവകലാശാലയിലെ ഒട്ടേറെ അധ്യാപകർ പിന്നീട് ഇതേ സ്ഥാപനത്തിൽ നിന്ന് ഗവേഷണത്തിനെത്തിയതായി ഡോ. ഉഷ പറഞ്ഞു. ഡോ. സിസിലമ്മ ജോർജ്, ഡോ. കെ.പി.ശ്രീകുമാർ, ഡോ. ഗിരീഷ് വർമ്മ, ഡോ. ഗംഗാധരൻ, ഡോ. ലീന എന്നിവർ സ്കോളർഷിപ്പോടെ എഡിൻബറ സർവകലാശാലയിൽ ഗവേഷണം നടത്തിയവരായിരുന്നു. 1980ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ പഠിക്കാൻ എത്തിയ ഡോ. ഉഷ അനിമൽ ബ്രീഡിങ് ആൻഡ് ജനറ്റിക്സിലാണ് ബിരുദാനന്തര ബിരുദം നേടിയത്. പാരമ്പര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമായ ഡിഎൻഎയും (DNA), സുപ്രധാന ടെക്നിക്കായ പിസിആറും (PCR) കേവലം പുസ്തകത്തിൽ മാത്രം വായിച്ചുട്ടുള്ള കാലമായിരുന്നു അത്.1991ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടിയാണ് പ്രസിദ്ധമായ, ഡോളിക്ക് പിന്നീട് ജന്മം നൽകിയ റോസ് ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ. ഉഷ ഗവേഷണത്തിനെത്തിയതും എഡിൻബറ സർവകകലാശാലയിൽനിന്ന് ഡോക്ടറൽ ബിരുദം കരസ്ഥമാക്കുന്നതും.1994 വർഷത്തിലാണ് ഡോളിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ അതീവരഹസ്യമായി തുടങ്ങുന്നത്. കോശ ജനിതകത്തിലെ മൈക്രോസാറ്റലൈറ്റ് മാർക്കറുകളിലായിരുന്നു ഡോ. ഉഷയുടെ പഠനം. ഒരു ദിവസം തന്റെ ഗവേഷണ ഗൈഡായ ഡോ. ജോൺ വില്യംസിന്റെ ആവശ്യപ്രകാരം കുറച്ചു കോശങ്ങൾ കൊണ്ടുവന്ന് അതിൽ നിന്ന് കൈമറ (Chimera) കോശങ്ങൾ ഏതെന്ന് കണ്ടെത്താൻ പറഞ്ഞതും അതു ചെയ്തതും ഡോ. ഉഷ ഓർക്കുന്നുണ്ട്. ആ ചെറിയ പ്രവൃത്തി ഡോളിയുടെ ഗവേഷണത്തിൽ പിന്നീട് വളരെ ചെറിയ ഭാഗമായി എന്നത് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നു മാത്രം.

dr-usha-3
ഡോ. എ.പി.ഉഷ

ക്ലോണിങ്ങിലൂടെ ഒരു സസ്തനിവർഗ ജീവിയെ സൃഷ്ടിച്ചതാണ് വിൽമടിന്റെ ഏറ്റവും പ്രധാന സംഭാവന. 1944 ജൂലൈ ഏഴിന് ഇംഗ്ലണ്ടിലാണ് വിൽമടിന്റെ ജനനം. ക്രിസ് പോൾഗ് എന്ന ശാസ്ത്രജ്ഞനുമായുള്ള പരിചയമാണ് ജീവശാസ്ത്രത്തിലേക്ക് വിൽമടിന്റെ ശ്രദ്ധയെ തിരിച്ചുവിട്ടത്. ജീവകോശങ്ങളുടെ ശീതീകരണവും പുനരുപയോഗവുമായിരുന്നു പോൾഗിന്റെ ഗവേഷണമേഖല. അതുകൊണ്ടുതന്നെ വിൽമടും കേംബ്രിജ് സർവകലാശായിൽ അതേ മേഖലയിൽ ഗവേഷണം തുടങ്ങുകയായിരുന്നു. ആദ്യകാലത്ത് പന്നിയുടെ ബീജം ഗാഢശീതീകരണത്തിന് വിധേയമാകുന്ന ഗവേഷണമാണ് വിൽമട് നടത്തിയിരുന്നതെന്ന് ഡോ. എ.പി.ഉഷ ഓർമിക്കുന്നു. അങ്ങനെയാണ് ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണകോശത്തിൽനിന്ന്  " ഫ്രോസ്റ്റി" എന്ന പശുക്കിടാവ് സൃഷ്ടിക്കപ്പെട്ടത്. സ്കോട്‌ലൻഡ് എഡിൻബറ സർവകലാശാലയിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പിന്നീട് വിൽമുട് എത്തുന്നത്. അവിടെയാണ്  ' ഡോളി' യുടെ പിറവി. സസ്തനികളുടെ സഹചമായ പ്രകൃത്യാലുള്ള ലൈംഗിക പ്രത്യുൽപാദനത്തെ ആശ്രയിക്കാതെ ഡോളിയെ സൃഷ്ടിച്ചത് അക്കാലത്ത് വിസ്മയം സൃഷ്ടിച്ച മുന്നേറ്റമായിരുന്നു. 

dr-usha-1
ഡോ. എ.പി.ഉഷ (വലതുതിന്ന് മൂന്നാമത്) എഡിൻബറ സർവകലാശാലയിലെ സഹപാഠികൾക്കൊപ്പം (ഫയൽ ചിത്രം)

ആൺ ചെമ്മരിയാടിന്റെ സഹായവും സാന്നിധ്യവുമില്ലാതെ മൂന്ന് പെൺ ചെമ്മരിയാടുകളുടെ അണ്ഡകോശങ്ങൾ ക്ലോണിങ് നടത്തി ഡോളി സൃഷ്ടിക്കപ്പെട്ടു. ആറു വയസ്സുള്ള ഒരു ചെമ്മരിയാടിന്റെ അകിടുകോശം, മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കിയ അണ്ഡകോശവുമായി സംയോജിപ്പിച്ച്, അത്  ഭ്രൂണമാക്കി മൂന്നാമത്തെ ചെമ്മരിയാടിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു വളർത്തിയെടുത്ത ഡോളി എന്നും വിസ്മയം നൽകിയ ആട്ടിൻകുട്ടിയായി പിറന്നു. അകിടുകോശം തന്ന അമ്മയുടെ അതേ പകർപ്പായിരുന്ന കുഞ്ഞാട്. 1996ൽ പിറന്ന ഡോളിയെ ഒരു വർഷത്തിനുശേഷമാണ് ലോകം കണ്ടത്.

dr-usha-5
ഡോ. ഉഷ റിസർച്ച് ഗൈഡിനൊപ്പം

ഒട്ടേറെ വിവാദങ്ങളും ധാർമികപ്രശ്നങ്ങളും വിടാതെ പിൻതുടർന്ന വിൽമട് മനുഷ്യക്ലോണിങ്ങിന് ലഭിച്ച ഗവേഷണപദ്ധതി കാര്യമായി മുന്നോട്ടുകൊണ്ടുപോയില്ല. മാത്രമല്ല അണ്ഡകോശങ്ങളില്ലാതെ തന്നെ ക്ലോണിങ് നടത്താവുന്ന പുത്തൻ രീതികൾ പുറത്തുവന്നതോടെ വിൽമടിന്റെ രീതികൾ കാലാഹരണപ്പെടുകയും ചെയ്തു. ക്ലോണിങ്ങിന്റെ മേഖലയിൽ നിന്ന് വിത്തുകോശഗവേഷണത്തിലേക്ക് അദ്ദേഹം പിന്നീട് ചുവടുമാറുകയും ചെയ്തു. മനുഷ്യനെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്ക് പ്രത്യേകിച്ച് പാർക്കിൻസൺസ് പോലുള്ള രോഗങ്ങൾക്ക് തന്റെ ഗവേഷണം ഭാവിയിൽ പ്രയോജനപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ അതേ പാർക്കിൻസൺ രോഗം തന്നെയാണ് ആ വിശ്രുത ഗവേഷകനെ കീഴടക്കിയതും.

dolly-and-mother
Dolly and her surrogate mother (Image Credit: The University of Edinburgh)

English summary: Dr. Usha shared her memories of working with the creator of Dolly the sheep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com