ADVERTISEMENT

കുരുമുളകുകൃഷി കാണാൻ ആരെങ്കിലും ആലപ്പുഴയ്ക്കു പോകുമോ? ഇനി ഏതായാലും പോകേണ്ടിവരും. ഗ്രാമ– നഗര ഭേദമില്ലാതെ കുരുമുളകുകൃഷി ചെയ്തു വരുമാനം നേടാവുന്ന ഒരു മാതൃക അവിടെയുണ്ട്. ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിലെ രാജ്കുമാറിന്റെ മട്ടുപ്പാവിലാണ് കാർഷിക കേരളത്തിന്റെയാകെ ശ്രദ്ധയർഹിക്കുന്ന ഈ തോട്ടം. 

മട്ടുപ്പാവിലെ കുറ്റിക്കുരുമുളകുകൃഷി എത്ര കണ്ടിരിക്കുന്നുവെന്നാണോ നിങ്ങളുടെ മനസ്സില്‍? എന്നാല്‍ അറിയുക– ഇത് നിങ്ങൾ കരുതുന്നതിലും വലുതാണ്. 5–6 അടി ഉയരത്തിൽ വളരുന്ന കുരുമുളകിന്റെ ചെറുമരങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം. ചെത്തിയും ചെമ്പരത്തിയുംപോലെ ഉയർന്നു വളരുന്ന ഈ കുരുമുളകുചെടികളിൽ നിറയെ ശാഖകളുമുണ്ട്. എന്നാൽ, ഇവയുടെ തായ്ത്തണ്ട് കുരുമുളകിന്റേതല്ല. കൊളുബ്രിനം എന്നറിയപ്പെടുന്ന ബ്രസീലിയൻ തിപ്പലിയുടെ തണ്ടിൽ നിന്നു വളരുന്ന ചെറുശാഖകളിൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്തതാണ് ഈ ചെടികള്‍. വേരും തണ്ടും തിപ്പലിയുടേതും ശിഖരങ്ങളും ഇലയും കായ്കളും കുരുമുളകിന്റേതും– രാജ്കുമാറിന്റെ കുറ്റിക്കുരുമുളകു മരങ്ങളുടെ പ്രധാന സവിശേഷത ഇതുതന്നെ. കുരുമുളകിന്റെ മുഖ്യഭീഷണിയായ വാട്ടരോഗത്തെ ചെറുക്കാനാണ് തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്യുന്നത്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് നിലത്തും ഗ്രോബാഗിലുമൊക്കെ വളർത്തുന്നവരേറെയുണ്ടാവും. എന്നാൽ രാജ്കുമാറിന്റെ രീതികൾ തികച്ചും വ്യത്യസ്തവും അനുകരണീയവുമാണ്.

പ്രധാനമായി 3 പരിഷ്കാരങ്ങളാണ് രാജ്കുമാറിന്റെ കൃഷിയിൽ.

terrace-pepper-3

ബക്കറ്റ് കൃഷി

20 ലീറ്റർ വ്യാപ്തമുളള പെയിന്റ് ബക്കറ്റിലാണ് കൃഷി. അതിൽ നിറച്ച പ്രത്യേക നടീൽ മിശ്രിതത്തിൽ ചുവട് ഉറപ്പിക്കുന്ന ചെടിക്കു പോഷകലഭ്യത ഉറപ്പ്. ചെടിച്ചുവട്ടിൽ നൽകുന്ന പോഷകങ്ങൾ ഒട്ടും നഷ്ടമാകുന്നില്ല. മണ്ണിന്റെ അളവ് 20 ശതമാനമായി പരിമിതപ്പെടുത്തിയ നടീൽമിശ്രിതമാണ് ബക്കറ്റിൽ. 30% വീതം ചാണകപ്പൊടിയും ചകിരിക്കംപോസ്റ്റും 20% മണ്ണിരക്കംപോസ്റ്റുമാണ് ബാക്കി. ഈ മിശ്രിതം ട്രൈക്കോഡെർമപോലുള്ള ജീവാണുക്കൾ ചേർത്ത് ഏതാനും ദിവസം സൂക്ഷിച്ച ശേഷമാണ് ഇതിനുളളിൽ നിറയ്ക്കുക. മണ്ണിന്റെ അളവു കുറവായതിനാല്‍ മട്ടുപ്പാവിന് അധികഭാരം താങ്ങേണ്ടിവരില്ല. ബക്കറ്റുകൾ മട്ടുപ്പാവിലെത്തിച്ച ശേഷമാണ് പ്രത്യേക നടീൽമിശ്രിതം നിറയ്ക്കുക (വിശദമായി അറിയാൻ വിഡിയോ കാണുക). കുറഞ്ഞത് 5% വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്തുണ്ടാക്കുന്ന നടീൽമിശ്രിതത്തിൽ ചാണകപ്പാലും കടലപ്പിണ്ണാക്ക് കലക്കിയുണ്ടാക്കിയ പാലും കൂട്ടിക്കലർത്തി 20 ദിവസത്തിലൊരിക്കൽ ഒഴിച്ചുകൊടുക്കാറുണ്ട്. 

തിപ്പലിയിൽ കുരമുളക് ഗ്രാഫ്റ്റ് ചെയ്തിരിക്കുന്നു. ഫോട്ടോ ∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ
തിപ്പലിയിൽ കുരമുളക് ഗ്രാഫ്റ്റ് ചെയ്തിരിക്കുന്നു. ഫോട്ടോ ∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ

തിപ്പലി ഗ്രാഫ്റ്റ്

തിപ്പലിയിൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്നതു കേരളത്തിലെ കർഷകർക്കു പുതുമയല്ല. വാട്ടരോഗത്തെ ചെറുക്കാൻ ഫലപ്രദമായ ഈ രീതി, പക്ഷേ കൂടുതലായും കുറ്റിക്കുരുമുളക് കൃഷിയിലാണുള്ളത്.  എന്നും നനയ്ക്കാൻ പറ്റാത്ത തോട്ടങ്ങളിൽ തിപ്പലി ഗ്രാഫ്റ്റ് അത്ര കാണാറില്ല. ചതുപ്പിൽ വളരുന്ന തിപ്പലിയുടെ ചുവട്ടിൽ സദാ ഈർപ്പം ഉറപ്പാക്കണമെന്നതുതന്നെ കാരണം. എന്നാൽ, ഗ്രോബാഗിലും ബാരലിലുമൊക്കെ നടുമ്പോൾ തുടർച്ചയായി നനയ്ക്കാനാകണം.

ഓരോ  ബാരലിന്റെയും നടുവിലായി ബ്രസീലിയൻ തിപ്പലിയുടെ തണ്ടുകൾ നട്ടുവളർത്തി. തിപ്പലി വളർന്ന് ശാഖകളുണ്ടായപ്പോൾ അവയിലൊന്നിൽ കുരുമുളക് ഗ്രാഫ്റ്റ്  ചെയ്തു (ഗ്രാഫ്റ്റ് ചെയ്യുന്നത് വിശദമായി അറിയാൻ വിഡിയോ കാണുക). കൈരളി, പെപ്പർ തെക്കൻ, അഗളി പെപ്പർ എന്നീ ഇനങ്ങളാണ് പ്രധാനമായും മട്ടുപ്പാവുകൃഷിക്ക് ഉപയോഗിച്ചത്. തിപ്പലി വളർന്നു നീളുന്നതനുസരിച്ച് നിശ്ചിത അകലത്തിൽ കൂടുതൽ ശിഖരങ്ങളുണ്ടാവുകയും അവയിലൂടെയെല്ലാം കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്തതോടെ നിറയെ ശാഖകളുള്ള  കുറ്റിച്ചെടിയായി അതു രൂപപ്പെട്ടു. ഇതിൽ തിപ്പലിയുടെതായി വേരും തണ്ടും മാത്രമേയുണ്ടാകൂ. ഇലകളും പൂവുമൊക്കെ കുരുമുളകിന്റേതും. അഥവാ തിപ്പലിയിൽ ഇലകളുണ്ടായാൽ അവ നുള്ളിക്കളയാനും രാജ്കുമാർ മടിക്കില്ല. അങ്ങനെ കളഞ്ഞില്ലെങ്കിൽ വേരിലൂടെയെത്തുന്ന വെള്ളവും വളവുമൊക്കെ കുരുമുളകിനു ഭാഗികമായേ കിട്ടൂ– രാജ്കുമാർ ചൂണ്ടിക്കാട്ടി.

terrace-pepper-2

തിരിനന

രാജ്കുമാറിന്റെ കൃഷി വിജയിപ്പിച്ച നിർണായക ഘടകം തിരിനനയാണെന്നു പറയാം. ഓരോ ബക്കറ്റിനുമടിയിൽ നടീൽമിശ്രിതം നിറയ്ക്കുന്നതിനു മുന്‍പ് ബക്കറ്റിൽ ഒരു നിര കരിയിലയും ചകിരിത്തൊണ്ടും വയ്ക്കും (വിഡിയോ കാണുക). അതിനുമീതേ അടപ്പോടുകൂടിയ മിഠായിഭരണി ഇറക്കി ചെരിച്ചു വയ്ക്കും. ആക്രിക്കച്ചവടക്കാരിൽനിന്നു കുറഞ്ഞ വിലയ്ക്ക് ഇത് വാങ്ങാനാകും. ഭരണിക്ക് സ്ഥാനമാറ്റമുണ്ടാകാതെ ഇരു വശങ്ങളിലും ചകിരിത്തൊണ്ട് വയ്ക്കാം. മിഠായി ഭരണിയുടെ മേൽവശത്ത് 2 ദ്വാരങ്ങളുണ്ടാക്കി ഒന്നിൽ വെള്ളം നിറയ്ക്കുന്നതിനുള്ള കുഴലും അടുത്തതിൽ തിരിനനയ്ക്കുള്ള തിരിയും ഘടിപ്പിക്കും. തുടർന്ന്, തിരിയുടെ മുകളിലെ അഗ്രത്തിന് 2–3 ഇഞ്ച് താഴെവരെ നടീൽമിശ്രിതം നിറയ്ക്കും. വേരുപടലം തിരിയുടെ അഗ്രഭാഗത്തോടു ചേർന്നു വരത്തക്ക വിധത്തിൽ തിപ്പലി തൈകൾ ബക്കറ്റിനുള്ളിൽ നടുകയാണ് അടുത്ത നടപടി. തിരിയിലൂടെയെത്തുന്ന ജലം വേരുപടലത്തിനു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണിത്. തുടർന്ന് തിരിയുടെ അഗ്രഭാഗവും തിപ്പലിച്ചുവടും മൂടുന്നതുവരെമാത്രം നടീൽമിശ്രിതം നിറയ്ക്കും. തിപ്പലിയുടെ ചുവട്ടിൽ ഈർപ്പം ഉറപ്പാക്കുന്നതിനാണ്. ഇത്തരമൊരു സംവിധാനമില്ലാത്തതുകൊണ്ടാണ് പലപ്പോഴും ഗ്രോബാഗിലെയും ബാരലലിലെയുമൊക്കെ ഗ്രാഫ്റ്റ് കുരുമുളക് പരാജയപ്പെടുന്നതെന്ന് രാജ് കുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, തിപ്പലി വളർന്നു വലുതാവുന്നതോടെ തിരിനന മതിയാകാതെവരും. കുരുമുളക് വളരുന്ന ബക്കറ്റിന്റെ വശങ്ങളിൽ ദ്വാരങ്ങളിട്ടശേഷം വലുപ്പമേറിയ ബാരലുകളിൽ ഇറക്കിവയ്ക്കുകയാണ് ഇതിനു പരിഹാരം. 

നനയ്ക്കുമ്പോൾ ഊറിവരുന്ന വെള്ളം ബാരലിനുള്ളിൽ സംഭരിക്കപ്പെടുന്നതിനാൽ പാഴാകാതെസൂക്ഷിക്കാം. വലുതായ ചെടിയുടെ വേരുകൾ ബക്കറ്റിന്റെ വശങ്ങളിലെ ദ്വാരങ്ങളിലൂടെ പുറത്തേക്കെത്തുകകയും ബാരലിൽ സൂക്ഷിച്ചിരിക്കുന്ന ജലം ആഗിരണം ചെയ്യുകയും ചെയ്യും. ഈ ജലം ചൂടാവാതിരിക്കുന്നതിനായി കരിയിലകളും മറ്റുമിട്ട് മൂടുന്ന പതിവും രാജ്കുമാറിനുണ്ട്. ബാരലിലെ വെള്ളത്തിൽ പുളിപ്പിച്ച പിണ്ണാക്ക്, ചാണകപ്പാൽ എന്നിവ ഒഴിച്ചുകൊടുത്താൽ ചെടി ആവശ്യാനുസരണം വലിച്ചെടുക്കുമെന്ന് രാജ്കുമാർ ചൂണ്ടിക്കാട്ടി– ഒരു തരം ഹൈഡ്രോപോണിക്സ്.

മൂന്നു ക്രമീകരണങ്ങളും നടപ്പാക്കിയാൽ ആദ്യവർഷം തന്നെ 3–4 അടി ഉയരത്തിൽ തിപ്പലിയുടെ തണ്ട് ഉയർന്നു വളരുകയും നാലു ചുറ്റും കുരുമുളകുശിഖരങ്ങൾ പടരുകയും ചെയ്യും. തിപ്പലിയുടെ തണ്ടിനു വേണ്ടത്ര ബലമുള്ളതിനാൽ ആദ്യ മാസങ്ങൾക്കുശേഷം താങ്ങുകാല് വേണ്ടിവരുന്നുമില്ല. ഈ രീതീയിൽ ക്രമീകരിച്ച ഒരു കുരുമുളകു ബാരലിൽനിന്ന് അഞ്ചാം വർഷം ശരാശരി ഒരുകിലോ ഉണക്കക്കുരുമുളക് കിട്ടുന്നു. 

ആകെ 55 ചുവട് കുരുമുളകാണ്  കേവലം 1,550 ച.അടി വിസ്തൃതിയുള്ള ഈ മട്ടുപ്പാവിലുള്ളത്. ഇവയിൽ 15 ചെടികളിൽ കഴിഞ്ഞ വർഷം നന്നായി തിരിപിടിച്ചു. 6 വർഷം മാത്രം പ്രായമായ ഈ ചെടികളിൽനിന്ന് 10 കിലോ ഉണക്കക്കുരുമുളകാണ് കഴിഞ്ഞ വർഷം കിട്ടിയത്. ഇപ്പോഴത്തെ നിരക്കിൽ 6,500 രൂപയുടെ വരുമാനം. രണ്ടര വർഷം മാത്രം പ്രായമായ പെപ്പർ തെക്കൻ 1.8 കിലോ പച്ചക്കുരുമുളകു നൽകിയതാണ് ഏറ്റവും മികച്ച പ്രകടനം. കൂടാതെ 23 സെന്റ് പുരയിടത്തിൽ നൂറിലേറെ ചുവട് കരുമുളക് വേറെയുമുണ്ട്. മരങ്ങളിൽ പടർത്തുക മാത്രമല്ല, മട്ടുപ്പാവിലെന്നപോലെ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുറ്റിക്കുരുമുളകുമരങ്ങളും പറമ്പിൽ നട്ടിരിക്കുന്നു. ഇവിടെ ബാരലും തിരിനനയുമില്ല. എന്നാൽ നീളത്തിൽ കുഴിയെടുത്ത്  ചകിരിത്തൊണ്ടും കരിയിലയും നിറച്ചശേഷം മണ്ണു മൂടിയാണ് ഇവ നട്ടിരിക്കുന്നത്. ത്ിരിനനയിലെന്നപോലെ ഈർപ്പം കിട്ടാൻ ഇതുപകരിക്കും. ഓരോ ഇനം കുരുമുളകിനും അതിന്റേതായ സവിശേഷതകളുണ്ടെന്ന് രാജ്കുമാർ ചൂണ്ടിക്കാട്ടി. മരങ്ങളിൽ പടർത്താൻ കുമ്പുക്കൽ കുടുതൽ യോജ്യമാണ്. എന്നാൽ തെക്കനും അഗളിക്കും ഉണക്കു വാശി കൂടുതലുണ്ട്.

നിറയെ തിരിയിട്ട അഗളി പെപ്പർ. ഫോട്ടോ ∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ
നിറയെ തിരിയിട്ട അഗളി പെപ്പർ. ഫോട്ടോ ∙ ഐബിൻ കാണ്ടാവനം/കർഷകശ്രീ

ബാരലുകളിൽ കുറ്റിച്ചെടിപോലെ കുരുമുളക് വളർത്തിയാൽ ഒരു വീട്ടിലേക്ക് ആവശ്യമായ മുഴുവൻ മുളകും ഒരു ചുവട്ടിൽനിന്നുതന്നെ ലഭിക്കുമെന്ന് രാജ്കുമാർ ചൂണ്ടിക്കാട്ടി. നനച്ചാൽ വർഷത്തിൽ 3 തവണയെങ്കിലും തളിർത്ത് പൂവിടും. മട്ടുപ്പാവില്‍ വേണ്ടത്ര വെന്റിലേഷനോടുകൂടിയ മഴമറയിലാണ് ഇദ്ദേഹം കുരുമുളകു വളർത്തുന്നത്. വേനൽക്കാലത്ത് വെള്ളംചീറ്റി ഇതിനുള്ളിലെ അന്തരീക്ഷം തണുപ്പിക്കാറുണ്ട്. കുരുമുളകിന്റെ പോളിനേഷനു മിസ്റ്റ് ഇറിഗേഷൻ സഹായകമാണ്. അതേസമയം, പെരുമഴ മൂലം കായ്കൾ പൊഴിയുന്നതുപോലുള്ള പ്രശ്നങ്ങൾക്ക് മഴമറ പരിഹാരവുമാണ്.

ഫോൺ: 9447253546

English summary: A special bush pepper cultivation on a terrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com