"പക്ഷിപ്പനി സ്ഥിരീകരിച്ചാൽ യാതൊരു ദയയുമില്ലാതെ ആ പ്രദേശത്തുള്ള മുഴുവൻ വളർത്തു പക്ഷികളെയും സർക്കാർ കൊന്നൊടുക്കും, അതുപോലെ പന്നിപ്പനി റിപ്പോർട്ട് ചെയ്താൽ വളർത്തുപന്നികളെയും. അങ്ങനെയെങ്കിൽ നിപ്പ പരക്കുന്ന സ്ഥലങ്ങളിലെ വവ്വാലുകളെ കൊന്നൊടുക്കാൻ എന്തിനു മടിക്കണം?" - ഇന്ന് ഒരു സാമൂഹ്യമാധ്യമ പേജിൽ കണ്ട പോസ്റ്റാണിത്. സംസ്ഥാനത്ത് നിപ്പ വൈറസ് വീണ്ടും പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ വൈറസിന്റെ സ്രോതസ് എന്ന് വിലയിരുത്തപ്പെടുന്ന വവ്വാലുകളോട് ഒരു ഭീതി പൊതുവെ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും വവ്വാലുകളെ ഭയപ്പെടുത്തി അകറ്റാനും നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കേൾക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള നിപ്പ ബാധകളിൽ ഓരോന്നിലും ആദ്യത്തെ രോഗിക്ക് വവ്വാലുകളിൽ നിന്നാണ് വൈറസ് വ്യാപനം ഉണ്ടായത് എന്ന് വിലയിരുത്തുന്ന അനേകം ഗവേഷണ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാലും രോഗവ്യാപനം തടയാൻ വൈറസ് വാഹകരായ വവ്വാലുകളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കും എന്ന ശാസ്ത്രവസ്തുത നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
വവ്വാലുകളും നിപ്പയും കേരളവും; ഗവേഷണങ്ങൾ പറയുന്നത്
കേരളത്തിൽ കോഴിക്കോടും എറണാകുളത്തും 2018, 2019, 2021 വർഷങ്ങളിൽ ഉണ്ടായ രോഗബാധകളിൽ ഒന്നും തന്നെ ആദ്യ രോഗിക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം കൃത്യമായി സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നിപ്പ വൈറസ് മനുഷ്യനിലേക്കു കടന്നുകയറിയ വഴി കൃത്യമായി ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നതു വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒട്ടേറെ നമുക്ക് മുന്നിലുണ്ട്. ഇത് തന്നെയാവാം തുടർച്ചയായി നിപ്പ പൊട്ടി പുറപ്പെടാനുള്ള കാരണവും.
2018 -ല്‍ കോഴിക്കോട് നിപ്പ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ. സി. എം. ആർ.) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്‍റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. വൈറസ് സാന്നിധ്യ പരിശോധനയില്‍ പത്തൊന്‍പത് ശതമാനം വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിലെയും നിപ്പ രോഗികളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലേയും വൈറസുകൾ തമ്മിലുള്ള സാമ്യം 99 –100 % ആയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേക്കു ഗവേഷകർ എത്തിയിരുന്നു. എറണാകുളത്ത് 2019- ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാനമായ പഠനം നാഷണല്‍ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യ യാദവിന്‍റെ നേതൃത്വത്തിലുള്ള ഐ. സി. എം. ആർ. സംഘം നടത്തിയിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ്പ വൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (Anti-NiV Ig G antibodies ) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തിൽ വൈറസ് ബാധയുണ്ടായിരുന്നു എന്നതിലേക്കു വിരല്‍ചൂണ്ടുന്നു.
2021, സെപ്തംബറിൽ കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിനു സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഫലം പുറത്തുവന്നപ്പോൾ പഴംതീനി വവ്വാൽ ഇനങ്ങളായ ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ്പ വൈറസിന് എതിരായ ഐ. ജി. ജി. (Ig. G.) ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വവ്വാലുകളിൽ നിപ്പ വൈറസിന് എതിരായ ആന്റിബോഡികൾ കണ്ടെത്തിയത് അവയിൽ വൈറസ് സാന്നിധ്യമുള്ളതിന്റെ കൃത്യമായ തെളിവാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ ഉണ്ടായ നിപ്പ രോഗബാധയിൽ വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകൾ തന്നെയാണന്ന നിഗമനത്തിലേക്കാണ് ഗവേഷകർ എത്തിയത്.

കേരളത്തില്‍ പല ജില്ലകളിലും പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും വവ്വാലുകൾക്കിടയിൽ നിശബ്ദമായ വ്യാപനം നടക്കുന്നുണ്ടാവാമെന്നുമുള്ള നിഗമനത്തിലാണ് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം ഒടുവിലെത്തിയത്. വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പഠനം നടത്തേണ്ടതും നിരീക്ഷണ, ജാഗ്രത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതാണെന്നുമുള്ള മുന്നറിയിപ്പും രണ്ടുവര്‍ഷം മുൻപു തന്നെ ഗവേഷകര്‍ നല്‍കിയിട്ടുള്ളതാണ്.
ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ്പ വൈറസ് കണ്ടെത്തിയതായി ഈയിടെ പുറത്തുവന്ന റിപ്പോർട്ടും അനുബന്ധമായി അറിയേണ്ടതുണ്ട്. വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യത്തെ പറ്റിയുള്ള ശാസ്ത്രീയ കണ്ടെത്തലുകൾ വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയിൽ ഇടപെടുമ്പോൾ കൂടുതൽ കരുതൽ വേണമെന്നും നമ്മെ ഓർമിപ്പിക്കുന്നു.

വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടുമോ ? ; വേണ്ട, വവ്വാലുകളോട് പരാക്രമം
ഇതുവരെ നടന്ന ഗവേഷണപഠനങ്ങളെല്ലാം തന്നെ നിപ വൈറസും വവ്വാലുകളുമായുള്ള സഹവർത്തിത്വത്തിന്റെയും നമ്മുടെ പരിസ്ഥിതിയില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസിന്‍റെ ഉയർന്ന സാന്നിധ്യമുള്ളതിന്റെയും തെളിവുകളും, നിപ്പ പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പും നമുക്ക് നൽകുന്നുണ്ട്. നിപ്പ വൈറസ് മാത്രമല്ല പരിണാമപരമായി തന്നെ മറ്റനേകം വൈറസുകളുടെ പ്രകൃത്യായുള്ള സംഭരണികളാണ് വവ്വാലുകൾ. എബോള, മെർസ് കൊറോണ അടക്കം മഹാമാരിയായി പടർന്ന പല പകർച്ച വ്യാധികളുടെയും വരവ് വവ്വാലുകളിൽ നിന്നായിരുന്നു. വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്ത് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. വവ്വാലുകളെ അവയുടെ ആവാസ കേന്ദങ്ങളിൽ നിന്ന് ഭയപ്പെടുത്തി അകറ്റുന്നതും വലിയ മരങ്ങൾ ഉൾപ്പെടെയുള്ള അവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുന്നതും രോഗസാധ്യത കൂട്ടാൻ മാത്രമേ ഉപകരിക്കൂ. വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ശ്രമിക്കുന്നതും കൂടുതൽ അപകടം ചെയ്യും. ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും വാസസ്ഥാനങ്ങൾ നശിപ്പിക്കുന്നതുമടക്കമുള്ള ഏതൊരു സമ്മർദ്ദവും വവ്വാലുകളിൽ അതുവരെ നിശബ്ദം പാർത്തിരുന്ന

വൈറസുകൾ പെരുകാനും അവയുടെ ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുമുള്ള സാധ്യതയും സാഹചര്യവും കൂട്ടും. ഇത് രോഗവ്യാപന സാധ്യത കൂട്ടും. മലേഷ്യയിൽ ഉണ്ടായ ചരിത്രത്തിലെ ആദ്യ നിപ്പ വ്യാപനത്തിൽ നിന്നു തന്നെ ഇത് വ്യക്തമാണ്.
വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്യുന്ന നടപടി പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്ന വസ്തുതയെ ബലപ്പെടുത്തുന്ന വേറെയും ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2013 - ൽ ഗിനിയയിൽ എബോള പൊട്ടിപുറപ്പെട്ടപ്പോൾ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചു പഠിക്കാൻ എത്തിയ ഗവേഷകസംഘത്തോട് പ്രദേശത്തെ കുട്ടികൾ തങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നതും അടുത്തിടെ തീയിട്ട് നശിപ്പിച്ചതുമായ ഒരു വലിയ മരത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. വലുതും ചെറുതുമായ വവ്വാലുകൾ ധാരാളമായി ചേക്കേറി പാർത്തിരുന്ന ആവാസവ്യവസ്ഥകളിൽ ഒന്നായിരുന്നു ആ മഹാമരം. ആ മരം തീയിട്ട് നശിപ്പിച്ചതോടെ അതിൽ പാർത്തിരുന്ന വവ്വാലുകൾ വാസസ്ഥാനം നഷ്ടപ്പെട്ട് പലവഴിക്കും പറന്നു. കുറെയെണ്ണം ചത്തുവീണു . ആഹാരവും അഭയസ്ഥാനവും നഷ്ടപ്പെട്ട് ശരീരസമ്മർദ്ദത്തിലായതും ചത്തുവീണതുമായ വവ്വാലുകളിൽ നിന്നും പുറത്തെത്തിയ എബോള വൈറസുകൾ മനുഷ്യരിലേക്ക് പകർന്നതും മനുഷൃരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അതിതീവ്രരോഗമായി മാറി വൻകരയിലാകെ പടർന്നതും മഹാമാരിയായി രൂപം പൂണ്ടതും വളരെ വേഗത്തിലായിരുന്നു. അതുകൊണ്ട് തന്നെ വവ്വാലുകളെ ഉന്മൂലനം ചെയ്യുക എന്ന
അപക്വ മാർഗങ്ങളല്ല നിപ്പ പ്രതിരോധത്തില്‍ നമുക്ക് വേണ്ടത്. പരിസ്ഥിതിയുമായുള്ള ഇടപെടലുകളില്‍ ജാഗ്രതയും കരുതലുമാണ് വേണ്ടത്. വവ്വാലുകളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വവ്വാലുകളുടെ വലിയ ആവാസവ്യവസ്ഥകൾ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമേഖലകളിൽ ഇടപെടുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നതും ഈ അവസരത്തിൽ ഓർക്കണം.
Content Summary : Fruit bats, also known as flying foxes, are the natural reservoir for Nipah virus (NiV).