ADVERTISEMENT

ഇന്ന് മനുഷ്യന് ഭീഷണിയായിത്തീരുന്നത് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളാണ്. ലോകത്തെ മുൾമുനയിൽ നിർത്തിയ എബോള മുതൽ ഇപ്പോൾ കേരളത്തിൽ വാർത്തകളിൽ നിറയുന്ന ‘നിപ’ വരെ ഇതിൽ ഉൾപ്പെടും. നമ്മുടെ അരുമപ്പക്ഷിമൃഗാദികൾ മുതൽ ഫാമിൽ വളരുന്ന പശു, ആട്, കോഴി തുടങ്ങിയ എല്ലാ ജീവികളും ചിലപ്പോൾ ചിലതരം ജന്തുജന്യ രോഗങ്ങളുടെ വാഹകരാകാം. പഴംതീനി വവ്വാലുകളിൽ കാണപ്പെടുന്ന നിപ വൈറസ് മനുഷ്യനിലേക്കും പന്നികളിലേക്കും വ്യാപിച്ച് രോഗമുണ്ടാകുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗവ്യാപനം വളരെ പെട്ടെന്നാണ്. മരണ നിരക്ക് 90 ശതമാനത്തിന് മുകളിലും ഇതാണ് ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നത്. 

1998ൽ മലേഷ്യയിലാണ് ആദ്യമായി ഈ രോഗം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 105 പേരാണ് അന്ന് മരണപ്പെട്ടത്. വളർത്തു പന്നികളിൽ നിന്നാണ് ഈ രോഗം മനുഷ്യന് ബാധിച്ചത്. പിന്നീട് 1999ന് ശേഷം മലേഷ്യയിൽ ഈ രോഗം കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 19/05/2018 നാണ് ആദ്യമായി കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തത്. പഴംതീനി വവ്വാലുകളിൽ നിന്നാണ് അസുഖം വന്നതെന്നാണ് അന്ന് സ്ഥിരീകരിച്ചത്. കാലാവസ്ഥാവ്യതിയാനവും, വവ്വാലുകൾക്കുണ്ടാകുന്ന ശാരീരിക സമ്മർദവും വൈറസ് വ്യാപനത്തിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിപ ബാധ കെട്ടടങ്ങിയപ്പോൾ തുടരന്വേഷണവും പഠനങ്ങളും കൂട്ടായ പ്രവർത്തനവും അവസാനിച്ചു. 

ആരോഗ്യവും മൃഗസംരക്ഷണവകുപ്പും, വനം പരിസ്ഥിതി വകുപ്പുകളും കൃത്യമായ ഏകോപനത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കഴിയൂ. നിർഭാഗ്യവശാൽ കേരളത്തിൽ ഇത്തരം പ്രവർത്തനങ്ങളില്ല. അസുഖങ്ങൾ വരുമ്പോഴുള്ള ബോധവൽക്കരണവും പത്രവാർത്തകളും കൊണ്ട് മുഖം രക്ഷിക്കുന്ന പ്രവണതയാണ് കാണപ്പെടുന്നത്. 

പന്നികളിൽ നിന്ന് നിപ ബാധയുണ്ടായതാണ് മലേഷ്യയിൽ കണ്ടത്. കേരളത്തിലെ പന്നി ഫാമുകളിൽ ഇതുവരെ നിപ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തണം. രോഗലക്ഷണം വരുന്നതു വരെ നിരീക്ഷിച്ച് കാത്തിരിക്കരുത്. എന്നാൽ, അത് ഫാമുകളെയും കർഷകരെയും പ്രതിസന്ധിയിലാക്കിക്കൊണ്ടുമാവരുത്. അനാവശ്യ ഭീതി ഉയർത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും നടത്താൻ പാടില്ല.

ഇത്തരം പരിശോധനകൾ പന്നിഫാമുകളിൽ മാത്രം ഒതുക്കേണ്ടതല്ല. കാരണം കന്നുകാലികളിൽനിന്നും കോഴിഫാമുകളിൽ നിന്നും ധാരാളം അസുഖങ്ങൾ മനുഷ്യന് വരാൻ സാധ്യതയുള്ളതുകൊണ്ട് ഇത്തരം ഫാമുകളിൽ നിന്നും നിർബന്ധമായും വർഷാവർഷം രക്തസാമ്പിളുകൾ ശേഖരിച്ച് ജന്തുജന്യ രോഗമുക്തമാണെന്നും, ഇവിടുന്നുള്ള പാലും, മുട്ടയും, ഇറച്ചിയും ഭക്ഷ്യയോഗ്യമാണെന്നും ഉറപ്പു വരുത്തേണ്ടത് മൃഗസംരക്ഷണ വകുപ്പാണ്. കോഴി ഇറച്ചിയിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായപ്പോൾ ഹോട്ടലുകളിൽ പരിശോധന നടത്തി നടപടികൾ അവസാനിപ്പിച്ചു. എന്നാൽ, അന്യസംസ്ഥാനത്തുനിന്ന് വരുന്നതോ, നമ്മുടെ ഫാമുകളിൽ വളരുന്നതോ ആയ ഇറച്ചിക്കോഴികളിൽ രക്തപരിശോധന നടത്തിയതായോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ സാൽമൊണല്ല പരിശോധന നടത്തിയതായോ അറിയില്ല. 

എന്തിനധികം ജന്തുജന്യരോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് പേ വിഷബാധ. പേ വിഷബാധയേറ്റും തെരുവ് നായയുടെ കടിയേറ്റും മനുഷ്യൻ മരണപ്പെടുമ്പോൾ, ജനരോഷം ശമിപ്പിക്കാനുള്ള ഒരു ഉപാധിയായിത്തീർന്നിട്ടുണ്ട് പേ വിഷനിർമാർജന യജ്ഞവും തെരുവുനായ നിയന്ത്രണവും. സെപ്റ്റംബർ ഒന്നു മുതൽ 30നുള്ളിൽ കേരളത്തിലെ എല്ലാ വളർത്തു നായ്ക്കൾക്കും, തെരുവ് നായ്ക്കൾക്കും പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ പദ്ധതിയിട്ട് സംസ്ഥാന തല ഉദ്ഘാടനം മൃഗസംരക്ഷണവകുപ്പ് മന്ത്രി കൊല്ലത്തുവച്ച് നടത്തി. സെപ്റ്റംബർ 15 ആയിട്ടും പട്ടിപിടിത്തക്കാരെയോ, വാക്സീൻ നൽകേണ്ടവരെയോ, ആവശ്യമായ ഫണ്ടോ അനുവദിച്ചില്ലെന്നതാണ് യാഥാർഥ്യം. ഏകദേശം 2.9 ലക്ഷം തെരുവുനായ്ക്കൾ ഉള്ളതിൽ 3 ശതമാനത്തിന് മാത്രമാണ് കുത്തിവപ്പ് നൽകിയത്. പട്ടി കടി വാർത്തകൾ കാര്യമായി പത്രത്തിൽ വരാത്തതുകൊണ്ടാണ് ഈ കണക്കുകൾ പുറത്ത് വരാത്തത്. 

ലോകത്ത് 2030 ആകുമ്പോഴേക്ക് പേവിഷനിർമാർജനം നടത്തുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ അതിന് ആവശ്യമായ പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നില്ല. കൃത്യമായ ലക്ഷ്യബോധമില്ലാതെയുള്ള പ്രവർത്തനങ്ങൾ പേവിഷബാധയുൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കാൻ ഇടയാക്കും. വകുപ്പുകൾ തമ്മിൽ ഏകോപിപ്പിച്ച് കൃത്യമായ പരിശോധനകള്‍ നടത്തി ‘ഏകാരോഗ്യം’ എന്ന സങ്കൽപത്തിലൂന്നി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നിപ, പന്നിപ്പനി, പക്ഷിപ്പനി, കുരങ്ങുപനി തുടങ്ങിയ താരതമ്യേന പുതിയ ജന്തുജന്യരോഗങ്ങൾക്കെതിരെ ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തെ ഫാമുകളിലും മൃഗങ്ങളിലും വർഷാവർഷം രക്തപരിശോധന നിർബന്ധമാക്കേണ്ടതാണ്.

English summary: Nipah: Effective inspections are also needed on farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com