ADVERTISEMENT

ബിഗ്ഡേറ്റ അനലിറ്റിക്സും അൽഗോരിതവും നിർമിതബുദ്ധിയും മെഷീൻ ലേണിങ്ങുമൊക്കെ അരങ്ങുവാഴുന്ന കാലത്ത് കൃഷിയും ഇനി ഡേറ്റാ സ്മാർട്ടാകും. രാജ്യത്തെ കൃഷിയെ സംബന്ധിച്ച ഏകീകൃതവും സമ്പൂർണവും ആധികാരികവുമായ സ്ഥിതിവിവരകണക്കുകൾ നൽകാൻ www.upag.gov.in എന്ന വെബ് പോർട്ടലിന് സെപ്റ്റംബർ 15ന് തുടക്കമായിരിക്കുന്നു. കേന്ദ്ര കാർഷിക കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വെബ് പോർട്ടൽ നീതി ആയോഗ് അംഗമായ പ്രഫ. രമേഷ് ചന്ദാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ കാർഷികമേഖലയെ സംബന്ധിച്ച ഡേറ്റ മാനേജ്മെന്റ് വിപ്ലവത്തിലേക്കുള്ള കാൽവയ്പ്പായിട്ടാണ് സർക്കാർ ഈ വെബ് പോർട്ടലിനെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര കൃഷിവകുപ്പു സെക്രട്ടറി മനോജ് അഹുജയുടെ വാക്കുകളിൽ പറഞ്ഞാൽ ഏറ്റവും ആധികാരികവും കൃത്യവുമായ കണക്കുകൾ ആവശ്യക്കാർക്ക് നൽകാൻ ഈ പോർട്ടലിന് കഴിയും. കാലത്തിനും സമയത്തിനും ചേരുന്ന കാർഷിക നയരൂപീകരണത്തിനും ഭരണനിർവഹണത്തിനും ഡാറ്റ മാനേജ്മെന്റ് കൃത്യമാർന്നതും മെച്ചപ്പെട്ടതുമാകണമെന്ന തിരിച്ചറിവാണ് വിവരങ്ങളുടെ ഈ ഏകീകൃതവാതിൽ തുറക്കാൻ പ്രേരണയായതെന്ന് കരുതാം. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് പ്രത്യേകിച്ച് നയരൂപീകരണം, വിപണനം തുടങ്ങിയ വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്ന് കൃത്യസമയത്തു ലഭിക്കുന്നതും ആധികാരികവുമായ സ്ഥിതിവിവരങ്ങളാണ്. കൃത്യമായ ഡേറ്റയാണ് വർത്തമാനകാലത്ത് സർവമേഖലകളിലും ഉപയോഗിക്കപ്പെടുന്ന അമൂല്യമൂലധനത്തിലൊന്ന്. കാർഷികമേഖലയിൽ ഉചിതവും ഫലപ്രദവുമായ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ഥിതി വിവരക്കണക്കുകൾ സുപ്രധാനമാകുന്നു. ഡേറ്റ എത്രമാത്രം കൃത്യമാകുന്നുവോ നയതീരുമാനങ്ങളും  അത്രമാത്രം സുസ്ഥിരവും സുതാര്യവും കാര്യമാത്ര പ്രസക്തവുമായിരിക്കും. ഡേറ്റയിൽ നിക്ഷേപിക്കുന്ന ഒരു ഡോളർ, 32 ഡോളറിന്റെ ഫലമുണ്ടാക്കുമെന്നാണ് ഗവേഷണഫലങ്ങൾ പറയുന്നത്. അതിനാൽ പോർട്ടലിലെ വിവരങ്ങൾ വസ്തുനിഷ്ഠമായിരിക്കണമെന്നതിലാണ് പ്രധാനമായും  ശ്രദ്ധ ചെലുത്തുന്നത്.

കാർഷിക വിലനിലവാരം, ഉൽപാദനം, ഭൂവിസ്തൃതി, ഉൽപാദനക്ഷമത, വ്യാപാരം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ സ്റ്റാൻഡേർഡ് രൂപത്തിലാക്കി ഒരു സ്ഥലത്ത് ലഭിക്കുന്ന വിധമാണ് പോർട്ടലിന്റെ രൂപകൽപന. അതിനാൽ വിവരങ്ങൾ തേടി പലയിടങ്ങളിൽ അലഞ്ഞ് ധനസമയ നഷ്ടങ്ങൾ ഉണ്ടാകേണ്ടതില്ല. ഏറ്റവും പുത്തൻ വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് ഡേറ്റ വിശകലനം ചെയ്താവും വിവരങ്ങൾ ലഭ്യമാക്കുക. ഉൽപാദനത്തിലുള്ള പ്രവണതകൾ, വ്യാപാരത്തിലെ പരസ്പരബന്ധങ്ങൾ, ഉപഭോഗമാതൃകകൾ എന്നിവയേക്കുറിച്ചുള്ള ഉൾക്കാഴ്ച ലഭിക്കുന്നതിനാൽ ഏറ്റവും മികച്ച നയതീരുമാനങ്ങൾ എടുക്കാൻ സാധിക്കും. കാർഷിക രംഗത്തെ പ്രതിസന്ധി ഘട്ടങ്ങളിൽ ദ്രുതവേഗത്തിൽ പ്രതികരിക്കാനും ഇത്തരം വിവരലഭ്യത സർക്കാരുകളെ സഹായിക്കുന്നു. അൽഗോരിതങ്ങളുടെ സഹായത്താൽ  ഓരോ ചരക്കിന്റെയും കമ്പോളനിലവാര റിപ്പോർട്ടുകൾ കുറഞ്ഞ ഇടവേളകളിൽ തയാറാക്കി നൽകാൻ പോർട്ടലിന് കഴിയും. ഉപയോക്താക്കൾക്ക് പോർട്ടലിലെ വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം തീരുമാനങ്ങളിലെത്താനും റിപ്പോർട്ടുകൾ തയാറാക്കാനും കഴിയുന്ന വിധത്തിലാണ് പോർട്ടലിന്റെ രൂപഘടന.

നിലവിൽ പല രൂപത്തിലും അളവുകളിലും പലയിടത്തായി ചിതറിക്കിടക്കുന്ന കാർഷിക സ്ഥിതിവിവരകണക്കുകളെ ക്രോഡീകരിച്ച്, ആവശ്യക്കാർക്ക് അനായാസം ലഭ്യമാകുന്ന, മനസിലാക്കുന്ന സ്റ്റാൻഡേർഡ് ഡേറ്റയാക്കി മാറ്റുകയെന്ന വെല്ലുവിളിയാണ് പോർട്ടലിന്റെ മുൻപിലുള്ളത്. ആധികാരികമായ ഡേറ്റയാണ് നയരൂപീകരണത്തിന്റെ കാതൽ. നിലവിൽ ലഭ്യമായ സ്ഥിതിവിവര ഡേറ്റയുടെ ആധികാരികത പരിശോധിക്കുകയെന്ന സുപ്രധാന ദൗത്യവും പോർട്ടലിന് മുന്നിലുണ്ട്.

അഗ്മാർക്‌നെറ്റ് പോലെ നിലവിലുള്ള ഡാറ്റ സ്രോതസുകളിൽനിന്നുള്ള വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ആവശ്യമായ പുതുക്കലുകൾ വരുത്തി നയരൂപകർത്താക്കൾക്ക് നൽകേണ്ടതുണ്ട്. കാർഷിക വില നിർണയത്തിൽ പ്രധാനമാകുന്ന ഡാറ്റയാണ് ഇതെന്ന് ഓർക്കണം. പല സ്ഥലത്തായി ചിതറിക്കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിച്ച് ഓരോ വിളയുടെയും ഉൽപാദനം, വ്യാപാരം, വില എന്നിവ സംബസിച്ച സമഗ്രമായ ചിത്രം ലഭ്യമാക്കുക എന്ന വലിയ കർത്തവ്യമാണ് പോർട്ടൽ ഏറ്റെടുത്തിരിക്കുന്നത്. സ്ഥിതിവിവരങ്ങൾ നിരീക്ഷണവിശകലനങ്ങൾക്ക് ആവശ്യമായ സമയവും അധ്വാനവും ലഘുകരിക്കുന്ന വിധം വിവര സ്രോതസുകളുമായി തത്സമയം ബന്ധം പുലർത്താൻ കഴിയുകയെന്ന വെല്ലുവിളി പോർട്ടൽ പരിഹരിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ കാർഷിക മേഖലയുടെ വൈവിധ്യം പ്രയോജനപ്പെടുത്തുന്ന വിധം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ പൊതുമേഖലയിൽ ഒരുക്കുകയെന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്. ഇവിടെ ആധികാരികമായ ഡേറ്റ വളർച്ചയുടെ ഉൽപ്രേരകമാകുന്നു.  ഇ- ഗവേർണൻസ് കൊണ്ടുവന്ന് കൃഷി കൂടുതൽ സ്മാർട്ടാക്കാനുമുള്ള ലക്ഷ്യത്തോട് ചേർത്താണ് പുതിയ പോർട്ടലിന്റെ പ്രവർത്തനത്തെ കാണേണ്ടത്.

English summary: Unified Portal for Agricultural Statistics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com