ADVERTISEMENT

കുടുംബത്തിന്റെ ദരിദ്രാവസ്ഥ മറികടക്കാൻ പതിനാറാമത്തെ വയസ്സിൽ കോഴിവളർത്തലിലേക്ക് തിരിഞ്ഞ വ്യക്തിയാണ് രവീന്ദ്ര മേത്കർ. ഇന്ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ  50 ഏക്കറോളം വരുന്ന സ്ഥലത്ത് 1.8 ലക്ഷം കോഴികളുള്ള ഫാമിനുടമയാണ് ഇദ്ദേഹം. ഒട്ടേറെ പേർക്ക് പ്രചോദനമായ തന്റെ ജീവിതകഥ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി അഡ്മിനിസ്ട്രേഷനിലെ (LBSNAA) ഐഎഎസ് ട്രെയ്‌നികൾക്ക് മുൻപാകെ പങ്കുവയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കർഷകൻ.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് രവീന്ദ്ര മേത്കർ ജനിച്ചത്. പ്യൂണായി ജോലി ചെയ്യുകയായിരുന്നു ‌അദ്ദേഹത്തിന്റെ അച്ഛൻ. മൂന്ന് സഹോദരങ്ങളായിരുന്നു‌. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പതിനാറാം വയസ്സിലാണ് രവീന്ദ്ര മേത്കർ കോഴിവളർത്തലിലേക്കു തിരിഞ്ഞത്. ഒട്ടേറെ പ്രതിസന്ധികൾ ഈ മേഖലയിൽ വന്നിട്ടും അതിലൊന്നും തളരാതെ അദ്ദേഹം ഈ മേഖലയിൽ കഴിവ് തെളിയിച്ചു. ‌ഏറെ വെല്ലുവിളിക‌ൾ നേരിട്ട് ഈ മേഖലയിൽ തിളങ്ങിയ രവീന്ദ്ര മേത്കറിനെ 2023 മാർച്ച് ഏഴിന് മസൂറിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി അഡ്മിനിസ്ട്രേഷൻ (LBSNAA) തങ്ങളുടെ ഐഎഎസ് ട്രെയിനികൾക്ക് ഉപദേശം നൽകാനായി ക്ഷണിച്ചിരുന്നു. മഹാരാഷ്ട്രയിൽനിന്ന് എൽബിഎസ്എൻഎഎ ക്ഷണിക്കുന്ന ആദ്യത്തെ കർഷകൻ കൂടിയാണ് രവീന്ദ്ര.  ഭാവി തലമുറയ്ക്ക് തന്റെ ജീവിതകഥ പ്രചോദനമായി മാറിയതിലും കർഷകരെ പ്രതിനിധാനം ചെയ്ത് സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഒരു ജില്ലയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിൽ പ്രധാന പങ്കാണ് കർഷകർക്കുള്ളതെന്ന് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും, ഒരു ജില്ലയുടെ തലപ്പത്ത് നിയമിതനാകുന്ന നിങ്ങൾ ഓരോരുത്തരിൽനിന്ന് കർഷകർ പ്രതീക്ഷിക്കുന്നത് എന്താണെന്നും സൂചിപ്പിച്ചു.

16–ാം വയസിൽ 100 കോഴികളിൽ നിന്നും തുടങ്ങിയ ഒരു ചെറു സംരംഭത്തെ വൻവിജയമാക്കിയ അദ്ദേഹത്തിന്റെ കഥ ഏറെ പ്രചോദനം പകരുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് ഒരു കെമിസ്റ്റിന്റെ കടയിലാണ് അദ്ദേഹം ആദ്യം ജോലി ചെയ്തത്. പ്രതിദിനം 5 രൂപയാണ് വേതനമായി അന്ന് ലഭിച്ചത്. പാരമ്പര്യമായി കുടുംബ സ്വത്ത് ഒന്നും തന്നെ ഉണ്ടായില്ല. പഠനകാലത്ത് സൈക്കിൾ ഇല്ലാത്തതിനാൽ കാൽനടയായാണ് പഠിച്ചത്. കോളജ് പഠനകാലത്ത് വളരെ പഴകിയ വസ്ത്രങ്ങളാണ് താൻ ഉപയോഗിച്ചതെന്ന കാര്യവും അദ്ദേഹം പ്രസംഗത്തിനിടയിൽ ഓർത്തു. ജോലിചെയ്യുന്ന കാലയളവിൽ  400 കോഴികൾ വളർത്തി മികച്ച ആദായം ഉണ്ടാക്കുന്ന അയൽക്കാരന്റെ വിജയമാണ്  രവീന്ദ്ര മേത്കറിന്റെ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞത്. അങ്ങനെ 1984ൽ വ്യാവസായിക കോഴി വളർത്തലിലേക്ക് അദ്ദേഹം തിരിഞ്ഞു. പിതാവ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് നൽകിയ 3000 രൂപയിലായിരുന്നു തുടക്കം. കോഴി വളർത്തലിൽ ഗവൺമെന്റിൽ നിന്നുള്ള 15 ദിവസത്തെ പരിശീലനം നേടിയതിനു ശേഷമാണ് ഫാം ആരംഭിച്ചത്. വീടിനുള്ളിൽ തന്നെ മണ്ണ് കൊണ്ടുള്ള സ്ലാബ് തീർത്ത് 100 കോഴികളുമായാണ് ഫാം തുടങ്ങി. ഈ മേഖലയിൽ മുൻ പരിചയം ഇല്ലാത്തതിനാൽ തന്നെ വിപണി കണ്ടുപിടിക്കാൻ അൽപം പ്രയാസപ്പെട്ടു. വിപണിയിൽ ലഭ്യമായ തുകയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇറച്ചിക്കോഴികളെയും മുട്ടയും വിറ്റഴിച്ചത്. പക്ഷേ ക്രമേണ ബിസിനസിൽ വിജയം നേടി. പത്തു വർഷംകൊണ്ട് 100ൽനിന്ന് 400 കോഴികളെ വരെ ഫാമിലേക്ക് എത്തിച്ചു.

ഈ കാലയളവിൽ തന്നെ അദ്ദേഹം പഠനവും പൂർത്തിയാക്കി. 1992ൽ കോമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയെടുത്തു. നാലു വർഷങ്ങൾക്കുശേഷം അദ്ദേഹം വിവാഹിതനായി. ഒരു കർഷകൻ ആയതുകൊണ്ടും, ദരിദ്രകുടുംബത്തിൽ ജനിച്ചവൻ ആണെന്നതുകൊണ്ടും പലരും വിവാഹാലോചനയുമായി ചെന്നപ്പോൾ നിരസിച്ചുവെന്നും അദ്ദേഹം ഓർക്കുന്നു. ഇതിനിടെ അമരാവതിയിൽ ഒരു ഏക്കർ ഭൂമി  വാങ്ങിയിരുന്നു. 5 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്ത് ഫാം നിർമിച്ചതിനൊപ്പം 4000 കോഴികളെ ഫാമിലേക്ക് എത്തിച്ചു. ഈ സമയത്ത് ബിസിനസിൽ ഏറെ ലാഭം ഉണ്ടാവുകയും, ഫാം കൂടുതൽ വിപുലീകരിക്കാനും സാധിച്ചു. ഫാമിലേക്ക് 12000 കോഴികളെ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2006ൽ ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി പടർന്നു പിടിച്ചു. ഇത് അദ്ദേഹത്തിന്റെ സംരംഭത്തെ കാര്യമായി തന്നെ ബാധിച്ചു. ഇറച്ചിക്കോഴിയും മുട്ടയും വാങ്ങാൻ ആളുകൾ ഭയപ്പെട്ടു. ഒപ്പം കോഴികളെ കൊല്ലാൻ പലരും കർഷകരെ നിർബന്ധിക്കുകയും ചെയ്തു. കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ വരുമാനം കിട്ടിയിരുന്ന ഇറച്ചിക്കോഴികളെ വെറും 2–3 രൂപയ്ക്ക് വിൽക്കേണ്ട സ്ഥിയിലേക്ക് കാര്യങ്ങളെത്തിച്ചു. 

പ്രതിസന്ധികൾ ഓരോന്നായി കടന്നു വന്നപ്പോഴും അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല. കോഴിഫാം ലാഭകരമായിരുന്ന സമയത്ത് അദ്ദേഹം കൃഷി ചെയ്യാൻ 15 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. പക്ഷിപ്പനി പടർന്നു പിടിച്ച സമയത്ത് ഈ 15 ഏക്കർ സ്ഥലത്ത് ഒരു ഇഞ്ച് സ്ഥലം പാഴാക്കാതെ  പലവിധ കൃഷികൾ ചെയ്തു. ഓറഞ്ച്, സോയാബീൻ, പയർ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും പഴങ്ങളും വാണിജ്യാടിസ്ഥാനത്തിൽ വിളയിച്ചു ലാഭം നേടി. പിന്നീട് 2008ൽ ബാങ്കിൽനിന്ന് അദ്ദേഹം 25 ലക്ഷം രൂപ വായ്പയെടുത്ത് വീണ്ടും 20,000 മുട്ടക്കോഴികളെവച്ച് ബിസിനസ് പുനരാരംഭിച്ചു. ബിസിനസ് വീണ്ടും ലാഭത്തിലായി. 

രവീന്ദ്രയുടെ മുട്ടക്കോഴിവളർത്തൽ കേന്ദ്രം. Image credit: Ravindra Metkar/X (Twitter)
രവീന്ദ്രയുടെ മുട്ടക്കോഴിവളർത്തൽ കേന്ദ്രം. Image credit: Ravindra Metkar/X (Twitter)

100 കോഴികളിൽ തുടങ്ങിയ ഫാമിൽ ഇന്ന് 1.8 ലക്ഷം കോഴികളുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടായി കോഴി വളർത്തലിൽ അദ്ദേഹം ഒട്ടേറെ പേർക്ക് അനുകരണീയമായ മാതൃകയായും മാറിയിട്ടുണ്ട്. തന്റെ ഫാമിൽ ഒട്ടേറെ നൂതന സാങ്കേതിക വിദ്യകളും ആവിഷ്കരിക്കുകയും ചെയ്തു. ഇൻഡോർ വെർട്ടിക്കൽ ഫാമിങ്, ഗ്രീൻ ഹൗസ് ഫാമിങ്, ഓർഗാനിക് ഫാമിങ്, ഓട്ടോമാറ്റിക് റിമോട്ട് സെൻസിങ് ഇറിഗേഷൻ, ഡ്രിപ്പ് സിസ്റ്റം തുടങ്ങി നൂതന സാങ്കേതികവിദ്യകളെല്ലാം ഇന്ന് രവീന്ദ്ര മേത്കർ ഫാമിൽ ആവിഷ്കരിച്ചിട്ടുണ്ട്. 50 ഏക്കറിലുള്ള ഇദ്ദേഹത്തിന്റെ ഫാം നിയന്ത്രിക്കാൻ 50 തൊഴിലാളികൾ മാത്രമേയുള്ളൂ എന്നതാണ് പ്രധാന കാര്യം. കാരണം മിക്ക ജോലികളും ഓട്ടോമാറ്റിക് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഫാമിൽ മുട്ട ശേഖരിക്കാനും കോഴികൾക്ക് തീറ്റ നൽകാനും ഇവയുടെ വിസർജ്യങ്ങൾ ശേഖരിക്കാനുമെല്ലാം യന്ത്രസഹായമുണ്ട്.

2013ൽ യന്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ ബിസിനസ് എങ്ങനെ വിപുലപ്പെടുത്താൻ എന്നതിനെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ 10 ദിവസത്തേക്ക് യൂറോപ്പിലേക്ക് അയച്ച 80 കർഷകരിൽ ഒരാൾ കൂടിയായിരുന്നു രവീന്ദ്ര. അടുത്തവർഷം മഹാരാഷ്ട്ര സർക്കാർ നൽകുന്ന വസന്ത റാവു അവാർഡിനു വേണ്ടി ഇദ്ദേഹത്തെ പരിഗണിച്ചിട്ടുണ്ട്. 2021ൽ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നോവേറ്റീവ് കർഷക അവാർഡ്,  2022ൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ  ജഗജീവൻ റാം അഭിനവ് കിസാൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 

പലപ്പോഴും ഉദ്യോഗസ്ഥർ തന്റെ ഫാമിലേക്ക് വരികയും, പതിവായി സൗജന്യമായി കോഴികളെ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഈ ആവശ്യം നിരസിക്കുന്നപക്ഷം അടുത്തുള്ള അയൽക്കാരോട് ഫാമിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് പരാതിപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ധാരാളം പ്രശ്നങ്ങൾ ഈ മേഖലയിൽ പതിവായി  ഉണ്ടായിട്ടുണ്ടെന്നും ഈ കർഷകൻ പറയുന്നു. സാധാരണയായി ഒരു കർഷകന് വിളനാശം സംഭവിക്കുമ്പോൾ സർക്കാർ നഷ്ടപരിഹാരം നൽകാറുണ്ട്.  ഈ തുക ലഭിക്കാൻ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ വില്ലേജ് ഓഫീസർമാർ എത്താറുണ്ട്. പക്ഷേ കണക്കെടുക്കാൻ വരുന്നവർ തന്നെ നഷ്ടപരിഹാരത്തുകളുടെ ഒരു വിഹിതം കൈപ്പറ്റുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി നമ്മൾ തുക നൽകാൻ വിസമ്മതിച്ചാൽ പലപ്പോഴും തുക ലഭിക്കേണ്ട കർഷകരുടെ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കർഷകർ നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും ഐഎഎസ് ട്രെയിനികൾക്ക് മുൻപാകെ ഇദ്ദേഹം ഉയർത്തിക്കാട്ടി. ജൂനിയർ ഓഫീസർമാരെ മാത്രം ആശ്രയിക്കാതെ താഴേത്തട്ടിലുള്ള കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, അവരുടെ സ്ഥലങ്ങൾ സന്ദർശിക്കാനും, അവർക്ക് വേണ്ടത് ചെയ്യാനും ഭാവിയിലെ കലക്ടർമാരോട് അദ്ദേഹം ഉപദേശിച്ചു. 

കൃഷികൊണ്ട് മാത്രം കർഷകന് പുരോഗതി ഇന്നത്തെ കാലത്ത് നേടാൻ ആകില്ല. വിത്ത് വിതച്ച് ഏകദേശം അഞ്ചു മാസമെങ്കിലും കഴിഞ്ഞാൽ ആണ് വിളവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കുന്നത്. ഈ കാലയളവിൽ കർഷകന് സമ്പാദ്യമായി ഒന്നും തന്നെയില്ല. അതുകൊണ്ട് കൃഷിയെ മാത്രം ആശ്രയിക്കാതെ കോഴിവളർത്തൽ, കൂൺ വളർത്തൽ, പട്ടു നൂൽപ്പുഴുക്കളെ വളർത്തൽ, പശു വളർത്തൽ മണ്ണിര കമ്പോസ്റ്റ് തുടങ്ങി മറ്റു കൃഷികൾ ചെയ്യുവാൻ കർഷകൻ മുന്നോട്ടുവരണമെന്നും, കൃഷി രീതികളെ കുറിച്ച് കർഷകനെ ബോധവാന്മാരാക്കാൻ ഉദ്യോഗസ്ഥർ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഭാവിയിലെ ഉദ്യോഗസ്ഥർക്ക് മുന്നിൽ കർഷകരുടെ പ്രശ്നങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് പറയാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് രവീന്ദ്ര മേത്കർ പറഞ്ഞു. 

സാധാരണ ഐഎഎസ് ട്രെയിനികൾക്ക് ക്ലാസ് എടുക്കാൻ എത്തുന്നത് പ്രശസ്തരായ ഉദ്യോഗസ്ഥരായിരിക്കും. പക്ഷേ ഞാൻ ഒരു കർഷകനായാണ് ഈ സ്റ്റേജിൽ നിൽക്കുന്നത്. കാർഷികവൃത്തിയിൽ നിന്ന് എനിക്ക് ലഭിച്ച നേട്ടങ്ങൾ പുതിയ തലമുറയ്ക്ക് ആത്മവിശ്വാസം പകരുമെന്നും കൃഷിയിലേക്ക് ഒരു മടിയും കൂടാതെ ഇറങ്ങാൻ കാരണമാകുമെന്നും താൻ പ്രതീക്ഷിക്കുന്നുവെന്ന് പ്രസംഗത്തിന് അവസാനം അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com