ADVERTISEMENT

വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ അടുക്കളമുറ്റത്ത് ഉല്‍പാദിപ്പിക്കുന്നതിന്റെ പ്രാധാന്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. സ്വന്തം ഉപയോഗത്തിനുള്ള പരമാവധി പഴം-പച്ചക്കറി-മത്സ്യമാംസാദികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഓരോ വ്യക്തിക്കും ഉറപ്പാക്കാന്‍ കഴിയും. വീടുകളില്‍ മാത്രമല്ല സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കാര്യമായ പങ്കു വഹിക്കാന്‍ സാധിക്കും. അത്തരത്തിലൊരു മികച്ച മാതൃക കോട്ടയം വടവാതൂര്‍ സെന്‌റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ കാണാം. സെമിനാരിയിലെ ഏഴു ബാച്ചുകളിലുള്ള മുന്നൂറിലധികം വൈദികവിദ്യാര്‍ഥികള്‍ക്കും 18 വൈദികര്‍ക്കും 35 തൊഴിലാളികള്‍ക്കുമുള്ള ഭക്ഷണത്തിന്റെ നല്ലൊരു പങ്കും 34 ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുവെന്ന് സ്ഥാപനത്തിന്റെ പ്രൊക്യുറേറ്റര്‍ ഫാ. ബേബി കരിന്തോലില്‍. വിവിധ പച്ചക്കറികള്‍, കിഴങ്ങിനങ്ങള്‍, ഫലവൃക്ഷങ്ങള്‍, വലിയ കുളങ്ങളില്‍ മത്സ്യക്കൃഷിക്കൊപ്പം താറാവു വളര്‍ത്തല്‍, പൂവന്‍കോഴികളെ വളര്‍ത്തല്‍, പശു-ആട്-പന്നി പരിപാലനം, മാലിന്യ സംസ്‌കരണവും പുനരുപയോഗവും, സോളര്‍ വൈദ്യുതി എന്നിങ്ങനെ കാര്‍ഷിക മേഖലയിലെ ഒട്ടേറെ കൃഷിക്കാഴ്ചകള്‍ ഇവിടെ കാണാം.

മോശം മണ്ണ്, പക്ഷേ കൃഷിക്കായി പരുവപ്പെടുത്തി

ടേബിള്‍ ടോപ് എന്ന രീതിയിലാണ് വടവാതൂര്‍ സെമിനാരിയുടെ സ്ഥലം നിലകൊള്ളുന്നത്. വെട്ടുകല്ലിന്റെ അംശം ധാരാളമുള്ളതിനാല്‍ കൃഷിക്കായി അത്ര യോജ്യമല്ല ഈ മണ്ണെന്ന് ഫാ. ബേബി. അതുകൊണ്ടുതന്നെ ചാണകപ്പൊടിയും കരിയിലയുമെല്ലാം നല്‍കി മണ്ണിന്റെ ജൈവാംശം മെച്ചപ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്. വെയില്‍ ലഭിക്കുന്ന പരമാവധി സ്ഥലങ്ങളിലെല്ലാം സ്ഥാപനത്തിലേക്ക് ആവശ്യമായതെല്ലാം കൃഷി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. വാഴ, ചേമ്പ്, ചേന, പാവല്‍, പയര്‍ സാലഡ് വെള്ളരി, വഴുതന, ചീര എന്നുതുടങ്ങി ഒട്ടുമിക്ക ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടത്തിലൂടെയുള്ള നടപ്പാതയ്ക്കു മുകളില്‍ തീര്‍ത്തിരിക്കുന്ന കമാനത്തില്‍ പാഷന്‍ ഫ്രൂട്ടും സാലഡ് വെള്ളരിയും മികച്ച രീതിയില്‍ വളര്‍ന്ന് കായ്കളേകി നില്‍ക്കുന്നത് കാണാം.

വിഗോവ താറാവുകൾ. Image credit: Jimmy Kamballur/Karshakasree
വിഗോവ താറാവുകൾ. Image credit: Jimmy Kamballur/Karshakasree

ജലസംരക്ഷണത്തിന് കുളങ്ങള്‍, കുളങ്ങളില്‍ മത്സ്യങ്ങളും താറാവുകളും

മലമുകള്‍ ആയനാൽ വേനല്‍ക്കാലത്ത് ജലക്ഷാമം ഉള്ള പ്രദേശമാണിത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് പരമാവധി വെള്ളം കൃഷിയിടത്തില്‍ത്തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അഞ്ച് പടുതക്കുളങ്ങള്‍ ഇവിടെ പല ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നു. 35 ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ളതാണ് ഏറ്റവും വലുത്. ഓരോ കുളത്തിനു ചുറ്റും വേലി കെട്ടിത്തിരിച്ച് താറാവുകള്‍ക്കയി കൂടും ഒരുക്കിയിട്ടുണ്ട്. ചാര, ചെമ്പല്ലി, വിഗോവ ഇനങ്ങളിലായി ആയിരത്തോളം താറാവുകള്‍ ഇവിടെയുണ്ട്. നാടന്‍ താറാവുകളുടെ കുഞ്ഞുങ്ങളെ കോട്ടയം പരിപ്പിലുള്ള താറാവുകര്‍ഷകരില്‍നിന്ന് വാങ്ങിക്കുന്നു. തിരുവല്ലയിലെ സര്‍ക്കാര്‍ ഫാമില്‍നിന്നാണ് വിഗോവ താറാവുകളെ വാങ്ങിച്ചത്. മുട്ടയുല്‍പാദനത്തിനായും ഇറച്ചിയാവശ്യത്തിനായും താറാവുകളെ ഉപയോഗിക്കുന്നു. സെമിനാരിയിലെ ആവശ്യത്തിനു ശേഷമുള്ളവ സ്വന്തം സ്റ്റോറിലൂടെ ആവശ്യക്കാര്‍ക്ക് വില്‍ക്കാറുമുണ്ട്. 

മണിത്താറാവ് അഥവ ഫ്ലയിങ് ഡക്ക്. Image credit: Jimmy Kamballur/Karshakasree
മണിത്താറാവ് അഥവ ഫ്ലയിങ് ഡക്ക്. Image credit: Jimmy Kamballur/Karshakasree

താറാവുകള്‍ക്കൊപ്പംതന്നെ മണിത്താറാവുകളെയും ഇവിടെ പ്രാധാന്യത്തോടെ വളര്‍ത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊണ്ടുവന്ന മൂന്നു ജോടിയില്‍നിന്ന് ഇന്ന് മുന്നൂറോളം മണിത്താറാവുകളിലേക്ക് എത്തിയിരിക്കുന്നു. മുട്ടയിട്ട് സ്വന്തമായി അടയിരുന്നു കുട്ടികളെ ഇറക്കുന്നവരായതിനാല്‍ വളര്‍ത്താന്‍ എളുപ്പമെന്ന് ഫാ. ബേബി. താറാവുകളില്‍ ഏറ്റവും മെച്ചമെന്ന് തനിക്ക് തോന്നുന്നതും ഇവയാണെന്ന് അദ്ദേഹം പറയുന്നു.

മണിത്താറാവ് അഥവ ഫ്ലയിങ് ഡക്ക്. Image credit: Jimmy Kamballur/Karshakasree
മണിത്താറാവ് അഥവ ഫ്ലയിങ് ഡക്ക്. Image credit: Jimmy Kamballur/Karshakasree

താറാവുകളുള്ള എല്ലാ കുളങ്ങളിലും മത്സ്യങ്ങളും വളരുന്നു. കാര്‍പ്പിനങ്ങള്‍, തിലാപ്പിയ, ജയന്‌റ് ഗൗരാമി തുടങ്ങിയവയാണ് പ്രധാനമായും വളര്‍ത്തുന്നത്. പച്ചക്കറിയവശിഷ്ടങ്ങളും മിച്ചഭക്ഷണവും സാന്ദ്രിത തീറ്റയും ഇലവര്‍ഗങ്ങളും താറാവുകള്‍ക്ക് ഭക്ഷണമാകുമ്പോള്‍ ചേമ്പില ഉള്‍പ്പെടെയുള്ളയാണ് മത്സ്യങ്ങളുടെ ഭക്ഷണം.

ആവശ്യക്കാര്‍ക്ക് സമ്മാനം കറിവേപ്പിന്‍തൈകള്‍

സെമിനാരിയിലെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് സമീപത്തുനിന്ന് ആവശ്യക്കാരേറെ. അത്തരം ഉപഭോക്താക്കള്‍ക്കായി കറിവേപ്പിന്‍തൈകളും ഫാ. ബേബി ഇവിടെ ഒരുക്കിയിരിക്കുന്നു. കൃഷിയിടത്തിലെ കറിവേപ്പിന്റ ചുവട്ടില്‍നിന്ന് ശേഖരിക്കുന്ന തൈകള്‍ കൂടകളില്‍ നട്ടുവളര്‍ത്തി സൗജന്യമായാണ് വിതരണം. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് വീട്ടിലേക്കാവശ്യമായ കറിവേപ്പില ആവശ്യാനുസരണം ലഭ്യമാക്കുന്ന വിധത്തില്‍ ബാല്‍ക്കണിയില്‍ വളര്‍ത്താമെന്ന ചിന്തയോടെയാണ് തൈകളുല്‍പ്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അത്യാവശ്യം വലുപ്പമുള്ള തൈകളായതുകൊണ്ടുതന്നെ ഒരു ചട്ടിയിലേക്ക് മാറ്റി നട്ടാല്‍ അടുക്കളയിലേക്കാവശ്യമായ കറിവേപ്പില ഉറപ്പ്. 

സെമിനാരിയിലെ ഉദ്യാനം. Image credit: Jimmy Kamballur/Karshakasree
സെമിനാരിയിലെ ഉദ്യാനം. Image credit: Jimmy Kamballur/Karshakasree

മനം മയക്കും ഉദ്യാനം, ഉദ്യാനത്തിന് അഴകായി ഡ്രാഗണ്‍ഫ്രൂട്ടും

ആരുടെയും മനംമയക്കുന്ന ഉദ്യാനമാണ് സെമിനാരിയിലെ മറ്റൊരു ഹൈലൈറ്റ്. പൂന്തോട്ടം കൃത്യമായി പരിപാലിക്കുന്നതും ചെടികള്‍ ഭംഗിയായി അടുക്കുന്നതുമെല്ലാം രാമര്‍ എന്ന സഹായിയാണെന്ന് ഫാ. ബേബി. 25 വര്‍ഷമായി സെമിനാരിയിലെ ഉദ്യാനസംരക്ഷകനാണ് രാമര്‍. ഉദ്യാനത്തോടൊപ്പം കോണ്‍ക്രീറ്റ് കാലുകളില്‍ ഡ്രാഗണ്‍ഫ്രൂട്ട് ചെടികളും വളര്‍ത്തുന്നു. പരപരാഗണമില്ലാതെ സ്വയം പരാഗണം ചെയ്യുന്ന ഇനങ്ങളാണ് വളര്‍ത്തുന്നത്. ഡ്രാഗണ്‍ഫ്രൂട്ട് പരിചണത്തില്‍ തനിക്ക് അടുത്തിടെയുണ്ടായ അബദ്ധം അദ്ദേഹം പങ്കുവച്ചു. ഉറുമ്പുശല്യം ഡ്രാഗണ്‍ഫ്രൂട്ട് ചെടികളില്‍ കൂടുതലായിരുന്നു. അവയെ തുരത്താന്‍ പല വഴിയും ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ഹിറ്റ് പ്രയോഗം നടത്തി. അത് ഉറുമ്പിനേക്കാളേറെ ചെടികളെയാണ് ബാധിച്ചത്. മരുന്നു വീണ തണ്ടിന്റ ഭാഗമെല്ലാം ചീഞ്ഞുപോയി. ഹിറ്റില്‍ അടങ്ങിയിരിക്കുന്ന പെട്രോളിയം ഉല്‍പന്നം ഡ്രാഗണ്‍ ചെടികള്‍ക്ക് നന്നല്ലെന്ന് അറിഞ്ഞത് പിന്നീടാണ്.

സെമിനാരിയിലെ ഡെയറി ഫാമിൽ ഫാ. ബേബി കരിന്തോലിൽ. Image credit: Jimmy Kamballur/Karshakasree
സെമിനാരിയിലെ ഡെയറി ഫാമിൽ ഫാ. ബേബി കരിന്തോലിൽ. Image credit: Jimmy Kamballur/Karshakasree

സങ്കരയിനം പശുക്കളും എരുമകളും പിന്നെ വെച്ചൂരും

പതിനെട്ടോളം പശുക്കളും മൂന്ന് എരുമകളും സെമിനാരിയിലുണ്ട്. ഒരു നേരം നൂറു ലീറ്ററിന് അടുത്ത് പാലുല്‍പാദനം. 50 ലീറ്റര്‍ സെമിനാരിയിലേക്ക് എടുക്കുന്നുണ്ട്. കൂടാതെ 25 ലീറ്ററോളം പാല്‍ 60 രൂപയ്ക്ക് പ്രാദേശികമായി വില്‍ക്കുന്നു. ശേഷിക്കുന്നവ ക്ഷീരസംഘത്തിലും കൊടുക്കുന്നു. സ്വന്തം ആവശ്യത്തിനായി ഉല്‍പാദിപ്പിക്കുന്നതിനൊപ്പം മികച്ച വിലയ്ക്ക് പ്രാദേശികമായികൂടി വില്‍ക്കാന്‍ കഴിയുന്നതുകൊണ്ടുതന്നെ തന്റെ അഭിപ്രായത്തില്‍ ഡെയറി ഫാം ലാഭകരമാണെന്ന് ഫാ. ബേബി. പശുക്കള്‍ക്കായി തീറ്റപ്പുല്‍ക്കൃഷിയുണ്ട്. കൂടാതെ കൃഷിയിടത്തിലെ മറ്റു പുല്ലുകളും നല്‍കുന്നു. 18 വയസുള്ള അമൃത എന്നു പേരിട്ടിരിക്കുന്ന വെച്ചൂര്‍പ്പശുവും ഫാമിന് അഴകായി ഇവിടെയുണ്ട്. ചര്‍മം കണ്ടാല്‍ പ്രായം അറിയില്ല എന്നതാണ് വെച്ചൂരിന്റ പ്രത്യേകതയെന്നും ഫാ. ബേബി. അമൃതയുടെ മകള്‍ മാളുവും മാളുവിന്റ മകന്‍ മാണിക്യനും ഫാമിലുണ്ട്.

പൂവൻകോഴിക്കുഞ്ഞുങ്ങൾ. Image credit: Jimmy Kamballur/Karshakasree
പൂവൻകോഴിക്കുഞ്ഞുങ്ങൾ. Image credit: Jimmy Kamballur/Karshakasree

ഇറച്ചിയാവശ്യത്തിന് പൂവന്‍കോഴികളും പന്നിയും ഒപ്പം മാലിന്യ സംസ്‌കരണവും

സ്ഥാപനത്തിലേക്കുള്ള ഇറച്ചിയുടെ ആവശ്യം നിറവേറ്റുന്നതിന് പൂവന്‍കോഴികളെ വളര്‍ത്തുന്നു. മണര്‍കാടുള്ള സര്‍ക്കാര്‍ ഹാച്ചറിയില്‍നിന്ന് ഒരു ദിവസം പ്രായമുള്ള പൂവന്‍കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് വളര്‍ത്തുക. 5 രൂപ നിരക്കില്‍ പൂവന്‍കുഞ്ഞുങ്ങളെ ലഭിക്കും. രണ്ടാഴ്ച ബ്രൂഡിങ് നല്‍കും. തുടര്‍ന്ന് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം കൂടുകളിലേക്ക് മാറ്റും. ഇത്തരത്തില്‍ വളര്‍ത്തുന്നതിനാല്‍ ചിക്കിച്ചികയാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ മൂന്നു ബാച്ചുകളിലായി മൂവായിരത്തോളം പൂവന്‍കോഴികള്‍ ഇവിടെയുണ്ട്.

ഡ്യുറോക് ഇനം പന്നിക്കുഞ്ഞ്. Image credit: Jimmy Kamballur/Karshakasree
ഡ്യുറോക് ഇനം പന്നിക്കുഞ്ഞ്. Image credit: Jimmy Kamballur/Karshakasree

മിച്ചഭക്ഷണ സംസ്‌കരണത്തിനും അതുപോലെ മാംസോല്‍പാദനത്തിനുമായി 25 പന്നികളെയും വളര്‍ത്തുന്നു. ഡ്യുറോക്, സങ്കര ഇനങ്ങളില്‍പ്പെട്ടവയാണ് വളര്‍ത്തുന്നത്. സെമിനാരിയിലെ മിച്ചഭക്ഷണമാണ് ഇവയുടെ ആഹാരം. കുഞ്ഞുങ്ങളുടെ ഉല്‍പാദനവുമുണ്ട്.

വെച്ചൂർ പശുക്കൾ. Image credit: Jimmy Kamballur/Karshakasree
വെച്ചൂർ പശുക്കൾ. Image credit: Jimmy Kamballur/Karshakasree

മലിനജല സംസ്‌കരണത്തിന് കോണ്‍ക്രീറ്റ് ടാങ്ക്, വൈദ്യുതിക്ക് സോളര്‍

മുന്നൂറിലധികം ആളുകളുള്ള സ്ഥാപനമായതിനാലും വളര്‍ത്തുമൃഗങ്ങള്‍ ഉള്ളതിനാലും ധാരാളം ജലം ഒരോ ദിവസവും ഉപയോഗിക്കപ്പെടുന്നുണ്ട്. അവ പാഴായിപ്പോകാതെ പ്രത്യേകം ടാങ്കുകളില്‍ ശേഖരിച്ച് അവയിലെ ഖരാംശങ്ങള്‍ നീക്കം ചെയ്ത് കൃഷിയിടത്തിലേക്ക് എത്തിക്കുന്നു. ഇതിനായി 6 ടാങ്കുകളാണുള്ളത്. ഈ ടാങ്കുകള്‍ക്ക് മുകളില്‍ പന്തല്‍ നിര്‍മിച്ച് പച്ചക്കറിക്കൃഷിയുമുണ്ട്.

സെമിനാരിയിലെ സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതിയുല്‍പാദനം എടുത്തുപറയേണ്ടതാണ്. പ്രതിദിനം 100 കിലോവാട്ട് ശേഷിയുള്ള യൂണിറ്റാണ് സ്ഥാപിച്ചിട്ടുള്ളത്. സെമിനാരി ലൈബ്രറിയുടെ മുകളിലും ഹയര്‍ സ്റ്റഡീസ് കെട്ടിടത്തിനു മുകളിലുമാണ് സോളര്‍ യൂണിറ്റുള്ളത്. ഗ്രിഡിലേക്ക് നേരിട്ട് ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ വൈദ്യുതിയിനത്തില്‍ മാസം 50,000 രൂപയുടെ കുറവുണ്ട്.

ബോയർ ആട്. Image credit: Jimmy Kamballur/Karshakasree
ബോയർ ആട്. Image credit: Jimmy Kamballur/Karshakasree

ആടുവളര്‍ത്തല്‍

ബോയര്‍, മലബാറി ഇനങ്ങളില്‍പ്പെട്ട ആടുകളാണ് പ്രധാനമായും ഇവിടെയുള്ളത്. കൂടാതെ സിരോഹി, ജമുനാപാരി ഇനങ്ങില്‍പ്പെട്ട മുട്ടന്മാരുമുണ്ട്. ഇറച്ചിയാവശ്യത്തിന് മികച്ച ബോയറാണെന്ന് ഫാ. ബേബി. ബ്രൗണ്‍ നിറത്തിലുള്ള തലയും കഴുത്തുമാണ് ബോയര്‍ ആടുകളുടെ പ്രത്യേകത. നെറ്റിയില്‍ വെളുത്ത പൊട്ടും കാണാറുണ്ട്. കൂടിനുള്ളില്‍ ആടുകള്‍ക്കു മുന്‍പില്‍ പുല്‍ത്തൊട്ടി ഒരുക്കിയിട്ടുണ്ട്. പുല്‍ത്തൊട്ടിക്കു മുകളിലായി ആടിന്റ തലയ്ക്കു മുകളില്‍ വരുന്ന വിധത്തില്‍ വെള്ളപ്പാത്രവും ഉറപ്പിച്ചിരിക്കുന്നു. കാഷ്ഠിക്കുമ്പോള്‍ വാല്‍ ചലിപ്പിക്കുന്ന സ്വഭാവം ഉള്ളതിനാല്‍ വെള്ളത്തില്‍ കാഷ്ഠം വീഴാതിരിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ കുടിവെള്ളപ്പാത്രം ഉയരത്തില്‍ വയ്ക്കുന്നത്. ആടുകള്‍ക്ക് ആവശ്യാനുസരണം വെള്ളം കുടിക്കാനുമാകും.

ഫോണ്‍:  9400022173

English summary: From vegetables to farmed animals; This is the agricultural revolution in Vadavathoor Seminary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com