ഒരു മരത്തിൽനിന്ന് 40 കിലോ വിളവും 100 രൂപ വിലയുമേ പ്രതീക്ഷിക്കാവൂ: മാംഗോസ്റ്റിൻ കൃഷിയിൽ ശ്രദ്ധിക്കേണ്ടത്
Mail This Article
കോഴിക്കോട് താമരശ്ശേരിയിലെ കൊയപ്പത്തൊടി അഹമ്മദ് 10 വർഷം മുൻപാണ് മാംഗോസ്റ്റിനിൽ വിപുലമായ നിക്ഷേപം നടത്തിയത്. വില താഴ്ന്ന റബറിനു പകരക്കാരനായി മാംഗോസ്റ്റീന്‍ തിരഞ്ഞെടുക്കാന്‍ പ്രചോദനമായതു തൊടിയിൽ ഉമ്മ നട്ട 3 മാംഗോസ്റ്റീന്‍ മരങ്ങളായിരുന്നുവെന്ന് അഹമ്മദ്. അവഗണിക്കപ്പെട്ടിരുന്ന ആ മരങ്ങൾക്ക് 1985ൽ കൃഷി ഏറ്റെടുത്തപ്പോൾ മുതൽ അഹമ്മദ് പ്രത്യേക പരിചരണം നൽകിയിരുന്നു. അതോടെ മികച്ച നിലവാരമുള്ള കായ്കൾ ധാരാളമായി ലഭിച്ചു തുടങ്ങി. തുടക്കത്തിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ സമ്മാനിക്കുക മാത്രം ചെയ്തിരുന്ന മാംഗോസ്റ്റിൻ പഴങ്ങള്‍ ക്രമേണ വിറ്റുതീർക്കേണ്ട സ്ഥിതിയായപ്പോഴാണ് ഇതിന്റെ വാണിജ്യക്കൃഷിസാധ്യത അഹമ്മദ് തിരിച്ചറിഞ്ഞത്. അതോടെ കൂടുതല്‍ അന്വേഷണവും പഠനവുമായി.
റബർതോട്ടം 2013ൽ വെട്ടിനീക്കിയപ്പോൾത്തന്നെ പകരം മാംഗോസ്റ്റീന്‍ എന്ന് അഹമ്മദ് ഉറപ്പിച്ചിരുന്നു. പുരയിടത്തിലെ 3 മരങ്ങളിൽനിന്നു തയാറാക്കിയ തൈകൾക്കൊപ്പം നഴ്സറികളിൽനിന്നു വാങ്ങിയതുൾപ്പെടെ 500 തൈകളാണു നട്ടത്. തുടക്കം മുതൽ ശാസ്ത്രീയമായ പരിചരണം നൽകി. കൃഷിരീതി മനസ്സിലാക്കാന്‍ ഒട്ടേറെ കൃഷിയിടങ്ങള്‍ നേരിട്ടു കാണുകയും പലരുടെയും ഉപദേശം തേടുകയും ചെയ്തു.
വരുമാനസാധ്യത
ശരിയായ പരിചരണം നൽകിയതും ഉയരം കുറയ്ക്കാത്തതുമായ മരത്തിൽനിന്ന് ഇരുപതാം വർഷം 3,500 കായ്കള്‍ വരെ പ്രതീക്ഷിക്കാം. അതായത്, ഏകദേശം 260 കിലോ. കച്ചവടക്കാരുമായി വില പേശാന്‍ കഴിയണം. കിലോയ്ക്ക് 180 രൂപ വരെ നേടാം. എന്നാല്‍ ഒരു മരത്തിൽനിന്ന് 40 കിലോ വിളവും കിലോയ്ക്ക് 100 രൂപ വിലയും മാത്രം പ്രതീക്ഷിച്ചേ കൃഷി തുടങ്ങാവൂ. വരുമാനസാധ്യതയേറെയെങ്കിലും സമതലപ്രദേശങ്ങളില്‍ പരിപാലനം വെല്ലുവിളിയാണെന്ന് അഹമ്മദ്. വരുമാനത്തിനായി കൂടുതൽ കാലം കാത്തിരിക്കണമെന്നതും പരിമിതിയാണ്.
പരിചരണമികവു കാരണം താമരശ്ശേരിയിലെ തന്റെ തോട്ടത്തിൽ 4–5 വർഷം പ്രായമായപ്പോൾത്തന്നെ മാംഗോസ്റ്റീന്‍ ഫലം നൽകിത്തുടങ്ങിയെന്ന് അഹമ്മദ് പറയുന്നു. എന്നാൽ, ഉൽപാദനം പൂർണതോതിലെത്തി ആദായമേകാൻ 8 വർഷത്തിലേറെ വേണ്ടിവന്നു. മരങ്ങളുടെ ഉൽപാദനക്ഷമത ഏറിയും കുറഞ്ഞും കാണാറുണ്ട്. ചില മരങ്ങൾ ഒന്നിടവിട്ട വർഷങ്ങളിലാണ് കൂടുതലായി ഫലം നല്‍കുക. നന്നായി നനനയ്ക്കേണ്ടതുണ്ട്.
വിപണനം
കോവിഡ് കാലം വരെ തോട്ടമടച്ചു കച്ചവടം ചെയ്തിരുന്ന അഹമ്മദ് ഇപ്പോൾ പുതിയ വിപണനതന്ത്രം കൂടി സ്വീകരിച്ചിരിക്കുന്നു– ഓൺലൈൻ വിപണനം. മിതമായ തോതിൽ കയറ്റുമതിയുമുണ്ട്. എന്നാൽ, വിദേശവിപണിയെക്കാൾ പ്രാധാന്യവും പ്രസക്തിയും ആഭ്യന്തരവിപണിക്കുതന്നെയെന്ന് അദ്ദേഹം പറയുന്നു. പ്രധാന നഗരങ്ങളിലെ മാംഗോസ്റ്റീന്‍ പ്രേമികൾക്കു തോട്ടത്തിൽനിന്നുള്ള ഫ്രഷ് പഴങ്ങള്‍ നേരിട്ടെത്തിക്കാൻ ഓൺലൈൻ വിപണനം ഉപകരിക്കുന്നു. ഇതിനായി നഗരങ്ങൾ തോറും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ശൃംഖല തന്നെയുണ്ട്. ഓരോ നഗരത്തിലെയും സുഹൃത്ത് വഴി അവിടെയുള്ള ആവശ്യക്കാരിലെത്തിക്കുന്ന ഈ രീതി വലിയ വിജയമാണെന്ന് അദ്ദേഹം പറയുന്നു. നല്ല വില കിട്ടുമെന്നതു മാത്രമല്ല, ഫ്രഷ് പഴങ്ങളിലൂടെ സംതൃപ്തരായ കസ്റ്റമർ ഗ്രൂപ്പ് ഉണ്ടാക്കാനും അദ്ദേഹത്തിനു കഴിയുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിക്കു പരമപ്രാധാന്യം നൽകുന്നതിനാൽ അവരിലൂടെത്തന്നെ പുതിയ കസ്റ്റമറെ ലഭിക്കും. ‘ഫ്രൂട്ട് ട്രയൽസ്’ ബ്രാൻഡിലാണ് ഇടപാടുകളെല്ലാം. ഇതേ പേരിൽ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകളുമുണ്ട്. കോവിഡ് കാലത്ത് വിപണനപ്രതിസന്ധിയുണ്ടായപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴി ആവശ്യക്കാരെ കണ്ടെത്തിയാണ് തുടക്കം. അതിനു ബുദ്ധി ഉപദേശിച്ചത് സഹോദരപുത്രിയും. പുതിയ കാലത്ത് പുതിയ തലമുറയുടെ ആശയങ്ങൾ അവഗണിക്കരുതെന്നു സാരം.
വളപ്രയോഗം
വിളവെടുപ്പ് പൂർത്തിയായ മാംഗോസ്റ്റീന്‍ തോട്ടത്തിൽ കുമ്മായം വിതറി വളപ്രയോഗത്തിനു യോഗ്യമാക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് ഒരു ചുവട്ടിൽ 20 കിലോ വീതം കോഴിവളം നൽകും. തുടർന്ന് ആഴ്ചതോറും പച്ചച്ചാണകം വെള്ളം ചേർത്തു പമ്പ് ചെയ്യുന്ന പതിവുമുണ്ട്. ഇടയ്ക്കൊക്കെ ചാണകത്തിൽ ശർക്കരവെല്ലം, ട്രൈക്കോഡെർമ എന്നിവ ചേർക്കും. മണ്ണിൽ സൂക്ഷ്മജീവികളുടെ എണ്ണം വർധിപ്പിക്കുന്നതിനാണിത്.
എൻപികെയ്ക്കു പുറമേ മഗ്നീഷ്യം സൾഫേറ്റും ബൊറാക്സിൻ രാസവളമായി നൽകും. നൈട്രജൻ 350 ഗ്രാം, പൊട്ടാസ്യവും ഫോസ്ഫറസും 500 ഗ്രാം എന്നിങ്ങനെ ലഭിക്കുന്ന വിധത്തിലും മഗ്നീഷ്യം സൾഫേറ്റ് 100 ഗ്രാം വീതവുമാകും വളപ്രയോഗം. കോഴിവളം കൂടുതലായി ഇടുന്ന സമയത്ത് യൂറിയയുടെ തോത് കുറയ്ക്കും. ജനുവരിയിൽ പൂവിടാൻ കാലമാകുന്നതിന് 2 മാസം മുന്‍പ് മുഴുവൻ വളമിടീലും തീര്‍ക്കും. ഒക്ടോബറിലായിരിക്കും സീസണിലെ അവസാന വളം നൽകുന്നത്. അതിനുശേഷം പൊട്ടാഷ് തീരെ നൽകില്ല. എന്നാൽ, പൂവിടൽ പൂർത്തിയായ ശേഷം നേരിയതോതിൽ യൂറിയ നൽകും. പൂവിടുമ്പോൾ പൊട്ടാഷ് ചേർക്കുന്നത് ഗംബോജി രോഗം വർധിക്കാൻ കാരണമാകുമെന്നാണ് അഹമ്മദിന്റെ അനുഭവം.
രോഗ, കീടങ്ങൾ
ഉള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗത്ത് നിറം മാറ്റമുണ്ടാവുകയും പുറംതോട് കല്ലിക്കുകയും ചെയ്യുന്ന ടിഎഫ്ടി (ട്രാൻസ്‌ലൂസന്റ് ഫ്ലഷ് ഡിസോർഡർ), ഗംബോജി എന്നിവ മാംഗോസ്റ്റീനെ ബാധിക്കുന്ന പ്രധാന പോഷകപ്രശ്നമാണ്. എന്നാൽ മിതോഷ്ണ കാലാവസ്ഥയുള്ള വയനാട്ടിലെ തോട്ടത്തിൽ ഗംബോജി രോഗം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംബോജി, ടിഎഫ്ടി എന്നീ പോഷക ക്രമക്കേടുകൾ മാറ്റിനിർത്തിയാൽ കാര്യമായ രോഗങ്ങളൊന്നും ഇതിനെ ബാധിക്കാറില്ല.
പൂവിട്ടശേഷം പ്രധാനമായും കാത്സ്യം ക്ലോറൈഡ്, ബോറോൺ എന്നിവ ഇലകളിൽ തളിക്കാറുണ്ട്. ഒരു ലീറ്ററിൽ 4 ഗ്രാം എന്ന തോതിലാണ് ബോറിക് ആസിഡ് വെള്ളത്തിൽ ചേർത്തു തളിക്കുക. ഇപ്രകാരം ഒരാഴ്ചത്തെ ഇടവേളയിൽ 2 തവണ ബോറോൺ നൽകിയശേഷം കാത്സ്യം ക്ലോറൈഡ് തളിച്ചുതുടങ്ങും. ഇതുവഴി ഗംബോജിയും ടിഎഫ്ടിയും ഒഴിവാക്കാൻ സാധിക്കുന്നുണ്ട്. വിളവെടുപ്പ് പൂർത്തിയാകുന്നതുവരെ കാത്സ്യം പ്രയോഗം തുടരും. കീടനാശിനികളും കുമിൾനാശിനികളും തീരെ ഉപയോഗിക്കാത്ത സൽകൃഷിരീതിയാണ് ഇവിടെ. ത്രിപ്സിന്റെ ആക്രമണത്തില്‍ കായ്കളുടെ ഭംഗി നഷ്ടപ്പെടാറുണ്ട്. ഇതൊഴിവാക്കാൻ ഗോമൂത്രം നേർപ്പിച്ചു തളിക്കുക മാത്രം ചെയ്യും.
പരിചരണം
റംബുട്ടാനിൽനിന്നു വ്യത്യസ്തമായി വിളവെടുപ്പിനുശേഷം കാര്യമായ കമ്പുകോതൽ വേണ്ടിവരാത്ത ഫലവൃക്ഷമാണ് മാംഗോസ്റ്റീനെന്ന് അഹമ്മദ് പറഞ്ഞു. ആവശ്യമെങ്കിൽ ഒരു പരിധിവരെ സ്വയം കമ്പുകോതൽ നടത്താനും മാംഗോസ്റ്റീനു കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അധികമായുള്ള കമ്പുകൾ ഉണങ്ങിപ്പോകുന്നത് സ്വയം കമ്പുകോതലാണെന്ന് പലരും മനസ്സിലാക്കുന്നില്ലെന്നു മാത്രം.
എല്ലാ മരങ്ങളുടെയും ചുവട്ടില്‍ 2–3 മൈക്രോ സ്പ്രിംഗ്ലർ വീതം സ്ഥാപിച്ചാണ് നന. മാംഗോസ്റ്റീൻ അമിതമായി ഉയർന്നു വളരുന്നത് വിളവെടുപ്പും വിളപരിപാലനവും പ്രയാസത്തിലാക്കുമെന്നതിനാൽ മരങ്ങളുടെ ഉയരം ക്രമീകരിക്കുകയാണിപ്പോൾ. അമിത ഉയരത്തിൽ വളർന്ന മാംഗോസ്റ്റീന്റെ തലപ്പ് 2–3 അടി താഴ്ത്തി മുറിച്ചു നീക്കുകയാണ് ഇതിനായി ചെയ്യുക. അധികമായുള്ള ഉയരം ഒരുമിച്ച് വെട്ടിനീക്കാതെ ഘട്ടം ഘട്ടമായി വേണം ഉയരം നിയന്ത്രിക്കേണ്ടതെന്ന് അഹമ്മദ് പറയുന്നു. തോട്ടത്തില്‍ മരങ്ങള്‍ തമ്മിലുള്ള ഇടയകലത്തിന് ആനുപാതികമായിരിക്കണം മരങ്ങളുടെ ഉയരം. 15 അടി അകലത്തിൽ നട്ട മരങ്ങൾ 10 അടി ഉയരത്തിൽ വളർത്താമെന്നാണ് അഹമ്മദിന്റെ കണക്ക്. അതായത്, ഇടയകലത്തിന്റെ മൂന്നിലൊന്നു മാത്രം ഉയരം. 21 അടി അകലം നൽകുന്ന തോട്ടത്തിലെ മാംഗോസ്റ്റീന് 14 അടി ഉയരമാകാമെന്നു സാരം. മൺകൂനകളിൽ മാംഗോസ്റ്റീൻ നടുന്ന രീതി അഹമ്മദ് ഇതുവരെ പരീക്ഷിച്ചിട്ടില്ല. എന്നാൽ വേണ്ടത്ര കാനകളുണ്ടാക്കി ജലനിർഗമനം സുഗമമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഫോൺ: 9447017271