ADVERTISEMENT

ഉൽപാദകന്‌ താങ്ങ്‌ പകരാൻ വന്നവർ തന്നെ  ഭീഷണിയാകുമെന്ന ആശങ്കയിലേക്ക്‌ നാളികേര മേഖല. കേന്ദ്ര ഏജൻസിയായ നാഫെഡ്‌ കഴിഞ്ഞ സീസണിൽ സംഭരിച്ച കൊപ്രയുമായി വിപണിയിലേക്ക്‌. 2022 ഫെബ്രുവരി മുതൽ ഉൽപാദകരിൽനിന്നും ശേഖരിച്ച കൊപ്രയുടെ വൻശേഖരമാണ്‌ അവരുടെ വിവിധ ഗോഡൗണുകളിൽ സ്റ്റോക്കുള്ളത്‌. ഒരു ലക്ഷം ടണ്ണിൽ അധികം കൊപ്ര നാഫെഡിന്റെ കരുതൽ ശേഖരത്തിലുണ്ട്‌.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും താങ്ങുവിലയ്‌ക്ക്‌ സംഭരിച്ച കൊപ്ര ഇനിയും അധികനാൾ കേട്‌ സംഭവിക്കാതെ സൂക്ഷിക്കുകയെന്നത്‌ ശ്രമകരമാണ്‌. ഏതാണ്ട്‌ നൂറു കോടി രൂപ വിലമതിക്കുന്ന കൊപ്രയുമായി മുന്നോട്ട്‌ നീങ്ങുന്നതിൽ കാര്യമായ പ്രയോജനമില്ലെന്ന തിരിച്ചറിവാണ്‌ ചരക്ക്‌ വിറ്റുമാറാൻ അവരെ പ്രേരിപ്പിക്കുന്നത്. രാജ്യം ഉത്സവ സീസണിന്‌ ഒരുങ്ങുന്നതിനാൽ ഭക്ഷ്യയെണ്ണയുടെ ഉയർന്ന ആവശ്യകത കണക്കിലെടുത്താൽ സ്‌റ്റോക്ക്‌ ഇറക്കാൻ ഏറ്റവും അനുയോജ്യമായ സമയവും ഇതു തന്നെ.

എന്നാൽ ഇത്തരത്തിൽ വലിയ തോതിൽ ചരക്ക്‌ കരുതൽ ശേഖരത്തിൽ കെട്ടികിടക്കുന്നത്‌ എണ്ണക്കുരു ഉൽപാദകർക്ക്‌ വൻ ഭീഷണിയായി മാറുകയാണ്‌. തുടക്കമെന്ന നിലയ്‌ക്ക്‌ 13,000 ടണ്ണിന്റെ വിൽപ്പനയാണ്‌ ലക്ഷ്യമിട്ടതെങ്കിലും വാങ്ങലുകാരിൽനിന്നും തണുപ്പൻ പ്രതികരണമാണ്‌ ആദ്യം ലഭ്യമായത്‌. ക്വിന്റലിന്‌ 10,590 രൂപയ്‌ക്കാണ്‌ കഴിഞ്ഞ വർഷം നാഫെഡ് കൊപ്ര സംഭരിച്ചത്‌. നിലവിലെ സംഭരണ വിലയാവട്ടെ 10,860 രൂപയും. ക്വിന്റലിന്‌ 270 രൂപ ഉയർത്തിയാണ്‌ ഇക്കുറി താങ്ങുവില പ്രഖ്യാപിച്ചത്‌. കർഷകരക്ഷ തന്നെയായിരുന്നു വില വർധിപ്പിച്ചതിനു മുഖ്യ കാരണവും. 

തമിഴ്‌നാടും, കർണാടകവും ആന്ധ്രയുമെല്ലാം അതിന്റെ നേട്ടം അവരുടെ കർഷകരിലേക്ക്‌ എത്തിക്കുന്നതിൽ വിജയം കൈവരിച്ചു. നമ്പർ വൺ എന്നവകാശപ്പെടുന്ന കേരളം ഇക്കാര്യത്തിൽ വട്ടപ്പൂജ്യമായതും നമ്മുടെ കർഷകർ കണ്ണിരോടെ നോക്കി നിന്നു. 

കേന്ദ്ര ഏജൻസിയുടെ നീക്കം മുന്നിൽ കണ്ട്‌ രാജ്യത്തെ വൻകിട കൊപ്രയാട്ട്‌ വ്യവസായികൾ മുഖ്യ വിപണികളിൽ നിന്നും വില ഉയർത്താതെ ചരക്ക്‌ സംഭരിക്കുന്ന നയമാണ്‌ ഏതാനും മാസങ്ങളായി അനുവർത്തിക്കുന്നത്‌. വ്യവസായികളുടെ പക്ഷത്തുനിന്നു വീക്ഷിക്കുമ്പോൾ അത്‌ ന്യായം. ഇത്ര വലിയതോതിൽ ചരക്കുള്ളപ്പോൾ എന്തിനു വില ഉയർത്തി കൊപ്ര ശേഖരിക്കണം. അത്‌ മാത്രമല്ല, വിദേശ പാചകയെണ്ണകൾ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ ഉയർന്ന അളവിൽ ഓരോ മാസവും ഇറക്കുമതിയും നടക്കുന്നു.

കയറ്റുമതി രാജ്യങ്ങൾ അവരുടെ പാം ഓയിലും സൂര്യകാന്തി എണ്ണയുമെല്ലാം വില കുറച്ച്‌ വിറ്റുമാറാനുള്ള അതിവിപുലമായ ഒരു വിപണിയായി ഇന്ത്യയെ കാണുന്നു. എന്തുകൊണ്ട്‌ നാഫെഡിന്‌ കീഴിൽ പുതിയ ഒരു ഏജൻസി രൂപീകരിച്ച്‌ സംഭരിച്ച കൊപ്ര എണ്ണയാക്കി അതേ പേരിൽ വിറ്റഴിച്ചുകൂടാ. ഇറക്കുമതി എണ്ണയ്‌ക്ക്‌ പിന്നാലെ പോകുന്നതിനു പകരം നമ്മുടെ എണ്ണക്കുരുവിൽ നിന്നുള്ള വെളിച്ചെണ്ണ, അതും ഏറ്റവും മികച്ച കൊപ്ര മാത്രം സംഭരിക്കുന്ന അവർക്ക്‌ അതിലും മികച്ച ഗുണനിലവാരമുള്ള എണ്ണ ഇറക്കി പ്രതിസന്ധികളെ മറികടന്ന്‌ കൂടെ? 

ഇല്ല അതിന്‌ സമ്മതിക്കില്ല, കൊല കൊമ്പന്മാരായ ബഹുരാഷ്‌ട്ര കുത്തകൾ വെളിച്ചെണ്ണ വിപണിയിലുമുണ്ട്‌. അവരുടെ ചെറുവിരലിനു പോലും പോറൽ ഏൽക്കാൻ ഭരണ വർഗ്ഗവും തയാറാവില്ല. സംഭരിച്ച ഉണക്കു കൂടിയ കൊപ്ര ലേലത്തിലൂടെ എറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ കൈക്കലാക്കാനുള്ള ചരടുവലികളാവും മുന്നിലുള്ള ദിവസങ്ങളിൽ അരങ്ങേറുക. ദീപാവലിക്കു മുന്നേ പരമാവധി കൊപ്ര വിറ്റുമാറുകയെന്നതാണ്‌ നാഫെഡ്‌ ലക്ഷ്യം. കൊച്ചിയിൽ 8100 രൂപയിലാണ്‌ കൊപ്രയുടെ ഇടപാടുകൾ. ചെറുകിട മില്ലുകാർ സ്‌റ്റോക്കുള്ള എണ്ണ ഉത്സവ ദിനങ്ങളിൽ വിപണിയിൽ ഇറക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌. 

ചുക്ക്‌

രാജ്യം ശൈത്യകാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഇതിനകം തന്നെ തണുപ്പിന്‌ തുടക്കം കുറിച്ചു. കാലവർഷം പിന്മാറിയതിനൊപ്പം ശൈത്യത്തിന്റെ വരവ്‌ പതിവ്‌ പോലെ പകർച്ചവ്യാധികൾക്കുള്ള സാധ്യതകൾ ഇരട്ടിപ്പിക്കുന്നതിനാൽ ചുക്കിന്റെ ഉപയോഗം വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനുവരി അവസാനം വരെ ഉയർന്ന്‌ നിൽക്കും. 

കാലാവസ്ഥ വ്യതിയാനങ്ങളും പല വർഷങ്ങളിൽ തുടർച്ചയായ വില തകർച്ചയും മൂലം വലിയോരു പങ്ക്‌ കർഷകർ ഇഞ്ചിയെ തഴഞ്ഞ്‌ മറ്റ്‌ വിളകളിലേക്ക്‌ തിരിഞ്ഞു. ഇതോടെ വിപണികളിൽ പച്ച ഇഞ്ചിക്ഷാമം രൂക്ഷമായി. വാങ്ങലുകാർ കിലോ 200 രൂപയ്‌ക്ക്‌ മുകളിലും ഇഞ്ചിക്ക്‌ വാഗ്‌ദാനം ചെയ്‌തത്‌ ചുക്ക്‌ ഉൽപാദകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 

ഇത്ര ഉയർന്ന വിലയ്‌ക്ക്‌ ഇഞ്ചി ശേഖരിച്ച്‌ ഉയർന്ന കൂലിച്ചെലവും നൽകി ചുക്ക്‌ ഉൽപാദിപ്പിക്കുന്നത്‌ നഷ്‌ടക്കച്ചവടമായി മാറുമെന്ന ഭീതിയിൽ കേരളത്തിലെ ഉൽപാദകർ രംഗത്തുനിന്നു പിന്നോട്ടു വലിഞ്ഞു. എന്നാൽ മലയാളി മോശകാരനാണോ? അല്ല അവർ അയൽ സംസ്ഥാനങ്ങളിൽ ഇറങ്ങി അവിടത്തെ ഇഞ്ചിയിൽനിന്നു ചുക്ക്‌ ഉൽപാദിപ്പിച്ചു. ധീരത കാണിച്ച്‌ തോട്ടം പാട്ടത്തിന്‌ എടുത്ത്‌ വിത്തിഞ്ചി ഇറക്കി അതിൽ നിന്നുള്ള ചുക്ക്‌ ഉൽപാദിപ്പിക്കാൻ മികച്ച അവസരങ്ങൾ സമ്മാനിച്ചത്‌ കർണാടകവും. 

കൊച്ചിയിൽ നിലവിൽ 30,000-32,500 ൽ നീങ്ങുന്ന വിവിധയിനം ചുക്ക്‌ വില 35,000 രൂപയെ ഉറ്റുനോക്കുകയാണ്‌. ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചുക്ക്‌ സംഭരണം ഉത്തരേന്ത്യ തുടങ്ങുന്നതോടെ വില വീണ്ടും ഉയരുമെന്ന വിശ്വാസത്തിലാണ്‌ ഉൽപാദകരും സ്‌റ്റോക്കിസ്‌റ്റുകളും. നാടൻ ചുക്കിനെ മാത്രം ആശ്രയിച്ചാൽ വിപണിക്ക്‌ പ്രതീക്ഷയ്‌ക്കൊത്ത്‌ സഞ്ചരിക്കാനാവില്ലെന്ന തിരിച്ചറിവിൽ പച്ച ഇഞ്ചിക്കായി നേപ്പാളിനെയും സമീപിച്ചു. 

നേപ്പാളിലെ മലനിരകളിൽ വിളയുന്ന ഇഞ്ചി സ്വാദിന്റെ കാര്യത്തിലും ഗുണമേന്മയിലും മുന്നിൽ തന്നെ. നാരിന്റെ അംശം കുറവായതിനാൽ ചുക്കിനും ആവശ്യക്കാരുണ്ട്‌. ഒരു വ്യാഴവട്ടം മുൻപ്‌ ചുക്കുക്ഷാമം തല ഉയർത്തിയ അവസരത്തിൽ വ്യവസായികൾ ചൈനയിൽ നിന്നും നൈജീരിയിൽ നിന്നും ചുക്ക്‌ ഇറക്കുമതി നടത്തിയിരുന്നു. നൈജീയൻ ചുക്ക്‌ വില കുറവാണെങ്കിലും അതിൽ നാരിന്റെ അംശം ഉയർന്നുനിന്നത്‌ ഇന്ത്യൻ ഉപഭോക്താക്കളെ പിന്നോക്കം വലിച്ചു.

ചൈന ചുക്ക്‌ കാഴ്‌ചയിൽ സുന്ദരൻ തന്നെ, നല്ല ഉണക്കും. പക്ഷേ നിറം വെളുത്തതിന്‌ പിന്നിലെ രഹസ്യം തേടി പോയവർക്ക്‌ അന്ന്‌ വ്യക്തമായത്‌ ഇഞ്ചി സംസ്‌കരണത്തിൽ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതായാണ്‌. അതോടെ ചൈന ചുക്കിനും നമ്മുടെ വിപണിയിൽ കാലിടറി. അവസരങ്ങൾ നേട്ടമാക്കി ഇതിനിടയിൽ ഉയർത്തെഴുന്നേറ്റത്ത്‌ മഹാരാഷ്‌ട്രയാണ്‌. കഴിഞ്ഞ കാലങ്ങളിൽ ഇഞ്ചിക്കൃഷി അവർ വ്യാപിപ്പിച്ച്‌ ശക്തമായ നിലയിലാണ്‌. എന്നാൽ ചുക്ക്‌ സംസ്‌കരണം ഒരു കലയാണ്‌, ഓരോ ഇഞ്ചിയും ചീകി തൊലി കളയുന്നതിൽ കേരളത്തോളമോ കർണ്ണാടകത്തിന്‌ അടുത്തോ അവർക്ക്‌ ഇനിയും എത്താനായിട്ടില്ല. അതുകൊണ്ട്‌ തന്നെ മികച്ചയിനം ചുക്ക്‌ മുന്നിലുള്ള മാസങ്ങളിൽ പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com