ADVERTISEMENT

ഗൗരിപ്പശുവിന് വയസ് 17 ആയി. കഴിഞ്ഞയാഴ്ച പത്മനാഭന്റെ തൊഴുത്തിൽ ഒരു ഗിർ പശുക്കിടാവുണ്ടായി. അവൾക്ക് സുരഭിയെന്നാണ് പേരിട്ടത്. ഗൗരിപ്പശുവിന്റെ അഞ്ചാം തലമുറയിലെ കണ്ണിയാണ് സുരഭി. മനുഷ്യായുസിൽ പോലും അപൂർവമായ അഞ്ചു തലമുറകളെ കാണാൻ ഭാഗ്യമുണ്ടായ ഗൗരിപ്പശുവിനൊപ്പം ഉടമ പത്മനാഭനും ഇത് നിറഞ്ഞ സന്തോഷത്തിന്റെ വേളയാകുന്നു.

dairy-padmanabhan-5
ഗൗരി മുതൽ സുരഭി വരെ (ഇടുതുനിന്ന് വലത്തേക്ക്)

സുരഭിയുടെ വംശാവലി
ഗൗരിയുടെ  അഞ്ചാം തലമുറയിലെ കുട്ടിയാണ് സുരഭി. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ ഗിർ സെക്സ് സോർട്ടഡ് സെമൻ  കുത്തിവച്ച് കിട്ടിയ പെൺകിടാവ്. അമ്മ ഗിർ സങ്കരയിനമാണ്. ഗൗരിക്ക് 17 വയസായി. അഞ്ച് തലമുറകള്‍ കാണാന്‍ ഭാഗ്യമുണ്ടായി. ഗൗരി പത്തു പ്രാവശ്യം പ്രസവിച്ചു. അതിൽ ഏഴെണ്ണം പശുക്കുട്ടികള്‍ ആയിരുന്നു. അവയുടെ തലമുറയിൽ അഞ്ചാം പരമ്പരയാണ് സുരഭി. ഗൗരി പ്രസവം നിര്‍ത്തിയിട്ട് അഞ്ചാറു കൊല്ലമായെങ്കിലും അഞ്ചു തലമുറകളുടെ അപൂർവ സംഗമത്തിനായി പത്മനാഭൻ അവരെ പൊന്നുപോലെ സൂക്ഷിക്കുകയായിരുന്നു.

dairy-padmanabhan-2
ഗൗരിയും സുരഭിയും

പത്മനാഭന്റെ കഥ
തൃശൂർ ഇരിങ്ങാലക്കുടയ്ക്കടുത്ത് കിഴുത്താനിയാണ് പത്മനാഭന്റെ നാട്. കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളിലെ താന്ത്രിക(ആചാര്യന്‍)വൃത്തിയുള്ള തരണനെല്ലൂര്‍ ഗൃഹത്തിലാണ് ജനനം. പൂര്‍വികര്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ രാജപുരോഹിതര്‍കൂടി ആയിരുന്നു. ആയതിനാല്‍ തന്നെ അന്നത്തെ തിരുവിതാംകൂറിലും കൊച്ചിയിലും നിരവധി ഭൂസ്വത്തുക്കളുടെയും ക്ഷേത്രങ്ങളുടേയും ഉടമകളുമായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രി വൃത്തി ഇപ്പോഴും തുടര്‍ന്നുപോരുന്നുണ്ട്.

ഭൂനിയമത്തിനുശേഷം ഭൂമി ഏറെയും നഷ്ടമായ സാഹചര്യത്തില്‍, വിദ്യാഭ്യാസം നേടിയ കുടുംബാംഗങ്ങളില്‍ ഏറെ പേരും മറ്റു മേഖലകളിലേക്ക്  ജോലി നോക്കി പോയി. എങ്കിലും പരമ്പരയായി ലഭിച്ച ക്ഷേത്രവൃത്തികള്‍ പത്മനാഭൻ തുടര്‍ന്നു പോന്നു.

കുട്ടിക്കാലത്തു തന്നെ വീട്ടില്‍ പശുക്കളും അതിനെ നോക്കാന്‍ ഒരു കാര്യസ്ഥനും ഒരു കറവക്കാരനും ഒക്കെ ഉണ്ടായിരുന്നത് പത്മനാഭന് ഓര്‍മയുണ്ട്. 10–15 പശുക്കള്‍ നിൽക്കുന്ന പഴയ തൊഴുത്ത്, അതിനടുത്ത് വൈക്കോല്‍ തുറു എന്നിവയൊക്കെ കുട്ടിക്കാലത്തിന്റെ നേരിയ ഓര്‍മകളാണ്. കോളജ് വിദ്യഭ്യാസത്തിനുശേഷം അൽപകാലം ഡല്‍ഹിയില്‍ ഒരു ഷിപ്പിങ് കമ്പനിയില്‍ ജോലി നോക്കിയ ശേഷം 2002 ആയപ്പോഴേക്കും തിരിച്ച് നാട്ടിലെത്തി. അപ്പോഴും പശുവളര്‍ത്തല്‍ തന്റെ ചിന്തയിലില്ലായിരുന്നു എന്ന് പത്മനാഭൻ പറയുന്നു. അപ്പോഴേക്കും സഹോദരിമാരുടെ വിവാഹമൊക്കെ കഴിഞ്ഞ് വീട്ടില്‍ അമ്മ തനിച്ചായി. മൂത്ത രണ്ടു സഹോദരന്മാരാണ് ക്ഷേത്രങ്ങളില്‍ പൂജാദികള്‍ക്ക് പോകാറുള്ളത്. അതുകൊണ്ട് വീടിനുള്ളിലുള്ള ക്ഷേത്രത്തിലെ പൂജാവൃത്തികള്‍ പത്മനാഭൻ ഏറ്റെടുക്കുകയായിരുന്നു.

dairy-padmanabhan-4
പത്മനാഭന്റെ ഫാം

കൃഷിയിലേക്ക്
ഒഴിവുസമയത്ത് വീട്ടില്‍ ചെറിയ തോതിൽ കൃഷി ചെയ്തായിരുന്നു തുടക്കം. 2005ല്‍ നേന്ത്രവാഴക്കൃഷി ആരംഭിച്ചു. അന്ന് ഒരു പശു മാത്രമേ ഉണ്ടായിരുള്ളൂ. ആ പശുവിൽനിന്നു മാത്രം കൃഷിക്ക് ആവശ്യമായ ചാണകം ലഭിക്കില്ലായെന്നായപ്പോള്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നും ഒരു പശുകിടാവിനെ കൂടി കൊണ്ടുവന്നു. അങ്ങനെ ഒരു പശു ഉണ്ടായിരുന്നിടത്ത് രണ്ടെണ്ണം ആയി. പിന്നെ പിന്നെ എണ്ണം കൂടി കൂടി വന്നു. 2007 മുതല്‍  പശുക്കളെ നോക്കുന്നതും തൊഴുത്ത് വൃത്തിയാക്കലും എല്ലാം  തനിയെ ചെയ്തു തുടങ്ങി.,കറവമാത്രം വേറെ ഒരാളെ ഏൽപ്പിച്ചു.ആ സമയത്ത് കറവപ്പശുക്കളുടെ എണ്ണം അഞ്ചായി, മൊത്തം ഒൻപതെണ്ണം. കറവക്കാരന്‍  നേരത്തിനു വരാതെയും മറ്റുമായി ബുദ്ധിമുട്ടിലായപ്പോള്‍  ഒരു കറവയന്ത്രം വാങ്ങി. അതോടെ സ്വയം കറവയ്ക്ക് കൂടുതല്‍ ആത്മവിശ്വാസമായി. 2013ല്‍ പതിമൂന്ന് കറവപശുക്കള്‍ ഇളം കറവയില്‍ ഉള്ള സമയമത്താണ് പന്ത്രെണ്ടണ്ണത്തിനും കുളമ്പുരോഗം പിടിപെട്ടത്. അതോടെ ആകെ തകര്‍ന്നു. പശുവിന് ജീവഹാനി സംഭവിച്ചില്ലെങ്കിലും പാലുൽപാദനത്തെ അത് വല്ലാതെ ബാധിച്ചു. നേന്ത്രവാഴകൃഷി ഉള്ളതുകൊണ്ട് സാമ്പത്തിക ബാധ്യത വല്ലാതെ ഉണ്ടായില്ല എന്നു മാത്രം. 

dairy-padmanabhan-3

പശുവളർത്തലിന്റെ പാഠങ്ങൾ
കാശു കൊടുത്ത് വാങ്ങുന്ന വൈക്കോൽ, പറമ്പിലെ പുല്ല്. ഇത്രയും കൊണ്ട് പശുക്കളുടെ വയർ നിറയാത്ത അവസ്ഥയായി. മൂന്നേക്കര്‍ പറമ്പില്‍ തെങ്ങുകള്‍ക്കും കമുകുകള്‍ക്കും ഇടവിളയായി ചെയ്തിരുന്ന നേന്ത്രവാഴക്കൃഷി കുറച്ചു കൊണ്ട്  ക്ഷീരവികസന വകുപ്പിന്റെ സഹായത്തോടെ  തീറ്റപ്പുല്‍കൃഷി തുടങ്ങി കൂടുതല്‍ ഗൗരവത്തോടെ ഈ മേഖലയെ കാണാന്‍ തുടങ്ങി, പല ക്ലാസുകളിലും പങ്കടുത്തു. പലരുടേയും അറിവും അനുഭവങ്ങളും കേള്‍ക്കാനും പ്രാവര്‍ത്തികമാക്കാനും അത് ഉപകരിച്ചു.

2018 ആയപ്പോൾ 20 പശുക്കള്‍. കൂടുതലും ജേഴ്സി, സുനന്ദിനി ഇനത്തിലുള്ളത്. എച്ച്എഫ് അധികമില്ല. HFനെ അന്നും ഇന്നും പത്മനാഭന് പ്രിയം പോരാ. പഞ്ചായത്ത് മൃഗഡോക്ടറെ അവരുടെ ജോലി ഭാരം കാരണം സമയത്തിനു ലഭിക്കാന്‍ പ്രയാസമായതിനാല്‍ ഇരിങ്ങാലക്കുടയിലുള്ള റിട്ടയർ ചെയ്ത ഡോ. രവി മേനോന്റെ സേവനമാണ് പത്മനാഭൻ ആശ്രയിക്കാറുള്ളത്.

dairy-padmanabhan-6

പുതിയ വഴികളിൽ
2019ല്‍ 20 പശുക്കളെ നിര്‍ത്താവുന്ന ആധുനിക രീതിയിലുള്ള ഒരു തൊഴുത്ത് നിർമിച്ചു. തൊഴുത്തിന് ചുറ്റും ഫെന്‍സിങ് ചെയ്തു. കറവയ്ക്കും തീറ്റക്കും ശേഷം അവയെ അവിടെക്ക് അഴിച്ചു വിടും. അവരരവിടെ നടന്നും കിടന്നും വിശ്രമിക്കും. ദിവസേനേ 100 ലീറ്ററിലധികം പാല്‍ സൊസൈറ്റിയില്‍ അളക്കും. 50 ലീറ്ററിനടുത്ത് ഇവിടെ ഫാമില്‍ വന്ന് ആളുകള്‍ വാങ്ങും. പാലിനു പുറമെ ആവശ്യക്കാര്‍ക്ക് തൈരും മോരും നെയ്യും കൊടുക്കാറുണ്ട്. എണ്ണം വര്‍ധിച്ചതോടെ ജോലിഭാരവും കൂടി. തീറ്റപുല്ലുണ്ടെങ്കിലും അത് അരിയാനാളില്ലാതെയായി. ഒരു ടണ്ണിനടുത്ത് ഒരു ദിവസം ചെലവുണ്ട്. അരിഞ്ഞാലും തികയാത്ത അവസ്ഥ.

തമിഴ്നാട്ടില്‍ നിന്നും ഫാമുകളിലേക്കു ചോളം കൊണ്ടുവരുന്നവരിൽനിന്ന് വാങ്ങലായി അടുത്ത പരിപാടി. വരുമാനത്തില്‍ കുറവുണ്ടാകുമെങ്കിലും  ചോളം പശുക്കളുടെ ആരോഗ്യവും പാലിലും മാറ്റങ്ങളുണ്ടാക്കി. ‌NDDBയുടെ സെമൻ ആണ് ഉപയോഗിക്കുന്നത്. 

കാലിത്തീറ്റയും ചോള ഫൈബറും കടലപ്പിണ്ണാക്കും ആണ് സാന്ദ്രീകൃത തീറ്റ. കൂടാതെ മിനറല്‍ മിക്സ്ചറും യീസ്റ്റും കൊടുക്കും. പശുക്കളെയൊന്നിനേയും വിൽക്കാറില്ല, പുറത്തുനിന്ന് വാങ്ങാറുമില്ല. മൂരിക്കിടാങ്ങളെ ആറേഴുമാസം പ്രായമായാല്‍ തമിഴ്നാട്ടിലെ ഒരു ഗോശാലയിലേക്ക് കൊടുത്തു വിടുന്നു.

വിവിധപ്രായത്തിലുള്ള 43 ഉരുക്കളാണ് കൈവശമുള്ളത്. അതില്‍ പന്ത്രെണ്ടണ്ണത്തിന് കറവയുണ്ട്.  ഓരോ മാസവും രണ്ടു പശുക്കളെങ്കിലും  പ്രസവിക്കുന്ന രീതിയിലാണ് കുത്തിവച്ചത്. പശുക്കളെ നോക്കാന്‍ രണ്ടു പേരുണ്ടിപ്പോള്‍. പശുവിനെ പരിപാലിച്ച് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടിയില്ലായെന്ന് പത്മനാഭന്റെ ആത്മഗതം. അതിനാല്‍ അവിവാഹിതനായി തുടരുന്നു. ഫാമില്‍ ഏറ്റവും ആദ്യം മുതൽ  ഉണ്ടായിരുന്ന പശുവാണ് ഗൗരി. എല്ലാ പശുക്കള്‍ക്കും പ്രത്യേകം നമ്പറും, റജിസ്റ്ററുമുണ്ട്. 

പത്മനാഭന്റെ ഫിലോസഫി

 

“സുഖദുഖ സമ്മിശ്രമായ  ഫാം ജീവിതം. ആരോടും പരാതിയില്ലാതെ, ആരേയും കുറ്റപ്പെടുത്താനോ, പരദൂഷണം കേള്‍ക്കാനോ പറയാനോ സമയം ഇല്ലാത്തതു കൊണ്ട് ഓരോ ദിസവും കടന്ന് പോയി... വര്‍ഷങ്ങള്‍ പോയത് അറിയാതെ രണ്ടര്‍ഥത്തിലും 'കാലി' ജീവിതം നയിക്കുന്നു”.

ഫാമിലെ ഒരു ദിവസം
മഴക്കാലമൊഴികെ എല്ലാ ദിവസവും എല്ലാ പശുക്കളേയും രാവിലെ കറവയും തീറ്റയും കഴിഞ്ഞാല്‍ പുറത്ത് അഴിച്ച് കെട്ടും. പിന്നീട് കറവയുള്ളവയെ ഉച്ചയ്ക്ക് തിരിച്ച് കൊണ്ടുവരും. വെളുപ്പിന് രണ്ടരയ്ക്ക് എഴുന്നേല്‍ക്കും. രാവിലത്തെ കറവയും തീറ്റകൊടുക്കലും പത്മനാഭൻ തനിയെ ആണ്. ചാണകം നീക്കി വൃത്തിയാക്കി നാലു മണിക്ക് യന്ത്രത്തിന്റെ സഹായത്തോടെ കറവ തുടങ്ങും. കറവയ്ക്കു മുമ്പായി പശുക്കള്‍ക്ക് അൽപം വൈക്കോല്‍ ഇട്ടു കൊടുക്കും.

അഞ്ചരയാകുമ്പോഴേക്കും കറവ കഴിയും. പാല്‍ വീട്ടില്‍ വന്ന് വാങ്ങിക്കുന്നവരാണധികവും പുറത്ത് കൊണ്ടു കൊടുത്ത് വിൽപനയ്ക്ക് സമയമില്ല. അഞ്ചരയ്ക്ക് സംഘത്തിലെ വണ്ടി വരും. പാല്‍ അവര്‍ക്ക് കൊടുത്ത് വിട്ട ശേഷം പശുക്കള്‍ക്ക് ആദ്യത്തെ തീറ്റയായി തലേന്ന് അരിഞ്ഞ് വെച്ച ചോളം കൊടുക്കും. എട്ടിന് തിരിത്തീറ്റയും, ചോളം ഫൈബറും കടലപിണ്ണാക്കും പശുക്കള്‍ക്ക് കൊടുക്കും. കുട്ടികള്‍ക്ക് കുട്ടിത്തീറ്റയാണ് കൊടുക്കുന്നത്. മൂന്നു മാസം വരെ കിടാങ്ങള്‍ക്ക് മില്‍ക്ക് റിപ്ലേസര്‍ നൽകും.

എട്ടിന് ജോലിക്കാരെത്തിയാല്‍ പത്മനാഭന്റെ ജോലി തീരും. പിന്നെ അവര്‍ പശുക്കളെ പുറത്ത് കൊണ്ടു പോയി കെട്ടും. തൊഴുത്തെല്ലാം വൃത്തിയാക്കും. ദിവസേന ബ്ലീച്ചിങ് പൗഡര്‍ ഇട്ടാണ് ഈ വൃത്തിയാക്കൽ. തന്റെ തൊഴുത്തില്‍ ഇരുന്ന് ഭക്ഷണം പോലും കഴിക്കാമെന്ന് ഫാം കണ്ട പലരും പറയാറുണ്ടെന്ന് പത്മനാഭൻ സന്തോഷത്തോടെ പറയുന്നു. അതുകൊണ്ടുതന്നെ കാര്യമായ അസുഖങ്ങൾ പശുക്കൾക്കില്ല. ഉച്ചയ്ക്ക് അൽപം കാലിത്തീറ്റ കറവപ്പശുക്കള്‍ക്ക് നൽകാറുണ്ട്. വൈക്കോലും നൽകിയശേഷം 12.30 ആകുമ്പോള്‍ ഉച്ചയ്ക്ക് കറവ തുടങ്ങും. ഒന്നരയാകുമ്പോള്‍ ഫാമിലെ പണി തീരും.

വൈകീട്ട് നാലരയ്ക്ക് കാലത്തെ പോലെ തന്നെ ഫീഡും ചോളവും വലിയ പശുക്കള്‍ക്ക് 25-30 കിലോ വരെ പച്ചപ്പുല്ലും നൽകാറുണ്ട്. വേനല്‍ കാലത്ത് രാത്രിയിലും പുറത്ത് മണ്ണില്‍ ആണ് കെട്ടുന്നത്. അതിനാല്‍ വെളുപ്പിന് വൃത്തിയാക്കാനുള്ള വെള്ളവും സമയവും ലാഭിക്കാം. പശുക്കളും സ്ട്രെസ്സില്‍ നിന്ന് ഹാപ്പി. 

പശുവളർത്തൽ കൂടാതെ വീട്ടാവശ്യത്തിന് അൽപം പച്ചക്കറികളും ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്നുണ്ട് ഈ കർഷകൻ. ആവശ്യം കഴിഞ്ഞ് മിച്ചം വരുന്നത് അയല്‍പക്കങ്ങളില്‍ കൊടുക്കാനും കഴിയുന്നു. കോവിഡിനു ശേഷം മിക്കവീടുകളിലും അടുക്കളത്തോട്ടങ്ങള്‍ തുടങ്ങിയതു കൊണ്ട് പാലിനേക്കാളേറെ ആവശ്യക്കാര്‍ ചാണകത്തിനാണ് ഇപ്പോള്‍. ഒരു ചാക്ക് ഉണങ്ങിയ ചാണകം 200 രൂപയ്ക്ക് വിൽക്കും. കൂടാതെ കാര്‍ഷിക സേവന കേന്ദ്രത്തിന് കിലോയ്ക്ക് 5 രൂപ നിരക്കിലും നൽകും.

ചാണകം പൊടിയാക്കുന്ന ഒരു യന്ത്രവുമുണ്ട്. അങ്ങിനെ പൊടി ആവശ്യമുള്ളവര്‍ക്ക് കിലോയ്ക്ക് 10 രൂപ നിരക്കിലും കൊടുക്കും. തീറ്റച്ചെലവിന്റെ 60-65 ശതമാനം ചെലവും ചാണകവിൽപനയിലൂടെ ലഭിക്കും. ബയോഗ്യാസ് ഉളളതിനാല്‍ ഇന്ധനവിലയിലും അൽപം ആശ്വാസം. കറവപ്പശുക്കളേക്കാള്‍ കൂടുതല്‍ അവയെ ആശ്രയിച്ചുള്ള മറ്റു പശുക്കള്‍ (ഗര്‍ഭിണികളും, കുട്ടികളും) ഉള്ളതിനാല്‍ തന്നെ ചെലവ് കഴിച്ച് മിച്ചം ഒന്നും ഉണ്ടാകാറില്ല. പശുക്കിടാക്കൾ നാളെയുടെ ഭാവി വാഗ്ദാനങ്ങളാണല്ലോ അതുകൊണ്ട് ചെലവ് നോക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com