ADVERTISEMENT

കാപ്പിക്കൃഷിക്കാരൊക്കെ ഹാപ്പിയാണിപ്പോൾ, തെറ്റില്ലാത്ത വിലയുള്ളതിനാൽ. എന്നാൽ കാപ്പിയിൽ നിന്നുള്ള ഉൽപാദനം പത്തിരട്ടിയാക്കിയാലോ? അതും ലളിതമായ വഴികളിലൂടെ. ഏതിനമായാലും ഇന്നു കിട്ടുന്നതിന്റെ പല മടങ്ങ് വിളവും വരുമാനവും നേടാനും മത്സരക്ഷമത മെച്ചപ്പെടുത്താനും കഴിയുന്ന ഒരു കൃഷിരീതി അവതരിപ്പിക്കുകയാണ് വയനാട്ടിലെ പ്രമുഖ കാപ്പിക്കർഷകന്‍ അശോക് കുമാർ. 

അശോക് കുമാർ
അശോക് കുമാർ

ചെറുമരമായി 12 അടി ഉയരത്തിൽ വളരുന്ന കാപ്പിച്ചെടികൾ! അതിസാന്ദ്രതാരീതിയുടെ വകഭേദങ്ങൾ! ഓരോ ചെടിയിലും 7 കിലോ മുതൽ 35 കിലോവരെ ശരാശരി ഉൽപാദനം. വയനാട്ടിലെ മുട്ടിലിൽ ഏക്കറിനു ശരാശരി 1.5 ടണ്‍ പരിപ്പ് ഉൽപാദനം ഉറപ്പുതരുന്ന ഈ കാപ്പിത്തോട്ടം ഒന്നു വേറെ തന്നെ.  പരമ്പരാഗതരീതിയിൽ ഒരേക്കറിലെ ഉല്‍പാദനം 4 ക്വിന്റൽ മാത്രമണെന്നോർക്കുക. സാധാരണ കാപ്പിച്ചെടികളുടെ പത്തിരട്ടി വരെ ഉൽപാദനക്ഷമത പ്രകടിപ്പിക്കുന്ന കാപ്പിമരങ്ങൾ ഈ 40 ഏക്കർ തോട്ടത്തിലുണ്ട്. എങ്കിലും അമിത വിനിയോഗത്തിലൂടെ മണ്ണിന്റെ ആരോഗ്യം നശിക്കാതിരിക്കാനായി ഏക്കറിന് 2 ടൺ പരിപ്പ് മാത്രമാണ് അശോക് കുമാർ ലക്ഷ്യമിടുന്നത്.

അശോകിന്റെ വെർട്ടിക്കൽ ശൈലി രാജ്യത്തെ കാപ്പി ഉൽപാദനത്തിലും കൃഷിക്കാരുടെ വരുമാനത്തിലും വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയേറെ. 50 വർഷമായി  കാപ്പിക്കൃഷി ചെയ്യുന്ന ഈ 73കാരന് അനുഭവസമ്പത്താണ് പ്രധാന മുതൽക്കൂട്ട്. 10 വർഷം മുന്‍പാണ് കൂടുതൽ ഉൽപാദനക്ഷമത എന്ന ലക്ഷ്യത്തോടെ പരീക്ഷണക്കൃഷി ആരംഭിച്ചത്. 4–5 വർഷങ്ങൾക്കു മുന്‍പുതന്നെ മികച്ച ഫലം കിട്ടിത്തുടങ്ങിയെങ്കിലും പുതിയ രീതിയുടെ എല്ലാ സാധ്യതയും കണ്ടെത്താന്‍ സമഗ്രമായ തുടര്‍നിരീക്ഷണത്തിലായിരുന്നു  ഇക്കാലമത്രയും. പൂർണമായും വിജയമെന്നു കൃത്യമായ വിവരശേഖരത്തിന്റെ അടി സ്ഥാനത്തിൽ ഉറപ്പാക്കിയ അദ്ദേഹം ഈ രീതി കൂടുതൽ കർഷകരിലെത്തിക്കാൻ തയാറായിരിക്കുന്നു. അശോകിന്റെ നിരീക്ഷണങ്ങളും വേറിട്ട കൃഷിരീതിയും കോഫിബോർഡിലെ വിദഗ്ധരും ശരിവയ്ക്കുന്നു, അംഗീകരിക്കുന്നു. 

12 അടി ഉയരത്തിലുള്ള കാപ്പിക്കൊപ്പം
12 അടി ഉയരത്തിലുള്ള കാപ്പിക്കൊപ്പം

ലംബമായി വളർച്ച

കണ്ടു പരിചയമുള്ളവർക്കറിയാം കാപ്പിച്ചെടിയുടെ രൂപം. ശരാശരി നാലടി ഉയരത്തിൽ ഒന്നോ രണ്ടോ തട്ടായാണ് കാപ്പി പൊതുവേ വളരുക. ആ രീതിയിൽ  കമ്പുകോതി ഉയരം ക്രമീകരിക്കുമെന്നു പറയുന്നതാവും കൂടുതൽ ശരി. ഓരോ കാപ്പിച്ചെടിയിൽ നിന്നും ശരാശരി ഒരു കിലോ പരിപ്പ് കിട്ടുമെന്നാണ് പരമ്പരാഗതകൃഷിയില്‍ കർഷകരുടെ കണക്ക്. എന്നാൽ, കാപ്പിയുടെ ഒരു ശിഖരം നേരെ മേലേക്കു വളരാൻ അനുവദിക്കുകയും അതിൽ മൂന്നോ നാലോ  ‌‌‌‌‌ശിഖരങ്ങളുണ്ടാവുകയും ചെയ്താലോ? 5–6 തട്ടുകളുള്ളതും 12 അടി ഉയരമുള്ളതുമായ ഒരു ചെറുമരമായി കാപ്പിച്ചെടി മാറും. പല തട്ടുകളായി ഇലച്ചാർത്തുകളുണ്ടെങ്കിൽ അതനുസരിച്ച് ഓരോ ചെടിയിലുമുണ്ടാകുന്ന പൂക്കളുടെയും കായ്കളുടെയും എണ്ണം കൂടില്ലേ? അതിനുസരിച്ച് ഉൽപാദനവും പല മടങ്ങാവുന്നു. ഈ യുക്തിയാണ് അശോക് കുമാർ പരീക്ഷിച്ചത്.  

ഏറ്റവും മികച്ച ഉൽപാദനമുള്ള കാപ്പിച്ചെടികൾ സ്വന്തം തോട്ടങ്ങളിൽ നിന്നു കണ്ടെത്തി തന്റെ തോട്ടത്തിലെ കാപ്പികളിൽ ഗ്രാഫ്റ്റ് ചെയ്തു. അവ വളർന്നുവന്നപ്പോൾ 12 അടി വരെ ഉയരാൻ അനുവദിച്ചു. ചെറിയ ലാഡര്‍ ഉപയോഗിച്ചു വിളവെടുക്കാമല്ലോയെന്നു കരുതിയാണ് ഉയരം 12 അടിയായി നിശ്ചയിച്ചത്. ഇങ്ങനെ ചെറുമരമായി വളർത്തിയ ചെടികളിലെ വിളവ്  കൃത്യമായി രേഖപ്പെടുത്തി. ഏതാനും വർഷത്തെ നിരീക്ഷണം കഴിഞ്ഞപ്പോൾ അശോക് കുമാറിന് ഒരു കാര്യം വ്യക്തമായി– ഉയരുന്തോറും വിളവേറുന്നുണ്ട്. ഒരു ചെടിയിൽനിന്ന് 35 കിലോ വരെ ശരാശരി ഉൽപാദനം രേഖപ്പെടുത്തിയ കാപ്പിമരങ്ങൾ കാണിച്ചുതരാൻ അശോക് കുമാറിനു കഴിയും. വിവിധ ചെടികളിൽ വിവിധ വർഷങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഈ തോട്ടം സന്ദർശിക്കുന്ന ആർക്കും അദ്ദേഹത്തിന്റെ മരങ്ങളിൽപിടിപ്പിച്ച അലുമിനിയം ടാഗ് നോക്കിയാൽ ഓരോ ചെടിയിൽനിന്നുമുള്ള മുൻവർഷങ്ങളിലെ വിളവ് അറിയാം (വിഡിയോ കാണുക). 

ഇടയകലം

ഉൽപാദനക്ഷമത മെച്ചപ്പെട്ടതുകൊണ്ടു മാത്രമായില്ലല്ലോ? ഈ സങ്കേതം കൃഷിക്കാരുടെ വരുമാന വർധനയ്ക്ക് ഉതകുന്ന മാതൃകയാക്കേണ്ടേ? ഉയരം മാത്രമല്ല, അശോകിന്റെ മാതൃകയിലെ വിജയഘടകം. പടരാതെ ഒതുങ്ങി വളരുന്ന കാപ്പിച്ചെടികൾ കുടുതൽ സാന്ദ്രതയിൽ നടാമെന്ന് അദ്ദേഹം മനസ്സിലാക്കി. അതോടെ 10 അടി x 10 അടി മുതൽ  4അടി x 4 അടി വരെ പല  ഇടയകലങ്ങളിൽ കൃഷി ചെയ്തു നോക്കി. ഏതു സാന്ദ്രതയിൽ കൃഷി ചെയ്താലും ഏക്കറിന് 2 ടൺ പരിപ്പ് മതിയെന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അതു നേടത്തക്കവിധം ഇടയകലം ക്രമീകരിക്കുകയാണു വേണ്ടത്. പരമാവധി ഉൽപാദനം ലഭിക്കുന്നതിന് ആനുപാതികമായി വളപ്രയോഗത്തിന്റെ അളവും വ്യത്യാസപ്പെടുത്തി. ഇടയകലം കുറയുമ്പോൾ ഒരു ചെടിയിൽനിന്നുള്ള വിളവ് കുറയുമെങ്കിലും ചെടികളുടെ എണ്ണം കൂടുന്നതിനാൽ ആകെ ഉൽപാദനം സ്ഥിരമായി നിർത്താനാകും. പക്ഷേ, എടുക്കുന്ന വിളവിന് ആനുപാതികമായി വളം നൽകണമെന്നുമാത്രം. ഉയർന്നു വളരുന്ന ശിഖരങ്ങളിൽനിന്നു തൂങ്ങിക്കിടക്കുന്ന ചെറുചില്ലകൾ മുറിച്ചു വിടുന്നതും ഉൽപാദനക്ഷമത കൂട്ടും. ഇപ്രകാരം മുറിച്ചുവിടുന്ന ചില്ലകളിൽനിന്ന് 2 ചില്ലകളെങ്കിലും വീണ്ടു മുണ്ടാകും. പുതുതായുണ്ടാകുന്ന ഓരോ ചെറുചില്ലയും കൂടുതൽ ഉൽപാദനം നൽകുമെന്ന് അശോക് കുമാർ ചൂണ്ടിക്കാട്ടി.

cofee-ashok-2

വളപ്രയോഗം

എടുക്കുന്ന വിളവിന് ആനുപാതികമായി വളപ്രയോഗമെന്നതും അശോക് കുമാറിന്റെ മുഖ്യ ഉൽപാദന തന്ത്രങ്ങളിലൊന്നാണ്. ഓരോ ചെടിക്കും നൽകേണ്ട വളത്തിന്റെ അളവു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡം ഇദ്ദേഹത്തിനുണ്ട്. ഉൽപാദനമുള്ളതെന്നോ ഇല്ലാത്തതെന്നോ വിവേചനമില്ലാതെ ഒരു കിലോ എൻപികെ 20:20:20 എല്ലാ കാപ്പിക്കും നൽകും. തുടർന്ന് ഓരോ 100 കിലോ ഉല്‍പാദനത്തിനും 10:7:10 എന്ന അനുപാതത്തിൽ എൻപികെ മിശ്രിതം വിണ്ടും നൽകും  

വരുമാനസാധ്യത

പുതിയ രീതിയിൽ പ്രതീക്ഷിക്കാവുന്ന ഉൽപാദനം സംബന്ധിച്ച് അശോകിന്റെ പരീക്ഷണക്കൃഷി നൽകുന്ന കണക്കുകൾ ശ്രദ്ധേയമാണ്.  നാലര കിലോ കാപ്പിക്കുരു സംസ്കരിച്ചാൽ ഒരു കിലോ പരിപ്പ് ലഭിക്കും. അതായത്, 4.5 ടൺ കാപ്പിക്കുരുവിൽനിന്ന് ഒരു ടൺ പരിപ്പ്. 8x8 അകലത്തിൽ കൃഷി ചെയ്താൽ ഒരു ഏക്കറിൽ ശരാശരി 600 കാപ്പിച്ചെടികളാണ് നടാനാവുക. ഈ രീതിയിൽ ഒരു വർഷം ശരാശരി 2 ടൺ പരിപ്പ് കിട്ടണമെങ്കിൽ 9 ടൺ കാപ്പിക്കുരു വിളവുണ്ടാവണം. ഒരു മരത്തിൽനിന്ന് ശരാശരി 15 കിലോ ഉൽപാദനം നേടിയാലേ ഇതു സാധ്യമാകൂവെന്ന് അശോക് കുമാർ ചൂണ്ടിക്കാട്ടി. കൃത്യമായ പരിചരണത്തിലൂടെയും വളപ്രയോഗത്തിലൂടെയും ഇതു സാധ്യമാക്കാം.

കിലോയ്ക്ക് 200 രൂപ നിരക്കിൽ ഒരേക്കറിൽനിന്ന് 4 ലക്ഷം രൂപ വിറ്റുവരവു നേടാൻ ഈ രീതി സഹായിക്കും. കൃഷിച്ചെലവായി 1.2 ലക്ഷം രൂപ കുറച്ചാലും ഏക്കറിന് 2,80,000 രൂപ അറ്റാദായം നേടാം. ഒരു ചെടിയിൽനിന്ന് ഇപ്പറയുന്നത്ര വിളവു നേടാമെന്ന് ഉറപ്പില്ലാത്തവർക്കും ഏക്കറിന് 2 ടൺ മതിയാകില്ലെന്നുള്ള വർക്കും ഇടയകലം ക്രമീകരിച്ചു ലക്ഷ്യം നേടാം. ഉൽപാദനലക്ഷ്യം നേടുന്നതിന് എത്ര കാപ്പിമരങ്ങൾ വേണമെന്നു കണക്കാക്കി അതനുസരിച്ച് ഇടയകലം നിശ്ചയിക്കുകയേ വേണ്ടൂ. വിവിധ ഇടയകലങ്ങളിൽ  ഏക്കറിന് 2 ടൺ കാപ്പിപ്പരിപ്പ് കിട്ടാൻ ഓരോ ചെടിയിൽനിന്നും നേടേണ്ട ഉൽപാദനവും അതിനാവശ്യമായ വളപ്രയോഗവും സംബന്ധിച്ച് അദ്ദേഹത്തിനു വ്യക്തമായ കണക്കുണ്ട്.

ഉയർന്ന സാന്ദ്രതയിൽ നടുമ്പോൾ ഏതാനും ചെടികൾ നശിക്കുകയോ അവയുടെ ഉൽപാദനം കുറയുകയോ ചെയ്താലും മൊത്തം ഉൽപാദനത്തെ ബാധിക്കില്ലെന്ന മെച്ചമുണ്ട്. എന്നാൽ, അതിസാന്ദ്രതാ രീതികളിലേക്കു മാറുമ്പോൾ കൃത്യമായ ഇടവേളകളിൽ കമ്പുകോതലും മറ്റു ശുശ്രൂഷകളും നടത്താൻ കൂടുതൽ തൊഴിലാളികള്‍ വേണ്ടിവരും. അതിനു സാഹചര്യമില്ലാത്തവർ  ഇടയകലം കൂട്ടുന്നതിനൊപ്പം ഒരു ചെടിയിൽനിന്നുള്ള ഉൽപാദനക്ഷമത വർധിപ്പിക്കുകയും വേണം.10X10 അകലത്തിൽ കേവലം 400 കാപ്പിച്ചെടികൾ നടുന്നവർക്കും ഏക്കറിന് 2 ടൺ ഉൽപാദനം നേടാവുന്നതേയുള്ളൂവെന്ന് അശോക് ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു ചെടിയിൽനിന്നു കുറഞ്ഞത് 22.5 കിലോ ഉൽപാദനം നേടാൻ കഴിയണം. വെർട്ടിക്കൽരീതിയിൽ അതു തികച്ചും സാധ്യമെന്ന് തന്റെ തോട്ടത്തിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അശോക് പറയുന്നു. സ്വന്തം കണ്ടെത്തലുകൾ മറ്റുള്ളവരോടു  പങ്കുവയ്ക്കാൻ  അശോകിനു താല്‍പര്യമേയുള്ളൂ. 

ഫോണ്‍:  9447219020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com