ADVERTISEMENT

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റ് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും വോട്ടുബാങ്കിനെ മുന്നിൽക്കണ്ട് തയാറാക്കുന്നതാണ് നമ്മുടെ രാജ്യത്തെ പതിവ്. എന്നാൽ, ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ആ പതിവ് തെറ്റിച്ചു. തികച്ചും കാര്യപ്രസക്തമായ, 58 മിനിറ്റു മാത്രം ദൈർഘ്യമുള്ള ബജറ്റ് പ്രസംഗം ആത്മവിശ്വാസം സ്ഫുരിക്കുന്നതായിരുന്നു. ജനങ്ങളെ കഴിഞ്ഞ 9 വർഷമായി നടത്തിവന്ന പ്രവർത്തനങ്ങൾ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ആവശ്യമില്ലെന്നും ധ്വനിപ്പിക്കുകയായിരുന്നോ ധനമന്ത്രി? 

പക്ഷേ, ബജറ്റ് പ്രസംഗം സൂക്ഷ്മമായി വിലയിരുത്തിയാൽ വ്യക്തമാകുന്നത് സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വള‍ർച്ചയ്ക്ക് ഇതുവരെ ചെയ്തുവന്നിരുന്ന കാര്യങ്ങൾ തു‌ടരാൻതന്നെയാണ് കേന്ദ്ര സർക്കാർ ഉറപ്പിച്ചിട്ടുള്ളത് എന്നുതന്നെയാണ്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ, നികുതി വരുമാനവള‍ർച്ചയുടെയും സാമൂഹിക ആസ്തികളുടെയും ചാക്രികത സൃഷ്ടിക്കും എന്നതാണ് ബജറ്റിന്റെ സാമ്പത്തികശാസ്ത്ര യുക്തി. കാര്യക്രമമായ ഭരണത്തിലൂടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയിൽ ഉരുവായിട്ടുള്ള അസമത്വങ്ങൾ കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യം, ദരിദ്രർ, ചെറുപ്പക്കാർ, സ്ത്രീകൾ, ക‍ർഷകർ എന്നീ നാലു വിഭാഗങ്ങൾക്ക് കൊടുക്കുന്ന ഊന്നൽ വ്യക്തമാക്കുന്നു. നികുതി നിരക്കുകളിലോ പുതിയ നികുതി നിർദേശങ്ങളിലോ ധനമന്ത്രി കൈവയ്ക്കുന്നില്ല. ഒരുപക്ഷേ തിരഞ്ഞെടുപ്പിനു ശേഷം 2024 ജൂലൈയിലെ പൂർണ ബജറ്റിൽ ഉൾപ്പെടുത്താനായി മാറ്റിവച്ചതുമാകാം.

ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കായി 11.11 ലക്ഷം കോട രൂപയുടെ മൂലധനച്ചെലവാണ് ബജറ്റ് വിഭാവനം ചെയ്തിട്ടുള്ളത്.  

സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം

സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തം സ്വകാര്യമേഖലയുടെ അനസ്യൂതമായ വളർച്ചയും വ്യാപനവും ഉറപ്പുവരുത്തുകയാണ്. ജനസംഖ്യയിൽ ചെറുപ്പക്കാരുടെ എണ്ണംകൊണ്ട് അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ഈ രാജ്യം അത് പ്രയോജനപ്പെടുത്തേണ്ടത് സ്വകാര്യ സംരംഭകരിലൂടെയാണ്. 50 വർഷത്തേക്ക് പലിശയില്ലാത്തതോ കുറഞ്ഞ പലിശയ്ക്കോ ഒരു ലക്ഷം കോടി രൂപയുടെ ഒരു നിധി സൃഷ്ടിക്കാൻ ബജറ്റ് നിർദേശിക്കുന്നു. ഇത് സ്വകാര്യ മേഖലയെ ദ്രുത ഗതിയിൽ വളരുന്ന മേഖലകളിൽ ഗവേഷണത്തിനും നൂതനമായ ഉൽപന്ന വികസനത്തിനും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

ഗ്രാമീണ–കാർഷിക മേഖലകൾ

ക്ഷീരോൽപാദന മേഖലയ്ക്ക് പ്രത്യേക ഊന്നൽ ബജറ്റിലുണ്ട്. രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ കന്നുകാലി മിഷനിലൂടെ മൃഗസംരക്ഷണത്തിനും ക്ഷീരോൽപന്നങ്ങളുടെ മൂല്യവർധനയ്ക്കുമായി ബൃഹത്തായ ഒരു പദ്ധതി മുന്നോട്ടുവയ്ക്കുന്നു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്‌വൈ) മത്സ്യോൽപാദനം നിലവിലെ ഹെക്ടറിന് മൂന്നു ടൺ എന്നത് അഞ്ചു ടൺ ആയി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. അഞ്ചു സംയോജിത അക്വാകൾച്ചർ ബജറ്റിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ രണ്ടു കോടി വീടുകൾ കൂടി നിർമിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. ഒരു കോടി വീടുകളിൽ സൗരോർജ പദ്ധതി, 300 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കൽ തുടങ്ങിയ ശ്രദ്ധേയമായ നിർദേശം ബജറ്റിലുണ്ട്.

ധനകാര്യ സുസ്ഥിരത

ബജറ്റിന്റെ എടുത്തു പറയാവുന്ന ഒരു വശം രാജ്യത്തിന്റെ ധനകാര്യ സുസ്ഥിരതയ്ക്ക് കൊടുക്കുന്ന ഊന്നലാണ്. ലോക സമ്പദ്‌വ്യവസ്ഥ കണക്കിലെടുത്ത് രാജ്യത്തിന്റെ വ്യാപാരമിച്ചം (ബാലൻസ് ഓഫ് പേമെന്റ്) അനുകൂലമായി നിലനിൽക്കേണ്ടതുണ്ട്. പണപ്പെരുപ്പം അനിയന്ത്രിതമായാൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രിക്ക് അറിയാം. അതുകൊണ്ട് ധനകമ്മി ദേശീയ വരുമാനത്തിന്റെ 5.1 ശതമാനത്തിൽ പിടിച്ചുനിർത്താൻ ബജറ്റ് ലക്ഷ്യമിടുന്നു. 

പൊതുവേ പറഞ്ഞാൽ ബജറ്റിന് കൃത്യമായ ഒരു ദിശാബോധമുണ്ടെന്നു കാണാം. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ജനങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഒരു സർക്കാർ ചെയ്യേണ്ടത്. കഴിഞ്ഞ ഒൻപതു വർഷമായി നടന്നുവരുന്ന ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നിശ്ചയദാർഡ്യം ബജറ്റ് പ്രകടിപ്പിക്കുന്നുണ്ട്. 2047 ആകുമ്പോൾ ഇന്ത്യ ഒരു വികസിതരാജ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ബജറ്റിനെ കാണാം.

(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയാണ് ലേഖകൻ)

indian-union-budget-web-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com