ADVERTISEMENT

‘കണ്ണൻ കായേ, കരിമ്പേ, കടലവിടലയേ, കപ്പയേ, കപ്പലണ്ടി അണ്ണാക്കാകെക്കഴക്കും കറകറ ചൊറിയൻ ചേനയേ, ചേമ്പു സാറേ! പൊണ്ണയ്ക്കാട്ടേത്തവാഴേ, മലയിലെ എലിവാലൻ കിഴങ്ങേ! ....’ - അജ്ഞാതനായ ഒരു കവി വേനൽക്കാല വിഭവങ്ങളെക്കുറിച്ച് രചിച്ച സരസശ്ലോകത്തിന്റെ ആദ്യവരികള്‍! ഈ വിഭവങ്ങളൊക്കെ ഉറിയിലെ മത്തിക്കറി കൂട്ടി ദണ്ഡം കൂടാതെ വിഴുങ്ങാൻ ഭാഗ്യം കിട്ടണേയെന്നു പ്രാർഥിച്ചുകൊണ്ടാണ് ശ്ലോകം അവസാനിക്കുന്നത്. 

‘കുംഭമാസം കഴിഞ്ഞപ്പോൾ തകര കഴിഞ്ഞു, ഇനി എന്തു ചെയ്യും പെരുങ്കുടലേ?  ആറാറു മടക്കിട്ട്, അറുപതു കുരുക്കിട്ട് അനങ്ങാതെ കിടന്നോ പെരുങ്കുടലേ!’ - എന്നൊരു വിശപ്പിന്റെ കിടിലൻ വേനൽപാട്ടും കേട്ടിട്ടുണ്ട്.

വേനൽക്കാലം വേനൽകൃഷിയുടെയും ഉത്സവങ്ങളുടെയും സീസണാണ്. ആറ്റുതീരങ്ങളിലെ എക്കൽ നിറഞ്ഞ മണ്ണിലും ഉണങ്ങിയ വയലുകളിലും ആറ്റുനേന്ത്രനും ആറ്റുവെള്ളരിയും മത്തനും ചീരയുമൊക്കെ തളിരിടുന്ന സമയം. നെല്‍കൃഷിയുടെ ഇടവേളയില്‍ പാടത്ത്‌ വിഷുവിനുളള പച്ചക്കറികള്‍  കൃഷിയിറക്കും. അതേ പാടത്തുതന്നെ ഒരുങ്ങുന്ന വിഷുച്ചന്തയില്‍ ഇവ വിറ്റുപോവുകയും ചെയ്യും. 

സൗഖ്യം അരുളുന്ന പൂതങ്ങൾ

കണ്ടം ഉണങ്ങിക്കഴിഞ്ഞാൽ നെല്ലിൻതണ്ടു മണക്കുന്ന വഴികളിലൂടെ അരമണിയും ചിലമ്പും കിലുക്കി നാടിന് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഭൂതങ്ങളും ഹാജരാകും.  മകരക്കൊയ്ത്തു കഴിഞ്ഞ കണ്ടത്തിലൂടെയാണല്ലോ ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’ലെ ഭൂതവും വന്നണയുന്നത്. 

മുണ്ടകൻ കൊയ്തു നെല്ലും വൈക്കോലും സംഭരിച്ചു കഴിഞ്ഞാൽ കർഷക മനസ്സു തെളിയും, ഉത്സവവും വേലയും പൂരവും തുടങ്ങും. പിന്നെ, ചവിട്ടുകളിയും കോതാമൂരിയാട്ടവും മറ്റും അരങ്ങേറുകയായി. ഇതി നൊക്കെയുള്ള വേദിയും വേനൽ കൃഷിഫലങ്ങളുടെ ചന്തയും അതേ കണ്ടം തന്നെ.  കേരളത്തില്‍ വലിയ സാമൂഹിക മാറ്റങ്ങൾക്കു പ്രചോദനമായ കെ.ദാമോദരന്റെ ‘പാട്ടബാക്കി’ എന്ന മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആദ്യം അരങ്ങേറിയത് പൊന്നാനിയിലെ ഒരു വയലിലായിരുന്നു.

വെളളരി പാകമായി, നാടകം റെഡി 

കണ്ടങ്ങളിൽ രണ്ടാം വിളവെടുപ്പു കഴിഞ്ഞാൽ ഇടവിളയായി വെള്ളരിയും നടാറുണ്ട്. രാത്രികാലങ്ങളിൽ മൃഗങ്ങളും മറ്റും കൃഷി നശിപ്പിക്കാതിരിക്കാൻ കൃഷിക്കാർ കാവൽ കിടക്കും. ഈ സമയത്ത് നേരം പോകാനായി പണ്ടൊക്കെ നാടക പരിശീലനം നടത്തുകയായിരുന്നു പതിവ്. വെള്ളരിക്ക പാകമാവുന്നതോടെ നാടകം അവതരണത്തിന് തയാര്‍! വലിയ തയാറെടുപ്പും ആര്‍ഭാടവുമില്ലാതെ അവതരിപ്പിക്കപ്പെട്ടിരുന്ന  'വെള്ളരി നാടകങ്ങൾ' .

ജീവന്റെ വേനൽ രഹസ്യങ്ങൾ

വേനൽപാടങ്ങളിലെ ജീവന്റെ ചലനങ്ങൾ തന്നെ മോഹിപ്പിച്ചിരുന്നതായി ഖസാക്കിന്റെ ചരിത്രവഴികളെക്കുറിച്ചുള്ള കുറിപ്പില്‍ ഒ.വി.വിജയൻ സൂചിപ്പിക്കുന്നുണ്ട്. വേനൽമഴ പെയ്ത പാടങ്ങളിലെ തെളിനീരിൽ നീന്തിക്കുളിച്ച പച്ചത്തവളകൾ വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുമ്പോൾ അവയുടെ തൊലിപ്പുറത്ത് പറ്റിനിന്ന വായുവിന്റെ കുമിളകൾ മാണിക്യങ്ങളെപ്പോലെ തിളങ്ങിയെന്നും പ്രകൃതിയുടെ അനന്ത സൗന്ദര്യ രഹസ്യം ആ കാഴ്ചയിലൂടെ തെളിഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

നമ്മുടെ നദീതീരങ്ങൾ പണ്ടേ വേനൽക്കാല കൃഷിയിടങ്ങളായിരുന്നു. വേനൽകൃഷിക്ക് നീരു പകരാനാണ് അഗസ്ത്യമുനി കാവേരി നദിയെ സൃഷ്ടിച്ചതെന്നാണു കഥ. മഹർഷിയുടെ കമണ്ഡലു മറിഞ്ഞാണത്രെ കാവേരി ഉദ്ഭവിച്ചത്.  ഒന്നാം നൂറ്റാണ്ടിൽ ചോളരാജാവ് കരികാലൻ  പിന്നീട് കാവേരിയിൽ കല്ലണ എന്ന,  ലോകത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടു നിർമിച്ചത് വേനൽകൃഷിക്കു വെള്ളമെത്തിക്കാനും കൂടിയാണ്.  

കൃഷിയും കലയും ഒരുമിക്കട്ടെ!

നെല്‍കൃഷിക്കൊപ്പം ഒരു കല കൂടി പരിശീലിപ്പിക്കുന്ന ‘അഗ്രി - കൾച്ചർ’ അഥവാ ‘ഓര്‍ഗാനിക് തിയറ്റർ’ എന്നൊരു പദ്ധതി ഏതാനും വർഷം മുന്‍പ് സർക്കാർ മേൽനോട്ടത്തിൽ ആവിഷ്കരിക്കുകയുണ്ടായി. എന്നാല്‍ ഈ പദ്ധതി എവിടെയും എത്തിയ ലക്ഷണമില്ല. ഇനിയും സമയം വൈകിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com