ADVERTISEMENT

മകരമഞ്ഞു പെയ്യുകയും മഴയെല്ലാം പെയ്തൊഴിയുകയും ചെയ്യുമ്പോൾ മരച്ചീനി വിളയുന്ന മലയോരങ്ങളിൽ കപ്പവാട്ടുത്സവത്തിന് കൊടിയേറി. മലയോരങ്ങളിലെ കപ്പവാട്ടു പരിപാടി ഒരു കാലത്ത് അധ്വാനത്തിന്റെയും ആത്മബന്ധങ്ങളുടെയും കന്മഷമില്ലാത്ത കുടുംബക്കൂട്ടായ്മകളായിരുന്നു. പേറും പിറപ്പും പേരിടീലും പെണ്ണുകാണലുമെല്ലാം കപ്പവാട്ടിന്റെ സമയത്തായിരുന്നുതാനും. പത്തും പതിനാലും മക്കളുള്ള സാധാരണ കുടുംബങ്ങളിൽ വാട്ടുകപ്പ പല രൂപങ്ങളിൽ അവതാരം ചെയ്ത് അവരുടെ ജീവിതങ്ങളെ മുൻപോട്ടുനയിച്ചു. കുംഭത്തിൽ കപ്പയിട്ടാൽ ഡിസംബർ മുതൽ തെളിച്ചം നോക്കി കപ്പവാട്ടു തുടങ്ങുകയായി. 

മഞ്ഞുവീഴുന്ന പ്രഭാതങ്ങളിൽ ചെമ്പുകൾ തലയിൽ കമഴ്ത്തി വലിയ ഇളക്കുതവികൾ കൈകളിലേന്തി കൃഷിയിടങ്ങളിലേക്കു നടന്നുപോകുന്ന കൃഷിക്കാർ സാധാരണ ഗ്രാമക്കാഴ്ച്ചയായിരുന്നു. അളവു വല്ലങ്ങളും ചുമടുവല്ലങ്ങളും കോരുകുട്ടകളും വിറകുകെട്ടുകളും ചൂട്ടുകറ്റകളും പെട്രോമാക്സുകളും അവരെ പിന്തുടരും. പുലരി വിരിയുന്ന നേരത്തുള്ള ഈ പോക്കുവരവുകൾ എതോ കുട്ടിക്കഥകളിലെ ഭൂതരൂപങ്ങളെ ഓർമിപ്പിച്ചു.

അവർ സൂപ്പർ സ്റ്റാറുകൾ

കപ്പവാട്ടിന്റെ കാലമായാൽ നാട്ടിലെ സ്ഥിരം കലാകാരന്മാർക്ക് നല്ല ഡിമാൻഡാണ്. ചൂടു ചെമ്പിനടുത്തു നിന്ന് വേവു നോക്കി കപ്പ വാട്ടിക്കോരുന്നവർക്കും വേഗത്തിൽ കപ്പ അരിയാനറിയുന്നവർക്കും സൂപ്പർ സ്റ്റാര്‍ പദവി ലഭിക്കും. നാടിന്റെ നായകരും കുട്ടികളുടെ സൂപ്പർ ഹീറോകളും അവരായിരുന്നു. കപ്പ ഒരേ വലുപ്പത്തിൽ ശ്രദ്ധിച്ച് അരിയണം. അല്ലെങ്കിൽ ചില കഷണങ്ങൾ വേഗത്തിൽ വെന്തുപോകും. പ്രഫഷനലായി അരിയുകയാണെങ്കിൽ ഒരു മൂളൽ മാത്രമേ കത്തിയിൽനിന്നു കേൾക്കുകയുള്ളൂ. കപ്പവാട്ടുകാലം കഴിയുമ്പോൾ കപ്പ അരിയുന്നവരിൽ പലരുടെയും വിരലുകളിൽ വലിയ പന്തങ്ങൾ പ്രത്യക്ഷപ്പെടും. കപ്പയുമായുള്ള പോരിൽ രക്തം ചൊരിഞ്ഞ് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണവർ.

ഷാപ്പിൽ ഇന്നു കള്ളില്ല, കേട്ടോ!

കപ്പവാട്ട് നാടിന്റെ ആഘോഷമാണ്. ‘കപ്പവാട്ടുകല്യാണം’ എന്നാണ് പറയുക. തെങ്ങും പനയും ചെത്തുന്നവർ കപ്പ വാട്ടുന്ന ദിവസം കള്ള് ഷാപ്പിലെത്തിക്കില്ല. കപ്പവാട്ടു നടക്കുന്ന പറമ്പുകളിലാണ് കള്ളുകലങ്ങൾ ലാൻഡ് ചെയ്യുന്നത്. ആവി പറക്കുന്ന കാച്ചിലും ചേമ്പും കാന്താരിയരച്ചതും ഉണക്കമീൻ വറുത്തതും കള്ളിനൊപ്പം എവറെഡിയായിരിക്കും. ചട്ടിയിൽ വരട്ടിയെടുത്ത ചൂടുള്ള പോത്തിറച്ചിയും കപ്പയും പിന്നാലെ വന്നെത്തും. എരിവും പുളിയുമുള്ള നാട്ടുകഥകളും നാടൻപാട്ടുകളും കള്ളിനൊപ്പം പതഞ്ഞൊഴുകും.

kappa-vattu-3

സ്വാദിന്റെ സ്വർലോകം

കപ്പവാട്ടിന്റെ വീറും വാശിയും കൂട്ടാൻ വേറെ നാടൻവിഭവങ്ങളും അവതരിക്കാറുണ്ട്. കപ്പവാട്ടു കഴിഞ്ഞ്, പാറയിൽ ശേഷിക്കുന്ന ചെറുകഷണങ്ങൾ പൊടിച്ച് അരിപ്പൊടി ചേർത്ത് ആവിയിൽ വേവിച്ച് കടുക് താളിച്ച ശേഷം, തേങ്ങ ചുരണ്ടിയിട്ട് ഒന്നിളക്കിയെടുക്കുന്നതാണ് ഒരു ഐറ്റം. കപ്പവാട്ടിനായി പറിച്ചെടു ക്കുന്ന കപ്പയിൽ വേരറ്റു വീഴുന്നവ തീയിൽ ചുട്ടെടുത്തതും കാന്തരിയരച്ചതും ഉണക്കമീൻ വറുത്തതും ചേരുന്നതാണ് സ്വാദിന്റെ സ്വർഗലോകം തുറക്കുന്ന മറ്റൊരു വിഭവം. കലയും കപ്പവാട്ടും തമ്മിലും വേരറ്റു പോകാത്ത ബന്ധമുണ്ടായിരുന്നു. കപ്പവാട്ടു കഴിഞ്ഞ ഇടങ്ങളിൽ വേനല്‍പച്ചക്കറിപ്പാടങ്ങളിലെ വെള്ളരി നാടകങ്ങൾപോലെ കപ്പനാടകങ്ങൾ അരങ്ങേറി. തിരുവിതാംകൂറിൽനിന്നുള്ള മലബാർ കുടിയേറ്റത്തിന് മരച്ചീനി കരുത്തു പകർന്നപ്പോൾ കുടിയേറ്റഭൂമികളിലും ഈ കലാരൂപം വ്യാപിച്ചു.

kappa-vattu

കപ്പച്ചേടത്തിയുടെ കൃഷിപാഠങ്ങള്‍

കപ്പക്കൃഷിയും കപ്പവാട്ടും കപ്പവിൽപനയുമായി കഴിഞ്ഞിരുന്ന തന്റേടിയായ ആ സ്ത്രീയെ ഞങ്ങൾ ‘കപ്പച്ചേടത്തി’ എന്നു വിളിച്ചു. നല്ല നാടൻകപ്പ പോലെ വണ്ണവും പൊക്കവുമുള്ള ശരീരം. കനത്ത ശബ്ദം. ഏതു ചട്ടമ്പിയെയും നിലയ്ക്കു നിർത്തുന്ന വൈഭവം-അതായിരുന്നു കപ്പച്ചേടത്തി. ചേടത്തി എന്തു പറഞ്ഞാലും കപ്പയിൽ ആരംഭിച്ച് കപ്പയിൽ അവസാനിക്കും. കപ്പയെക്കുറിച്ചുള്ള പഴങ്കഥകളും തമാശകളും ചേടത്തിയുടെ നാവിൻതുമ്പിൽ സദാ പൂത്തുലഞ്ഞു. 

‘വാട്‌കപ് തോട്‌മീൻ കൂട്മോ?’ എന്ന് സ്കൂളിൽ പോകുന്ന കുട്ടികളാടു ചേടത്തി ചോദിക്കും. ഇംഗ്ലിഷിന്റെ എരിവും മലയാളത്തിന്റെ മധുരവുമുള്ള കുസൃതിച്ചോദ്യം. തലമുറകളിലൂടെ സഞ്ചരിച്ചെത്തിയ സരസമായ ആ ചോദ്യവും ‘വാട്ടുകപ്പയ്ക്കു തോട്ടുമീൻ കൂട്ടുമോ?’ എന്ന ഉത്തരവും ഇന്നത്തെ കുട്ടികൾ കേട്ടിട്ടുപോലു മുണ്ടാവില്ല. ‘കപ്പവാട്ടി നടുവു പൊട്ടണം’ എന്നാണ് കപ്പവാട്ടിനെക്കുറിച്ചു ചേടത്തി പറയുക. കപ്പ വാട്ടുന്നവരുടെ മാത്രല്ല, ചെമ്പിൽ വേവുന്ന കപ്പയുടെയും നടുവു പൊട്ടണം എന്നർഥം. ‘അവലുകപ്പ എനിക്ക്, ഉരിക്കപ്പ അപ്പന്, തെള്ളുകപ്പ അമ്മായിയപ്പന്, ഉണക്കക്കപ്പ പത്തായത്തിന്’ എന്ന ചൊല്ലും ‘നാട്ടുകാരെല്ലാരും ചേർന്നു കപ്പ നട്ടു കൃഷിചെയ്താൽ കപ്പ വിറ്റു കാശു നേടി കാര്യം നടത്താം’ എന്ന കപ്പവാട്ടുപാട്ടും കപ്പച്ചേടത്തിയുടെ വായിൽനിന്നു കേൾക്കുന്നതാണ് സുഖം. 'കപ്പവിള ഉണങ്ങുമ്പോൾ കുപ്പിവള കിലുങ്ങണം!' എന്ന പ്രമാണവും കാരണവന്മാരിൽനിന്നു ചേടത്തി മനസ്സിലാക്കിവച്ചിരുന്നു. പാറപ്പുറത്ത് കപ്പ ഉണങ്ങി നല്ല പരുവമാകുമ്പോൾ കുപ്പിവളപോലെ കിലുങ്ങണമെന്നാണ് പൊരുൾ. ചാരവെള്ള, സുന്ദരിവെള്ള, റൊട്ടിക്കപ്പ, കട്ടൻകപ്പ തുടങ്ങിയവപോലെ പലതരം ഇനത്തിൽപെട്ട മനുഷ്യരും ഉണ്ടെന്നാണ് ചേടത്തിയുടെ മറ്റൊരു ഭാഷ്യം. സുന്ദരനായ പുരുഷൻ  റൊട്ടിക്കപ്പപോലെയാന്നെന്ന്  ഉദാഹരണവും നൽകും. നമ്മുടെ നാട്ടുനന്മകളുടെ പഴയ അടയാളമായിരുന്നു ഈ കപ്പച്ചേടത്തി.

kappa-vattu-4
വെന്ത കപ്പ ചെമ്പിൽനിന്ന് കോരിയെടുക്കുന്നു

പല ദേശങ്ങളിൽ, പല ഭാവങ്ങളിൽ വിലസിയിരുന്ന കപ്പച്ചേടത്തിമാർ ഇന്നില്ല. അവരൊക്കെ പണ്ടേ മറഞ്ഞുപോയി. മാമ്പൂക്കൾ കൊഴിഞ്ഞുപോയി, കുടുംബബന്ധങ്ങൾ അഴിഞ്ഞുപോയി. ഗ്രാമങ്ങൾ മാഞ്ഞു പോയി. കപ്പച്ചേടത്തിമാരും കപ്പത്തണലുകളിലെ ആർപ്പുവിളികളും രാത്രികളിലെ വേനൽകൂട്ടായ്മകളും ഇനി ഉണ്ടാവില്ലെന്നു തോന്നുന്നു. 

കഴിഞ്ഞ കാലത്തിന്റെ മറുകരയിൽനിന്നു ചേടത്തിയുടെ ശബ്ദം നമ്മൾ കേൾക്കുന്നില്ലേ? 

‘‘നമ്മടെ പള്ളിയിൽ കൽക്കുരിശുവച്ച കാലത്തെ കപ്പവാട്ടു സമയത്താണ് അതിയാൻ എന്നെ പെണ്ണുകാണാൻ വന്നത്!’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com