ADVERTISEMENT

‘സെൻസ് വേണം, സെൻസിബിലിറ്റി വേണം’ – മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇത്തവണത്തെ കർഷകശ്രീ ജേതാവ് പി.ബി.അനീഷ് പറയുന്നത് സെൻസറുണ്ടെങ്കിൽ സെൻസിബിലിറ്റി അൽപം കുറഞ്ഞാലും പ്രശ്നമില്ലെന്നാണ്. വിളകളുടെ പോഷക–ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുന്നതിനുള്ള സെൻസിബിലിറ്റിയാണ് അനീഷ് ഉദ്ദേശിച്ചത്. താബോറിലെ അനീഷിന്റെ കൃഷിയിടം കണ്ടിട്ടുള്ളവർക്കറിയാം, ടെക്നോളജിയാണ് അനീഷിന്റെ തുറുപ്പുചീട്ടെന്ന്. ടെക്നോളജിയുടെ സഹായത്തോടെ കാര്യക്ഷമത കൂട്ടാനും അധ്വാനം കുറയ്ക്കാനും കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനും ഈ ചെറുപ്പക്കാരനു സാധിക്കുന്നു. ‌ സാങ്കേതികവിദ്യയുടെ പിന്തുണയോടെ നാളത്തെ കൃഷിക്കു രൂപം നൽകേണ്ടതെങ്ങനെയെന്നു ഇവിടെ നമുക്കു കാണാം. സംസ്ഥാനത്ത് നനയും വളപ്രയോഗവുമൊക്കെ പൂർണമായി സ്വയം നിയന്ത്രിതമാക്കിയ പ്രഥമ കൃഷിയിടമാവും അനീഷിന്റേത്. 

അനീഷിനെ കേമനാക്കുന്ന ടെക്നോളജികളിൽ പ്രധാനം ഐഒടിയാണ്. അതായത്, സെൻസറുകളുടെ സഹായത്തോടെ കൃഷിയിടത്തെ കൃത്യമായ മനസ്സിലാക്കുന്ന സാങ്കേതികവിദ്യ. പച്ചക്കറിയായാലും നാളികേരമായാലും മറ്റ് വൃക്ഷവിളകളായാലും ഇലകളിലേക്കു നോക്കിയാൽ അവയുടെ പോഷക അപര്യാപ്തത അറിയാനാവും. എന്നാൽ, അതിനുള്ള സെൻസിബിലിറ്റി എല്ലാവർക്കും കാണണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കൃഷിക്കാരുടെ തുണയ്ക്കെത്തുകയാണ് സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഐഒടി സാങ്കേതികവിദ്യ.

എങ്ങനെയാണ് ഈ ടെക്നോളജി സാധാരണ കൃഷിക്കാരെ തുണയ്ക്കുക? ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നമ്മുടെ നാട്ടിലെ കർഷകർ വർഷത്തിൽ 2 തവണയായി വളമിടുന്നവരാണ്. ചിലർ മണ്ണു പരിശോധിച്ചിട്ടാവും വളമിടുക. മറ്റു ചിലർ പൊതുശുപാർശപ്രകാരവും. മണ്ണു പരിശോധിച്ചു വളമിടുമ്പോൾപോലും ഏതാനും ആഴ്ചകളുടെ കാലതാമസം ഉറപ്പ്. മാത്രമല്ല, പരിശോധനയിലൂടെ കണ്ടെത്തുന്ന അപര്യാപ്തത ആരംഭിച്ചിട്ട് മാസങ്ങളായിട്ടുണ്ടാകും. എന്നാൽ, അനീഷിന്റെ കൃഷിയിടത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പ്രധാന പോഷകങ്ങൾ നിശ്ചിത പരിധിയിലും താഴെയായാൽ അന്നുതന്നെ അനീഷിന്റെ മൊബൈലിൽ സന്ദേശമെത്തും. മണിക്കൂറുകൾക്കുള്ളിൽ ഫെർട്ടിഗേഷനിലൂടെ അതു പരിഹരിക്കുകയും ചെയ്യും. ചുരുക്കത്തിൽ മറ്റു തോട്ടങ്ങളിൽ ആഴ്ചകൾക്കും മാസങ്ങൾക്കുംശേഷം പരിഹരിക്കപ്പെടുന്ന പോഷകദാരിദ്ര്യം അനീഷിന്റെ തോട്ടത്തിൽ മണിക്കൂറുകൾക്കുള്ളിൽ മാറുന്നു. ഒരു മാസം പട്ടിണി കിടന്നശേഷം ഭക്ഷണം കിട്ടുന്നവനും അന്നന്നു വിശപ്പ് മാറ്റുന്നവനും തമ്മിൽ ആരോഗ്യത്തിലുണ്ടാകുന്ന വ്യത്യാസം ഈ വിളകൾ തമ്മിലും കാണും. പോഷകദാരിദ്ര്യമനുഭവിക്കാത്ത വിളകൾക്ക് പരമാവധി ഉൽപാദനക്ഷമത നൽകാനാകും.

സെൻസർ
സെൻസർ

മണ്ണിന്റെ സ്ഥിതി കൃത്യമായി പരിശോധിക്കുന്ന സെൻസറാണ് ഇവിടെ അനീഷിന്റെ തുണയ്ക്കെത്തുന്നത്. കർഷകശ്രീ പുരസ്കാരം വാങ്ങാൻ മലപ്പുറത്തിരിക്കുമ്പോഴും തന്റെ ജാതിയുടെ ചുവട്ടിൽ എത്രമാത്രം നനവുണ്ടെന്നും എലത്തിന് ഉടൻ വളം നൽകേണ്ടതുണ്ടോയെന്നുമൊക്കെ അനീഷിനെ അറിയിക്കാൻ ഈ സെൻസർ സംവിധാനത്തിനു കഴിയും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്റ്റിയോ എന്ന ക്ലൈമറ്റ് സ്റ്റാർട്ടപ്പും ഡീപ് ഫ്ലോയും ചേർന്നാണ്  മണ്ണിന്റെ രാസഭൗതിക ഗുണങ്ങൾ തിരിച്ചറിയുന്ന സെൻസർ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സെൻസർ നൽകുന്ന സൂചനകൾക്കനുസരിച്ച്  വിളപരിപാലനം സംബന്ധിച്ച ശുപാർശകൾ തയാറാക്കാൻ കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രത്തിലുണ്ടായിരുന്ന ഡോ. പി.ജയരാജ്, ഡോ. യാമിനി വര്‍മ എന്നിവരുടെ സഹായവുമുണ്ട്.

ഇത്തരം ഒരു സെൻസർ മാത്രമാണ് അനീഷ് തൽക്കാലം പുരയിടത്തിൽ സ്ഥാപിച്ചത്. കൃഷിയിടത്തിന്റെ വിസ്തൃതിയനുസരിച്ച് കൂടുതൽ സെൻസറുകളാകാമെങ്കിലും ചെലവ് കുറയ്ക്കാനായി തൽക്കാലം ഒരു സെൻസർ മതിയെന്നു തീരുമാനിക്കുകയായിരുന്നു. മണ്ണിലെ ഈർപ്പം, എൻപികെ സാന്നിധ്യം, ഇലക്ട്രിക് കണ്ടക്ടിവിറ്റി അഥവാ ഇസി, അമ്ലത എന്നിവയാണ് ഈ സെൻസറിലൂടെ അറിയാനാവുക. ഇതൊക്കെ എത്രമാത്രം ശരിയാകുമെന്ന സംശയവും അനീഷിന്റെയും മനസ്സിലുണ്ടായിരുന്നു. മാസങ്ങൾക്കുള്ളിൽ തന്നെ അനീഷിന്റെ സംശയം നീങ്ങി. ഡീപ് ഫ്ലോ നൽകിയ മൊബൈൽ ആപ്പിൽ  പൊട്ടാസ്യത്തിനു നേരെ ചുവന്ന ലൈറ്റ് തെളിഞ്ഞതു കണ്ടാണ് അനീഷ് കാര്യമന്വേഷിച്ചത്– മണ്ണിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം നിശ്ചിത പരിധിയിലും കുറഞ്ഞിരിക്കുന്നുവെന്ന് ആപ്പ് വ്യക്തമാക്കി. എങ്കിലും അനീഷിനു വിശ്വാസമായില്ല. പറമ്പിന്റെ പല ഭാഗത്തുനിന്നും മണ്ണെടുത്ത് സർക്കാർ ലാബിൽ പരിശോധിപ്പിച്ചു. സെൻസർ നൽകുന്ന പരിശോധനഫലം കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തിനും ബാധകമാണോയെന്നുകൂടി അറിയണമല്ലോ. സെൻസർ സ്ഥാപിക്കുന്നതിനു മുൻ‌പും അനീഷ് ഇപ്രകാരം ചെയ്തിരുന്നു. രണ്ട് അന്വേഷണങ്ങളും അനുകൂലമായി– മണ്ണിൽ പൊട്ടാസ്യം കുറഞ്ഞെന്ന സെൻസറിന്റെ വെളിപ്പെടുത്തൽ ശരിയായിരുന്നു. മാത്രമല്ല,  ഈ കുറവ് കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും പ്രകടവുമായിരുന്നു.

ഫെർട്ടിഗേഷനിലൂടെ 4 കാര്യത്തിലും സെൻസർ അനീഷിനെ കാര്യമായി സഹായിക്കുന്നുണ്ട്. ഈർപ്പം 25 ശതമാനത്തിൽ താഴെയായാൽ അപ്പോൾത്തന്നെ ഈ കൃഷിയിടത്തിലെ ജാതിക്കും ഫലവൃക്ഷങ്ങൾക്കും തുള്ളിനനയിലൂടെ ജലം ലഭിച്ചു തുടങ്ങും. നിശ്ചിത അളവ് നൽകിക്കഴിയുമ്പോൾ നന താനേ നിലയ്ക്കുകയും ചെയ്യും. ഇതിനായി ആരെങ്കിലും മോട്ടർ പ്രവർത്തിപ്പിക്കുകയോ പറമ്പിലിറങ്ങി നനവ് നോക്കുകയോ വേണ്ട. അനീഷ് ഉദയഗിരിയിലായാലും ഉസ്ബെക്കിസ്ഥാനിലായാലും നന മുടങ്ങില്ലെന്നു സാരം ഓരോ ദിവസത്തെയും കാറ്റ്, അന്തരീക്ഷ ഈർപ്പം, മഴസാധ്യത എന്നിവയൊക്കെ കണക്കിലെടുത്ത് നൽകുന്ന അളവ് നിശ്ചയിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ടാങ്കിലെ  വെള്ളം കുറയുന്നതനുസരിച്ച് തെല്ലകലെയുള്ള പടുതക്കുളത്തിൽനിന്നു ടാങ്കിലേക്കും പടുതക്കുള ത്തിലെ ജലനിരപ്പ് താഴുന്നതനുസരിച്ച് കുഴൽക്കിണറിൽനിന്നു പടുതക്കുളത്തിലേക്കും സ്വയം  വെള്ളമെത്താനും ഈ ഓട്ടമേഷൻ സംവിധാനം ഉപകരിക്കുന്നു.  പടുതക്കുളത്തിൽ വളർത്തുന്ന മത്സ്യങ്ങളുടെ കാഷ്ഠത്തിലൂടെ ഫോർട്ടിഫൈ ചെയ്ത പോഷകസമ്പന്നമായ വെള്ളമാണ് വിളകൾക്കു നൽകുന്നത്. 

Also read: ഹൈടെക് ഡെയറി ഫാം; സ്വയം നിയന്ത്രിത തുള്ളിനന സംവിധാനം; വാശിയോടെ വിയർത്തവൻ ടെക്നോളജിയുടെ തോഴൻ 

സൂക്ഷ്മ കാലാവസ്ഥാനിരീക്ഷണത്തിനായി സ്ഥാപിച്ച മിനി വെതർസ്റ്റേഷനും അനീഷിന് ഏറെ സഹായകമാകുന്നുണ്ട്. വിദൂരപ്രദേശമായ ഉദയഗിരിയിലെ മഴ, ചൂട് , ഈർപ്പം എന്നിവയെക്കുറിച്ചൊന്നും  സർക്കാർ ഏ‍ജൻസികളുടെ കാലാവസ്ഥാ ബുള്ളറ്റിനുകളിലൂടെ കൃത്യമായ അറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് അനീഷ് ചൂണ്ടിക്കാട്ടി. എന്നാൽ ഇന്നു വൈകുന്നേരം മഴ പെയ്യുമോയെന്നു മാത്രമല്ല, എത്ര സെന്റിമീറ്റർ മഴ കിട്ടുമെന്നുവരെ ഏറക്കുറെ കൃത്യതയൊടെ അനീഷിനെ അറിയിക്കാൻ മിനി വെതർ സ്റ്റേഷൻ ഉപകരിക്കുന്നു

ഡീപ് ഫ്ലോയും മിസ്റ്റിയോയും

സാങ്കേതികവിദ്യയുടെ പ്രവാചകനാകാൻ കർഷകശ്രീ അനീഷിനെ സഹായിച്ചത് രണ്ടു  സ്റ്റാർട്ടപ് സംരംഭങ്ങളാണ്– കണ്ണൂരിലെ ഡീപ് ഫ്ലോ ടെക്നോളജീസും തിരുവനന്തപുരത്തെ മിസ്റ്റിയോയും. കണ്ണൂർ ഗവ. എൻജിനിയറിങ് കോളജിൽ പഠിച്ചിറങ്ങിയ 3 യുവ എൻജിനീയർമാരാണ് ഡീപ് ഫ്ലോ  സ്ഥാപകർ– അത്രി ആനന്ദ്, വിഷ്ണു പി. രാജ്, എൻ.എസ്.സായന്ത്. 2019ൽ ആണ് ഇവർ പ്രവർത്തനം ആരംഭിച്ചത്. നിർമിതബുദ്ധിയും റോബോട്ടിക്സും പോലുള്ള ഡീപ് സാങ്കേതികവിദ്യകൾ കൃഷിക്കാർക്കും മറ്റും  പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു ഐഐഎം സ്റ്റാർട്ടപ്പായി ഉയർന്നു വന്ന ഇവർ സിസ്കോ അഗ്രി ചലഞ്ച്, കേരള അഗ്രി ഹാക്കത്തൺ തുടങ്ങിയവയിലൊക്കെ മികച്ച ഏറെ ശ്രദ്ധയും അംഗീകാരവും നേടിയ  സംരംഭമാണ്. ക്ലൈമറ്റ് ഇന്റലിജൻസ് സ്റ്റാർട്ടപ്പായ തിരുവനന്തപുരത്തെ മിസ്റ്റിയോ സാങ്കേതിക കാര്യങ്ങളിൽ ഡീപ് ഫ്ലോയുമായി കൈകോർക്കുന്നുണ്ട്. അനി വർഗീസ്, അംബരീഷ് നാരായണൻ, സാമുവൽ ജോൺ എന്നിവരാണ് മിസ്റ്റിയോയുടെ സ്ഥാപകർ. 

സൂക്ഷ്മ കാലാവസ്ഥാ പ്രവചനത്തിൽ പ്രാവീണ്യമുള്ള മിസ്റ്റിയോ ഇപ്പോൾ ഓസ്ട്രേലിയയിലെ ഡെയറിഫാമുകൾക്ക് കാലാവസ്ഥ മുന്നറിയിപ്പ് നൽകിവരുന്നു. ആന്ധ്രപ്രദേശിലെ മുളകു കർഷകർക്കു കാലാവസ്ഥാ ഇൻഷുറൻസ് നടപ്പാക്കാനാവശ്യമായ സാങ്കേതിക പിന്തുണയും ഇവർ ഏറ്റെടുത്തിട്ടുണ്ട്. കൃഷിയിടത്തിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന കർഷകർക്കും കർഷകഗ്രൂപ്പുകൾക്കും ഇവരുടെ സേവനം തേടാം.

ഫോൺ: 7306252846 (ഡീപ് ഫ്ലോ), 7559852053 (മിസ്റ്റിയോ) ഇമെയിൽ: admin@deepflow.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com