ADVERTISEMENT

മധ്യതിരുവിതാംകൂറിലെ കാർഷിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കാർഷികവൃത്തിയുമായി അടുത്ത ബന്ധം പുലർത്താൻ എനിക്കു കഴിഞ്ഞിട്ടില്ല. ഓർമവച്ച കാലമായപ്പോഴേക്കും ഞങ്ങളുടെ വല്യപ്പന്മാർ നെൽകൃഷിയിൽനിന്നു പിൻവാങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും വീട്ടിലെ പണിക്കാരനായിരുന്ന രാമന്റെ തോളിലിരുന്ന്, വരമ്പ് വെട്ടുന്നതും വെള്ളം തിരിച്ചു വിടുന്നതും കാളകളെക്കൊണ്ട് പൂട്ടിക്കുന്നതും ചക്രം ചവിട്ടു ന്നതും കൊയ്യുന്നതും മെതിക്കുന്നതും ഒക്കെ കാണാൻ പോയതിന്റെ ഓർമ ഇപ്പോഴും മനസ്സിലുണ്ട്. 

നെൽപാടങ്ങളിൽനിന്നു കരയ്‌ക്കു കയറിയ വല്യപ്പന്മാർ കൃഷി ഉപേക്ഷിക്കുകയായിരുന്നില്ല, പകരം  കുറെക്കൂടി മെച്ചമെന്നു തോന്നിയ കരിമ്പുകൃഷിയിലേക്കു തിരിയുകയാണുണ്ടായത്. വീടിന്റെ പരിസരങ്ങളിലെല്ലാം ധാരാളം തകിടിപ്രദേശങ്ങളുണ്ടായിരുന്നു. അക്കാലത്താണ് പന്തളത്ത് മന്നം ഷുഗർ മിൽ ആരംഭിക്കുന്നത്. അവരുടെ സാമ്പത്തിക സഹായത്തോടെ ഞങ്ങളുടെ പ്രദേശത്ത് കരിമ്പുകൃഷി വ്യാപകമായി. എങ്കിലും എന്റെ പിതാവുൾപ്പെടെ ഏറെപ്പേരും നാട്ടിൽത്തന്നെയുള്ള ചക്കിലാട്ടി ശരക്കരയുണ്ടകളാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു പതിവ്. കരിമ്പിൻനീര് ശർക്കരപ്പാനിയാകുമ്പോൾ നാട്ടിൽ പരക്കുന്ന ഒരു സുഗന്ധമുണ്ട്. അതിന്നും എന്നോടൊപ്പം സഞ്ചരിക്കുന്നതായി തോന്നാറുണ്ട്. ചൂടാറാത്ത ശർക്കരപ്പാനിയിൽ മുക്കി കഴിക്കുന്ന കരിക്കിനോളം രുചിയുള്ള ഒന്നും ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല. അതോർക്കുമ്പോൾ ഇന്നും നാവിൽ കപ്പലോടും. 

എന്നാൽ, കരിമ്പുകൃഷിക്കാലം അധികം നീണ്ടില്ല. റബർ മലയിറങ്ങി ഞങ്ങളുടെ തകിടികളിലേക്കു വന്നുകഴിഞ്ഞിരുന്നു. ഏതെങ്കിലും ഒരു വിളയിൽ പാരമ്പര്യവും ഗൃഹാതുരത്വവും പറഞ്ഞ് കടിച്ചുതൂങ്ങിക്കിടക്കുന്നതിനു പകരം അതതുകാലം ലാഭകരമായ കൃഷികളിലേക്കു മാറാൻ ഞങ്ങളുടെ വല്യപ്പന്മാർ ശ്രദ്ധിച്ചിരുന്നു. ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വഴി എന്ന നിലയിൽ മാത്രമാണ് അവർ കൃഷിയെ കണ്ടിരുന്നത്. അതുകൊണ്ട്  റബർ വെട്ടിക്കളഞ്ഞ് കൊക്കോ പരീക്ഷിക്കാനും അതു കഴിഞ്ഞ് വാനില പരീക്ഷിക്കാനും എല്ലാറ്റിനുമൊടുവിൽ വീണ്ടും എത്തവാഴക്കൃഷിയിലേക്കു തിരിയാനും അവർക്കു മടിയുണ്ടായില്ല.  

മക്കളാരും കൃഷിയിൽ തുടരാൻ  വല്യപ്പന്മാർ ആഗ്രഹിച്ചില്ലെന്നു തോന്നുന്നു. എന്റെ പിതാവ് കൃഷിയിൽ നിന്നു മാറി ഡ്രൈവർപണി സ്വീകരിച്ചു. എങ്കിലും കൃഷിയിൽനിന്നു പൂർണമായി വിട്ടുപോരാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. രാവിലെ വണ്ടിയുമായി പോകുന്നതിനു മുൻപ് വീടിനു ചുറ്റുമുള്ള പറമ്പിൽ ഇത്തിരി കപ്പയും ചേമ്പും ചേനയും കിഴങ്ങും ഒക്കെ കൃഷി ചെയ്‌ത്  മണ്ണിനോടുള്ള ബന്ധം ജീവിതാവസാനംവരെ തുടര്‍ന്നു. 

പഠനം കഴിഞ്ഞ ഉടനെ തന്നെ രാജ്യം വിടേണ്ടി വന്നതുകൊണ്ടും ചെന്നെത്തിയ ഇടം മരുഭൂമി ആയിരുന്നതുകൊണ്ടും എന്റെ യൗവനത്തിലെങ്ങും കൃഷിയോർമകളില്ല. ചെറിയ കാലത്തിലേക്കെങ്കിലും മണ്ണുമായും കൃഷിയുമായും ബന്ധമുണ്ടായത് നാട്ടിലേക്കു മടങ്ങിയെത്തിയതിനുശേഷമുള്ള കോവിഡ് കാലത്താണ്. യാത്രകൾ റദ്ദാക്കപ്പെടുകയും വീടിനുള്ളിൽ അടയ്ക്കപ്പെടുകയും ചെയ്‌ത കാലത്ത് മണ്ണിലേക്കിറങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് അടുത്ത വീട്ടിൽനിന്നു കിട്ടിയ കുറച്ച് പയര്‍, ചീരവിത്തുകള്‍ അടുക്കളമുറ്റത്തു വിതയ്ക്കുന്നത്. കൗതുകത്തിനു തുടങ്ങിയതാണെങ്കിലും അത് പതിയെ പൊട്ടിമുളച്ചു വരുന്നതു കണ്ടപ്പോഴുണ്ടായ നിർവൃതി വിവരിക്കാനാവില്ല. അതിനോടൊപ്പം ഒരു പാഷൻ ഫ്രൂട്ടിന്റെ തൈ കിട്ടി. ഓരോ ദിവസവും അതിനടുത്തു ചെന്ന് വെള്ളം ഒഴിക്കുമ്പോഴും അതിൽ ഇലകൾ ഒന്നൊന്നായി ഉണ്ടായി വരുന്നതു കാണുമ്പോഴും കിട്ടിയ ആഹ്ലാദം ഒരു പുസ്തകം എഴുതുമ്പോൾ കിട്ടുന്നതിനെക്കാൾ വലുതായിരുന്നു. കൃഷിയിടത്തിലേക്കു ചെല്ലുന്ന ഒരു കർഷകൻ ഓരോ പുലരിയിലും അനുഭവിക്കുന്ന ആഹ്ലാദം തിരിച്ചറിഞ്ഞ ദിവസങ്ങൾ. 

ചീര, പയര്‍വിത്തുകള്‍ വിചാരിച്ചതിനെക്കാൾ ആർത്തിയോടെ വളരുന്നതു കണ്ടപ്പോൾ തടമെടുത്തും കമ്പ് നാട്ടിയും പന്തൽ കെട്ടിയും കൂടുതൽ ആവേശത്തോടെ വളരാനുള്ള സഹായം ചെയ്‌തുകൊടുത്തു. തനിയെയാണ് പണികളെല്ലാം ചെയ്തത്. ഞാൻ നട്ട പാഷൻ ഫ്രൂട്ട് ആറു മാസം കൊണ്ട് വീടിന്റെ ടെറസിലാകെ പടർന്നു പന്തലിക്കുന്നതും അതിൽനിന്നു ഞങ്ങൾക്കും അയൽപക്കത്തുള്ളവർക്കും കഴിക്കാവുന്നത്ര ഫലം കിട്ടിയതും ഒരു വർഷത്തോളം അടുക്കളയിൽ ചീരയും പയറും നിറഞ്ഞു നിന്നതും എങ്ങനെ മറക്കാനാണ്. ഒരിക്കൽ കൃഷിയിലേക്കിറങ്ങിയവര്‍ നഷ്ടം വന്നാലും  അതിൽനിന്നു തിരിച്ചു കയറാൻ മടിക്കുന്നത് എന്തു കൊണ്ടാണെന്ന്  അക്കാലത്തു മനസ്സിലായി. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും നാളെയെ പ്രതീക്ഷയോടെ നോക്കിക്കാണാനും കൃഷി നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com