ADVERTISEMENT

ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ കുരുമുളക് ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പുതിയ കച്ചടങ്ങള്‍ ഉറപ്പിക്കാന്‍ മുഖ്യ ഉല്‍പാദക രാജ്യങ്ങളില്‍ എത്തുമെന്ന നിഗമനത്തിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീ സെല്ലര്‍മാര്‍. 

വരണ്ട കാലാവസ്ഥയില്‍ മുന്‍നിര കുരുമുളക് ഉല്‍പാദകരാജ്യങ്ങളില്‍ ഇക്കുറി വിളവ് ചുരുങ്ങുമെന്ന് വ്യക്തമായി. എല്‍-ലിനോ പ്രതിഭാസത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ വിവിധ കാര്‍ഷിക രാജ്യങ്ങള്‍ രൂക്ഷമായ വരള്‍ച്ചയുടെ പിടിയില്‍ അകപ്പെട്ടത് സുഗന്ധരാജാവിന്റെ ഉല്‍പാദനത്തെ കാര്യമായി ബാധിച്ചതായാണ് വിളവെടുപ്പിലുണ്ടായ കുറവ് വ്യക്തമാക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഇറക്കുമതികാര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആവശ്യാനുസരണം ചരക്ക് സംഘടിപ്പിക്കാന്‍ ക്ലേശിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ പല ബയ്യര്‍മാരും. 

ഇന്തോനേഷ്യ കുരുമുളകുക്ഷാമം മൂലം കരുതലോടെയാണ് ഏതാനും മാസങ്ങളായി ക്വട്ടേഷന്‍ ഇറക്കുന്നത്. ബള്‍ക്ക് ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ പല അവസരത്തിലും അവര്‍ വിസ്സമ്മതിക്കുന്നതായി ഇറക്കുമതിക്കാര്‍. ബ്രസീലിയന്‍ മുളകില്‍ സാല്‍മൊണല്ല ബാക്ടീരിയ കണ്ടെത്തിയതിനാല്‍ ഉല്‍പ്പന്നത്തിനു ഡിമാന്‍ഡ് മങ്ങി. വാങ്ങിയാല്‍ തന്നെ ഹൈഡ്രജന്‍ പെറോക്‌സൈഡ് നീരാവിയില്‍ 60 ഡിഗ്രിയില്‍ രണ്ടു തവണകളില്‍ ഒരു മണികൂര്‍ കുരുമുളക് സംസ്‌കരിക്കണം. ഇത് അധിക ചെലവിന് ഇടയാക്കുന്നതിനാല്‍ ബ്രസീലിയന്‍ തുറമുഖങ്ങളില്‍ കുരുമുളക് കയറ്റുമതിക്കുള്ള കണ്ടെയ്‌നറുകളുടെ വരവ് ചുരുങ്ങിയെന്നാണ് ബെല്ലാം തുറമുഖത്തുനിന്നുള്ള വിവരം. 

രണ്ട് ദശാബ്ദം മുന്‍പേ ഇന്ത്യന്‍ കുരുമുളകിനു വന്‍ വെല്ലുവിളി ഉയര്‍ത്തിയ മലേഷ്യ നിലവില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ചരക്കു പോലും ഉല്‍പാദിപ്പിക്കാനാവാത്ത അവസ്ഥയിലാണ്. കുരുമുളകും വെള്ളക്കുരുമുളകും അവര്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും കയറ്റുമതി രംഗത്ത് സജീവമല്ല.

ഏറ്റവും ഒടുവില്‍ വിയറ്റ്നാമിലെ സ്ഥിതിഗതികളാണ് ആഗോള കര്‍ഷകര്‍ക്ക് അനുകൂലമായി തിരിയാന്‍ അവസരം ഒരുക്കിയത്. വിയറ്റ്നാമില്‍ കയറ്റുമതിക്കാരും ഏജന്റുമാരും ചരക്കിനായി പരക്കംപായുകയാണ്. മാര്‍ച്ച് ഷിപ്പ്മെന്റ് യഥാസമയം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഓര്‍ഡറുകള്‍ക്ക് എക്സ്റ്റന്‍ഷന്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് പല കയറ്റുമതിക്കാരും. 

ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ കുരുമുളകു കര്‍ഷകരുടെ നടുവൊടിച്ചത് വിയറ്റ്നാമാണ്. ഇനി മുന്‍പോട്ടുള്ള വര്‍ഷങ്ങളില്‍ അവരുടെ ഭീഷണിയില്‍നിന്നും നമ്മുടെ ഉല്‍പാദകര്‍ക്ക് രക്ഷനേടാനാകും. വിയറ്റ്നാം മുളക് ഇനി തല്‍ക്കാലം താഴ്ന്ന വിലയ്ക്ക് ലഭിക്കില്ലെന്നത് ഇറക്കുമതി ലോബിയെ അസ്വസ്ഥരാക്കുന്നു. അവിടെ വില അടിവച്ച് ഉയരുന്നു, ഇതിനു പുറമേ ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി കൂടി അടച്ച് എത്തിച്ചാല്‍ ഇറക്കുമതി നഷ്ടക്കച്ചവടമാകുമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. 

2019ല്‍ ടണ്ണിന് 2200 ഡോളര്‍ വരെ താഴ്ത്തി കുരുമുളക് വില്‍പ്പന നടത്തിയ വിയറ്റ്നാം നിലവില്‍ 4500 ഡോളറിന് മുകളിലാണ് ആവശ്യപ്പെടുന്നത്. അതേസമയം 2016ല്‍ വിയറ്റ്നാം മുളക് വില 10,000 ഡോളറിലേക്ക് ഉയര്‍ന്ന ചരിത്രവുമുണ്ട്. എട്ടു വര്‍ഷത്തിനു ശേഷം വീണ്ടും കുരുമുളകുക്ഷാമം അവിടെ തല ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഉല്‍പ്പന്ന വില ഒരിക്കല്‍ കൂടി അഞ്ചക്കത്തിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് വന്‍കിട തോട്ടങ്ങള്‍. എന്നാല്‍ ഈ വര്‍ഷം അത്തരം ഒരു മുന്നേറ്റത്തിന് അവസരം ഒരുങ്ങിയിട്ടില്ലെങ്കിലും ചരക്കുക്ഷാമം വിരല്‍ ചൂണ്ടുന്നത് കര്‍ഷകരുടെ സ്വപ്നങ്ങളിലേക്കു തന്നെയാണ്. 

ആഗോള തലത്തില്‍ ഡോളര്‍ മൂല്യം ശക്തിപ്രാപിക്കുന്നത് ഉല്‍പന്ന വിലകളെ കാര്യമായി സ്വാധീനിക്കും. ഈ വര്‍ഷം ചുരുങ്ങിയത് മൂന്നു തവണയെങ്കിലും അമേരിക്ക പലിശനിരക്കില്‍ ഭേദഗതികള്‍ വരുത്തുമെന്ന് വ്യക്തമാക്കിയതുകൂടി കണക്കിലെടുത്താല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കുരുമുളക് കൂടുതല്‍ ശ്രദ്ധിക്കപ്പെടാം. 

കേരളത്തിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍ പിന്നിട്ട ഏതാനും ആഴ്ച്ചകളായി പുതിയ കുരുമുളക് വില്‍പ്പനയില്‍നിന്നു പിന്‍വലിഞ്ഞു. ആസ്റ്റ ക്വാളിറ്റി കുരുമുളകിനായി അമേരിക്കന്‍ ബയ്യര്‍മാര്‍ അന്വേഷണം തുടങ്ങിയെന്ന വിവരം ഫെബ്രുവരി അവസാനം 'മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീ'യാണ് ലോകത്തോട് ആദ്യം വിളിച്ചു പറഞ്ഞത്. ഇന്ത്യന്‍ കയറ്റുമതി മേഖലയിലെ വന്‍ സ്രാവുകള്‍ പുതിയ കച്ചവടങ്ങള്‍ ഉറപ്പിക്കാന്‍ ഇതിനിടെ ന്യൂയോര്‍ക്കിലേക്കു പറന്നു. 

ജനുവരിയില്‍ വിയറ്റ്നാമിനു വിദേശ ഓര്‍ഡറുകള്‍ പ്രകാരം ഉറപ്പിച്ച ചരക്കില്‍ വലിയ പങ്കും കപ്പലില്‍ കയറ്റാന്‍ കഴിയാത്തത് തുടക്കത്തില്‍ അമേരിക്കന്‍ ബയ്യര്‍മാര്‍ കാര്യമാക്കിയില്ല. വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ ലഭ്യത ഉയരുമെന്ന് ബയ്യര്‍മാര്‍ കണക്കുകൂട്ടി. എന്നാല്‍, ഫെബ്രുവരിയില്‍ സ്ഥിതി കൂടുതല്‍ പരുങ്ങലിലേക്കു നീങ്ങുന്നത് കണ്ടാണ് യുഎസ് ബയ്യര്‍മാര്‍ ദക്ഷിണേന്ത്യയിലേക്ക് തിരിഞ്ഞത്. 

വന്‍ വിദേശ ഓര്‍ഡറുകള്‍ക്ക് അവസരം ഒരുങ്ങുമെന്ന് ഫെബ്രുവരിയില്‍ 'മനോരമ ഓണ്‍ലൈന്‍' ആദ്യ വെടി മുഴക്കിയപ്പോള്‍ കയറ്റുമതി ലോബിയുടെ മുട്ടുകാല്‍ കൂട്ടിയിടിച്ചു. സീസണിന്റെ മറവില്‍ ക്വിന്റലിന് 10,000 രൂപ ഇടിച്ച് കര്‍ഷകരില്‍ നിന്നും ചരക്ക് കൈക്കലാക്കിയ ഉത്തരേന്ത്യന്‍ ലോബിയുടെ കുതന്ത്രങ്ങള്‍ പുറത്തുവന്നതോടെ നമ്മുടെ കര്‍ഷകരും മധ്യവര്‍ത്തികളും അടവു മാറ്റിച്ചവിട്ടി മാര്‍ച്ച് തുടക്കം മുതല്‍ ഉല്‍പ്പന്ന നീക്കം നിയന്ത്രിച്ചു. 

കേരളം പുതിയ മുളക് വില്‍പ്പന കുറച്ചത് വാങ്ങലുകാരെ ഏറെ അസ്വസ്ഥരാക്കി. കര്‍ണാടകവും ഇത് കണ്ട് ചരക്ക് ഇറക്കാതെയായി. രണ്ടു സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ വില ഉയരുമെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെ തമിഴ്നാട്ടിലെ തോട്ടങ്ങളും വില്‍പ്പനയില്‍ നിന്നും പിന്‍വലിഞ്ഞു. 

ഇതിനിടയിലാണ് വിയറ്റ്നാമില്‍ കുരുമുളക് ഉല്‍പാദനം 1.40 ടണ്ണിലേക്ക് ഒതുങ്ങുമെന്ന് വിയറ്റ്നാം പെപ്പര്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്. ആഗോള തലത്തില്‍ മുളക് ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യത്തിന് കാലിടറിയ വിവരം ഇറക്കുമതി മേഖലയെ മൊത്തത്തില്‍ ഞെട്ടിച്ചു. അവര്‍ കുരുമുളകിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ മുഖ്യ ഉല്‍പാദകരാജ്യങ്ങളെയെല്ലാം സമീപിക്കുകയാണ്.  

യുഎസ്  യൂറോപ്യന്‍ നീക്കങ്ങള്‍ ആഭ്യന്തര വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന ഭീതിയില്‍ കയറ്റുമതി മേഖല ഇത് അതീവ രഹസ്യമാക്കി. എന്നാല്‍ കാര്‍ഷിക കേരളം ഈസ്റ്ററിന് മുന്നോടിയായി ഒരു മണി മുളക് പോലും ഇറക്കാന്‍ തയാറാകാഞ്ഞത് വിപണിയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കി. കേവലം അഞ്ച് ദിവസം കൊണ്ട് ക്വിന്റലിന് 2000 രൂപ ഉയര്‍ന്ന് അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 52,400 രൂപയായി. 

അതേ, അമേരിക്കന്‍ ബയ്യര്‍മാര്‍ ഇന്ത്യന്‍ കുരുമുളകിനായി രംഗത്ത് ഇറങ്ങിയെന്നാണ് ബെഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുരുമുളക് കയറ്റുമതി മേഖലയില്‍ നിന്നുള്ള സൂചന. വെടിക്കെട്ടിന് തുടക്കം കുറിച്ചുവെന്ന് മനസിലാക്കി കൂര്‍ഗ്ഗ്, ചിക്കമംഗലൂര്‍ മേഖലയിലെ വന്‍കിട തോട്ടങ്ങള്‍ക്ക് ഒപ്പം ഹസ്സനിലെ കര്‍ഷകരും സ്റ്റോക്കുള്ള കുരുമുളക് പത്തായങ്ങളിലേക്ക് നീക്കുകയാണ്. തല്‍ക്കാലം കാപ്പിയുടെ വിലക്കയറ്റം ആസ്വദിക്കാമെന്ന പ്ലാന്റര്‍മാരുടെ നിലപാട് ഓഫ് സീസണില്‍ കുരുമുളകിന് എരിവ് പകരാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com