ADVERTISEMENT

മീനം തേനിന്റെ മാസമാണ്. അതീവ ശ്രദ്ധയോടെ ഗ്രാമീണർ തേനറകൾ തുറക്കുന്ന കാലം. തേൻകൂടുകൾ മുന്നേ കണ്ടുവച്ചിട്ടുള്ള വിദ്വാന്മാർ കൗശലങ്ങൾ പ്രയോഗിച്ചാണു തേനടകൾ സംഭരിക്കുക. ‘തറ പൊളിച്ചും ചെറുതേൻ’ എന്നാണല്ലോ പ്രമാണം. അതീവ കൗശലക്കാരായ ചെറുതേനീച്ചകൾ വീടുകളുടെയും തൊഴുത്തുകളുടെയും തറകൾക്കുള്ളിലാവും സംഭരണികൾ സ്ഥാപിക്കുക. തേമ്പാര എന്ന വിളിപ്പേരുള്ള ഇരുമ്പുദണ്ഡുകൊണ്ടാണ് ഇവിടെനിന്നു തേൻശേഖരണം. പടർപ്പൻ മരങ്ങളിലും സർപ്പക്കാവുകളിലുമെല്ലാം തേനീച്ചകൾ സംഭരണിയൊരുക്കിയിരുന്നു. 

സംഭരിക്കുന്ന തേൻ ‘തെളിച്ചെടുക്കൽ’ പ്രക്രിയയ്ക്കുശേഷമേ ഭക്ഷണത്തിനും ഔഷധത്തിനുമെടുക്കുകയുള്ളൂ. തെളിച്ചെടുക്കൽ എന്നാല്‍ ശുദ്ധീകരിക്കല്‍. വൃത്തിയാക്കിയ ചകിരിയിലൂടെ അരിച്ചും മീന വെയിലിൽ വച്ച് ഇളക്കിയുമൊക്കെ തെളിച്ചെടുക്കുന്ന തേനിൽ ചെറുതേൻ നേരെ ഔഷധശാലകളിലേക്ക്. തേനിലൊരു ഭാഗം സ്വന്തം ആവശ്യത്തിനായി എടുക്കും. ഒരു ഭാഗമാകട്ടെ പൂജാദ്രവ്യമായും പ്രസാദമായും മാറും.

നാടൻ തേൻരുചികൾ

തേൻകാലത്ത് രുചിവൈവിധ്യങ്ങളൊരുക്കാൻ പുതുപരീക്ഷണങ്ങൾ നടത്തിയിരുന്നു. ആദ്യം പച്ചയ്ക്കു കഴിക്കുന്ന വിഭവങ്ങളിലൂടെയാവാം യാത്ര. ഇന്നു കാരറ്റ് എന്നറിയപ്പെടുന്ന മുയൽക്കിഴങ്ങ് ഏതാണ്ട് 5–6 സെന്റിമീറ്റർ നീളത്തിൽ മുറിച്ച് ഈർക്കിൽ കനത്തിലരിഞ്ഞ്, അതിനു മേൽ തേൻതുള്ളികൾ ഇറ്റിച്ച്, ഉപ്പു വെള്ളം നേർപ്പിച്ചു തളിച്ച്, കയ്യിലിട്ടു ഞെരടിയ കറിവേപ്പിലയും ഏലത്തരി പൊടിച്ചതും കൂടി ചേർത്തിളക്കിയ ‘റോയൽ’ ഫുഡ്  അതിഥി സൽക്കാരത്തിലെ ഗ്രാമീണവിഭവങ്ങളിലൊന്നായിരുന്നു. പഴുത്ത ഏത്തക്കായുടെ മുകളറ്റം  മുറിച്ച് അതിലൂടെ പപ്പടക്കമ്പി താഴേക്കിറക്കി ആ ദ്വാരത്തിൽ തേൻ നിറച്ച് കുത്തി നിർത്തി ഭക്ഷിക്കുന്ന ശീലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. കക്കിരിക്ക എന്ന സാലഡ് വെള്ളരി ചെറുതായരിഞ്ഞ് ഉപ്പും തേനും അൽപം നാട്ടുമഞ്ഞൾപ്പൊടിയും തൂവിയാൽ മീനമാസത്തിൽ ഔഷധവും ആഹാരവുമായി. ഇഞ്ചിനീര്, ചെറുനാരങ്ങാനീര്, തേൻ ഇവ ചേർത്തതാണു ത്രിഭട. അലർജിക്കും ചുമയ്ക്കുമൊക്കെ സിദ്ധൗഷധമായ ഈ വിശിഷ്ടവസ്തു മീനസദ്യയിൽ ഇലയിൽ തൊടുകറിയായുമെത്തിയിരുന്നു. 

അച്ചാറുപോലെ ഭരണികളിൽ തേനിൽ കുളിപ്പിച്ചു വയ്ക്കുന്ന ചില പ്രമുഖ ഇനങ്ങള്‍ കൂടി നമുക്കു പരിചയപ്പെടാം. അല്ലികളാക്കി, തൊലികളഞ്ഞ് നെടുകെ പിളർന്ന വെളുത്തുള്ളി, ചെറുതായരിഞ്ഞ ഇഞ്ചി, നെല്ലിക്ക ഇവയൊക്കെ തേനില്‍ മുക്കി ഒരു മണ്ഡലക്കാലം അടച്ചു ഭദ്രമായി വയ്ക്കണം. ഇതിൽ പച്ചമഞ്ഞൾ ചതച്ചിട്ടും ചങ്ങലംപരണ്ട എന്ന വള്ളിയുടെ നീര് ചേർത്തും വേണം പായ്ക്ക് ചെയ്യാൻ. ഇതുപോലെ കാന്താരിയും പച്ചമുളകും തേനിലാഴ്ത്തി വയ്ക്കാം.

anoop-honey-6

പാചകത്തിലേക്ക്

നന്നായി വിളഞ്ഞ പപ്പായ കൊത്തിയരിഞ്ഞ് തേങ്ങ ചേർത്തു തോരൻ വച്ച്, കടുകു വറുത്തെടുത്ത് അതിന്മേൽ അൽപം നറുതേൻ തളിച്ച് ഇളക്കിച്ചേർത്തു രുചിച്ചു നോക്കൂ. ലവൻ രുചിയില്‍ ലോകരാജനെന്നു മനസ്സു മന്ത്രിക്കും. പാകപ്പെടുത്തിയ സാമ്പാറിലും ലേശം തേനൊഴിച്ചിളക്കി സേവിക്കാം. വേറിട്ട രുചി അനുഭവിച്ചുതന്നെ അറിയണം. മലയാളിയുടെ പ്രിയഭക്ഷണങ്ങളായ ഇലയടയിലും കൊഴുക്കട്ടയിലും മീന മാസത്തിൽ തേൻ കടന്നു വരുക സ്വാഭാവികം. ജീരകം, ഏലയ്ക്ക ഇവ ചതച്ച് തേങ്ങയും തേനും ചേർത്തിളക്കി നടുവിലാക്കി കൊഴുക്കട്ടയും വത്സൻ എന്ന ഇലയടയും തയാറാക്കൂ. ശർക്കരയോ പഞ്ചസാരയോ വേണ്ടേ വേണ്ടാ. 

തേനിൽ മായം ചേർക്കാൻ കുബുദ്ധികൾ പണ്ടേ ശർക്കര ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവാണു താഴെക്കാണുന്ന പഴങ്കവിതാശകലം.

ശർക്കര ചേരാത്തേനഹ വേണം
ചർക്ക തിരിക്കും ഞങ്ങൾക്ക്
ഇത്തിരി നാരന്നീരുമതുപ്പും
ഒത്തിരി ശക്തി പകർന്നു തരും

കലർപ്പില്ലാത്ത തേനും നാരങ്ങാനീരും ഉപ്പും ചേർത്ത പാനീയം ദാഹശമനവും ശക്തിദായകവുമാണെന്നു തുടർന്നുള്ള വരികൾ വർണിക്കുന്നു. സംഭാരമെന്നപോലെ തേൻ–നാരങ്ങാവെള്ളം അതിഥികളുടെ ദാഹം മാറ്റാൻ ഗ്രാമങ്ങൾ പണ്ട് കരുതിവച്ചിരുന്നു.

ഇനി പ്രസാദത്തിലേക്കാവാം യാത്ര.

നല്ലിളനീരും തേനും വെണ്ണേം
തെല്ലരി വറ്റും കദളിപ്പഴവും
ചില്ലുകൾ തോൽക്കും നൽക്കൽക്കണ്ടും
പല്ലുപോലുള്ളൊരു കർപ്പൂരോം ചേർ–
ത്തുള്ള പ്രസാദം കേമം കേമം.

ഇളനീര്, തേൻ, വെണ്ണ, ചോറ്, കദളിപ്പഴം, കൽക്കണ്ടം, പച്ചക്കർപ്പൂരം എന്നിവ ചേർത്ത മീനമൂട്ട് പ്രസാദത്തിലെ നായകൻ തേൻ തന്നെ. 

തേൻ തെളിച്ചതിന്റെ അവശേഷിപ്പിനെ തേൻ കക്കൻ എന്നാണു വിളിക്കുക. മികച്ച ജൈവ കീടനാശിനിയായി അതിനെ കർഷകര്‍  പ്രയോജനപ്പെടുത്തിയിരുന്നു. വരണ്ട പാടങ്ങളിൽ വെള്ളരി വർഗവിളകളെ ആക്രമിക്കുന്ന കായീച്ചയ്ക്കും നീരൂറ്റനും മുട്ടയിട്ടു പെരുകുന്ന ക്ഷുദ്രജീവികൾക്കുമെതിരെ കക്കൻ വിതറുന്നു. കൂടാതെ, വേനലിൽ പെരുകുന്ന നീർ (മിശിറ്) എന്ന ഉറുമ്പുവർഗ ഉപദ്രവകാരിക്കുമെതിരെയും കക്കൻ ദിവ്യ ഔഷധം. മധുരത്തിൽ ആകൃഷ്ടരായെത്തുന്ന എറുമ്പുകളും ജോനകനും (ചോനൽ) കൃമികീടങ്ങളെയും നീറുകളെയും  തുരത്തുന്നു. ‘മേടക്കായ്കൾക്ക് മീനക്കക്കൻ’ എന്ന ഗ്രാമച്ചൊല്ല് എത്രയോ അന്വർഥം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com