ADVERTISEMENT

ഫ്രാൻസിൽനിന്നു മിറിയം എഴുതുന്നു: ‘സ്വപ്നതുല്യമായ താമസസൗകര്യമാണ് എനിക്ക് സോജിയും കുടുംബവും നൽകിയത്. അതിഥിയായെത്തിയ ഞങ്ങൾ സുഹൃത്തുക്കളായി പിരിഞ്ഞു. ഈ കൃഷിയിടം അദ്ഭുതപ്പെടുത്തുന്നതാണ്. എല്ലാം ചുറ്റിനടന്നു കാണിക്കാൻ സോജി സമയം കണ്ടെത്തി. ഞങ്ങൾക്ക് തേങ്ങയിട്ടു തരാൻപോലും തയാറായി. പച്ചപ്പ് നിറഞ്ഞ പറുദീസയാണിവിടം’’

വെർമണ്ടിൽനിന്നു മരിയാന എഴുതുന്നു: ‘‘ഇവിടത്തെ പഴങ്ങളുടെയും പച്ചക്കറികളുടെയും സുഗന്ധവിളകളുടെയും വൈവിധ്യം അദ്ഭുതപ്പെടുത്തുന്നതാണ്. എന്തുമാത്രം കരുതല്‍ നൽകിയാണ് അവർ ഇതൊക്കെ വളർത്തുന്നതെന്നറിയാമോ!’’

കൃഷിയിടം സന്ദർശിച്ചു താമസിക്കാനെത്തിയ സഞ്ചാരികൾക്കൊപ്പം സോജിയും കുടുംബവും
കൃഷിയിടം സന്ദർശിച്ചു താമസിക്കാനെത്തിയ സഞ്ചാരികൾക്കൊപ്പം സോജിയും കുടുംബവും

ഇടുക്കി ഇരട്ടയാർ ചെമ്പകപ്പാറയിലെ സോജി ചാക്കോയെന്ന കർഷകനും ഭാര്യ സീനിയയും നടത്തുന്ന ഫാം സ്റ്റേയെക്കുറിച്ച് അതിഥികൾ കുറിച്ച വരികളാണിത്. ഫാം ടൂറിസത്തിലൂടെ ലോകമെങ്ങും സുഹൃത്തുക്കളെയും കീശ നിറയെ കാശും നേടുകയാണ് ഇരുവരും. അഞ്ചു വർഷത്തിനിടയിൽ യൂറോപ്പിലും ജപ്പാനിലും കൊറിയയിലുമൊക്കെയുള്ള നൂറിലേറെപ്പേരാണ് സോജിയുടെ ഫാം കാണാൻ വന്നത്. മുറിവാടകയായും ഭക്ഷണത്തിന്റെയും കാർഷികോൽപന്നങ്ങളുടെയും വിലയായും നേടിയ വരുമാനത്തിനൊപ്പം അവരുടെ സൗഹൃദവും സോജിക്കു സ്വന്തം. 

soji-7
അതിഥികൾക്കൊപ്പം ഭക്ഷണം

മിറിയം സ്വപ്നതുല്യമെന്നു വിശേഷിപ്പിച്ച താമസസൗകര്യങ്ങൾ എന്തൊക്കെയെന്നോ? ഒരു ഭാഗം ഷീറ്റ് മേഞ്ഞ കർഷകഭവനത്തില്‍ ഇടത്തരം കൃഷിക്കാരന്റെ വീട്ടിൽ പ്രതീക്ഷിക്കാവുന്ന സൗകര്യങ്ങൾ. പിന്നെ, ഒരു പുതിയ മുറിയും! പുതിയ മുറിയിലുള്ളതാവട്ടെ, സിൽവർ കാറ്റഗറി ഹോംസ്റ്റേയ്ക്കു സംസ്ഥാന സർക്കാർ നിർദേശിക്കുന്ന സൗകര്യങ്ങളും. ഒരു ഡബിൾ കോട്ട്, ഒരു മേശ, രണ്ടു കസേര, ഒരു അലമാര, പിന്നെ വൃത്തിയുള്ള ഒരു ടോയ്‌ലറ്റും. ആഡംബരമെന്നു വിശേഷിപ്പിക്കാന്‍ ഒന്നുമില്ലാത്ത ഈ മുറിയാണ് മിറിയം സ്വപ്നതുല്യമെന്നു വിശേഷിപ്പിച്ചത്. കാരണം ഒന്നു മാത്രം. സോജിയുടെ അതിഥികൾ പ്രതീക്ഷിക്കുന്നത് മുറിക്കുള്ളിലെ കൃത്രിമ ആഡംബരങ്ങളല്ല, മുറിക്കു പുറത്തെ പച്ചപ്പിന്റെ നിറവാണ്.    

soji-6
കൃഷിയിടത്തിൽ സഹായിക്കുന്ന അതിഥികൾ

വിളസമൃദ്ധം പുരയിടം

മലയോരത്തെ മറ്റു കൃഷിയിടങ്ങൾപോലെ സോജിയുടേതും വിള–വൃക്ഷ നിബിഡം.  നാലും അഞ്ചും തട്ടുകളായി വളരുന്ന വിളകളിൽ കുരുമുളകും റബറും തെങ്ങും കൊക്കോയും വാഴയും ജാതിയും ഗ്രാമ്പൂവൂം കാപ്പിയും ഏലവുമൊക്കെയുണ്ട്. വിളയും കളയും തിരിച്ചറിയാനാവാത്തവർ നോക്കിയാൽ കാടെന്നേ പറയൂ. സംരക്ഷിത വനങ്ങളെക്കാൾ സസ്യനിബിഡമെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. ഇന്ത്യയിലെ ഏറ്റവും സസ്യസാന്ദ്രമായ കൃഷിയിടത്തിനുള്ള കഴിഞ്ഞ വർഷത്തെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം സോജിക്കായിരുന്നു.  ‌

ഫാം ടൂറിസമെന്നാൽ ഹോം സ്റ്റേയും  മുന്തിയ ഭക്ഷണവും നക്ഷത്രസൗകര്യമുള്ള മുറികളുമാണെന്നാണ് പലരും കരുതുന്നത്. ഇതൊക്കെയാവാമെങ്കിലും ഇതൊന്നുമല്ല ഫാം ടൂറിസമെന്നു കാണിച്ചുതരികയാണ്  സോജിയും കുടുംബവും. മലഞ്ചെരുവിൽ കുടുംബസ്വത്തായ പത്തേക്കറിലെ കൊച്ചുവീട്ടിലാണ് താമസം. ഇതിൽ ജ്യേഷ്ഠൻ സജിയുടെ വിഹിതവുമുണ്ട്. വിദൂര ഗ്രാമമമായ ചെമ്പകപ്പാറയിൽ സോജിയെ തേടി വിദേശി കളെത്തുന്നത് ഇവിടത്തെ കൃഷി കാണാനാണ്, കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാനാണ്. കാനഡയിലെ ആപ്പിൾകൃഷിയും കശ്മീരിലെ കുങ്കുമക്കൃഷിയും വട്ടവടയിലെ വെളുത്തുളളിക്കൃഷിയും കാണാൻ മലയാളി പോകുന്നതുപോലെ. സോജിയെപ്പോലുള്ള ചെറുകിട കർഷകർ മരത്തിൽ കയറി പറിച്ച്,  വെയിലത്തുണക്കി വൃത്തിയാക്കി കയറ്റുമതി ചെയ്യുന്ന കുരുമുളകാണ് പൊടിരൂപത്തിൽ സ്വന്തം തീൻമേശയിലെത്തുന്നത് എന്നറിയുമ്പോഴുള്ള വിസ്മയമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 

soji-12

സഞ്ചാരി വന്ന വഴി

‘‘കൃഷിയിടത്തിൽനിന്ന്  അധികവരുമാനം നേടാനുള്ള മാർഗമായാണ് ഫാം ടൂറിസം സംരംഭത്തെ കാണുന്നത്. മറ്റ് ഏതു സംരംഭമായാലും, ഒരു കടയാണെങ്കിൽപോലും കൃഷി ഉപേക്ഷിച്ച് കസ്റ്റമറെ കാത്തിരിക്കണം. എന്നാൽ ഫാം ടൂറിസത്തിൽ കസ്റ്റമർ നമ്മളെ തേടിയെത്തും’’– സോജി ചൂണ്ടിക്കാട്ടി. പരീക്ഷണമെന്ന നിലയിൽ അടുക്കളയോടു ചേർന്ന് ഒരു മുറി നിർമിച്ചു. സംരംഭം വിജയിച്ചില്ലെങ്കിൽ വീടിന് ഒരു മുറി കൂടിയെന്നു കരുതിയാൽ മതിയല്ലോ. സ്വന്തമായി വെബ്സൈറ്റ് ക്രമീകരിച്ചു. ലോകപ്രശസ്ത ട്രാവൽ സൈറ്റായ എയർ ബിഎൻബിയിൽ മുറി റജിസ്റ്റർ ചെയ്തു. വൈകാതെ അതിഥികളെത്തി. ആരംഭകാല ത്തെ ടെൻഷൻ മാറാൻ ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ. അപ്പോഴേക്കും കോവിഡ് എത്തി. സഞ്ചാരികളുടെ വരവ് പൂർണമായി നിന്നു. എന്നാൽ  2 വർഷമായി സഞ്ചാരികൾ ‘ബെസ്റ്റ് കേരള ഫാംസ്റ്റേ’ (bestkeralahomestay.com) എന്ന ‘നരിമറ്റത്തിൽ ഫാം സ്റ്റേ’ അന്വേഷിച്ചെത്തുന്നു. 

soji-3
ഇന്ത്യ ബുക്ക് ഓഫ് റെക്കോർ‍ഡുമായി സോജിയും സീനിയയും

ആത്മവിശ്വാസമേറിയപ്പോൾ ഒരു ഔട്ട്ഹൗസ് കൂടി നിർമിക്കാമെന്നായി. മുൻപു വന്ന അതിഥികളുടെ ശുപാർശപ്രകാരമെത്തുന്നവരാണേറെയും. എയർ ബിഎൻബിയിലെ റിവ്യൂവിന് ഇക്കാര്യത്തിൽ വലിയ പങ്കുണ്ടെന്ന് സോജി ചുണ്ടിക്കാട്ടി. വെബ്സൈറ്റുകളിൽ നമ്മള്‍ നടത്തുന്ന അവകാശവാദങ്ങൾ സത്യമാണെങ്കിൽ റിവ്യൂ മോശമാകില്ലെന്നാണ് സോജിയുടെ അനുഭവം. ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ പറഞ്ഞാൽ സഞ്ചാരി ഹാപ്പിയാകും. കൃഷിയും കാർഷിക ജീവിതവും തേടി വരുന്നവർക്ക് അതുതന്നെ നൽകാൻ ശ്രമിക്കൂ. വിഷം തളിക്കാത്ത ജൈവ കൃഷിയിടങ്ങളാണ് പൊതുവേ സഞ്ചാരികൾ ഇഷ്ടപ്പെടുക. അവിടെ സ്വിമ്മിങ് പൂളും ലക്ഷ്വറി കാറും കഥകളിയുമൊന്നും ക്രമീകരിക്കേണ്ടതില്ല. എയർ ബിഎൻബി വഴിയെത്തുമ്പോൾ മുൻകൂറായി പണം ഈടാക്കുന്നതിനാൽ ബിസിനസ് നഷ്ടമാവില്ല. എന്നാൽ, നേരിട്ടു ബുക്ക് ചെയ്തെത്തുന്ന സഞ്ചാരികളെ ടാക്സി ഡ്രൈവർമാരും മറ്റും റാഞ്ചാറുണ്ടെന്നു സോജി പറഞ്ഞു.

soji-4
ചക്ക ഒരുക്കുന്നു

കൃഷി കാണാനിറങ്ങുന്ന അതിഥികൾ കൃഷിപ്പണികളിൽ പങ്കെടുക്കാനും താൽപര്യപ്പെടാറുണ്ട്. ഏറക്കുറെ എല്ലാ കൃഷിപ്പണികളും യന്ത്രവൽകൃതമായ യൂറോപ്പില്‍നിന്നു വരുന്നവർക്ക് കൈകൊണ്ടു മണ്ണിളക്കുന്നതും വളം കൂട്ടുന്നതും മരുന്നു തളിക്കുന്നതുമൊക്കെ വലിയ കൗതുകമാണ്. മരത്തിൽ കയറി കുരുമുളകു പറിക്കാനും വാഴക്കുല വെട്ടാനുമൊക്കെ അവര്‍ക്കിഷ്ടം. ഫാം ടൂറിസം സംരംഭത്തിലെ  ആക്ടിവിറ്റികളാണിത്. ഇത്തരം ആക്ടിവിറ്റികൾ ചെയ്യാനാണ് അവർ അവസരം തേടി വരുന്നത്. അടുത്ത കാലത്ത് ഫാമിലെത്തുന്ന ടൂറിസ്റ്റുകൾ കൃഷിപ്പണി ചെയ്യുന്നതിനെതിരെ ചില പൊലീസ് അന്വേഷണങ്ങളുണ്ടായി. ഇത്തരം ജോലികൾക്ക് അതിഥികൾ വേതനം പറ്റാറില്ലെന്നു വിശദീകരിച്ചതോടെ അവർ പിൻവാങ്ങി. 

soji-10

അതിഥികൾക്ക് വീട്ടിലുണ്ടാക്കുന്ന കേരളഭക്ഷണം തന്നെയാണു വിളമ്പുക. ഏരിവ് അധികമാകാതെ നോക്കുമെന്നല്ലാതെ പാചകത്തിൽ മറ്റു മുൻകരുതലുകളൊന്നുമില്ല. ഏറക്കുറെ എല്ലാ അതിഥികളും ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയാറുള്ളത്. ഇവിടെ വിളയുന്ന സുഗന്ധവിളകൾ ഇന്ത്യൻ ഭക്ഷണത്തിൽ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അറിയാനും അവർക്കു താല്‍പര്യമുണ്ട്. 

soji-2
സോജി രണ്ടാമതായി പണികഴിപ്പിച്ച ഔട്ട്ഹൗസ്

വിദേശികളില്‍നിന്നു ന്യായമായ തുകയാണ്  വാടകയായി ഈടാക്കുന്നത്. 1,300 രൂപയാണ് ഇവിടെ മുറി വാടക. പ്രാതലിന് 100 രൂപയും ഉച്ചഭക്ഷണത്തിന് 150 രൂപയും. ഇവിടെ ഉൽപാദിപ്പിക്കുന്ന ജൈവ കാർഷികോൽപന്നങ്ങൾ പല അതിഥികളും വാങ്ങാറുണ്ട്. വിദേശികൾ ചെറിയ അളവിൽ സാംപിളുകളായാണ് കുരുമുളകും ഏലയ്ക്കായുമൊക്കെ വാങ്ങുക. ലഗേജ് അമിതമാകാതിരിക്കാനാണിത്. അതേസമയം ഉത്തരേന്ത്യക്കാർ വലിയ തോതിൽ സുഗന്ധവിളകൾ വാങ്ങും. 

രണ്ടു വർഷമായി അതിഥികള്‍ കൂടിവരുന്നുണ്ട്. പ്രതിമാസം 15 ദിവസമെങ്കിലും ബുക്കിങ് ഉണ്ടാവും. കൃഷിയേക്കാൾ നല്ല വരുമാനായി കാർഷിക ടൂറിസം മാറുകയാണിപ്പോള്‍. അതിഥികളുടെ സ്വകാര്യതയില്‍ ഇടപെടാതെ, അവരുമായി ഇടപഴകാൻ കുടുംബാംഗങ്ങൾ ശ്രമിക്കാറുണ്ട്. അതിഥികളുടെ പരിചരണം വീട്ടിലെ പൊതു ഉത്തരവാദിത്തമാണ്. സോജിയുടെ അമ്മയും മക്കളുമൊക്കെ ഇക്കാര്യത്തിൽ താൽപര്യമെടുക്കും. അതിഥി ദേവോ ഭവ!

ഫോൺ: 9495159801

soji-9
ഒരുമയോടെ കുട്ടികൾ
soji-8
അടുക്കളയിലെ പാചകപരീക്ഷണം
soji-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com